news-details
മറ്റുലേഖനങ്ങൾ

ഗ്രാമറിപ്പബ്ലിക്കുകളുടെ നാളുകള്‍ വരും

ഇന്ത്യാറിപ്പബ്ലിക്കിന്‍റെ സാമ്പത്തിക സൈനികശേഷിയെക്കുറിച്ചുള്ള അവകാശവാദങ്ങളും, ഇന്ത്യന്‍ ജനതക്കുമുമ്പിലും ലോകത്തിനുമുമ്പിലും ഈ രാജ്യത്തിന്‍റെ ശക്തിയും പ്രൗഢിയും വെളിവാക്കുന്ന പ്രദര്‍ശനപരേഡുകളും മറ്റും റിപ്പബ്ലിക്ദിനാഘോഷങ്ങളിലെ പതിവ് കാഴ്ചകളാണ്. ഇത്തരം പ്രകടനങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോകുന്ന ഒരു നേര്‍ത്ത സ്വരമുണ്ട്. അത് രാഷ്ട്രപിതാവിന്‍റെ സ്വരംതന്നെയാണ്. സ്വയംപര്യാപ്തങ്ങളായ ഏഴുലക്ഷം ഗ്രാമ റിപ്പബ്ലിക്കുകളുടെ സമുച്ചയമായ ഒരിന്ത്യയാണ് തന്‍റെ സ്വപ്നത്തിലുള്ളത് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ റിപ്പബ്ലിക് ദിനത്തില്‍ മാത്രമല്ല എല്ലാ ദിനങ്ങളിലും നാം വിസ്മരിച്ചുകൊണ്ടാണിരിക്കുന്നത്. ഗ്രാമറിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ ഇന്ത്യയെ സ്വപ്നം കണ്ട ഗാന്ധിജി കരുത്തുറ്റ ഒരു ഇന്ത്യാറിപ്പബ്ലിക്കിന് എതിരായിരുന്നോ? ഈ ചോദ്യത്തിനുള്ള ഉത്തരമന്വേഷിക്കുമ്പോള്‍ രാഷ്ട്രത്തിന്‍റെ പരമാധികാരവും വ്യക്തിയുടെ പരമാധികാരവും തമ്മിലുള്ള വൈരുദ്ധ്യത്തിലേക്ക് നാമെത്തിച്ചേരും. ഭരണഘടനകളുടെ പിന്‍ബലത്തോടെയോ അല്ലാതെയോ ഏകാധിപത്യ ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ് വ്യക്തിയുടെ പരമാധികാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ സാധാരണയായി ഉയരാറുള്ളത്. എന്നാല്‍ ഭരണഘടനാപരമായി ഒരു സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയില്‍പ്പോലും ജനങ്ങള്‍ക്ക്  എത്ര അളവില്‍ പരമാധികാരമുണ്ട് എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്.

വ്യക്തമായ അതിര്‍ത്തികളുള്ള ഒരു ഭൂപ്രദേശവും അതില്‍ താമസിക്കുന്ന കുറെ ജനങ്ങളും ഭരണസംവിധാനങ്ങളും ഉണ്ടായാല്‍ ലളിതമായ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രമായി. ഭൂപ്രദേശത്തെയും ജനങ്ങളെയും ഭരണവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനും മുന്നോട്ടു നയിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ക്ക് തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്നാണ് സങ്കല്പമെങ്കിലും എപ്പോഴും അങ്ങനെയാവണമെന്നില്ല. അന്താരാഷ്ട്രരംഗത്ത് ഒരു രാഷ്ട്രമെന്ന അംഗീകാരം ലഭിക്കുക എന്നത് പ്രധാനമാണ്. ഇങ്ങനെയെല്ലാമുള്ള ഒരു പരമാധികാര രാഷ്ട്രത്തിലെ ജനങ്ങള്‍ പരമാധികാരികളാവണമെന്നില്ല.

ജനങ്ങളുടെ പരമാധികാരത്തെക്കുറിച്ചുള്ള ചിന്തകളാണ് ജനാധിപത്യഭരണസമ്പ്രദായത്തിന്‍റെ അടിസ്ഥാനം. ജനാധിപത്യ രാഷ്ട്രങ്ങളില്‍പ്പോലും ഭരണാധികാരികളും ഭരണസംവിധാനങ്ങളും സുസംഘടിതവും കരുത്തുറ്റതുമാവുമ്പോള്‍ ജനങ്ങള്‍ അത്രകണ്ട് കരുത്തുറ്റവരാകാത്തതെന്തുകൊണ്ടാണ്. ലോക രാഷ്ട്രീയ രംഗത്തെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായ അമേരിക്കന്‍ പ്രസിഡന്‍റിന്, നമ്മള്‍ തൊണ്ണൂറ്റൊന്‍പതു ശതമാനം എന്ന് സ്വയം വിശേഷിപ്പിച്ച് പ്രക്ഷോഭ രംഗത്തുവരുന്നവരെ അഭിമുഖീകരിക്കേണ്ടിവരുന്നു. അതിവിപുലവും സങ്കീര്‍ണ്ണവുമായ ഭരണസംവിധാനങ്ങളെ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും, രാഷ്ട്രീയമായും, സാമ്പത്തികമായും ഭാരം താങ്ങേണ്ടിവരുന്ന സാധാരണജനങ്ങള്‍ ജനാധിപത്യ സംവിധാനങ്ങളില്‍പ്പോലും നിസ്സഹായരാക്കപ്പെടുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം ഗ്രാമറിപ്പബ്ലിക്കുകള്‍ എന്ന ഗാന്ധിയന്‍ സ്വപ്നത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കാന്‍. ഒരു ഗ്രാമത്തിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് ഒരു ജൈവിക ബലമുണ്ട്. ഒരേ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന അവര്‍ക്കിടയില്‍ പരസ്പരാശ്രിതത്വത്തിന്‍റെയും സഹകരണത്തിന്‍റേതുമായ ഒരു ചരടുണ്ട്. ആ ചരടാണവരുടെ കരുത്ത്. ഈ ചരടിനു പകരമാവില്ല കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്ന ഭരണസംവിധാനങ്ങള്‍. ഇന്ത്യയെപ്പോലുള്ള വലിയ രാഷ്ട്രങ്ങളിലെ വലക്കണ്ണികള്‍പോലെയുള്ള ഭരണസംവിധാനങ്ങള്‍ക്കു മുമ്പില്‍ ഒരു സാധാരണ ഗ്രാമീണന്‍ നിസ്സഹായനും അസ്തിത്വമില്ലാത്തവനുമാണ്. എന്നാല്‍ അവന്‍, അവന്‍റെ ഗ്രാമത്തിലെ ജൈവസംവിധാനത്തില്‍ സ്വന്തം കരുത്തും അസ്തിത്വവും സ്ഥാപിച്ചെടുക്കാന്‍ ശേഷിയുള്ളവനാണ്. ഏറ്റവും ദുര്‍ബ്ബലനുപോലും സ്വത്വപ്രകാശനത്തിനുള്ള ഒരു ചുറ്റുവട്ടം അവന്‍റെ ഗ്രാമത്തിലുണ്ടാവും. ഈ സ്വത്വപ്രകാശന സാധ്യതയാണ് യഥാര്‍ത്ഥത്തില്‍ ഒരു വ്യക്തിയുടെ രാഷ്ട്രീയവും സാംസ്കാരികവും ധാര്‍മ്മികവുമായ വളര്‍ച്ചയുടെ അടിത്തറ. ഈ അടിത്തറ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നതാണ് സുസംഘടിത രാഷ്ട്രസംവിധാനങ്ങള്‍ വഴി സംഭവിക്കുന്ന ദുരന്തം. ഈ ദുരന്തത്തെ ഒരു നിരന്തര പ്രക്രിയയാക്കി നിലനിര്‍ത്തുന്നത് ദുര്‍ബ്ബലരായ ജനങ്ങളുടെ ചെലവിലാണെന്നതാണ് മറ്റൊരു ദുരന്തം. ഇതെല്ലാം തങ്ങളെ രക്ഷിക്കാനും വളര്‍ത്താനുമാണെന്ന ധാരണ ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടാണെന്നത് ഏറ്റവും ക്രൂരമായ തമാശയുമാണ്. ഈ ക്രൂരതമാശയുടെ മെഗാ ഷോകളാണ് റിപ്പബ്ലിക് ദിന പരേഡുകളും മറ്റും.

സുസംഘടിത രാഷ്ട്രങ്ങളും അവയുടെ വന്‍സന്നാഹങ്ങളും ലോകസമാധാനത്തിന് ഭീഷണിയാണ്. പ്രകൃതിനാശത്തിനും കാലാവസ്ഥ വ്യതിയാനത്തിനും പോലും അത് ഗണ്യമായ തോതില്‍ കാരണമാവുന്നു. സൂക്ഷ്മമായി വിലയിരുത്തിയാല്‍ ലോകത്ത് യുദ്ധങ്ങള്‍ നടക്കുന്നത് ജനങ്ങള്‍ തമ്മിലല്ല; രാഷ്ട്ര സംവിധാനങ്ങള്‍ തമ്മിലാണ്. രാഷ്ട്രങ്ങള്‍ക്കുള്ളിലെ ആഭ്യന്തരയുദ്ധങ്ങള്‍പോലും മിക്കപ്പോഴും രാഷ്ട്രസംവിധാനങ്ങള്‍ കയ്യടക്കാനുള്ള ചതുരംഗക്കളികളുടെ ഭാഗമാണ്. സങ്കീര്‍ണ്ണമായ രാഷ്ട്രസംവിധാനങ്ങള്‍ക്കായി ചെലവഴിക്കപ്പെടുന്ന ഊര്‍ജ്ജവും വിഭവങ്ങളും എത്രയാണ.് രാഷ്ട്രസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വന്‍കിട സാങ്കേതിക വിദ്യകളുടെയും വന്‍കിട വികസനപദ്ധതികളുടെയും രാഷ്ട്രീയ ഉള്ളടക്കം ജനങ്ങളുടെ ജൈവബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗ്രാമറിപ്പബ്ലിക്കിന്‍റെ രാഷ്ട്രീയത്തില്‍ നിന്നും മൗലികമായി ഭിന്നമാണ്. സാധാരണ ജനങ്ങളുടെ ചിലവില്‍ കൃത്രിമമായി കെട്ടിപ്പൊക്കുന്ന രാഷ്ട്ര സംവിധാനങ്ങളുടെയും വ്യവസ്ഥകളുടെയും ആകെത്തുകയാണ് ഇന്നത്തെ റിപ്പബ്ലിക്കുകള്‍ എന്ന് പറയാതെ വയ്യ.

ഇത്തരം റിപ്പബ്ലിക് സങ്കല്പങ്ങളില്‍നിന്നു വ്യത്യസ്തമായ ഒരു മാതൃകാലോകത്തിനു മുമ്പില്‍ കാണിക്കാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വാതന്ത്ര്യലബ്ധിയുടെ നാളുകളില്‍ ഗാന്ധിജിയും അദ്ദേഹത്തിന്‍റെ ഗ്രാമറിപ്പബ്ലിക് സ്വപ്നങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടുപോയി. ഗ്രാമറിപ്പബ്ലിക്കിന്‍റെ തത്വശാസ്ത്രം എന്ന നിലയില്‍ ഗാന്ധിജി 1909-ല്‍ എഴുതിയ ഹിന്ദ്സ്വരാജിനെപ്പറ്റി അദ്ദേഹത്തിന്‍റെ അടുത്ത സഹപ്രവര്‍ത്തകരില്‍ പ്രമുഖര്‍ക്കൊന്നും മതിപ്പില്ലായിരുന്നു. 1945 ഒക്ടോബര്‍ 5-ാം തീയതി ഗാന്ധിജി നെഹ്റുവിനെഴുതിയ കത്തും അതിന് നെഹ്റു ഒക്ടോബര്‍ 9ന് നല്‍കിയ മറുപടിയും ഇതിനു തെളിവാണ്. ഹിന്ദ് സ്വരാജിനെപ്പറ്റിയുള്ള നെഹ്റുവിന്‍റെ നിലപാട് രേഖാമൂലം അറിയുന്നതിനുവേണ്ടിയാണ് ഗാന്ധിജി ആ കത്തെഴുതിയത്. നെഹ്റു ആ കത്തിന് നല്‍കിയ മറുപടിയില്‍ ഹിന്ദ് സ്വരാജ് ദര്‍ശനത്തെ അയഥാര്‍ത്ഥമായ കാഴ്ചപ്പാടെന്നാണ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യലബ്ധിയെത്തുടര്‍ന്ന് നെഹ്റു ബ്രിട്ടീഷ് സങ്കല്പമനുസരിച്ചുള്ള രാഷ്ട്രസംവിധാനങ്ങളില്‍ അമര്‍ന്നിരുന്ന് അവയെ ജനാധിപത്യത്തിന്‍റെ ചട്ടക്കൂടുകളിലാക്കാനായി പരിശ്രമമാരംഭിച്ചപ്പോള്‍ ഗാന്ധിജി ഹിന്ദ് സ്വരാജിന്‍റെ തത്വശാസ്ത്രത്തിലൂന്നിയുള്ള ഗ്രാമറിപ്പബ്ലിക്കുകളുടെ ഉയര്‍ച്ചക്കായുള്ള കര്‍മ്മപരിപാടികളെക്കുറിച്ചും, സംഘടനാരൂപങ്ങളെക്കുറിച്ചും ആലോചിക്കുകയായിരുന്നു. ഗ്രാമറിപ്പബ്ലിക്കുകളുടെ ഉദയം ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങാനുള്ള പ്രവര്‍ത്തനപരിപാടികളുടെ രൂപരേഖ, അദ്ദേഹത്തിന്‍റെ സെക്രട്ടറി തയ്യാറാക്കിയത് പരിശോധിച്ചതുകൊണ്ടാണ് 1948 ജനുവരി 30-ന് സായാഹ്നപ്രാര്‍ത്ഥനായോഗത്തില്‍ ഗാന്ധിജി ഏതാനും നിമിഷം വൈകിപ്പോയത്. അത് അദ്ദേഹത്തിന്‍റെ അവസാന പ്രാര്‍ത്ഥനായോഗമായിരുന്നല്ലോ. അന്നദ്ദേഹം പരിശോധിച്ച പ്രവര്‍ത്തരൂപരേഖയുടെ അടിസ്ഥാനത്തില്‍ ഗ്രാമറിപ്പബ്ലിക്കുകള്‍ക്കായുള്ള ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചാലോചിക്കുന്നതിനായി 1948 ഫെബ്രുവരി 2-ാം തീയതി സേവാഗ്രാമില്‍ നിര്‍മ്മാണ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുകൂട്ടാന്‍ നിശ്ചയിച്ചിരുന്നു എന്നാല്‍ ആ യോഗം ഗാന്ധിജിയുടെ രക്തസാക്ഷിത്വം മൂലം നടക്കാതെ പോയി.

നടക്കാതെപോയ ഫെബ്രുവരിയിലെ യോഗം മാര്‍ച്ചില്‍ നടന്നു, ഗാന്ധിജിയില്ലാതെ, 1948 മാര്‍ച്ച് 11 മുതല്‍ 15 വരെ സേവാഗ്രാം ആശ്രമത്തില്‍വച്ച് നടന്ന ആ യോഗത്തില്‍ പങ്കെടുത്തവരെല്ലാംതന്നെ അക്കാലത്തെ ദേശീയപൊതുജീവിതത്തില്‍ തലയെടുപ്പുള്ളവരായിരുന്നു. ആ യോഗത്തിനെത്തിയ നെഹ്റുവിന്‍റെ സുരക്ഷാസംവിധാനങ്ങളെ നിശിതമായി വിമര്‍ശിച്ച കൃപലാനിയുടെ വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ ഹിംസയിലധിഷ്ഠിതമായ റിപ്പബ്ലിക് സംവിധാനത്തോടുള്ള കലഹം തന്നെയായിരുന്നു. ആദ്യത്തെ പ്ലാനിംഗ് കമ്മീഷനില്‍ അംഗമായിരുന്ന ഡോ. ജെ. സി. കുമരപ്പ കുതിരവണ്ടിയില്‍ കമ്മീഷന്‍ യോഗത്തിനെത്തിയപ്പോള്‍ തടയപ്പെട്ട സന്ദര്‍ഭത്തില്‍ നെഹ്റുവിനോട് നടത്തിയ പ്രതികരണവും രാഷ്ട്രീയമായി ഈ റിപ്പബ്ലിക് സങ്കല്പത്തോടുള്ള കലാപംതന്നെയായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയുടെ നാള്‍ മുതല്‍ ഇന്ന് ആഘോഷിക്കപ്പെടുന്ന റിപ്പബ്ലിക് സങ്കല്പവും ഗ്രാമറിപ്പബ്ലിക് സങ്കല്പവും തമ്മിലുള്ള സംഘര്‍ഷം നിലനിന്നിരുന്നു.

ഇന്ന് സ്ഥിതി കുറെക്കൂടി രൂക്ഷമായിരിക്കുന്നു. രാജ്യത്തെ നാലിലൊന്നോളം ജില്ലകളില്‍ മാവോയിസ്റ്റുകളുടെ ഭരണം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍തന്നെ പരോക്ഷമായി സമ്മതിക്കുന്നു. ഈ റിപ്പബ്ലിക്കിന്‍റെ അനിവാര്യഘടകമായ സൈന്യത്തിന്‍റെ തേര്‍വാഴ്ചക്കിരയാക്കപ്പെടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളില്‍ ഇന്ത്യാവിരുദ്ധ വികാരം ശക്തിപ്പെടുന്നു. പട്ടാളത്തിന് ആ മേഖലയിലുള്ള പ്രത്യേകാധികാരത്തെ ചോദ്യംചെയ്തുകൊണ്ട് ഈറോം ശര്‍മ്മിള എന്ന മണിപ്പൂരി യുവതി ഒരു ദശകത്തിലധികമായി നിരാഹാരസമരത്തിലാണ്. അത് ഇന്ന് കൊണ്ടാടുന്ന റിപ്പബ്ലിക് സങ്കല്പത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്ത ഒരു ധീരവനിതയുടെ അഹിംസാത്മകമായ കലാപമാണ്. യഥാര്‍ത്ഥത്തില്‍ ഗാന്ധിജി തന്നെയാണ് ഈറോം ശര്‍മ്മിളയിലൂടെ ഈ കലാപം നടത്തുന്നത്. രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ ഗ്രാമറിപ്പബ്ലിക്കിന്‍റെ സൂക്ഷ്മ രാഷ്ട്രീയം പേറുന്ന സമരാത്മകവും നിര്‍മ്മാണാത്മകവുമായ ഒട്ടേറെ ജനമുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. നെഹ്റുവും അംബേദ്കറുമെല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംവിധാനത്തില്‍ ദളിതനും ആദിവാസിക്കും ന്യായമായ ഇടമില്ലെന്ന വാദം ശക്തിപ്പെട്ടിരിക്കുന്നു. തൊഴില്‍പരമായി കര്‍ഷകനും കൈത്തൊഴിലുകാരനും ഈ സംവിധാനത്തില്‍ നിസ്സഹായനായിക്കൊണ്ടിരിക്കുന്നു. എന്തിനേറെ ജനസംഖ്യയില്‍ പാതിയായ സ്ത്രീസമൂഹത്തിനും തുല്യനീതി യാഥാര്‍ത്ഥ്യമാക്കാന്‍ ഈ റിപ്പബ്ലിക്കിന് ആറുപതിറ്റാണ്ടു പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ഇങ്ങനെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് സ്വത്വപ്രകാശനത്തിനുള്ള അവസരം ഗ്രാമറിപ്പബ്ലിക്കുകളിലാണോ ഇന്നത്തെ റിപ്പബ്ലിക്കിലാണോ ലഭിക്കുക എന്ന ചോദ്യം മൂര്‍ത്തമായി നമ്മുടെ മുന്നിലുയര്‍ന്നുവരുന്നു. ഇതെല്ലാം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍, മനസ്സുപറയുന്നു; ഗ്രാമറിപ്പബ്ലിക്കുകള്‍ ഒരുനാള്‍ യാഥാര്‍ത്ഥ്യമാവുമെന്ന്.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ഒറ്റപ്പന

ഫാ. ഷാജി സി. എം. ഐ.
Related Posts