"ലൂയി പാസ്റ്ററുടെ, അണുജീവികളെപ്പറ്റിയുള്ള സിദ്ധാന്തം അപഹാസ്യമായ കെട്ടുകഥയാണ്" (പിയറി പാച്ചെറ്റ്).
രോഗാണുക്കളെക്കുറിച്ചുള്ള അതിരുകടന്ന ഭയവും ആവലാതിയും ജനങ്ങളില്‍ കുത്തിവയ്ക്കുന്നതില്‍ അണുവിരുദ്ധ സോപ്പു വ്യവസായത്തിന് ഒരു വലിയ പരിധിവരെ വിജയിക്കാന്‍ സാധിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സോപ്പിന്‍റെ റ്റി.വി. പരസ്യം ഇങ്ങനെയാണ്. തന്‍റെ പൂച്ചയോട് വീടിനുള്ളിലേക്ക് കടക്കരുതെന്ന് പറയുന്ന കുട്ടി, അകത്തു പ്രവേശിച്ചാല്‍ അമ്മ നിന്നെ ആട്ടിപ്പുറത്താക്കുമെന്ന്... പിറകില്‍നിന്ന് രംഗം വീക്ഷിക്കുന്ന അമ്മ കുട്ടിയെ മേല്‍പ്പറഞ്ഞ സോപ്പുപയോഗിച്ച് കുളിപ്പിക്കാന്‍ കൊണ്ടുപോകുന്നു. കുളിപ്പിക്കുന്നതിനിടയില്‍ അമ്മ തന്‍റെ കുഞ്ഞിനോട് പറയുന്നു; മമ്മി പൂച്ചയെ അല്ല ഓടിക്കാന്‍ പോകുന്നത്, ഈ സോപ്പുപയോഗിച്ച് അണുക്കളെയാണ്!"
എനിക്ക് സുപരിചിതമായ ഒരു കാഴ്ചയുണ്ട് രാവിലെ പതിവുപോലെ മാലിന്യസംസ്കരണത്തിനായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ ലോറി വരുന്നുണ്ട്. വണ്ടിയില്‍ ഏതാണ്ട് അഞ്ച് ജോലിക്കാരും പഴഞ്ചരക്ക് തിരയുന്ന ഒന്നുരണ്ടുപേരും ഉണ്ടാകും. അതിലെ ജോലിക്കാരിയായ ഒരു സ്ത്രീ തന്‍റെ കൈക്കുഞ്ഞിനെയും കൊണ്ടുപോകാറുണ്ട്. കുഞ്ഞിനെ ലോറിയുടെ മുന്‍സീറ്റില്‍ കിടത്തിയിട്ടാണ് ആ സ്ത്രീ വാഹനത്തില്‍ മാലിന്യങ്ങള്‍ കയറ്റുന്നത്. അവര്‍ ആ മാലിന്യക്കൂമ്പാരത്തില്‍ പരതുന്നതു കണ്ടാല്‍ ഏതോ വിലപിടിപ്പുള്ള സ്വര്‍ണ്ണമോ മറ്റോ അതില്‍ ഉണ്ടെന്ന് തോന്നിപ്പോകും! ഇതിനെല്ലാമിടയില്‍ ആ സ്ത്രീ തന്‍റെ കുഞ്ഞിനെ മുലയൂട്ടുന്നുമുണ്ട്. ഒരു സാധാരണ മനുഷ്യന് കടന്നുപോകാന്‍ പറ്റാത്തത്ര ദുര്‍ഗന്ധമാണിവിടെ. ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാക്കണമെന്ന് അധികാരികളോട് അപേക്ഷിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല. പതിവുപോലെ മുന്‍പുപറഞ്ഞ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ ജോലിക്കാര്‍ക്ക് കയ്യുറയോ ഷൂസോ ഇല്ല. ജോലിക്കിടയില്‍ത്തന്നെ അവര്‍ പ്രഭാതഭക്ഷണം കഴിക്കുന്നു. ബീഡി വലിക്കുന്നു. ഇതിനിടയില്‍ എപ്പോഴെങ്കിലും അവര്‍ കൈകഴുകുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല!
ഇതു പറഞ്ഞപ്പോഴാണ്, മുംബൈയിലെ ചേരിയിലെ അഭ്യസ്തവിദ്യര്‍ക്കും കുലീനര്‍ക്കുമിടയിലെ ആസ്ത്മ രോഗത്തെപ്പറ്റിയുള്ള ഒരു താരതമ്യപഠനം നടത്തിയ കാര്യം ഓര്‍മ്മവന്നത്. ഇതിലെ ആശ്ചര്യമെന്നത്, അമിതവൃത്തിയും ശുചിത്വവും നോക്കി വളര്‍ത്തപ്പെടുന്ന, നഗരത്തിലെ പത്തുകുട്ടികള്‍ക്ക് ആസ്ത്മ വരുമ്പോള്‍ ചേരിപ്രദേശത്തെ ഒരു കുട്ടിക്കേ ആസ്ത്മ പിടിപെടുന്നുള്ളൂ. അണുജീവികളുടെ ഏറിയ സാന്നിദ്ധ്യം ചേരിപ്രദേശത്തുള്ള കുട്ടികളുടെ രോഗപ്രതിരോധശേഷിയെ വളരെ കരുത്തുറ്റതാക്കി നിലനിര്‍ത്തുന്നു. അതുകൊണ്ട് അവരില്‍ ആസ്ത്മ വളരെ കുറവാണ്. സമ്പന്നവിഭാഗത്തിലെ ഒരു കുട്ടിക്ക് ഒരു ചെറിയ ജലദോഷം വരുമ്പോള്‍ത്തന്നെ ആന്‍റിബയോട്ടിക് ലഭിക്കുമ്പോള്‍ ഇത്തരത്തിലുള്ളതൊന്നും ഉപയോഗിക്കാത്തതുകൊണ്ട് ചേരിയിലെ കുട്ടികളില്‍ രോഗപ്രതിരോധശേഷി ഉയര്‍ന്നതായി കാണപ്പെടുന്നു. നിലത്ത് നീന്തിത്തുടങ്ങുന്ന ഒരു കുഞ്ഞ് എല്ലാ മുക്കിലും മൂലയിലും നടന്ന് കയ്യിലും മെയ്യിലും വായിലുമെല്ലാം അഴുക്ക് വാരിത്തേക്കാറുണ്ടല്ലോ! ഗര്‍ഭകാലത്ത് കുഞ്ഞിന് സ്വാഭാവികമായ രീതിയില്‍ പ്രതിരോധശേഷി കൂട്ടാന്‍ അണുക്കളെ ഉദരത്തില്‍ വിന്യസിക്കുന്നത് കടന്ന കൈ ആകും. പ്രസവവേളയില്‍ അമ്മയുടെ ജനനേന്ദ്രിയഭാഗത്തുനിന്ന് വ്യത്യസ്തമായ സഹസ്രക്കണക്കിന് അണുക്കള്‍ ഒരു ശിശുവിന്‍റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. അതിനാല്‍ സിസേറിയന്‍ വഴി ജനിക്കുന്ന ഒരു ശിശുവിന് രോഗപ്രതിരോധത്തിനുള്ള ശക്തി താരതമ്യേന കുറവായിരിക്കും. ശാസ്ത്രീയമായ കണക്കുകള്‍ പറയുന്നത് ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന അണുക്കളുടെ തോത് ഒരു മനുഷ്യകോശത്തിന് 9 രോഗാണു എന്ന നിലയിലാണ. അങ്ങനെയെങ്കില്‍ ജനിതകപ്രകാരം 25000 മനുഷ്യജീനുകളോടൊപ്പം തന്ന 2-3 സഹസ്രപത്മകണക്കിന് അണുജീനുകളും മനുഷ്യശരീരത്തിലുണ്ട്. നൂറ്റാണ്ടുകളായി നാം അവയോടൊപ്പം ഒന്നിച്ച് സന്തോഷപൂര്‍വ്വം ജീവിക്കുന്നു. പുറമേനിന്ന് ഇനി അവയെ ചെറുക്കരുത.് ഒരു കണക്കിന് അവര്‍ നമ്മുടെ സ്നേഹിതരും പാലകരുമാണ്.
ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ നമ്മുടെ കുടലില്‍നിന്ന് ഈ അണുക്കള്‍ തിരോഭവിക്കുന്നു. തന്മൂലം നമ്മുടെ രോഗപ്രതിരോധശേഷിക്ക് ഭംഗം നേരിടുന്നു. ഇന്ന് കുടല്‍സംബന്ധമായ ചില മാറാരോഗങ്ങള്‍ക്കു ചികിത്സിക്കുന്നത്, രക്തം സ്വീകരിക്കുന്നതുപോലെ ആരോഗ്യമുള്ള ഒരു ദാതാവില്‍നിന്ന് അയാളുടെ മലവിസര്‍ജ്ജ്യം നല്‍കിക്കൊണ്ടാണ്. എന്നാല്‍ രോഗിയുടെ മാതാവ് ജീവനോടെയുണ്ടെങ്കില്‍ അവരുടെ മലവിസര്‍ജ്ജ്യത്തിന് മറ്റേതൊരു ദാതാവിന്‍റെയും വിസര്‍ജ്ജ്യത്തെക്കാള്‍ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ട്. കാരണം നമ്മുടെ അമ്മയുടെ കുടലിലെ അണുക്കള്‍ നമ്മുടേതുമായി വളരെയേറെ സമാനതയുള്ളതാണ്. കുടലിലെ അണുക്കളെ പുനര്‍ക്രമീകരിക്കുകയാണ് നമ്മുടെ പ്രതിരോധശേഷിയെ ദൃഢീകരിക്കാനുള്ള എളുപ്പമാര്‍ഗ്ഗം.
അണുജീവികളെ ഉന്മൂലനം ചെയ്യാന്‍ എന്ന പേരില്‍ ആന്‍റിസെപ്റ്റിക്കുകളുടെയും സോപ്പിന്‍റെയും ആന്‍റിബയോട്ടിക്കുകളുടെയും ഉപയോഗം ഇന്നു നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് മരുന്നുകള്‍ക്കെതിരെ പ്രതിരോധശേഷി കൂടിയ രോഗാണുക്കളുടെ ഉദയത്തിലാണ്! ഇനി എന്നാണ് നമുക്ക് ബോധോദയം ഉണ്ടാവുക? അതിനൂതനമായ അഴുക്കു നിര്‍മ്മാര്‍ജ്ജനങ്ങള്‍ എന്ന് അവകാശപ്പെടുന്ന അലക്കുപൊടികള്‍ക്കു പിറകില്‍ ഒരു മാരക അപകടംകൂടി പതിയിരുപ്പുണ്ടെന്ന് മനസ്സിലാക്കിയാല്‍ നന്ന്. അടിസ്ഥാനപരമായി മിക്ക സോപ്പുപൊടികളും ബാസില്ലസ് സബ്ടിലിസ് എന്ന അണുക്കളാണ് ഉപയോഗിക്കുന്നത. ഇവ ഉത്പാദിപ്പിക്കുന്ന ഒരുതരം മാംസ്യം അടങ്ങിയ മട്ട് വസ്ത്രത്തില്‍ ശേഷിക്കുന്നു. ഇത് ഒരു മാരകവിഷമാണ.് ചികിത്സിച്ച് ഭേദമാക്കാന്‍ സാധ്യതകുറഞ്ഞ ഫൈബ്രോസിംഗ് അല്‍വിയോലൈറ്റിസ് എന്ന ശ്വാസകോശസംബന്ധമായ രോഗത്തിന് ഇത് വഴിതെളിക്കുന്നു.
നമുക്ക് ശോഭനമായ ഒരു ഭാവി പ്രതീക്ഷിക്കണമെങ്കില്‍ ഇന്നത്തെ ലോകത്തിന് വളരെപ്പെട്ടെന്നുതന്നെ ഒരു ബദല്‍ വിദ്യാഭ്യാസപ്രക്രിയ അഥവാ ഒരു പുനഃവിദ്യാഭ്യാസ വിചിന്തനം അത്യാവശ്യമാണ്. മനുഷ്യന് അവന്‍റെ ആരോഗ്യത്തെ സംബന്ധിച്ച കാഴ്ചപ്പാടുകളില്‍ ഒരു വ്യതിയാനം സംഭവിക്കാന്‍ ഇത് ഇടയാക്കണം. സ്വാഭാവികമായി നമുക്ക് ലഭിക്കുന്ന അണുക്കള്‍ക്ക് അവരുടെ സ്വാഭാവിക വസതിയില്‍ സ്ഥാനം നിഷേധിക്കരുത് . നമ്മുടെ കുട്ടികള്‍ വെയിലത്തും ചേറിലും കളിച്ചോട്ടെ. കരങ്ങളും ദേഹവും ശുചിയാക്കാന്‍ ഏറ്റവും ലളിതമായ, വിലയധികമില്ലാത്ത എണ്ണയുപയോഗിച്ച് നിര്‍മ്മിക്കുന്ന സോപ്പ് ധാരാളമാണ്. അതിന് ആന്‍റിസെപ്റ്റിക് സോപ്പുകളുടെ ആവശ്യമില്ല. കാരണം, ആന്‍റിസെപ്റ്റിക് സോപ്പുകള്‍ ഒടുവില്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ താറുമാറാക്കും.
"വിഷാദമൂകമായ ഒരു മനസ്സ് രോഗാണുക്കളെക്കാള്‍ മാരകമാണ.്" ജോണ്‍ സ്റ്റെയിന്‍ബെക്ക്