(1992-ല്‍, അന്ന് 12 വയസ്സുകാരിയായിരുന്ന സെര്‍വെന്‍ കുളിസ് സുസുക്കി റിയോ ദെ ജനേറോയില്‍ നടന്ന യു. എന്നിന്‍റെ ഭൗമസമ്മേളനത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്തു. മനുഷ്യന്‍ ഒരു ജീവിവര്‍ഗ്ഗം എന്ന നിലയില്‍ എത്ര തരംതാണെന്നും അതിന്‍റെ പരിണതഫലവും ഉത്തരവാദിത്വവും നാം ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകതയും അഞ്ച് മിനിറ്റുകള്‍ മാത്രം നീണ്ട പ്രസംഗത്തിലൂടെ ഈ കൊച്ചുകുട്ടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സുസുക്കിയുടെ പ്രസംഗത്തിന്‍റെ സംക്ഷിപ്തരൂപം).
ഹലോ.. ഞാന്‍ സെര്‍വെന്‍ സുസുക്കി. കുട്ടികളുടെ പാരിസ്ഥിതിക സംഘടനയ്ക്ക് (ECO) വേണ്ടി സംസാരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന, പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള കുട്ടികളുള്ള ഞങ്ങളുടെ സംഘടനയില്‍ വനെസ്സാ സൂട്ടിയെ, മോര്‍ഗണ്‍ ഗൈസ്ളര്‍, മിഖായേലെ ക്യുഗ് പിന്നെ ഞാനുമാണുള്ളത്. ഞങ്ങള്‍ തനിയെ പണം കണ്ടെത്തി 5,000 മൈലുകള്‍ യാത്രചെയ്ത് ഇവിടെ എത്തിയത് നിങ്ങള്‍ പ്രായപൂര്‍ത്തിയായ വലിയ മനുഷ്യരോട് ഇനിയെങ്കിലും വഴിമാറണം എന്നു പറയാനാണ്.
ഇന്നിവിടെ നില്‍ക്കുമ്പോള്‍ എനിക്ക് നിഗൂഢലക്ഷ്യങ്ങളൊന്നുമില്ല. ഞാനെന്‍റെ ഭാവിക്കുവേണ്ടി പോരാടുക മാത്രമാണ് ചെയ്യുന്നത്. എന്‍റെ ഭാവി നഷ്ടപ്പെടുന്നത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതുപോലെയോ ഓഹരിക്കച്ചവടത്തില്‍ ഏതാനും സൂചികകള്‍ താഴുന്നതുപോലെയോ അല്ല. വരുംതലമുറകള്‍ക്കുവേണ്ടി സംസാരിക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ആരാലും നിലവിളി കേള്‍ക്കപ്പെടാതെ പോകുന്ന, വിശന്നുപൊരിയുന്ന, ഈ ലോകത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും വേണ്ടി സംസാരിക്കാന്‍. എങ്ങും പോകാനിടമില്ലാതെ ചത്തുവീഴുന്ന ഈ ഭൂമുഖത്തെ എണ്ണമറ്റ മൃഗങ്ങള്‍ക്ക് വേണ്ടിയാണ്. ഓസോണ്‍പാളിയുടെ വിള്ളലുകള്‍ വെയിലില്‍ നടക്കാന്‍ എന്നെ ഭയപ്പെടുത്തുന്നു. ഇവിടുത്തെ വായു ശ്വസിക്കാന്‍ എനിക്ക് ഭയമാണ്, കാരണം, ഇതില്‍ എന്തൊക്കെ വിഷാംശങ്ങളാണുള്ളതെന്ന് ആര്‍ക്കറിയാം. വാന്‍കോവറില്‍ എന്‍റെ നാട്ടില്‍ അടുത്തനാള്‍വരെ ഡാഡിയോടൊപ്പം ഞാന്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്നു. ഇപ്പോള്‍ മീനുകള്‍ക്കൊക്കെ വ്രണങ്ങളാണ്. ഇന്ന് നമ്മള്‍ കേള്‍ക്കുന്നത് ഓരോ ദിവസവും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും വംശനാശം സംഭവിക്കുന്ന വാര്‍ത്തകളാണ്. ജീവലോകത്തുനിന്ന് അവയുടെ വംശംതന്നെ അപ്രത്യക്ഷമാകുന്നു!
വന്യമൃഗങ്ങള്‍, കുറ്റിക്കാടുകള്‍, ചിത്രശലഭങ്ങള്‍, മഴക്കാടുകള്‍, പക്ഷികള്‍ ഇവയെയൊക്കെ കാണാന്‍ പോകുന്നത് ഞാന്‍ സ്വപ്നംകണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴെന്‍റെ ഭയം എന്‍റെ കുഞ്ഞുങ്ങള്‍ക്ക് കാണാന്‍ അവ അവശേഷിക്കുമോ എന്നതാണ്. എന്‍റെ ഈ പ്രായത്തില്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും ആകുലപ്പെടേണ്ടതുണ്ടായിരുന്നോ? ഇതെല്ലാം നമ്മുടെ കണ്‍മുന്‍പില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടും നമ്മള്‍ പെരുമാറുന്ന രീതികള്‍ കണ്ടാല്‍ ഇനിയും ഇഷ്ടംപോലെ സമയവും പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ടെന്ന മട്ടിലാണ്.
ഞാനൊരു കുട്ടി മാത്രമാണ്. എന്നിട്ടും എനിക്കറിയാം അഞ്ച് ബില്യന്‍ മനുഷ്യരുള്ള ഒരു വലിയ കുടുംബത്തിന്‍റെ ഭാഗമാണ് നാമെന്ന്. സത്യത്തില്‍ 30 മില്യന്‍ വര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍. രാജ്യാതിര്‍ത്തികളും ഗവണ്‍മെന്‍റുകളും അതിനെ മാറ്റാന്‍ പോകുന്നില്ല. ഞാനൊരു കുട്ടി മാത്രമാണ്, എന്നിട്ടും ഞാന്‍ പറയുന്നു, നമുക്ക് ഒത്തൊരുമയോടെ, ഒരേ ലക്ഷ്യത്തിനുവേണ്ടി, ഒരൊറ്റ മാനവകുലത്തിന്‍റെ സൃഷ്ടിക്കുവേണ്ടി, പ്രവര്‍ത്തിക്കാന്‍ ബാധ്യതയുണ്ട്. ദേഷ്യംകൊണ്ട് കാഴ്ച നഷ്ടപ്പെട്ട ആളല്ല ഞാന്‍. ഭയംകൊണ്ട് എന്ത് പറയണമെന്ന് ഭയപ്പെട്ടു നില്‍ക്കുന്ന ആളല്ല ഞാന്‍. ഞങ്ങളുടെ രാജ്യത്ത് ഞങ്ങള്‍ പാഴ്വസ്തുക്കളും മാലിന്യങ്ങളും ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ മേടിക്കുന്നു, വലിച്ചെറിയുന്നു. എന്നാലും ദക്ഷിണരാജ്യങ്ങള്‍ ആവശ്യക്കാരുമായി പങ്കുവയ്ക്കാന്‍ തയ്യാറല്ല. ഞങ്ങള്‍ക്ക് ആവശ്യത്തില്‍ കൂടുതലുള്ളപ്പോഴും ആവശ്യക്കാരുമായി പങ്കുവയ്ക്കാന്‍ ഭയമാണ്. ഞങ്ങളുടെ സമ്പത്തിന്‍റെ ഒരംശം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ക്ക് ഭയമാണ്.
കാനഡയില്‍ ഞങ്ങള്‍ ആഹാരത്തിന്‍റേയും ജലത്തിന്‍റെയും പാര്‍പ്പിടത്തിന്‍റേയും സമൃദ്ധിയിലാണ് ജീവിക്കുന്നത്. ഞങ്ങള്‍ക്ക് വാച്ചും സൈക്കിളും ടെലിവിഷനും കമ്പ്യൂട്ടറുകളുമുണ്ട്. ഞങ്ങള്‍ക്കുള്ള സാധനങ്ങളുടെ പട്ടിക ഇങ്ങനെ രണ്ട് ദിവസം മുഴുവന്‍ വിവരിക്കാന്‍ മാത്രം നീണ്ടുപോകുന്നു. രണ്ട് ദിവസങ്ങള്‍ക്കുമുന്‍പ് ഇവിടെ ബ്രസീലിന്‍റെ തെരുവുകളിലെ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. അവരിലൊരു കുട്ടി ഞങ്ങളോട് ഇപ്രകാരം പറഞ്ഞു: "ഞാന്‍ പണക്കാരനാകാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പണക്കാരനായിരുന്നെങ്കില്‍ എല്ലാ തെരുവുകുട്ടികള്‍ക്കും ആഹാരവും വസ്ത്രവും മരുന്നും വീടും സ്നേഹവും വാത്സല്യവും കൊടുക്കുമായിരുന്നു." ഒന്നും കൈവശമില്ലാത്ത ഒരു തെരുവുകുട്ടി എല്ലാം പങ്കുവയ്ക്കാന്‍ തയ്യാറാകുമ്പോള്‍ എല്ലാമുള്ള നമ്മള്‍ എന്തുകൊണ്ടാണ് പങ്കുവയ്ക്കാന്‍ മനസ്സില്ലാതെ ഇത്ര അത്യാര്‍ത്തിക്കാരാവുന്നത്? ഈ കുട്ടികളെല്ലാം എന്‍റെ പ്രായക്കാരാണ്. ഒരാള്‍ എവിടെ ജനിക്കുന്നു എന്നത് ജീവിതത്തില്‍ ഭീകരമായ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്.
റിയോയുടെ ചേരികളില്‍ ജീവിക്കുന്ന ഒരു കുട്ടിയായി എനിക്ക് ജനിക്കാമായിരുന്നു. അല്ലെങ്കില്‍ സൊമാലിയായില്‍ പട്ടിണി കിടക്കുന്ന ഒരു കുട്ടിയാകാമായിരുന്നു. അതുമല്ലെങ്കില്‍ മദ്ധ്യപൂര്‍വ്വേഷ്യയില്‍ കലാപങ്ങളുടെ ഇരയാകാമായിരുന്നു. അല്ലെങ്കില്‍ ഇന്ത്യയില്‍ ഒരു യാചകയാകാമായിരുന്നു.
ഞാനൊരു കുട്ടിമാത്രമാണ്; എനിക്കും എല്ലാറ്റിനും പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇല്ല. പക്ഷേ ഒന്ന് ഞാന്‍ പറയുന്നു: നിങ്ങള്‍ക്കും പരിഹാരങ്ങളൊന്നുമില്ല. ഓസോണ്‍ പാളിയില്‍ വീണ സുഷിരങ്ങള്‍ എങ്ങനെ അടയ്ക്കണമെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. നീരൊഴുക്ക് നിലച്ചുപോയ നദികളില്‍ കേരമത്സ്യങ്ങളെ എങ്ങനെ തിരിച്ച് കൊണ്ടുവരുമെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ. വംശനാശം വന്നുപോയ ഒരു ജന്തുവര്‍ഗ്ഗത്തെ ഈ ജീവപ്രപഞ്ചത്തിലേക്ക് എങ്ങനെ തിരിച്ച് കൊണ്ടുവരാനാകും എന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ. ഇന്ന് മരുഭൂമികളാക്കി മാറ്റപ്പെട്ട ഇടങ്ങളില്‍ ഒരുനാള്‍ തഴച്ചുവളര്‍ന്നിരുന്ന കാടിനെ എങ്ങനെ പുനര്‍ജീവിപ്പിക്കുമെന്നും നിങ്ങള്‍ക്കറിഞ്ഞുകൂടാ.
എങ്ങനെ പുതുക്കിപ്പണിയുമെന്നറിയില്ലെങ്കില്‍ ദയവുചെയ്ത് നശിപ്പിക്കാതിരിക്കുക. ഇവിടെ ഇരിക്കുന്ന നിങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികളോ ബിസിനസ്സുകാരോ സംഘാടകരോ ഒക്കെയായിരിക്കും; എന്നാല്‍ നിങ്ങളെല്ലാവരും അച്ഛനമ്മമാരും സഹോദരീസഹോദരന്മാരും അമ്മാവന്മാരും അമ്മായിമാരും ആരുടെയെങ്കിലും കുഞ്ഞുങ്ങളുമാണ്. ഞാനൊരു കുട്ടി മാത്രമാണ്. എന്നിട്ടും എനിക്കറിയാം നിങ്ങള്‍ യുദ്ധത്തിനുവേണ്ടി ചെലവഴിക്കുന്ന മുഴുവന്‍ പണം പ്രകൃതി സംരക്ഷണത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും സമാധാന സന്ധികള്‍ക്കും വേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ ഈ ഭൂമി എത്ര അത്ഭുതാവഹമായ ഒരിടമാകുമായിരുന്നെന്ന്. സ്കൂളുകളില്‍, എന്തിന് നേഴ്സറികളില്‍പ്പോലും, ഈ ലോകത്ത് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നുണ്ട്. വഴക്കടിക്കരുതെന്നും മറ്റുള്ളവരെ ബഹുമാനിക്കണമെന്നും, സാധനങ്ങള്‍ നശിപ്പിക്കാതെ സൂക്ഷിക്കണമെന്നും ചപ്പുചവറുകള്‍ വൃത്തിയാക്കണമെന്നും ജീവജാലങ്ങളെ മുറിപ്പെടുത്തരുതെന്നും പങ്കുവയ്ക്കണമെന്നും അത്യാര്‍ത്തി കാണിക്കരുതെന്നും നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നു. എന്നിട്ട് എന്തുകൊണ്ടാണ് നിങ്ങള്‍ തന്നെ ഞങ്ങളോട് ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത്? ഈ യോഗത്തില്‍ പങ്കെടുക്കുന്ന നിങ്ങള്‍ ആരെന്നും എന്തിനാണ് നിങ്ങളിവിടെ കൂടിയിരിക്കുന്നതെന്നും മറക്കരുത്. ഞങ്ങള്‍ നിങ്ങളുടെ കുട്ടികളാണ്. ഏതു തരം ഒരു ലോകത്തിലാണ് ഞങ്ങള്‍ വളരേണ്ടത് എന്നാണ് നിങ്ങള്‍ തീരുമാനിക്കാന്‍ പോകുന്നത്. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങള്‍ക്കാശ്വസിപ്പിക്കാന്‍ കഴിയണം. എല്ലാം ശരിയാകുമെന്നും ലോകം നശിക്കാന്‍ പോകുന്നില്ലെന്നും അതിനുവേണ്ടി ഞങ്ങള്‍ക്ക് നിങ്ങള്‍ ഉറപ്പ് തരണം. പക്ഷേ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെന്നെനിക്ക് തോന്നുന്നില്ല. കാരണം, ഇനിയും ഞങ്ങള്‍ നിങ്ങളുടെ മുന്‍ഗണനയുടെ പട്ടികയില്‍ കയറിയിട്ടില്ലല്ലോ. എന്‍റെ ഡാഡി എപ്പോഴും പറയും: "നിന്നെ നീയാക്കുന്നത് നീ പറയുന്ന കാര്യങ്ങളല്ല. ചെയ്യുന്ന പ്രവൃത്തികളാണ്"എന്ന്. അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് എന്നെ കരയിക്കുന്നത്? നിങ്ങള്‍ മുതിര്‍ന്നവര്‍ പറയുന്നു ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുവെന്ന്. എന്നാല്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്: നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകുമോ?