മനഃശാസ്ത്രജ്ഞന്‍റെയോ സൈക്കോളജിസ്റ്റിന്‍റെയോ സംഭ്രമജനകമായ ഡയറിക്കുറിപ്പുകളുടെ മേമ്പൊടിയില്ലാതെ കുടുംബങ്ങളെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ലേഖനങ്ങളും ഫീച്ചറുകളുമില്ല എന്നതാണ് നടപ്പ് യാഥാര്‍ത്ഥ്യം. ഇതിനൊപ്പമാണ് വിവാഹേതര ബന്ധങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളുമായി വരുന്ന ആനുകാലികങ്ങള്‍ (പ്രത്യേകിച്ചും സ്ത്രീകളുടെ). മറുവശത്ത് ആത്മീയതയുടെ പാപബോധം പേറി തളരുന്ന കുടുംബജീവിത മാതൃകകളും പാഠങ്ങളും. ഇവയ്ക്കിടയിലുള്ള കുടുംബജീവിത ചര്‍ച്ചകളാല്‍ മുഖരിതമാണ് വര്‍ത്തമാനകാല കേരളം. മുന്‍നിശ്ചയിച്ച സ്വയം സൃഷ്ടധാരണകളെ, ഫാസിസ്റ്റ് അകത്തളങ്ങളില്‍ രൂപവത്കരിച്ചെടുക്കുന്ന ആശയസംവാദങ്ങള്‍ ഇത്തരം അന്വേഷണങ്ങളെ എങ്ങും എത്തിക്കുകയില്ല. കുടുംബങ്ങളിലെ ജനാധിപത്യത്തിന്‍റെ ഇടങ്ങളെ കണ്ടെത്തുകയും അതിന്‍റെ സാധ്യതകളെ കാലാനുസൃതമായി പുതുക്കിപ്പണിയുകയുമാണ് വേണ്ടത്.
'കൂടുമ്പോള്‍ ഇമ്പമുള്ളത് കുടുംബം' തുടങ്ങിയ കേട്ട് ചെകിടിച്ച വാചകക്കസര്‍ത്തുകളെ ചെവിയ്ക്ക് പിടിച്ച് പുറത്തുനിര്‍ത്തിക്കൊണ്ട് വേണം ഈ ആശയ സംവാദത്തിലേയ്ക്ക് കടന്നുവരാന്‍. വിശപ്പ്, കാമം, പാര്‍പ്പിടം, സമ്പത്ത്, മനസ്സ്, സമൂഹം, അധികാരം ഇവയെല്ലാം ആഴത്തില്‍ ബന്ധപ്പെട്ടതാണ് കുടുംബം. മനുഷ്യന്‍റെ അടിസ്ഥാനചോദനകളും നിലനില്പിന്‍റെ ആധാരശിലകളും ഒന്നുചേര്‍ന്ന സാമൂഹികസ്ഥാപനം. അതിനാല്‍ത്തന്നെ ഈ അടിസ്ഥാന യൂണിറ്റ് ഏതൊരു സമൂഹത്തിലും സ്വീകാര്യമായി. വിഭവങ്ങളുടെ വിനിയോഗത്തിനും ക്രമസമാധാന പാലനത്തിനുംമുതല്‍ ഭരണകൂടങ്ങള്‍ക്കും മതങ്ങള്‍ക്കും വരെ ഈ സംവിധാനം പ്രിയപ്പെട്ടതായി. അതുകൊണ്ടുതന്നെയാണ് നിരീശ്വരവാദിയും അന്ധവിശ്വാസിയും, ഗാന്ധിയനും നക്സലുകളുമൊക്കെ ഒരേ മനസ്സോടെ കുടുംബം എന്ന സ്ഥാപനത്തെ തള്ളിപ്പറയാതെ സ്വീകരിക്കുന്നത്. കുടുംബത്തെക്കാള്‍ മികച്ച ഒരു അടിസ്ഥാന യൂണിറ്റ് ഒരു സാമൂഹിക ചരിത്രകാരനും നിര്‍ദ്ദേശിക്കുന്നുമില്ല.
കുടുംബസംവിധാനത്തിന്‍റെ ഉള്ളറകളിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ പുരുഷ കേന്ദ്രീകൃത ഏകാധിപത്യത്തിന്‍റെ വഴികളാണ് ഏറെയും. സമ്പത്തും അധികാരവും ചേര്‍ന്ന് സൃഷ്ടിക്കുന്ന അതിന്‍റെ അകത്തളങ്ങളില്‍ ജനാധിപത്യത്തിന്‍റെ ഇടങ്ങള്‍ പലപ്പോഴും ശൂന്യമായി കിടക്കുകയാണ്. പാരമ്പര്യങ്ങളും വിശ്വാസങ്ങളുമൊക്കെച്ചേര്‍ന്ന് ആണ്‍കോയ്മയുടെ ഇരുണ്ട ഇടങ്ങളാണിവ. പുതിയ കാലഘട്ടത്തില്‍ ഈ ശൂന്യസ്ഥലികളെ പൂരിപ്പിക്കാന്‍ സ്ത്രീകള്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ തര്‍ക്കങ്ങളാകുന്നു, വേര്‍പിരിയലുകളാകുന്നു. നമ്മുടെ യാഥാസ്ഥിതിക സമൂഹമനസ്സ് വിലപിക്കുകയായി - 'തകരുന്ന കുടുംബങ്ങള്‍! അനാഥരാകുന്ന കുട്ടികള്‍!'
ഇവിടെ നമ്മള്‍ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളുടെ ഭൂതകാലത്തെ ഗൃഹാതുരതയോടെ ഓര്‍മ്മിക്കും. അണുകുടുംബങ്ങളായി മാറാത്ത ആ നല്ല നാളുകളെ 'മാവേലി നാടുവാണീടും കാലം' എന്ന മട്ടില്‍ വാഴ്ത്തും. വിവാഹമോചനങ്ങള്‍ ഇല്ലാതിരുന്ന ആ സുവര്‍ണ്ണകാലം! എന്തുകൊണ്ട് അന്ന് കെട്ടുറപ്പുള്ള കുടുംബങ്ങളുണ്ടായി? കുടുംബത്തിനുവേണ്ടി നീറിയുരുകിയ കുറെ സ്ത്രീകളുടെ (അമ്മമാര്‍ എന്ന് പറയുന്നതാണ് കൂടുതല്‍ നന്ന്) സഹനത്തിന്‍റെ ചിതയില്‍നിന്നുയര്‍ന്ന് വന്നതാണ് ഈ കെട്ടുറപ്പ്. ഇത്തരം ഏകപക്ഷീയമായ സ്ത്രീസഹനങ്ങളെ ഇനിയും പ്രതീക്ഷിക്കുന്നുണ്ട് സമൂഹം. തുച്ഛമായ കൂലിക്കു പണിയെടുക്കാന്‍ കുടികിടപ്പുകാരായ കീഴാളര്‍ ഇല്ലാതായതാണ് കേരളത്തിലെ നെല്‍ക്കൃഷി ഇല്ലാതാകാന്‍ കാരണമെന്ന് വിശ്വസിക്കുന്ന മുന്‍ജന്മിമാരുടെ ചില പിന്‍മുറക്കാരെപ്പോലെ. വിദ്യാഭ്യാസം നല്‍കിയ വരുമാനവും അധികാരവും, സ്ത്രീകളെയും പ്രാപ്തരാക്കിയിരിക്കുന്നു. അദ്ധ്വാനവും വരുമാനവും കുടുംബത്തില്‍ പ്രധാനമാണ്. 'പഴയകാലത്തുപോലും കുടുംബത്തില്‍ സ്ത്രീകള്‍ക്ക് സാമ്പത്തികമായും ലൈംഗികമായും സ്വന്തം വ്യക്തിത്വം നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത് ദളിത്വിഭാഗങ്ങള്‍ക്കിടയിലായിരുന്നു' എന്ന് പ്രമുഖ ദളിത്ചിന്തകനായ കാഞ്ച ഐലയ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഇതൊരു പുതിയ കാര്യമല്ലെന്നര്‍ത്ഥം.
വിവാഹേതര ബന്ധങ്ങളാണ് പുതിയകാല കുടുംബബന്ധങ്ങളിലെ വില്ലന്‍ എന്ന കണ്ടെത്തലും കൗതുകകരമാണ്. വിവാഹേതര ബന്ധങ്ങള്‍ ഏത് കാലഘട്ടത്തിലും ഏത് സമൂഹത്തിലും കുടുംബങ്ങള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. മനുഷ്യന് സെക്സിനോടുള്ള ജൈവതാത്പര്യവും അതിന്‍റെ സാധ്യതകളും തന്നെയാണ് അതിന് കാരണം. ഇത്തരം ആലോചനകളില്‍ കടന്നുവരുന്ന കപടസദാചാരത്തെ ഒഴിവാക്കിവേണം ഈ പ്രശ്നത്തെ വിലയിരുത്തേണ്ടത്. അടിമ-ഉടമ സങ്കല്പത്തിന്‍റെ സ്ഥാനത്ത് തുല്യതയുടെ സ്നേഹസൗഹൃദങ്ങളിലൂടെയേ ഈ പ്രശ്നത്തെ നേരിടാനാകൂ.
ലൈംഗിക കാര്യങ്ങളെക്കുറിച്ച് പക്വമായ വീക്ഷണമുള്ള ഒരു സമൂഹത്തിലെ കുടുംബബന്ധങ്ങളിലും ഈ പക്വത ഉണ്ടാകും. പക്ഷേ പക്വതയെന്നാല്‍ ഒരു കാര്യത്തെ ഭയത്തോടെ വീക്ഷിക്കുക എന്നതുമല്ല. ലൈംഗിക ദാരിദ്ര്യം നിലനില്‍ക്കുന്ന സമൂഹത്തില്‍, കൊച്ചുകുട്ടികള്‍പോലും പീഡിപ്പിക്കപ്പെടുന്ന സമൂഹത്തില്‍ കുടുംബജീവിതത്തിന്‍റെ വിശ്വസ്തതയും വെല്ലുവിളി നേരിടും. 'സെക്സ് പാപമാണ്' എന്ന പതിവ് പല്ലവി ഇവിടെ രക്ഷയ്ക്ക് എത്തില്ല. സൗഹൃദവും പ്രണയവും കാവല്‍നില്‍ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന ദാമ്പത്യമാണ് ഇവിടെ വേണ്ടത്.
വിവാഹത്തെക്കുറിച്ച് തന്‍റെ പ്രസിദ്ധമായ 'പ്രവാചകനില്‍' ഖലീല്‍ ജിബ്രാന്‍ എഴുതുന്നു:
"നിശ്ശബ്ദമായ ഈശ്വരസ്മരണയില്‍ നിങ്ങള്‍ ഒരുമിച്ചിരിക്കുക. എന്നാല്‍ നിങ്ങളുടെ ഒരുമിക്കലില്‍ അകലങ്ങളുണ്ടാകട്ടെ.
പരസ്പരം സ്നേഹിക്കുക, എന്നാല്‍ പരസ്പര സ്നേഹം ബന്ധനങ്ങള്‍ തീര്‍ക്കാതിരിക്കട്ടെ.
ഒരേ സംഗീതത്തില്‍ സ്പന്ദിക്കുമ്പോഴും വാദ്യോപകരണത്തിന്‍റെ തന്ത്രികള്‍ വേറിട്ട് നില്‍ക്കുന്നതുപോലെ അടുത്തടുത്ത് ഒട്ടിച്ചേരാതെ ഒരുമിച്ച് നില്‍ക്കുവിന്‍. ദേവാലയത്തിലെ കല്‍ത്തൂണുകള്‍ വേറിട്ട് നില്‍ക്കുംപോലെ.
ഓക്കുമരവും സൈപ്രസും മറ്റൊന്നിന്‍റെ തണലില്‍ വളരാതിരിക്കുന്നതുപോലെ."
ദാമ്പത്യജീവിതത്തിന്‍റെ വിജയത്തിന് അവശ്യം വേണ്ടത് പങ്കാളിയുടെ അഭിരുചിക്കനുസരിച്ച് പൊരുത്തപ്പെടുകയാണ് എന്ന പരമ്പരാഗത വാദത്തിന്‍റെ മുനയൊടിക്കുകയാണ് ജിബ്രാന്‍.
രണ്ട് വ്യക്തികള്‍ വിവാഹത്തിലൂടെ ഒന്നാകുമ്പോഴും അവരുടെ തനതായ വ്യക്തിത്വം നിലനിര്‍ത്തി പങ്കാളിയുടെ മൗലികതയെ അംഗീകരിച്ചുകൊണ്ട് ജീവിതം പങ്കിടുക - അതാണ് അര്‍ത്ഥവത്തായത്. പങ്കാളിയുടെ താത്പര്യങ്ങള്‍ക്കായി സ്വന്തം 'സ്വത്വ'ത്തെ തന്നെ ഒളിപ്പിക്കാന്‍ തയ്യാറായാല്‍ ഇതരസന്ദര്‍ഭങ്ങളില്‍ അത് വിചിത്രരൂപത്തില്‍ പുറത്തുവരികയും ചെയ്യും. ഈ ബഹുസ്വരതയെ അംഗീകരിക്കല്‍ കുടുംബങ്ങളിലെ ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ഇടമാണ്.
സൗഹൃദങ്ങളുടെ ആകാശം നഷ്ടപ്പെട്ട ദാമ്പത്യബന്ധങ്ങള്‍ കേരളത്തില്‍ ഏറെയുണ്ട്. സമൂഹമത നിയമങ്ങളെയും മക്കളെയുമോര്‍ത്ത് മാത്രം ജീവിതം തുടരുന്നവര്‍. ഇത്തരക്കാര്‍ വന്‍സംഘര്‍ഷത്തിലാണെങ്കിലും പുറംലോകം ഇത് അറിയണമെന്നുമില്ല. (ഉച്ചത്തില്‍ കലഹിക്കുന്ന കുടുംബങ്ങളിലാണല്ലോ നമ്മുടെ നോട്ടത്തില്‍ കുടുംബപ്രശ്നങ്ങള്‍ ഉള്ളത്) സെക്സ് ഉള്‍പ്പെടെ ജീവിതം നിഷേധിക്കപ്പെടുന്ന ഇവര്‍ക്ക് മദ്യം മുതല്‍ ആത്മീയതവരെയുള്ള പുറം അഭയങ്ങള്‍ കണ്ടെത്തേണ്ടിവരും. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവര്‍ മുതല്‍ സ്ത്രീപീഡന കേസുകളില്‍ പിടിക്കപ്പെടുന്ന മാന്യന്മാര്‍ വരെയുള്ള പ്രതികളില്‍ ഇത്തരം പശ്ചാത്തലങ്ങളില്‍നിന്ന് ഉള്ളവരുണ്ട്. ആദരണീയ സ്ഥാനങ്ങളിലുള്ളവര്‍ ലൈംഗികചൂഷണ/അപവാദ കഥകളില്‍പ്പെടുമ്പോള്‍ മൂക്കത്ത് വിരല്‍വെച്ച് നെടുവീര്‍പ്പെടുന്ന മലയാളികള്‍ ഓര്‍മ്മിക്കേണ്ട കാര്യമാണിത്.
സെക്സിനെ സത്യസന്ധമായി അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന സമൂഹമാണ് നമ്മുടേത്. ആണ്‍-പെണ്‍ ബന്ധത്തില്‍ സെക്സിന് വലിയ പ്രാധാന്യമുള്ളതുപോലെതന്നെ ഇതിനപ്പുറമുള്ള പല തലങ്ങളും ഈ ബന്ധത്തിനുണ്ട് എന്ന് അംഗീകരിക്കാനും നമുക്ക് കഴിയുന്നില്ല. കുടുംബത്തിന് പുറത്ത് സ്ത്രീക്കും പുരുഷനുമുള്ള, ഇതര ലിംഗത്തില്‍പ്പെട്ട സൗഹൃദങ്ങളെ ആരോഗ്യപരമായി കാണാന്‍ കഴിയുന്നില്ല.
ചെറിയപ്രായം മുതല്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സമഭാവനയോടെയും സൗഹൃദത്തോടെയും വളര്‍ത്താന്‍ ഭയമാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സൗഹൃദപരമായി പെരുമാറാന്‍ അവസരം കൊടുക്കാതെ പ്രത്യേക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കെട്ടിയുണ്ടാക്കുകയും അതിനെക്കുറിച്ച് മേനിപറയുകയും ചെയ്യുന്നവരാണ് നാം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പരസ്പരം സ്നേഹാദരങ്ങളോടെ പെരുമാറാനും വിശ്വസിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത്. പില്‍ക്കാലത്ത് കുടുംബജീവിതത്തില്‍ പങ്കാളികളാകേണ്ട ഇവര്‍ക്ക് പരസ്പരവിശ്വാസത്തിന്‍റെയും തിരിച്ചറിവിന്‍റെയും പാഠങ്ങള്‍ ലഭിക്കേണ്ടത് ഇവിടെ നിന്നാണ്. ഖേദപൂര്‍വ്വം പറയട്ടെ, നമ്മുടെ വിദ്യാലയങ്ങള്‍ നല്‍കുന്ന ആണ്‍-പെണ്‍ സൗഹൃദപാഠങ്ങള്‍ പലപ്പോഴും ഇതല്ല.
മാധ്യമങ്ങളുടെ ഇടപെടലുകളും പലപ്പോഴും ഉത്തരവാദിത്തപൂര്‍ണ്ണമല്ല. മുഖ്യധാരാമാധ്യമങ്ങളുടെ കുടുംബവിശകലനങ്ങള്‍ പലപ്പോഴും വിവാഹേതരബന്ധങ്ങളുടെ സെന്‍സേഷണലിസത്തിലാണ് കണ്ണ് വെയ്ക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കുന്നു. ചിലപ്പോഴെങ്കിലും സദാചാര പോലീസിന്‍റെ കണ്ണുകളോടെ മാത്രം സംഭവങ്ങളെ കാണുന്നു. നീതിരഹിതങ്ങളായ പോലീസ് ഭാഷ്യങ്ങളെ മാത്രം മാനദണ്ഡങ്ങളാക്കുന്നു. കപടസദാചാരവാദികളായ ശരാശരി മലയാളി വായനക്കാരന്‍റെ താത്പര്യങ്ങളെ തൃപ്തിപ്പെടുത്തുകയാണ് ഇതിന്‍റെ ലക്ഷ്യം. വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഐ.എസ്.ആര്‍.ഒ. ചാരക്കേസിനോട് അനുബന്ധിച്ച് ഉയര്‍ന്ന ലൈംഗിക അപവാദകഥകള്‍ ഇതിന് നല്ല ഉദാഹരണമാണ്.
പാശ്ചാത്യസംസ്കാരത്തിന്‍റെ അമിതസ്വാധീനമാണ് നമ്മുടെ ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും അതുവഴി കുടുംബശൈഥില്യങ്ങള്‍ക്കും കാരണമാകുന്നത് എന്ന് പരിതപിക്കാറുണ്ട്. പാശ്ചാത്യലോകം നല്‍കുന്ന സുഖസൗകര്യങ്ങളെ നമുക്ക് ആവശ്യമുണ്ടോയെന്നുപോലും പരിശോധിക്കാതെ നാം വിഴുങ്ങാറുണ്ട്. നമ്മുടെ ജീവിതലക്ഷ്യംപോലും അതാണ്. എന്നാല്‍ ആ സംസ്കാരത്തിന്‍റെ ഭാഗമായുള്ള ചിലതിനെ പേടിയുമാണ്. വിവാഹമോചനങ്ങളുടെ തലസ്ഥാനം പാശ്ചാത്യനാടുകളാണെന്നല്ലേ നാം പറയുന്നത്. വിവാഹമോചനം നേടിയവര്‍ പിന്നീടും നല്ല സുഹൃത്തുക്കളായി കഴിയുന്നതും വീണ്ടും വിവാഹമോചനം നേടിയതിനുശേഷം പഴയ പങ്കാളിയെ വിവാഹം കഴിക്കുന്നതുമൊക്കെ അവര്‍ക്ക് സാധാരണം. ഇതൊന്നും ആലോചിക്കാന്‍പോലും കഴിയാത്ത മലയാളികള്‍ക്ക് അവരുടെ വിവാഹമോചന സംസ്കാരവും ആ അര്‍ത്ഥത്തില്‍ അനുകരിക്കാന്‍ കഴിയില്ല. ചുരുക്കത്തില്‍ പാശ്ചാത്യന്‍റെ ഇത്തരം രീതികളെ ഉപരിപ്ലവമായി കോപ്പിയടിക്കുകയേ നാം ചെയ്യുന്നുള്ളൂ. വിവാഹമോചനത്തിന്‍റെ കേവലസൗകര്യം ഉപയോഗപ്പെടുത്തുന്നു എന്നല്ലാതെ പാശ്ചാത്യര്‍ അതിലൂടെ മുന്നോട്ടുവയ്ക്കുന്ന തുറന്ന ജീവിതസമീപനം മലയാളിയുടെ കപടബോധത്തിന് അന്യം തന്നെ.
ഭരണകൂടങ്ങള്‍ ഉണ്ടാക്കുന്ന നിയമങ്ങളിലൂടെ കുടുംബബന്ധങ്ങള്‍ ഭദ്രമാക്കാമെന്ന ധാരണയും ഫലവത്തല്ല. 'ദാമ്പത്യത്തില്‍നിന്ന് സ്നേഹം വാതില്‍ തുറന്ന് പുറത്തുകടന്നാല്‍ നിയമം ജനാല വഴി അകത്ത് കയറും' എന്ന ഇംഗ്ലീഷ് പഴമൊഴിയാണ് ഓര്‍മ്മ വരുന്നത്. നിയമംകൊണ്ട് കെട്ടിയുണ്ടാക്കാവുന്ന രാവണന്‍ കോട്ടയല്ല കുടുംബം. ബന്ധങ്ങളുടെ സ്വഭാവികത നഷ്ടപ്പെട്ടാല്‍ കുടുംബങ്ങളുടെ പ്രസക്തിയും കുറയുന്നു. വീട്ടുജോലി ചെയ്യുന്ന ഗൃഹസ്ഥയ്ക്ക് ഭര്‍ത്താവ് വേതനം കൊടുക്കണമെന്ന വിപ്ലവകരമായ നിര്‍ദ്ദേശത്തിന്‍റെയൊക്കെ പ്രശ്നം ഇതാണ്.
മതങ്ങള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസം ഇവയൊക്കെ മാറിയകാലഘട്ടത്തില്‍ കുടുംബങ്ങളെ പുനര്‍നിര്‍വ്വചിക്കേണ്ടതുണ്ട്. തുല്യതയിലും സ്വാതന്ത്ര്യത്തിലും ഊന്നാതെയുള്ള കുടുംബസങ്കല്പങ്ങളെ നിരാകരിക്കേണ്ടിയിരിക്കുന്നു. ധാര്‍മ്മിക പ്രബോധനങ്ങളും ചുമതലകളും ഊടും പാവും നെയ്യുന്ന കുടുംബങ്ങള്‍ സുരക്ഷിതമെന്ന ലളിതചിന്ത മാത്രം പോരാ. കൃത്രിമ നന്മ സങ്കല്പങ്ങള്‍ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാവില്ലെന്നും പുതിയ കാലം ബോധ്യപ്പെടുത്തുന്നു.
ഉഭയവ്യക്തിത്വങ്ങളെ അംഗീകരിച്ചുകൊണ്ട്, കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കുടുംബങ്ങള്‍ പണിതുയര്‍ത്തണം. അതിന്‍റെ അകത്തളങ്ങളില്‍, യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയ ജനാധിപത്യത്തിന്‍റെ ബഹുസ്വരമായ ഇടങ്ങളില്‍ പ്രണയവും സൗഹൃദവും നിറയണം.
വാല്‍ക്കഷണം: അന്തരിച്ച ചലച്ചിത്രകാരന്‍ ജോണ്‍ അബ്രാഹം കോളേജ് പ്രൊഫസറായ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വരുന്നു. സുഹൃത്ത് വീട്ടിലില്ല. വീടിന്‍റെ സിറ്റൗട്ടില്‍ ഇരുന്ന് സുഹൃത്തിന്‍റെ ഭാര്യയോട് സംസാരിക്കുകയാണ് ജോണ്‍. പ്രൊഫസര്‍ വീട്ടിലില്ലാത്തപ്പോള്‍ എത്തിയ അപരിചിതനായ താടിക്കാരന്‍ ആര് എന്ന മട്ടില്‍ തൊട്ടയല്‍ക്കാരന്‍ എത്തിനോക്കി. കൗതുകം തീരാതെ എത്തിനോട്ടം പലതവണ ആവര്‍ത്തിച്ചപ്പോള്‍ ജോണ്‍ അയാളെ നോക്കി. കൈ കൊട്ടി ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു: 'സുഹൃത്തേ, പേടിക്കേണ്ട ഞാന്‍ ജാരനല്ല'.