news-details
മറ്റുലേഖനങ്ങൾ

ഇങ്ങനെയും ഒരു ഡോക്ടര്‍

"സുഖമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെ കൊണ്ടാവശ്യം. വിശുദ്ധരെത്തേടിയല്ല, പാപികളെത്തേടിയാണ് ഞാന്‍ വന്നത്"

ആധുനിക വൈദ്യശാസ്ത്രം നവീനമായ ചികിത്സാരീതികള്‍കൊണ്ട് ലോകത്തിന്മുന്‍പില്‍ പ്രത്യാശയുടെ കിരണങ്ങള്‍ വിതറുമ്പോഴും, മെഡിക്കല്‍രംഗത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്ന ബിസിനസ് താത്പര്യങ്ങളും അധാര്‍മ്മികമായ ക്രയവിക്രയങ്ങളും അമിതമായ ലാഭേച്ഛയും മൂലം പാവപ്പെട്ട രോഗികള്‍ക്ക് ഇന്നും പുതിയ ചികിത്സാവിധികള്‍ അപ്രാപ്യമായി തുടരുന്നു. ഈ പശ്ചാത്തലത്തിലാണ് നമ്മുടെ കൊച്ചുകേരളത്തില്‍ ഒരു ഡോക്ടര്‍ 'മെഡിക്കല്‍ എത്തിക്സ്' അസാധാരണമാംവിധം കര്‍ശനമായി പാലിച്ചുകൊണ്ട് ദൈവകരങ്ങളില്‍ നിന്ന് ജീവന്‍റെ ഫോര്‍മുല ഏറ്റുവാങ്ങി അനേകം രോഗികളെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തുന്നത്.

കഴിയുന്നതും ബസ്സില്‍ യാത്രചെയ്യുന്ന, ആവശ്യത്തിന് മാത്രം മരുന്ന് കുറിക്കുന്ന, ഇടനേരങ്ങളില്‍ പ്രാര്‍ത്ഥിക്കുന്ന, ഇടദിവസങ്ങളില്‍ വചനം പങ്കുവയ്ക്കുന്ന, വളരെ 'സിംപിളാ'യ ഒരു ഡോക്ടറുടെ മേല്‍വിലാസമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. രോഗികളുടെ പ്രിയപ്പെട്ട അപ്പുഡോക്ടര്‍.

മെഡിക്കല്‍ എന്‍ട്രന്‍സ് വിജയിക്കുവാനായി മാത്രം ദൈവത്തെ കൂട്ടുപിടിച്ച പയ്യന്‍ പിന്നീട് പഠനകാലത്തില്‍  'ജീസസ് യൂത്തി'ലെ പ്രാര്‍ത്ഥനാപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളിലൂടെ ആഴമേറിയ ദൈവവിശ്വാസത്തിലെത്തിച്ചേര്‍ന്നു. ആലപ്പുഴ മെഡിക്കല്‍കോളേജില്‍നിന്ന് എം.ബി.ബി.എസ് ഉം അണ്ണമല യൂണിവേഴ്സിറ്റിയില്‍നിന്ന് പി.ജി.യും കഴിഞ്ഞിറങ്ങിയപ്പോള്‍ ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി പ്രശസ്തമായ പല സ്വകാര്യ ആശുപത്രികളില്‍നിന്നും ഓഫറുകള്‍ നിരവധി എത്തിയെങ്കിലും ദൈവത്തിന്‍റെ പ്രിയപ്പെട്ടവര്‍ എത്തിപ്പെടുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളിലായിരുന്നു ഡോക്ടറുടെ കണ്ണും മനസ്സും. അങ്ങനെ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനം സന്തോഷത്തോടെ സ്വീകരിച്ച് ഇപ്പോള്‍ ഞാറയ്ക്കല്‍ താലൂക്കാശുപത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ഡോക്ടര്‍ ഉള്ളുതുറന്ന് പറയുന്നു- 'പാവപ്പെട്ട രോഗികളെ ചികിത്സിക്കുമ്പോഴാണ് ജോലിയില്‍ സംതൃപ്തി കിട്ടുന്നത്.'

മെഡിക്കല്‍ റപ്രസന്‍റേറ്റിവുകളുടെ വശ്യമായ പ്രലോഭനങ്ങള്‍ക്കും സമ്മാനങ്ങള്‍ക്കും നേരെ 'വേണ്ട' എന്ന് പറയാനുള്ള ആര്‍ജവമുണ്ട് ഡോക്ടറിന്. രോഗികള്‍ക്ക് ഔഷധവും സാന്ത്വനവും മാത്രമല്ല, ദൈവത്തിലുള്ള വിശ്വാസവും സ്നേഹവും പങ്കുവച്ച് കൊടുക്കുന്നതുകൊണ്ട്, രോഗികള്‍ രോഗവിവരം മാത്രമല്ല ജീവിതത്തിലെ മറ്റ് ബുദ്ധിമുട്ടുകളും ഡോക്ടറോട് മടികൂടാതെ പങ്കുവയ്ക്കുന്നു. പലര്‍ക്കും കുമ്പസാരമെന്ന കൂദാശ ഒരുക്കത്തോടെ സ്വീകരിക്കാന്‍ ഡോക്ടര്‍ പ്രചോദനമേകുന്നു. ഫലമോ? ദൈവസ്നേഹത്തിന്‍റെ വ്യക്തിപരമായ അനുഭവങ്ങള്‍ രോഗികള്‍ സ്വന്തമാക്കുന്നു.

തിരക്കുകള്‍ക്കിടയിലും എല്ലാ ആദ്യ ഞായറാഴ്ചകളിലും എറണാകുളം അതിരൂപതയിലെ 'കൃപാലയം' എന്ന ഫോര്‍മേഷന്‍ സെന്‍ററില്‍ ഡോക്ടര്‍ വചനശുശ്രൂഷ നടത്തിവരുന്നു. ശാലോം ടി.വി. യില്‍ 'ഡിവൈന്‍ ഹീലര്‍' എന്ന പ്രോഗ്രാമും ഡോക്ടര്‍ ചെയ്യുന്നു. നാട്ടിലും വിദേശത്തും അനേകം വചനശുശ്രൂഷകളില്‍ സഹായിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നു. സ്വകാര്യ പ്രാക്ടീസില്‍ താത്പര്യമില്ലാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിന് ഡോക്ടര്‍ നല്‍കുന്ന മറുപടി ഇതാണ്: ആ സമയം വചനപ്രഘോഷണത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നു. പണത്തോടുള്ള അത്യാസക്തി ഇല്ലാതാക്കാനും കഴിയുന്നു. ഇത്തരത്തിലുള്ള ആത്മീയ ശുശ്രൂഷകള്‍ നടത്തുമ്പോഴും ഔദ്യോഗിക കര്‍ത്തവ്യത്തില്‍ ഒരു വീഴ്ചയും വരുത്താതെ നിസ്തുലമായ സേവനമാതൃക പങ്കുവെയ്ക്കുന്ന ഡോക്ടറെ കേരളത്തിലെ 2008-ലെ ഏറ്റവും നല്ല ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി ആദരിച്ചു.

മഹത്തരമായ മെഡിക്കല്‍ പ്രഫഷന്‍റെ മാന്യത നഷ്ടപ്പെടുത്തുന്ന തരത്തില്‍ ഇന്ന് മെഡിക്കല്‍ രംഗത്ത് കാണപ്പെടുന്ന ആശാസ്യമല്ലാത്ത കച്ചവടം ഡോക്ടറെ വേദനിപ്പിക്കുന്നു. മെഡിക്കല്‍ റപ്രസന്‍റേറ്റീവുകളും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും, സ്കാനിംഗ് പോലുള്ള രോഗനിര്‍ണ്ണയ മേഖലകളിലും ഔഷധവിതരണത്തിലും നടത്തുന്ന വന്‍പിച്ച കമ്മിഷന്‍ ഇടപാടുകള്‍ സാധാരണക്കാരായ രോഗികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നു. ഇത്തരത്തിലുള്ള അനീതി അവസാനിപ്പിക്കാന്‍ നിയമങ്ങള്‍ പര്യാപ്തമല്ലെന്ന് ഡോക്ടര്‍ ഉറച്ച് വിശ്വസിക്കുന്നു. ദൈവത്തിനെയും മനുഷ്യനെയും സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ ഇത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും അതിന് നാം ദൈവത്തിന്‍റെ സ്നേഹത്തില്‍ എത്തിച്ചേരണമെന്നും അപ്പുഡോക്ടര്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ഡോക്ടര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു സ്വപ്നമുണ്ട്- 'ജീസസ് യൂത്ത് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍' നാട്ടിലും പുറംരാജ്യങ്ങളിലും ജോലി ചെയ്യുന്ന, ജീസസ് യൂത്തായ ഡോക്ടറന്മാരേയും നഴ്സുമാരേയും ഈ ഹോസ്പിറ്റലില്‍ ഒരുമിപ്പിക്കുക. ഡോക്ടേഴ്സും നഴ്സുമാരും മറ്റ് സ്റ്റാഫും ഒരുമിച്ചിരുന്ന് രോഗികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സംവിധാനം ഉണ്ടാവുക. വളരെ ചെലവുകുറഞ്ഞ രീതിയില്‍ ചികിത്സയും മരുന്നും ലഭ്യമാക്കുക. സുഖപ്പെടാന്‍ സാദ്ധ്യതയില്ലാത്ത മാറാരോഗികള്‍ ഈ കേന്ദ്രത്തില്‍ എത്തുമ്പോള്‍ത്തന്നെ സൗഖ്യം ലഭിച്ച് ദൈവത്തെ മഹത്വപ്പെടുത്തണം! ദൈവരാജ്യത്തിന്‍റെ സ്വപ്നങ്ങളിലേക്ക് ഡോക്ടര്‍ ഹൃദയം തുറക്കുമ്പോള്‍ കേള്‍ക്കുന്നവരുടെ മനസ്സിലും ദൈവാനുഭവത്തിന്‍റെ തിരയിളക്കം.

അപ്പുഡോക്ടറുടെ തിരക്കേറിയ ആതുരശുശ്രൂഷാജീവിതത്തിലും വിശ്വാസജീവിതത്തിലും എപ്പോഴും കൂട്ടായി, പ്രചോദനമായി നില്‍ക്കുന്നത് ഭാര്യ ബിന്ദു മത്തായി ആണ്. കാക്കനാടുള്ള മിനിസ്ട്രി ഓഫ് ഡിഫന്‍സിലെ സീനിയര്‍ സയന്‍റിസ്റ്റാണ് ബിന്ദു. മക്കള്‍ ഏയ്ഞ്ചല്‍, ആഗ്നല്‍, ആബേല്‍. മാതാപിതാക്കളുടെ പരസ്പരസ്നേഹവും വിശുദ്ധ ജീവിതവും മക്കള്‍ക്ക് ഈ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തായി മാറുന്നു. ജീവിതത്തില്‍ ഒരു തെറ്റുപോലും ചെയ്യാതെ വിശുദ്ധിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഡോക്ടര്‍ നമ്മോട് പറയുന്നു- "ഞാനൊരു വിശുദ്ധനല്ല. ഭാര്യയോടും മക്കളോടും വല്ലപ്പോഴും ദേഷ്യപ്പെടുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രം!"

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts