news-details
കവിത

വിചാരണ ചെയ്യുന്ന കവിതകള്‍

അ-ഭാവങ്ങള്‍
വീട്ടിലില്ല
നാട്ടിലോ റോട്ടിലോ
നാലാള്‍ കൂടുന്നിടത്തോ
നിലവിലില്ല.
കല്യാണവീട്ടില്‍
മഹനീയ സാന്നിധ്യമില്ല.
മരണവീടിന്‍റെ മൗനത്തിലില്ല.
അമ്മയ്ക്കൊപ്പം ആശുപത്രിയിലില്ല.
ജാഥയിലില്ല, സമരത്തിലില്ല
പാര്‍ട്ടിയിലൊട്ടുമില്ല.
വെയിലിലോ, വയലിലോ
വായനശാലയിലോ പൊടിപോലുമില്ല.
യുവാവേ
നീയെവിടെയാണ് ഒളിച്ചത്?
കൊതിയാവുന്നു
നിന്നെയൊന്നു കാണാന്‍?
സത്യമായും
"I miss u da''
കവിത
ആരും കാണില്ലെന്ന് കരുതി
ആദ്യമെഴുതിയ കവിത കണ്ടെടുത്ത്
അഞ്ചടി തന്ന മലയാളം ടീച്ചര്‍ക്ക്,
ആരും കാണാതെ അയച്ച കവിതയെല്ലാം
സഹകരണത്തിന് നന്ദി പറഞ്ഞ്
തിരിച്ചയച്ച പത്രാധിപര്‍ക്ക്,
ആരെങ്കിലും നാല്പേര്‍ കാണട്ടെ
എന്ന വാശിയില്‍
സമാഹരിച്ച കവിതാപുസ്തകം
അവതാരികയര്‍ഹിക്കുന്നില്ലെന്നു പറഞ്ഞ്
തിരിച്ചു തന്ന നിരൂപകന്,
ആരെയും കാണാന്‍ വയ്യാതാകുന്ന കാലത്ത്
അപ്രസിദ്ധരുടെ തിരഞ്ഞെടുത്ത കവിതകള്‍
എന്ന പരമ്പരയില്‍പോലും
ഒരിടം തരാന്‍ വിസമ്മതിക്കുന്ന
ഭാവി പ്രസാധകന്,
ഇന്ന് നല്ലൊരു കൃഷിക്കാരനായ
അയാള്‍ ഹൃദയംനിറഞ്ഞ നന്ദി പറഞ്ഞു.

എന്തെന്നാല്‍
കവിതയുടെ പാഠത്തില്‍നിന്ന്
വിതയുള്ള പാടത്തേക്ക്
ആട്ടിയോടിച്ചത് അവരായിരുന്നല്ലോ.

തീമകള്‍

തീപ്പിടിത്തത്തില്‍
പുറം കത്തിപ്പോയവന്‍
തീ നടത്തത്തില്‍
കാല്‍പ്പാദം വെന്തവന്‍
മല്‍പ്പിടിത്തത്തില്‍
മുഖമാകെ പൊള്ളിയവള്‍
ദിവസവും കാണും തീവണ്ടിയില്‍.

കണ്ണുള്ളവര്‍
കരളുള്ളവര്‍
കൈയില്‍ ചൊരിയും ചില്ലറകള്‍.

ആരും തിരിച്ചറിഞ്ഞില്ലല്ലോ
ഒരായുഷ്കാലം
തീവണ്ടിയില്‍ സഞ്ചരിച്ചിട്ടും
ഉള്ളാകെ തീപൊള്ളിയ നിന്നെ.

മിടുക്കര്‍
നിന്‍റെ മകന്‍
സെന്‍റ്തോമാ ഇംഗ്ലീഷ് മീഡിയത്തില്‍
എന്‍റെ മകള്‍
വിവേകാനന്ദാ വിദ്യാഭവനില്‍
അവന്‍റെ മകനും മകളും
ഇസ്ലാമിക് പബ്ലിക് സ്കൂളില്‍.
ഒരേ ബെഞ്ചിലിരുന്ന്
ഒരു പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ ഉസ്കൂള്‍ ഇപ്പോഴുമുണ്ട്.
പണ്ടത്തെ നമ്മുടെ അച്ഛനമ്മമാരെപ്പോലെ
പരമദരിദ്രരായ
ചിലരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി
നമ്മുടെ മക്കള്‍
ഒരിക്കല്‍ കലിതുള്ളുമ്പോള്‍
നടുക്കുവീണു തടുക്കാന്‍
അവരെങ്കിലും മിടുക്കരാകട്ടെ.

വാദിച്ച് വാദിച്ച്
ഓരോന്നിനും വാദിച്ച് വാദിച്ച്
ഓരോരുത്തരും
ഓരോ വഴിക്കായി.
തൊഴിലാളിക്ക് വേണ്ടി വാദിച്ചവര്‍
മുതലാളിമാരായി.
കീഴാളന് വേണ്ടി വാദിച്ചവര്‍
മേലാളരായി.
ഇരകള്‍ക്ക് വേണ്ടി വാദിച്ചവര്‍
വേട്ടക്കാരായി.
മണ്ണിന് വേണ്ടി വാദിച്ചവര്‍
മണ്ണുടമകളായി.
പെണ്ണിന് വേണ്ടി വാദിച്ചവര്‍
ആണായി.
മനുഷ്യന് വേണ്ടി മിണ്ടിയവര്‍ മാത്രം
മൃതരായി.

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts