news-details
മറ്റുലേഖനങ്ങൾ

തങ്ങിനില്ക്കുന്ന പരിമളം

വേദനിപ്പിക്കുന്ന ഓര്‍മ്മകളുടെയും സങ്കടത്തിന്‍റെയും പിന്നിട്ട രണ്ടുവര്‍ഷങ്ങള്‍. ഒപ്പം ഇന്നും തങ്ങിനില്ക്കുന്ന അവളുടെ സൗമ്യതയുടെ സുഗന്ധം. ഒരു ചുരുങ്ങിയകാലം ഊഷ്മളതയും താരള്യവുംകൊണ്ട് ഞങ്ങളുടെയും, ഒപ്പം അവള്‍ക്ക് ചുറ്റുമുണ്ടായിരുന്നവരുടെയും ജീവിതങ്ങളെ അവള്‍ സ്പര്‍ശിച്ചു. പ്രകൃതിയുടെ സങ്കീര്‍ണ്ണതകളുടെയും ഭ്രാന്തിന്‍റെയും അര്‍ത്ഥം കണ്ടെത്താന്‍ നാമാരാണല്ലേ? എല്ലാം ക്രമവും നിയമവുമനുസരിച്ച് പോയിരുന്നെങ്കില്‍ ജീവിതത്തിന് അതിന്‍റെ ആകര്‍ഷണീയതതന്നെ നഷ്ടമാകുമായിരുന്നില്ലേ? എന്നാലും ഇനിയും അവശേഷിക്കുന്നവരില്‍ വിധിയേല്‍പ്പിച്ചുപോയ വേദന അപാരംതന്നെ.

ഈ ലോകത്തിലെ നന്മയായിട്ടുള്ളതെല്ലാം എന്നില്‍ അവളുടെ ഓര്‍മ്മനിറയ്ക്കുന്നു. നന്മകളൊക്കെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഒരു സമ്മാനമായിരുന്നു അവള്‍; എന്നിട്ടോ ആ സമ്മാനം കളവുപോയി.

ഷെറി ഞങ്ങളെ വിട്ടുപോയിട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം പിന്നിട്ടു. എല്ലാം ഇന്നലെപോലെ തോന്നുന്നു, കാരണം, അവളുടെ സാന്നിധ്യമത്ര ശക്തവും ഓര്‍മ്മകള്‍ സജീവവുമാണ്. അവളെക്കുറിച്ചെഴുതുക ഒരു വല്ലാത്ത വേദനയാണ്. അതുകൊണ്ട്, കുറച്ച് ചിതറിയ ചിന്തകളെ ഒരുമിച്ചിടുക മാത്രം ചെയ്യുന്നു.

ജനനം കഴിഞ്ഞാല്‍പ്പിന്നെ മനുഷ്യകുലത്തിലെ ഓരോ അംഗത്തെയും സ്പര്‍ശിക്കുന്ന അടിസ്ഥാന അനുഭവമാണ് മരണം. മരണം എല്ലാ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും അതിലംഘിച്ച് നില്ക്കുന്നു. ദുഃഖാനുഭവങ്ങളില്‍ മനുഷ്യന്‍ തന്‍റെ പൊതുനിയതിയും വ്യക്തിത്വത്തിന്‍റെ വ്യതിരിക്തതയും തിരിച്ചറിയുന്നു. പ്രിയപ്പെട്ട ഒരാള്‍ മരിക്കുമ്പോള്‍ ഓരോരുത്തരും പ്രതികരിക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിലാണ്. കുഞ്ഞിന്‍റെ മരണം ഏവരേയും പിടിച്ചുകുലുക്കുന്ന ഒരനുഭവമാണ്, കാരണം പിന്നീടുള്ള ജീവിതത്തിലങ്ങോളം അവര്‍ തീവ്രവേദനയ്ക്കും നിരാശയ്ക്കും കീഴ്പ്പെടേണ്ടി വരുന്നു.

ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയെ വിധവയെന്ന് വിളിക്കുന്നു; ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവിനെ വിധുരനെന്നും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞിനെ അനാഥന്‍/ അനാഥയെന്നും നാം വിളിക്കുന്നു. പക്ഷേ... കുഞ്ഞ് നഷ്ടപ്പെട്ട മാതാപിതാക്കളെ വിളിക്കാന്‍ ഒരു വാക്കില്ല. അത്ര വേദനാജനകമത്രേ ആ നഷ്ടം! (നെവുഗെബോറന്‍, 1976).

കുഞ്ഞുങ്ങള്‍ ഒരിക്കലും മരിക്കരുതാത്തതാണ്. കുഞ്ഞുങ്ങളൊക്കെ അവരുടെ കണ്‍മുന്‍പില്‍ വളര്‍ന്ന് പക്വതപ്പെട്ട് അവരെക്കാള്‍ വലിയവരാകണമെന്നാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മക്കളുടെ സ്നേഹവും സംരക്ഷണവും സ്വീകരിച്ച് മരിക്കുക എന്നത് അവരുടെ അഭിലാഷമാണ്. ജീവചക്രം അതിന്‍റെ ക്രമമനുസരിച്ച് തിരിഞ്ഞാല്‍ കാര്യങ്ങളൊക്കെ അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യും.

കുഞ്ഞിന്‍റെ നഷ്ടം നൈര്‍മ്മല്യത്തിന്‍റെ തന്നെ നഷ്ടമാണ്, നിരുപദ്രവും നിസ്സഹായവുമായതിന്‍റെ മരണം. കുഞ്ഞിന്‍റെ മരണം ഭാവിയുടെയും പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും ശക്തിയുടെയും പൂര്‍ണ്ണതയുടെയും ഒക്കെ മരണസൂചകമാണ്. (അര്‍നോര്‍ഡ്, ഗെമ്മ, 1994)

ദുഃഖാര്‍ത്തരായ മാതാപിതാക്കള്‍, നഷ്ടപ്പെട്ട കുഞ്ഞിന്‍റെ മാതാപിതാക്കളായിത്തന്നെ തുടരുന്നു. കുഞ്ഞിന്‍റെ വേര്‍പാട് അവരിലെന്നും ശൂന്യമായ ഒരു ഇടം ഒഴിച്ചിട്ടിരിക്കും. അവരെന്നും ആ കുഞ്ഞിന്‍റെ പ്രിയപ്പെട്ട അപ്പനമ്മമാരായി  മരണത്തോളം ജീവിക്കും. എന്നിരുന്നാലും കുഞ്ഞിനോടുള്ള സ്നേഹം, തുറന്ന് പങ്കിടാനോ ഒരുമിച്ച് തങ്ങളുടെ കുഞ്ഞിനോടൊപ്പം ജീവിക്കാനോ ഒരിക്കലുമാവില്ലെന്നുള്ള സത്യം അവര്‍ അംഗീകരിച്ചേ മതിയാവൂ. അതുകൊണ്ട് അവര്‍ക്ക് ഓര്‍മ്മകളെ മുറുകെപ്പിടിക്കാനുള്ള വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. "ഓര്‍മ്മകള്‍ ഹൃദയത്തിന്‍റെ വിലയേറിയ സമ്മാനങ്ങളാണെന്നും ആന്തരിക സമാധാനവും അടുപ്പവും കണ്ടെത്താന്‍ ഈ ഓര്‍മ്മകളെയും മൃദുമന്ത്രണങ്ങളെയും മുറുകെപ്പിടിക്കണ"(Wisconsin Perspectives Newsletter Spring 1989) മെന്നുമുള്ള തിരിച്ചറിവിലേയ്ക്ക് വിയോഗവേദന അനുഭവിക്കുന്ന ഈ മാതാപിതാക്കള്‍ സാവകാശം നയിക്കപ്പെടുന്നു.

ഈ കുഞ്ഞ് എന്നേയ്ക്കും കുടുംബത്തിന്‍റെ ഭാഗമാണെന്നതും ഇവന്‍റെ/ഇവളുടെ വിയോഗം കുടുംബത്തിനുള്ളില്‍ സൃഷ്ടിച്ച ശൂന്യത ഒരിക്കലും നികത്തപ്പെടാനാവാത്തതായി എല്ലാക്കാലത്തേക്കും നില്‍ക്കുമെന്നതും മാറ്റമില്ലാത്ത സത്യമാണ്. അതിരുകളില്ലാത്തതാണ് ഇവിടെ മാതാപിതാക്കളുടെ വേദന. ഒരു മാതാവോ പിതാവോ ആയിരിക്കുക എന്നതിന്‍റെ ഉള്‍ക്കാമ്പിനെയാണ് ഇതുലയ്ക്കുന്നത്. അതവര്‍ പ്രകടിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. ഈ വേദനയുടെ വിവരണം വേദനയുടെ അനുഭവത്തെതന്നെ വെല്ലുവിളിക്കും, നിര്‍വ്വചിക്കാനുള്ള  ശ്രമം ഈ വേദനയുടെ ആഴങ്ങളെയൊന്നും സാരമായി സ്പര്‍ശിക്കാതെ ശുഷ്കമാകും. വേദന മനുഷ്യനില്‍ രൂപപ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്. വ്യഥ അത് സഹിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കുന്ന ഒരുമയുടെ അനുഭവമാണ്. (Arnold and Gemma, 1991).

മരണത്തിന്‍റെ വേദന മാത്രമാണ് നാം മറക്കാന്‍ ആഗ്രഹിക്കാത്ത വേദന. മറ്റെല്ലാ മുറിവുകളും സുഖപ്പെടുത്താന്‍ ശ്രമിക്കുന്നു, മറ്റെല്ലാ വേദനകളും മറക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ മുറിവ് മാത്രം ഒരിക്കലും മറക്കാതെ, സുഖപ്പെടാതെ തുറന്നിരിക്കേണ്ട ഒരു കടമയായി നാം കൊണ്ടുനടക്കുന്നു, നമ്മുടെ ഏകാന്തതകളില്‍ ഈ വേദനയെ ധ്യാനിക്കാന്‍ നാം വെമ്പല്‍ കൊള്ളുന്നു.(Washington Irring, The Sketch Book).

കുഞ്ഞിന്‍റെ മരണദിവസങ്ങളില്‍ മാതാപിതാക്കളില്‍ ഏറെപ്പേരും ആ വേദന പ്രകടിപ്പിക്കാന്‍പോലുമാവാത്ത ഒരു മരവിപ്പിലൂടെയോ ഞെട്ടലിലൂടെയോയാണ് കടന്നുപോകുന്നത്. എന്നാല്‍ സാവകാശം വേദനയുടെ ആവേഗങ്ങളുടെ തീവ്രത കുറയുന്നു. അപ്പോള്‍ സുഹൃത്തുക്കളും ബന്ധുക്കളും പറയാന്‍ തുടങ്ങും അവരിപ്പോള്‍ സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവന്നെന്ന്. പക്ഷേ കാലത്തിന് ഈ മുറിവിനെ മാറ്റാനാവുമോ എന്നതില്‍ എനിക്കിപ്പോഴും സംശയമുണ്ട്. ഇത് അവര്‍ മറികടക്കാന്‍ ആഗ്രഹിക്കാത്ത വേദനയാണ്. ആ വേദന എന്നെ എന്‍റെ ജീവിതത്തിന്‍റെ നല്ലൊരു കാലം നിഷ്കളങ്കതയും സൗകുമാര്യതയുംകൊണ്ട് പൊതിഞ്ഞ ഷെറി എന്ന കുഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നു. ഈ മുറിവ് ഉണങ്ങാതിരിക്കട്ടെ, അങ്ങനെ എന്‍റെ ഓര്‍മ്മകളുടെ മാധുര്യം മറയാതിരിക്കട്ടെ എന്ന് ഞാനാശിക്കുന്നു.

എന്‍റെ ഭാര്യയുടെ അമ്മ ഇപ്പോള്‍ എഴുപത്തിയഞ്ച് പിന്നിട്ടിരിക്കുന്നു. അവരുടെ ഏകമകന്‍ അവന് അഞ്ച് വയസ്സുള്ളപ്പോള്‍ മരിച്ചു. ഇത്രയും കാലത്തെ അവരുമായിട്ടുള്ള ബന്ധത്തില്‍ അമ്മയുടെ ജീവിതത്തില്‍ ഒരു ദിവസംപോലും അവനെ ഓര്‍മ്മിക്കാതെ കടന്നുപോയതായി ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോഴും പറയുമ്പോഴും അമ്മ ആ കുഞ്ഞിന്‍റെ ഓര്‍മ്മകള്‍ അതുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും. പത്ത് വര്‍ഷങ്ങള്‍ക്കുമുന്‍പ് അമ്മ പുതിയ സെമിത്തേരിയില്‍ അവരുടെ ഭര്‍ത്താവിനെ അടക്കിയ കല്ലറയിലേക്ക് പഴയ സെമിത്തേരിയില്‍നിന്ന് ആ കുഞ്ഞിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ മാറ്റിയതോര്‍ക്കുന്നു. അവന്‍ അവന്‍റെ പപ്പയോടൊപ്പം ആയിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അമ്മ മരിക്കുമ്പോള്‍ അമ്മയെയും അവരോടൊപ്പം സംസ്കരിക്കണമെന്നാണ് അമ്മയുടെ ആഗ്രഹം. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷവും ഓര്‍മ്മയിലിന്നും ആ കുഞ്ഞിനെയോര്‍ത്ത് അമ്മ തേങ്ങുന്നു.

'സമയം എല്ലാം സുഖപ്പെടുത്തും' എന്നത് ഒരു പരുക്കന്‍ നുണയാണെന്ന് എനിക്ക് തോന്നാറുണ്ട്. സമയം ഒന്നിനെയും സുഖപ്പെടുത്തുന്നില്ല, വെറുതെ കടന്നു പോവുകമാത്രം ചെയ്യുന്നു. സത്യത്തില്‍ മുറിവുകളൊന്നും ഉണങ്ങുന്നില്ല. മുറിവുണങ്ങാത്തപ്പോഴും അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കാന്‍ നിശ്ചയമായും നമ്മള്‍ ബാധ്യസ്ഥരാണ്. ജീവിതം അതിന്‍റെ വഴി മുന്നോട്ട് പോവുകതന്നെ ചെയ്യണമല്ലോ.

എന്‍റെ മരുമകളുടെ വേര്‍പാട് ദിവസം ഇന്നും ഞാന്‍ ഓര്‍മ്മിക്കുന്നു. അന്ന് എന്‍റെ സുഹൃത്തുക്കള്‍ പലരും വിളിച്ച് ആശ്വസിപ്പിച്ചു. അതില്‍ ഒരാള്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു: "ദൈവം അബ്രാഹത്തിന് വാര്‍ദ്ധക്യത്തില്‍ ഒരു കുഞ്ഞിനെ കൊടുത്തതുപോലെ സ്നേഹത്തോടെ സംരക്ഷിക്കാന്‍വേണ്ടി അവളൊരു കുഞ്ഞിനെ ഈ വാര്‍ദ്ധക്യത്തില്‍ നിങ്ങളെ ഏല്‍പ്പിച്ചുപോയി എന്ന് കരുതിയാല്‍ മതി. ഇനി ആ കുഞ്ഞിനെ പരിചരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്." ആ വാക്കുകള്‍ക്ക് ആശ്വസിപ്പിക്കാനും ഒപ്പം ഞങ്ങളെ ദുഃഖത്തില്‍നിന്ന് കൈപിടിച്ചുയര്‍ത്തി ആ കുഞ്ഞിന് വേണ്ടി ജീവിക്കാന്‍ പ്രാപ്തരാക്കാനും കരുത്തുണ്ടായിരുന്നു.

പലരും മനസ്സിലാക്കാന്‍ ശ്രമിക്കാതെ പോകുന്ന ഒന്നുണ്ട്. ജനക്കൂട്ടം ഒഴിഞ്ഞുപോയ മരണവീട്ടില്‍ കുറച്ച് മനുഷ്യര്‍ തകര്‍ക്കപ്പെട്ട ജീവിതാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു മൂലക്കല്ല് കണ്ടെടുത്ത് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. ശക്തമായ കുടുംബബന്ധങ്ങളും താങ്ങും ഭദ്രതയുമുള്ളവര്‍ക്ക് ഇത് താരതമ്യേന ആയാസം കുറവാണ്. അതേസമയം വേദനിപ്പിക്കുന്ന ആ ഓര്‍മ്മകള്‍ പഴമയിലെങ്ങോ വായിച്ച് തള്ളിയ, ഇനിയൊരിക്കലും വായിക്കാനാഗ്രഹിക്കാത്ത പുസ്തകത്തിലെ ഒരദ്ധ്യായംപോലെ നിങ്ങളോടൊപ്പമുണ്ട്.

സമയം ഒന്നിനെയും സൗഖ്യപ്പെടുത്തുന്നില്ല, വെറുതെ ഇഴഞ്ഞുനീങ്ങുക മാത്രം ചെയ്യുന്നു. കടന്നുപോകുന്ന സമയത്ത് നമ്മുടെ ജീവിതംകൊണ്ട് നാമെന്ത് ചെയ്യുന്നു എന്നതല്ലേ നമ്മെ സുഖപ്പെടുത്തുകയോ ചിലരെയെങ്കിലും വഴിമുട്ടിക്കുകയോ ചെയ്യുന്നത്?

വാല്‍ക്കഷണം: അവര്‍ പറയുന്നു, "സമയം എല്ലാ മുറിവുകളെയും സൗഖ്യപ്പെടുത്തുന്നെന്ന്. പൊട്ടിയ അസ്ഥികളുടെ കാര്യത്തില്‍ അതു സത്യമാണ്, എന്നാല്‍ പൊട്ടിയ ഹൃദയങ്ങളോ?"

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts