news-details
മറ്റുലേഖനങ്ങൾ

ഊര്‍ജ്ജ പ്രതിസന്ധിയും വിദ്യാഭ്യാസ പ്രതിസന്ധിയും

നമുക്ക് ഊര്‍ജ്ജപ്രതിസന്ധിയുണ്ട്. ഊര്‍ജ്ജപ്രതിസന്ധി എന്നാണു പറയുന്നതെങ്കിലും വൈദ്യുതി ആവശ്യത്തിനില്ല എന്നാണര്‍ത്ഥമാക്കുന്നത്.

കാരണങ്ങള്‍ പലതു പറയാനുണ്ടെങ്കിലും ശരിയായ കാരണങ്ങള്‍ ഇതൊന്നുമല്ല താനും.
വൈദ്യുതിയെക്കുറിച്ച് നമുക്കെന്തറിയാം? നമ്മള്‍ അതിനെക്കുറിച്ചു വല്ലതും പഠിച്ചിട്ടുണ്ടോ? പഠിച്ചതുവച്ച് ഒരു വീട്ടിലേക്കാവശ്യമായ വൈദ്യുതി ഉണ്ടാക്കാന്‍ നമുക്ക് അറിയാമോ? നമ്മളെല്ലാം അഭ്യസ്തവിദ്യരായിട്ടും നമ്മളില്‍ ഭൂരിപക്ഷത്തിനും അതെക്കുറിച്ച് വല്ല വിവരവുമുണ്ടോ? ആണവസാങ്കേതികവിദ്യപോലെ വലിയ പഠിപ്പ് ആവശ്യമുള്ളൊരു കാര്യമാണോ അത്?

"ഒരു വടക്കന്‍ വൈദ്യുതി ഗാഥ" എന്ന തലക്കെട്ടില്‍ 2012 നവംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ വന്ന വാര്‍ത്ത തുടങ്ങുന്നതിങ്ങനെ:

"സ്വന്തമായി വൈദ്യുതി ഉണ്ടാക്കിയ പാത്തന്‍പാറക്കാരുടെ വിശേഷങ്ങള്‍": ഒരു കുഞ്ഞ് ഹൈഡ്രോ പ്രോജക്റ്റുവച്ച് നാടിന് ആവശ്യമുള്ള വൈദ്യുതി ഉണ്ടാക്കിയവരാണ് കണ്ണൂരിലെ പാത്തന്‍പാറക്കാര്‍. വൈദ്യുതി ലഭിക്കാന്‍ കാത്ത് മടുത്ത നാളുകളിലൊന്നില്‍ സ്വന്തമായി വൈദ്യുതിയുണ്ടാക്കാന്‍ അവര്‍ മെനക്കെട്ടിറങ്ങി. മലഞ്ചെരിവുകളിലൂടെ കുതിച്ചോടിയ വെള്ളച്ചാട്ടത്തെ മെരുക്കി അവര്‍ വൈദ്യുതി ഉണ്ടാക്കി.

പതിനഞ്ചു വര്‍ഷം മുമ്പാണത്. സ്വന്തമായി വൈദ്യുതി ഉണ്ടാക്കിയ ഗ്രാമം വാര്‍ത്തകളില്‍ നിറഞ്ഞു. പരിസ്ഥിതിയോടിണങ്ങിയ ജീവിതം സ്വപ്നംകണ്ട ഏതാനും ചെറുപ്പക്കാരുടെ വിജയമായിരുന്നു അത്.

ഇന്നു പാത്തന്‍പാറയില്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. പക്ഷെ കഴിഞ്ഞ മാസം വരെ, പതിനഞ്ചു കൊല്ലമായി ഇരുട്ടകറ്റിയ ജനകീയ വൈദ്യുതിയെ കൈവെടിയാന്‍ നാട്ടുകാര്‍ ഒരുക്കമല്ല. "പവര്‍കട്ടിന്‍റെ സമയത്ത് ഞങ്ങള്‍ ജനകീയ വൈദ്യുതിയുടെ ചാനലിലേക്ക് കണക്ഷന്‍ മാറും. മലമ്പ്രദേശമല്ലെ, കാറ്റുവീശിയാല്‍, മഴ പെയ്താല്‍, മരം വീണാലെല്ലാം കറന്‍റുപോകും. അപ്പോഴും വൈദ്യുതിയുണ്ടു പകരം" നാട്ടുകാരി ലൈസമ്മ പറയുന്നു. നേരമിരുണ്ടു. രാത്രിയിലെ പവര്‍കട്ടു വന്നു. പുറംനാട്ടുകാര്‍ ഇരുട്ടിലാണ്ടു. പാത്തന്‍പറയുടെ മലഞ്ചെരിവുകളില്‍ മാത്രം അങ്ങിങ്ങായി നക്ഷത്രങ്ങള്‍പ്പോലെ വിളക്കുകള്‍ തെളിഞ്ഞു... രാവിലെ രണ്ടു മണിക്കൂറും വൈകിട്ട് അഞ്ചുമണിക്കുശേഷം ആറു മണിക്കൂറും വൈദ്യുതി നല്‍കുന്നു. ഉത്സവ സീസണില്‍ ദിവസം മുഴുവനും വൈദ്യുതി കിട്ടും. ഓരോ കുടുംബത്തിനും അഞ്ചു സി.എഫ്. എല്‍. ബള്‍ബുകളും ഒരു ടെലിവിഷന്‍ സെറ്റും പ്രവര്‍ത്തിപ്പിക്കാമെന്നാണു കമ്മറ്റി തീരുമാനം. ഓരോ കുടുംബവും മാസം 75 രൂപ പദ്ധതിയുടെ ഫണ്ടിലേക്കു നല്‍കുന്നു."

ഈ ലേഖനത്തില്‍ പറയാത്തൊരു കാര്യം കൂടി ഓര്‍മ്മയില്‍ വരുന്നു.

യാത്രാക്ലേശം അതിരൂക്ഷമായപ്പോള്‍ ഇതേ പാത്തന്‍പാറക്കാര്‍തന്നെയാണ് ഒരു ജനകീയ ബസ് സര്‍വീസ് നടത്തിയത്. നാട്ടുകാര്‍ പണംപിരിച്ച് രണ്ടു ബസ്സുകള്‍ മേടിച്ചു സര്‍വീസ് നടത്തി, യാത്രാപ്രശ്നം പരിഹരിച്ചു.

ഒരു ജനകീയ സമരത്തിനുള്ള സകല ലക്ഷണങ്ങളും ഈ രണ്ടു നീക്കങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇവിടെ ജനകീയസമരങ്ങളെയും കൂലിസമരങ്ങളെയും നമ്മള്‍ വേര്‍തിരിച്ചറിയണം. പരപ്രേരണയാല്‍ ചെയ്യുന്ന സമരങ്ങളാണു കൂലിസമരങ്ങള്‍. അതൊരിക്കലും ഉള്ളില്‍ നിന്നു തോന്നിച്ചെയ്യുന്ന സമരങ്ങളല്ല. മേലുനോവാതെ വിയര്‍പ്പു പൊടിയാതെ ആഹ്വാനം ചെയ്യുന്ന, അധികാരക്കൊതിയന്‍ നടത്തുന്ന, ഒരു തരം അധികാരപ്പോരു മാത്രമാണത്. അത് ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ നേതാവിന്‍റെയോ നിലനില്‍പ്പിനായി ചെയ്യുന്ന വെറും അനുഷ്ഠാനകലകള്‍ മാത്രമാണല്ലോ. യുദ്ധത്തിലേതുപോലെ ആളുകള്‍ ആക്രോശിച്ചുകൊണ്ടിരിക്കും. അക്രമാസക്തമാകും. കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കും. രാക്ഷസീയമായ തങ്ങളുടെ ശക്തിയെക്കുറിച്ച് ഊറ്റം കൊള്ളും, അത് ഉറക്കെ വിളിച്ചുപറയും, വെല്ലുവിളിക്കും. എല്ലാം കഴിയുമ്പോഴേക്കും എന്തെങ്കിലുമൊക്കെ നശിപ്പിച്ചിട്ടുണ്ടാവും. തങ്ങള്‍ എന്തൊക്കെയോ നേടിയെന്നൊരു തോന്നല്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകും. അതൊരു തോന്നല്‍ മാത്രമാണെന്ന് അവര്‍ ഒരിക്കലും തിരിച്ചറിയുകയുമില്ല. കാരണം ആളുകള്‍ ഒരു ഉന്മാദാവസ്ഥയിലായിരിക്കും. സ്വയം ചിന്തിക്കാന്‍ കഴിയാത്ത ഉന്മാദാവസ്ഥ!

ഇതില്‍നിന്നും തികച്ചും വ്യത്യസ്തമാണു ജനകീയ സമരങ്ങള്‍. ജനങ്ങളുടെ ഒരാവശ്യം നിറവേറ്റുന്നതിലേക്ക് ആവശ്യക്കാരായ ജനങ്ങളുടെ മുന്‍കയ്യാല്‍ നടത്തപ്പെടുന്ന ജനകീയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരിക്കും ജനകീയസമരങ്ങള്‍. ശരിയായ ജനകീയസമരങ്ങളില്‍ ജനങ്ങള്‍ ഒരിക്കലും ഒരു സാധനങ്ങളും നശിപ്പിക്കുകയില്ല. മറ്റൊരാളെ അധിക്ഷേപിക്കുകയോ, ബഹളംകൂട്ടുകയോ ചെയ്യില്ല. അതൊരു തപസ്സുപോലെ നിശ്ശബ്ദവും ക്രിയാത്മകവുമായിരിക്കും. ഒരേ ലക്ഷ്യത്തിലേക്ക് മനസ്സുവച്ച് ലക്ഷ്യം കാണുംവരെയുള്ള തപസ്സ്. അവിടെ ഒരിക്കലും ഒന്നിനും നാശം സംഭവിക്കില്ല. പകരം പുതുതായൊന്നു രൂപപ്പെട്ടിട്ടുണ്ടാവും. ആ പുതിയതിന്‍റെ ഗുണം ജനങ്ങള്‍ക്കായിരിക്കും. ആ ഗുണം ജനങ്ങളുടെ നിത്യജീവിതത്തില്‍ പുരോഗമനപരമായ മാറ്റമുണ്ടാക്കും. അതൊരു സാമൂഹ്യമാറ്റത്തിലേക്കുള്ള ചവിട്ടുപടിയായിത്തീരുകയും ചെയ്യും. മറ്റുള്ളവരെ പ്രതീക്ഷയിലേക്കു നയിക്കുന്ന തരത്തില്‍ അതിന്‍റെ ഫലം ആവേശകരമായിരിക്കും. അതുകൊണ്ട് അതു ചുറ്റുപാടുകളിലുള്ളവര്‍ ഏറ്റുപിടിക്കും. അതൊരു സാമൂഹ്യനീക്കമായി വളരും, അങ്ങനെ അതു നല്ലൊരു സാമൂഹ്യമാറ്റത്തിനു കാരണമാവുകയും ചെയ്യും.

ജനകീയസമരങ്ങളില്‍ രണ്ടു മുഖ്യഘടകങ്ങള്‍ അനിവാര്യമാണ്. (ഒന്ന്) അതിശക്തമായ ആവശ്യബോധം. (രണ്ട്) ആ ആവശ്യം നിറവേറ്റുന്നതിനാവശ്യമായ അറിവ്. ഇതു രണ്ടും ജനകീയസമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ത്തന്നെ ഉണ്ടായിരിക്കണം. മറിച്ച് ഇതൊക്കെ മറ്റിടങ്ങളില്‍നിന്നു കടംകൊണ്ടു സമരത്തിനിറങ്ങിയാല്‍ ജനങ്ങള്‍ക്കു ഗുണമുണ്ടാകുമെങ്കിലും അതൊരു താല്ക്കാലിക ലാഭം മാത്രമായിരിക്കും.

പാത്തന്‍പാറയില്‍ ഒരു ജനകീയസമരം തന്നെയാണുണ്ടായത്. വൈദ്യുതിക്കും യാത്രാസൗകര്യത്തിനും വേണ്ടിയുള്ള അവരുടെ ആവശ്യബോധം തീക്ഷ്ണമായിരുന്നു. എന്നാല്‍ വൈദ്യുതി ഉണ്ടാക്കാനുള്ള സാങ്കേതിക അറിവ് അവിടെ കടം കൊണ്ടതായിരുന്നു. യാത്രാ ക്ലേശത്തിനെതിരെ സംഘടിക്കാനുള്ള ഐക്യബോധം അപ്പോള്‍ തട്ടിക്കൂട്ടി എടുത്തതായിരുന്നു. ഒരു ചെറു സംഘത്തിന്‍റെ നിരന്തരപ്രേരണയാല്‍ ആവേശം കൊണ്ടു ചെയ്തതായിരുന്നു. ആവശ്യം നടന്നുകഴിഞ്ഞതോടെ ആവേശം കെട്ടടങ്ങുകയും കിട്ടിയ ഫലം കൊണ്ടു തൃപ്തിയടയുകയും ചെയ്തു. അതിനേക്കാള്‍ മെച്ചപ്പെട്ട ഫലത്തിനായി പരീക്ഷണങ്ങള്‍ നടത്താനുള്ള അറിവു സ്വന്തമായിട്ടില്ലാത്തതുകൊണ്ട് പുതിയ വികസനമൊന്നും നടന്നില്ല. വൈദ്യുതി ഉണ്ടാക്കാനുള്ള അറിവ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ അതില്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടേയിരിക്കും. നിലവിലുള്ള പോരായ്മകള്‍ തീര്‍ത്ത് പുതിയ പുതിയ മാതൃകകള്‍ ഉണ്ടാവും. ആരെന്തു പ്രലോഭനങ്ങള്‍ വച്ചുനീട്ടിയാലും പിന്മാറാന്‍ ആവാത്തവിധം ജനകീയ കണ്ടുപിടുത്തങ്ങള്‍ അവിടെ സംഭവിച്ചുകൊണ്ടേയിരിക്കും.

പാത്തന്‍പാറക്കാരെ തുടര്‍ന്ന് ഇടുക്കിജില്ലയിലെ മാങ്കുളം, കഞ്ഞിക്കുഴി, തുടങ്ങിയ ഗ്രാമങ്ങളിലും നിലമ്പൂരിലെ ഒരു ഗ്രാമത്തിലും ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉണ്ടായി. പാലക്കാടു ജില്ലയില്‍ അട്ടപ്പാടിയിലെ മാറനാട്ടിയില്‍ ഒരു ഹൈഡ്രോ പ്രോജക്റ്റും, അവിടെ അടുത്ത് ചിറ്റൂരില്‍ ഒരു ജനകീയ ബസ് സര്‍വീസും തുടങ്ങിയതായിരുന്നു. അതും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഒരു ജനകീയസമരമാകാതെ നിന്നു പോയി. കാരണം അവയെല്ലാംതന്നെ പാത്തന്‍പാറയുടെ വെറും അനുകരണങ്ങള്‍ മാത്രമായിരുന്നു. അവിടെയൊന്നും ഒരു ജനകീയമുന്നേറ്റം നടന്നില്ല.

പാത്തന്‍പാറയിലെപ്പോലെ മറ്റിടങ്ങളിലും ജനകീയ വൈദ്യുതിനിലയം ഉണ്ടാക്കിയത് വെളിയില്‍നിന്നു ദത്തെടുക്കപ്പെട്ട വിദഗ്ദ്ധരായിരുന്നു. അതിന്‍റെ സാങ്കേതികമായ യാതൊരു കാര്യങ്ങളും ജനങ്ങള്‍ക്ക് അറിവില്ലായിരുന്നു. ജനങ്ങള്‍ പണം മുടക്കുന്നവരും കാഴ്ചക്കാരും കൂലിത്തൊഴിലാളികളും മാത്രമായിരുന്നു.  മാങ്കുളം, കഞ്ഞിക്കുഴി തുടങ്ങി എല്ലാ സ്ഥലങ്ങളിലും അതു തന്നെയാണു സംഭവിച്ചത്. ജനങ്ങള്‍ക്ക് ആവശ്യമുണ്ടായിരുന്നു. പക്ഷേ സാങ്കേതികവിദ്യ അവിടെയുള്ള ആര്‍ക്കും അറിയുകയില്ലായിരുന്നു. നേരെമറിച്ച് തങ്ങള്‍ക്ക് വേണ്ടുന്ന വൈദ്യുതി ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ അവിടത്തുകാര്‍ക്കുതന്നെ അറിയാമെങ്കിലോ, സാങ്കേതികവിദ്യ അറിയുന്ന അവിടത്തെ ആളുകള്‍ത്തന്നെ മുന്‍കയ്യെടുത്ത് അവിടെ വൈദ്യുതി ഉണ്ടാക്കിയിരുന്നെങ്കിലോ കഥയാകെ മാറുമായിരുന്നു. അവര്‍ ആദ്യമുണ്ടാക്കിയ മാതൃകയില്‍നിന്നു പരിഷ്കരിച്ച പല പതിപ്പുകള്‍ ഉണ്ടാക്കുകയും ഏറ്റവും പുതിയ മാതൃക ആദ്യത്തേതില്‍നിന്നു വളരെയേറെ മെച്ചമാവുകയും ചെയ്യുമായിരുന്നു. കാരണം അവര്‍ക്കുവേണ്ട വൈദ്യുതി പൂര്‍ണ്ണമായും ഉണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു.

അറിവാണു കാര്യം. ആവശ്യബോധം എത്രയുണ്ടായിട്ടും പണം ആവശ്യത്തിലേറെയുണ്ടായിട്ടും കാര്യമില്ല. സാങ്കേതികമായും അല്ലാതെയുമുള്ള അറിവു ജനങ്ങള്‍ക്കു വേണം. സാങ്കേതികവിദ്യ മറ്റൊരിടത്തുനിന്നു വാങ്ങാന്‍ എളുപ്പമാണ്. പക്ഷെ അതു കൊടുക്കുന്നവര്‍ക്ക് നിശ്ചയമായും ലാഭക്കൊതിയുണ്ട്. പരസ്യത്തില്‍ കണ്ണുണ്ട്. കൂടുതല്‍ ലാഭം കിട്ടാനാണു പരസ്യങ്ങള്‍. ജനങ്ങളെ ആകര്‍ഷിക്കാനും ആവേശം കൊള്ളിക്കാനുമാണു പരസ്യങ്ങള്‍. ഓരോ പരസ്യത്തിനുപിന്നിലും ചൂഷണത്തിന്‍റെ ഒരു ചൂണ്ടയും അതില്‍ കൊരുത്ത ഒരു ഇരയും ഉണ്ടാവാതിരിക്കില്ല. അതുകൊണ്ട് പരസ്യങ്ങളില്‍ സത്യസന്ധത ഒരിക്കലും ഉണ്ടാകണമെന്നുമില്ല.

ചൂഷണത്തില്‍നിന്നു രക്ഷപ്പെടണമെന്നുണ്ടെങ്കില്‍ അറിവുനേടിയിരിക്കണം. ചുമ്മാ അറിവല്ല. തങ്ങള്‍ക്കു വേണ്ടുന്ന കാര്യങ്ങളെ കുറിച്ചുള്ള അറിവ്.

നമുക്കിന്നു വിദ്യാലയങ്ങളില്‍നിന്നു കിട്ടുന്ന അറിവ് മറ്റാര്‍ക്കോവേണ്ടിയുള്ള അറിവാണ്. വമ്പന്‍ കമ്പനികള്‍ക്കു വേണ്ട കൂലിത്തൊഴിലാളികളെ സൃഷ്ടിക്കലാണു നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം. അത്തരം കൂലിത്തൊഴിലാളികള്‍ക്കു വേണ്ടുന്ന അറിവും സാങ്കേതികവിദ്യകളുമാണ് വിദ്യാഭ്യാസത്തിലൂടെ നമുക്കു കിട്ടുന്നത്. അതൊരിക്കലും നമുക്ക് ഒറ്റയ്ക്കോ, കുറച്ചു സാധാരണക്കാര്‍ ഒന്നിച്ചുചേര്‍ന്നാലോ ചെയ്യാവുന്നതല്ല. ഒരു ഗ്രാമം ഒന്നിച്ചുചേര്‍ന്നാലും അവയൊന്നും പ്രയോഗത്തില്‍ വരുത്താനാവില്ല. കോടികളോ കോടാനുകോടികളോ മുതല്‍മുടക്കു വരുന്നതോ, കോടികള്‍ കയ്യിലിട്ട് അമ്മാനമാടേണ്ടതോ ആയ പദ്ധതികള്‍. കോടികള്‍ മുടക്കി കോടികള്‍ കൊയ്തെടുക്കാവുന്ന വമ്പന്‍ പദ്ധതികള്‍! നന്നേ ചെറുപ്പംതൊട്ട് ഇത്തരം പദ്ധതികളെ താലോലിച്ചു പഠിച്ചു വരുന്ന ഏതൊരു കുഞ്ഞിനും ചെറുകിടപദ്ധതികളെ പുച്ഛമായിരിക്കും. ഒരു ചെറുകിടപദ്ധതിയും നാടിനു ഗുണം ചെയ്യില്ലെന്നു ധരിക്കും.

വമ്പന്മാര്‍ക്ക് നമ്മളെ ആവശ്യമുണ്ടെങ്കില്‍ മാത്രം പഠിത്തം പ്രയോജനപ്പെടും. അല്ലാതെ പഠിച്ചതുവച്ച് സ്വന്തമായിട്ടൊന്നും ചെയ്യാന്‍ പറ്റുകയുമില്ല. എടുത്താല്‍ പൊങ്ങാത്ത പഠിത്തവും കൊണ്ടു നടക്കാം. അത്രതന്നെ. കൈപ്പിടിയിലൊതുക്കാവുന്ന ഒരു പഠിത്തവും കയ്യിലില്ല. ചെറുകിട പരിപാടികളെക്കുറിച്ച് ഒരു വിവരവുമില്ല, അവയെ ക്കുറിച്ച് പരമപുച്ഛവുമാണ്.

ഇവിടെയാണ് പുതിയ വിദ്യാഭ്യാസത്തിന്‍റെയും പുതിയ പാഠ്യപദ്ധതിയുടെയും ആവശ്യം. ഇവിടത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതത്തിനു പ്രയോജനപ്പെടുന്നതും അവരുടെ കൈപ്പിടിയിലൊതുങ്ങുന്നതുമായ അറിവും സാങ്കേതികവിദ്യകളുമാണ് നമ്മുടെ മക്കള്‍ ഇനി പഠിക്കേണ്ടത്. അതായത് നമുക്കു വേണ്ട ശാസ്ത്രം, പ്രത്യേകിച്ചും ഊര്‍ജതന്ത്രം. നമുക്കു വേണ്ടുന്നതായ ഒരു ഊര്‍ജ്ജതന്ത്രം നാളിതുവരെ നമ്മള്‍ പഠിച്ചിട്ടില്ല. പാത്തന്‍പറക്കാര്‍ക്കു വേണ്ട ഊര്‍ജ്ജതന്ത്രം അവര്‍ കുഞ്ഞുന്നാളിലേ പഠിച്ചിരുന്നെങ്കില്‍ അവിടെ സ്വന്തമായൊരു ഹൈഡ്രോ പ്രോജക്റ്റ് ഉണ്ടാകുമായിരുന്നു. അവിടത്തെ കുട്ടികളുടെ തലയില്‍ ആശയമായിട്ടല്ല, കൈകളില്‍ ഒരു ഉപകരണമായി അതു വിരിഞ്ഞുനിന്നേനെ. അതില്‍ കൂടുതല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടന്നേനെ. കഴിഞ്ഞ പതിനഞ്ചുകൊല്ലം കൊണ്ട് വളരെ ചെലവുകുറഞ്ഞതും കൂടുതല്‍ ഉല്പാദനക്ഷമതയുള്ളതുമായൊരു ഹൈഡ്രോജനറേറ്റര്‍ അവിടെ രൂപംകൊണ്ടേനെ. നമ്മുടെ നാട്ടിലെങ്ങും അത്തരം ഒരു പാഠ്യപദ്ധതി ഉണ്ടായി വന്നേ തീരൂ.

നമുക്കുവേണ്ട സയന്‍സ്, സാങ്കേതികവിദ്യകള്‍, കണക്ക്, ഭൂമിശാസ്ത്രം, ഭാഷകള്‍, പ്രത്യയശാസ്ത്രങ്ങള്‍ എന്നിങ്ങനെ. അങ്ങനെ സംഭവിക്കുന്ന കാലത്ത് ഇവിടെ ഊര്‍ജ്ജപ്രതിസന്ധിയെന്നല്ല ഒരു പ്രതിസന്ധിയുമുണ്ടാവുകയില്ല. തൊഴിലില്ലായ്മ, പട്ടിണി, ആരോഗ്യപ്രശ്നങ്ങള്‍, വര്‍ഗ്ഗീയത, രാഷ്ട്രീയചൂഷണം എന്നിങ്ങനെ സാധാരണക്കാരനെ അലട്ടുന്ന ഒരു പ്രശ്നവും ഒരിക്കലും ഉണ്ടാവുകയില്ല. ഉണ്ടായാല്‍ത്തന്നെ അവയെല്ലാം പരിഹരിക്കാന്‍ ഇവിടുത്തെ സാധാരണക്കാരന്‍റെ കൈകളില്‍ അവരുടേതായ പരിഹാരമാര്‍ഗ്ഗങ്ങളും ഉണ്ടായിരിക്കും. അതിനായി അവര്‍ക്ക് ഒരു വമ്പന്‍റെയും മുമ്പില്‍ കുമ്പിടേണ്ടതായും വരില്ല.

ഭരണമാറ്റംകൊണ്ട് ഒരു നല്ല സാമൂഹ്യമാറ്റം ഒരിക്കലും ഉണ്ടാകുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വിദ്യാഭ്യാസം സമൂഹത്തെ അടിമുടി മാറ്റും എന്നതിനു സംശയമേ വേണ്ട. അതുകൊണ്ട് ഇന്നത്തെ വിദ്യാഭ്യാസരീതി എത്രയും വേഗം മാറ്റുക, ഒരു ജനകീയ ജനാധിപത്യ വിദ്യാഭ്യാസത്തിനായി തയ്യാറെടുക്കുക.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts