news-details
മറ്റുലേഖനങ്ങൾ

അസഹിഷ്ണുത പ്രാകൃതത്വത്തിലേക്കുള്ള മടങ്ങിപ്പോക്കാണ്

"നിങ്ങളുടെ അഭിപ്രായത്തോട് ഞാന്‍ വിയോജിക്കുന്നു; എന്നാല്‍ ആ അഭിപ്രായം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനുവേണ്ടി ജീവന്‍ കൊടുക്കാനും ഞാന്‍ ഒരുക്കമാണ്"

വിചാരലോകത്തില്‍ വളരെ പ്രസിദ്ധമാണ് വോള്‍ട്ടയറുടെ ഈ വാക്യം. എത്രയോ വട്ടം അത് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു; എത്രവട്ടം ആവര്‍ത്തിച്ചാലും പ്രസക്തി നഷ്ടപ്പെടാത്ത ഒരാദര്‍ശത്തിന്‍റെ തിളക്കം ആ വാക്യത്തിന് ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അത് ദീപ്തമായ ഒരാദര്‍ശമാണെന്നു പറയുമ്പോള്‍ അതിനെ ഊതിക്കെടുത്താന്‍ പാഞ്ഞണയുന്ന പ്രവണതകള്‍ സമൂഹത്തില്‍ എല്ലാക്കാലത്തും കെടുവാതമായി വീശിക്കൊണ്ടിരിക്കുന്നു എന്നുകൂടിയാണ് അര്‍ത്ഥം. ഭൂമിയിലുണ്ടോ ഏതെങ്കിലും ആദര്‍ശത്തിന് കേവലവിശുദ്ധിയോടെ വാഴുവാന്‍ വിധി!

മനുഷ്യരായി പിറന്നവരെല്ലാം ഒരേപോലെ ചിന്തിക്കുന്നവരല്ല; അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ അതു ചിന്തയേ അല്ലാതാകും. ഓരോ വ്യക്തിയും വ്യത്യസ്തമായ അഭിരുചികളും വീക്ഷണ വൈശിഷ്യവുമായി ജീവിക്കുന്നു. എന്നാല്‍, അവര്‍ക്ക് പരസ്പരം ഇടപെടാതെയും സഹവര്‍ത്തിക്കാതെയും സാദ്ധ്യമല്ല. ഒരുമിച്ചു ജീവിക്കുകയെന്നത് മനുഷ്യാസ്തിത്വത്തിന്‍റെ അനിവാര്യതയാണ്. ഈ അനിവാര്യത മനുഷ്യസമൂഹത്തെ നിത്യമായ കലഹത്തിന്‍റെ വേദിയാക്കാന്‍ നിര്‍ബന്ധിക്കുകയും ആകാം. എന്നാല്‍ ആ ആപത്തിനെ മറികടക്കാന്‍ പലവഴികള്‍ മനുഷ്യന്‍ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. സിവില്‍ സമൂഹഘടനയുടെ രൂപപരിണാമ ചരിത്രം ഇവിടെ അന്വേഷണ വിഷയമാക്കാന്‍ വയ്യ. ഒന്നു പറയാം: ഈ രൂപങ്ങളൊന്നും വേണ്ടത്ര തൃപ്തികരമല്ലാഞ്ഞതിനാലാണ് മാറി മാറി പരീക്ഷിക്കാമെന്നുവെച്ചത്. ആ പരീക്ഷണത്തിന്‍റെ ഒടുവിലാണ് ജനാധിപത്യം എന്നു പരക്കെ വിളിച്ചുപോരുന്ന ക്രമം ഉണ്ടായത്.

പക്ഷേ, ജനാധിപത്യം സഫലമാകണമെങ്കില്‍ മനുഷ്യസംസ്കാരം വളരെ ഉയര്‍ന്നതലത്തില്‍ എത്തിയിരിക്കണം. ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യം അംഗീകരിക്കുകയും അത് അന്യരുടെ സ്വാതന്ത്ര്യത്തെ നിഹനിക്കുന്ന അവസ്ഥയിലേക്ക് അധഃപതിക്കാതെ സൂക്ഷിക്കുന്ന ധാര്‍മ്മിക പക്വതയില്‍ രൂപപ്പെടുകയും വേണം. എന്‍റെ സ്വാതന്ത്ര്യത്തോളം എനിക്കു വിലപ്പെട്ടതാണ് നിങ്ങളുടെ സ്വാതന്ത്ര്യവും എന്ന ബോധം തെളിമയോടെ ആത്മാവില്‍ ഉലാവുന്ന മനുഷ്യവ്യക്തികളുടെ സാര്‍ത്ഥകമായ കൂട്ടായ്മയാണ് ജനാധിപത്യം. ആ ബോധത്തിന്‍റെ സംശയരഹിതമായ വിളംബരമാണ് വോള്‍ട്ടയറുടെ വാക്യം.

ഉഗ്രശാസനനായ ഒരു ഏകാധിപതിക്കും നിലംപറ്റെ കിഴിഞ്ഞ് ഇഴയുന്ന ഒരു അടിമയ്ക്കും ഒന്നിച്ച് കുടി പാര്‍ക്കാന്‍ ഉള്ളില്‍ ഇടം അനുവദിക്കുന്ന മനുഷ്യജന്മങ്ങള്‍ ഈ ആദര്‍ശത്തെ നാടുകടത്താന്‍ നോമ്പു നോല്ക്കാനും സ്വാതന്ത്ര്യം ഏല്പിക്കുന്ന ഉത്തരവാദിത്വത്തിന്‍റെ കനം താങ്ങാനാകാത്തകൊണ്ട് ജനാധിപത്യ സംവിധാനത്തിന്‍റെ ഉള്ളില്‍നിന്നുകൊണ്ടുതന്നെ ഈ വിരുദ്ധഭാവങ്ങളെ സഫലമായി ആവിഷ്കരിക്കാന്‍ മനുഷ്യനു കഴിയുന്നു. പരമമായ സത്യം തങ്ങള്‍ക്കുമാത്രം നല്കപ്പെട്ടിരിക്കുന്നു എന്ന ബാലിശമായ അഹംകൃതിയുടെ വിളയാട്ട വേദിയായി സമൂഹത്തെ കാണാന്‍ തുടങ്ങുന്നതാണ് ഈ രോഗത്തിന്‍റെ ലക്ഷണം. അന്യാശയങ്ങളോട് അസഹിഷ്ണുത കാണിക്കുകയും ആ അസഹിഷ്ണുതയെ ആര്‍ജ്ജിക്കാന്‍ കഴിയുന്ന കരുത്തിന്‍റെ അനുപാതത്തിനൊത്ത് ഹിംസയുടെ പല വടിവുകളില്‍ പ്രത്യക്ഷീകരിക്കുകയും ചെയ്യാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ജനാധിപത്യം ഒരു കോമാളി നാടകമായിത്തീരുന്നു. ആ പതനത്തിലല്ലേ ഇപ്പോള്‍ കാര്യങ്ങള്‍ എത്തിനില്ക്കുന്നത്? പാര്യന്തിക സത്യം എന്നും കൊതിപ്പിക്കുന്ന മരീചികയായി പിടിതരാതെ വഴുതി അകന്നുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിവേകത്തിന്‍റെ ഒരു ലക്ഷണം. അതുകൊണ്ട്, പാതിസത്യങ്ങള്‍കൊണ്ടുള്ള വ്യവഹാരമേ മനുഷ്യനു വിധിച്ചിട്ടുള്ളൂ; എന്‍റെ കൈയിലുള്ള പാതിയും നിങ്ങളുടെ കൈയിലുള്ള പാതിയുംകൂടി വെച്ചാല്‍ അതിനുമേല്‍ പൂര്‍ണ്ണസത്യത്തിന്‍റെ ദര്‍ശനം വിരിയുമോ എന്ന അന്വേഷണത്തിലെ വിനയമാണ് സംവാദം സാദ്ധ്യമാക്കുന്നതും അന്വേഷണത്തെ ത്വരിപ്പിക്കുന്നതും. എന്നാല്‍, ഒടുക്കത്തെ വെളിപാട് എനിക്കു കിട്ടിപ്പോയി, മനുഷ്യരാശിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള വഴി എനിക്കു മാത്രം അവകാശപ്പെട്ടത് എന്ന് അഹങ്കാരം മുഴുക്കുകയും ചെയ്യുമ്പോള്‍ അസഹിഷ്ണുത പെരുക്കുകയും സംവാദ സാദ്ധ്യത അടഞ്ഞുപോവുകയും ജനാധിപത്യം അസംബന്ധമായിത്തീരുകയും ചെയ്യും.

സംഘാഹന്തയുടെ ഊറ്റംകൂടി ഇതിനോടു ചേര്‍ന്നാല്‍ കഥ കേമമാകും. നിങ്ങളുടേത് അന്ധവിശ്വാസം, ഞങ്ങളുടേത് ശാസ്ത്രീയസത്യം എന്ന് സംഘഗാനം ഉതിര്‍ത്ത് എതിരാളികളെ നേരിടാന്‍ പിന്നെ പ്രയാസമുണ്ടാവുകയില്ല. മനുഷ്യചരിത്രത്തിന്‍റെ ഗതി ശാസ്ത്രീയമായി പഠിക്കുകയും അത് എങ്ങനെ പുരോഗമിക്കണമെന്ന് കണിശമായി നിര്‍ണ്ണയിച്ച് റയിലു പാകുകയും ചെയ്തവര്‍ പാര്‍ട്ടിഗ്രാമങ്ങള്‍ സ്ഥാപിച്ച് അവയ്ക്ക് അതിരുകള്‍ ഉറപ്പിച്ച് അന്യാഭിപ്രായങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി അനുയായികള്‍ക്ക് സംരക്ഷണം നല്കുന്ന ഏര്‍പ്പാട് കേരളഭൂമിയില്‍ത്തന്നെ ഉണ്ടെന്നല്ലേ കേള്‍ക്കുന്നത്. അവിടെ ആര്‍ വരുന്നു, പോകുന്നു എന്ന് കര്‍ക്കശമായ നിരീക്ഷണമുണ്ട്. അവിഹിതസാന്നിദ്ധ്യങ്ങളെ നേരിടാന്‍ സംവിധാനവുമുണ്ട്. എന്തിനും ഏതിനും ഒരുക്കമുള്ള സന്നദ്ധസേനകള്‍ സദാ ജാഗരൂകമായി കാവല്‍നില്ക്കുന്നു! സംശയം ജനിപ്പിക്കുന്ന ഏതു സാന്നിദ്ധ്യങ്ങളെയും നിഷ്ഠൂരമായി കൈകാര്യം ചെയ്യുന്നു! ഓരോ വ്യക്തിയേയും പിന്തുടരുന്ന ചാരദൃഷ്ടി ഒരിക്കലും മയങ്ങി അപകടം പിണയുന്നില്ല. അകത്തുള്ളവരും പുറമേനിന്നു വരുന്നവരും ഒരുപോലെ ഈ അദൃശ്യ നിരീക്ഷണത്തിലാണ്. സൗഹൃദത്തിന്‍റെ സ്വാഗതഭാവം ഒരു സന്ദര്‍ശകനെയും എതിരേല്ക്കുന്നില്ല. പകരം സംശയത്തിന്‍റെ മുള്‍മുനയിലാണ് അയാള്‍ നില്ക്കുന്നത്. ഇത്രയും ഹിംസാത്മകമായ ഒരു സ്ഥിതിവിശേഷം വേറെ സങ്കല്പിക്കാന്‍ കഴിയുമോ? ഓര്‍വലിന്‍റെ ഭാഷ്യാതയുടെ കൊച്ചുപതിപ്പാവുക എന്ന ദുര്യോഗമാണ് ഈ ഗ്രാമങ്ങള്‍ക്കുള്ളത്.

ഇത്ര കടന്ന അവസ്ഥ ചില ഇടങ്ങളിലേയുള്ളൂ എന്ന് വന്നാല്‍പോലും എത്രയെത്ര രാഷ്ട്രീയ കൊലപാതകങ്ങളാണ് നമ്മുടെ നാട്ടില്‍ അരങ്ങേറുന്നത്. നിങ്ങള്‍ ചിന്തിക്കുന്നത് ഞാന്‍ ചിന്തിക്കുന്നതുപോലെയല്ല, നിങ്ങളുടെ ശരിയല്ല എന്‍റെ ശരി എന്ന അവസ്ഥ എനിക്കു നിങ്ങളെ കൊല്ലാനുള്ള അവകാശമാണെന്നു വരുന്നത് ജനാധിപ ത്യാദര്‍ശത്തിന്‍റെ അങ്ങേയറ്റത്തെ നിഷേധമാണ്. പക്ഷേ, ജനാധിപത്യത്തിന്‍റെ പേരില്‍, ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അങ്ങനെ നടക്കുന്നു. ഞങ്ങളെ എതിര്‍ക്കുന്നവരെ ഞങ്ങള്‍ ഉന്മൂലനം ചെയ്യും എന്ന് ആദര്‍ശവിശ്വാസങ്ങളുടെ വീറോടെ വാദിക്കുന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഇതിനെ അപലപിക്കാന്‍ ഒരു നേതാവും മുന്നോട്ടുവരുന്നില്ലെന്നു മാത്രമല്ല, ഇത്ര വീറ് സ്വായത്തമാക്കാന്‍ കഴിയാത്തതില്‍ പരിതപിക്കാന്‍ മാത്രം ബാക്കിയുള്ളവര്‍ക്കു കഴിയുകയും ചെയ്യുന്നു. ഫാസിസത്തിന്‍റെ തന്ത്രങ്ങള്‍ ജനാധിപത്യകക്ഷികള്‍ പയറ്റിത്തുടങ്ങുമ്പോഴുള്ള ആപത്താണിത്. അന്യാഭിപ്രായങ്ങളെ അടിച്ചൊതുക്കുന്നവരെ വീരയോദ്ധാക്കളായി അഭിഷേചിച്ച് അനുമോദിക്കുമ്പോള്‍ ജനാധിപത്യവും അതിന്‍റെ സംസ്കാരവും അന്യമാണെന്ന് വിളംബരം ചെയ്യുകയാണെന്ന് ഓര്‍ക്കുന്നേയില്ല!

സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്; വ്യത്യസ്തമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. എന്നില്‍നിന്ന് വ്യത്യസ്തമായതിനെ ആദരിക്കാനും സഹിഷ്ണുതയോടെ കാണാനെങ്കിലും കഴിയുന്നതാണ് സംസ്കാരം. ആ സംസ്കാരത്തിന്‍റെ വസന്തോത്സവമാണ് ജനാധിപത്യം. അസഹിഷ്ണുത സംസ്കാരശൂന്യതയുടെ വിളംബരമാണ്; മനുഷ്യത്വം അന്യമാണെന്നുള്ള ഏറ്റുപറച്ചിലാണ്. അപരമായതെന്തും അസ്വീകാര്യമാണ്, അവ ചെറുക്കപ്പെടേണ്ടതാണ്, എന്ന ചിന്ത പ്രാകൃതമനോഘടനയില്‍ ലീനമാണ്. അതിനെ പതുക്കെപ്പതുക്കെ അമര്‍ത്തിവെച്ചും തുടച്ചുനീക്കിയുമാണ് മനുഷ്യത്വത്തിന് പ്രകാശനം ലഭിക്കുന്നത്, ലഭിക്കേണ്ടത്. എന്നാല്‍ ഇതിനു നേര്‍വിപരീത ദിശയിലേക്കാണ് സഞ്ചരിക്കേണ്ടത് എന്ന ആശയം വിശ്വാസത്തിന്‍റെയും പ്രത്യയശാസ്ത്രത്തിന്‍റെയും പേരില്‍ പ്രചരിപ്പിക്കാനും മനുഷ്യമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനും തുടങ്ങുമ്പോള്‍ പ്രാകൃതത്വത്തിലേക്കുള്ള മടങ്ങിപ്പോക്ക് ആരംഭിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കണം. മനുഷ്യന്‍ അവന്‍റെ എല്ലാ പരിഷ്കാരങ്ങളുമായി ഈ മടങ്ങിപ്പോക്കിന്‍റെ പാതയിലാണോ കാല്‍വെച്ചിരിക്കുന്നത്?

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts