മാതൃത്വത്തിന്‍റെ മഹത്ത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് നല്ല പാഠം പറഞ്ഞുകൊടുക്കുന്നതിനു വേണ്ടി സംവിധായകന്‍ ബ്ലെസി ഒരുക്കുന്ന ചിത്രമാണ് 'കളിമണ്ണ്.' ബ്ലെസിയുടെ മുന്‍പിറങ്ങിയ മറ്റു സിനിമകളിലും ഇതുപോലെ ഓരോ കാര്യങ്ങളുടെ മഹത്ത്വം ചൂണ്ടിക്കാണിച്ചിരുന്നു. അങ്ങനെ നോക്കുമ്പോള്‍ കളിമണ്ണ് സിനിമയില്‍ ബ്ലെസി പറഞ്ഞതുപോലെ മാതൃത്വത്തിന്‍റെ മഹത്ത്വം ചൂണ്ടിക്കാണിക്കുമെന്നുതന്നെ കരുതാം. പക്ഷേ, അതിനുവേണ്ടി ഗര്‍ഭിണിയായ നടിയെവച്ച് സിനിമ ചിത്രീകരിക്കുന്നതും ലേബര്‍റൂമില്‍ ക്യാമറയുമായി കടന്ന് നടിയുടെ പ്രസവം ചിത്രീകരിക്കുകയും ചെയ്യുന്നതിന്‍റെ ധാര്‍മിക സദാചാരസാമൂഹിക വശങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് കേരളം.
പ്രസവം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പരിപാടിയല്ല. കോടാനുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യമനുഷ്യന്‍ പിറന്ന കാലം മുതല്‍ ഈ ലോകത്ത് പ്രസവങ്ങള്‍ നടക്കുന്നു. ഇത് എങ്ങനെ നടക്കുന്നുവെന്നോ ഈ പ്രക്രിയയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളും അമ്മയുമായി എന്തുതരം ബന്ധമാണുണ്ടാവുന്നതെന്നോ ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കാരണം എല്ലാവരും ഒരമ്മ പ്രസവിച്ചാണ് ഉണ്ടാവുന്നത്. താനെത്രത്തോളം വേദനയനുഭവിച്ചാണ് കുഞ്ഞേ നിനക്കു ജന്മം നല്കി യതെന്ന് മിക്കവാറും അമ്മമാരും സ്വന്തം മക്കളോടു പറഞ്ഞുകൊടുക്കാറുണ്ട്. വീട്ടിലുള്ള കുട്ടികള്‍ സ്വന്തം അമ്മയുടെയോ വീട്ടിലെ മറ്റംഗങ്ങളുടേയോ ഒക്കെ ഗര്‍ഭാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാറുമുണ്ട്. അങ്ങനെയിരിക്കെ ഒരു സിനിമാനടിയുടെ പ്രസവം തല്‍സമയം ചിത്രീകരിച്ച് സിനിമ ഉണ്ടാക്കുന്നതിന്‍റെ സാമൂഹികപ്രസക്തി എന്താണ്?
സംവിധായകന്‍റെ ലക്ഷ്യം എന്തായാലും തന്‍റെ കുഞ്ഞിനു ജന്മം നല്കുന്ന വ്യക്തിപരവും സ്വകാര്യവും സങ്കീര്‍ണ്ണവുമായ പ്രക്രിയ താനഭിനയിക്കുന്ന സിനിമയുടെ മികവിനു വേണ്ടി ഉപയോഗിക്കാന്‍ തീരുമാനിച്ച നടിക്ക് ഒരു ലക്ഷ്യമുണ്ട്. ഏതു വിധേനയും പ്രശസ്തിയും പുരസ്കാരങ്ങളും നേടുന്നതിനുള്ള വഴിവിട്ട വിദ്യകളുടെ ഭാഗമാണിത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍, നടി പറയുന്നത് മറ്റൊന്നാണ്. പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയാണ് താന്‍ ചെയ്തതെന്നാണ് നടി പറയുന്നത്. ഇവിടെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന പ്രധാനചോദ്യം നടിയുടെ ജീവിതം, നടിയുടെ കുഞ്ഞ് തനിക്കൊക്കെ എന്താ ചേതം എന്നതാണ്.
പ്രസവത്തെ ക്യാമറയിലാക്കി സിനിമയിലുപയോഗിക്കുന്നതിന്‍റെ ധാര്‍മ്മികത ഇതിനോടകം പലരും ഉന്നയിച്ചുകഴിഞ്ഞു. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നുവച്ച് ഒരു സ്ത്രീ അതിന് തയ്യാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നെന്നും ധാര്‍മ്മിതകതയുടെ അധഃപതനം ആണിത് കാണിക്കുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. നടിക്ക് സ്വകാര്യത വേണ്ടായിരിക്കും. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു മാധ്യമ ചിന്തകനായ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. സിനിമ പൂര്‍ത്തിയായി വരുമ്പോള്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്ന് സെന്‍സര്‍ ബോര്‍ഡും വനിതാ കമ്മീഷനുമൊക്കെ പറഞ്ഞിട്ടുണ്ട്.
ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് പോകുന്നത് മാതൃത്വത്തിന്‍റെ മഹത്ത്വം കണ്ടു മനസ്സിലാക്കാനായിരിക്കുമോ നടിയുടെ പ്രസവം കാണാനായിരിക്കുമോ? നടിയുടെ പ്രസവം കാണിക്കുന്ന സിനിമ എന്നതുതന്നെയായിരിക്കും ഈ സിനിമയുടെ ഐഡന്‍റിറ്റി എന്നു നിസ്സംശയം പറയാം. നടി അവതരിപ്പിക്കുന്ന കഥാപാത്രവും ആ കഥാപാത്രത്തിന്‍റേതായ മേമ്പൊടികളുമെല്ലാം ഈ സീനില്‍ പ്രേക്ഷകര്‍ മറക്കും. അത് നടിയുടെ ഒറിജിനല്‍ പ്രസവമാണെന്ന് പ്രേക്ഷകന്‍റെ തലയിലിരുന്ന് ആരോ മന്ത്രിക്കും. അപ്പോള്‍ ബ്ലെസിയും നടിയും ഉദ്ദേശിച്ച മാതൃത്വത്തിന്‍റെ മഹത്ത്വം ആളുകള്‍ക്ക് പിടികിട്ടാതെ പോവുകയും മറിച്ച്, തന്‍റെ ആരുമല്ലാത്ത ഒരു സ്ത്രീയുടെ പ്രസവരംഗം വീക്ഷിക്കുന്നതിന്‍റെ വ്യത്യസ്തത മാത്രം അവനെ പിടികൂടുകയും ചെയ്യും.
വേദനനിറഞ്ഞ പ്രസവങ്ങള്‍ നല്ല നടിമാര്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള സിനിമകള്‍ ലോകത്ത് എല്ലാ ഭാഷയിലും ഉണ്ടായിട്ടുണ്ട്. ആ പ്രസവ സീനുകള്‍ നടി അഭിനയിക്കുന്നതാണല്ലോ, ഒറിജിനലല്ലല്ലോ എന്നുള്ള ചിന്തകള്‍ കാരണം ആസ്വാദ്യമായില്ല എന്നാരും പറഞ്ഞിട്ടില്ല. സിനിമ എന്ന മാധ്യമം എന്താണെന്നറിയാവുന്നവരാണ് അത് കാണാന്‍പോകുന്നത്. അതില്‍ റിയാലിറ്റി അംശം കൂടുമ്പോള്‍ ആ സീനുകള്‍ കൂടുതലായി എന്തെങ്കിലും സംവേദനം ചെയ്യുമെങ്കില്‍ അത് കഥാപാത്രത്തിന്‍റെ അല്ല, കഥാപാത്രമായി അഭിനയിക്കുന്ന നടിയുടെ ജീവിതമാണ്. ഇതിനൊക്കെ പുറമേ പ്രസവമുറിയിലെ സ്വകാര്യതയും സുരക്ഷിതത്വവും ഒരു സ്ത്രീയെ സംബന്ധിച്ച് പരമപ്രധാനമാണ്. അത് അവളുടെ പ്രസവത്തിന്‍റെ സ്വകാര്യതയല്ല, മറിച്ച് ജീവന്‍റെ ജീവനായ കുഞ്ഞിന്‍റെ സ്വകാര്യതയാണ്. എല്ലാം പകര്‍ത്തിയെടുക്കാന്‍ ഒരു ക്യാമറയും ക്യാമറാമാനും അസിസ്റ്റന്‍റ് ക്യാമറാമാനും നോക്കിനില്‍ക്കെ പ്രസവമെന്ന മനോഹരനിമിഷം അനുഭവിക്കാന്‍ ഒരു സ്ത്രീക്കു കഴിയുമെങ്കില്‍ അതു വലിയ കാര്യം തന്നെയാണ്.
ബ്ലെസ്സി എന്ന സംവിധായകന്‍ കച്ചവടത്തിനു വേണ്ടി ഇത്തരമൊരു സിനിമ എടുക്കുമെന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതുവരെ ബ്ലെസി ചെയ്ത സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്നു കണ്ടെത്തുകയും ചെയ്യുകയാണ് എന്നാണ് നടി പറയുന്നത്. സിനിമ തന്നെ കച്ചവടമാണ് എന്നിരിക്കെ ബ്ലെസിയുടെ സിനിമകളില്‍ കച്ചവടമില്ല എന്നു വാദിക്കാന്‍ ശ്രമിക്കുന്ന ശ്വേത നിലപാട് വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഒരു മെഡിക്കല്‍ അക്കാദമിക് ചിത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് മാധ്യമങ്ങളിലൂടെ അതിനിത്ര പബ്ലിസിറ്റിക്കു ശ്രമിക്കുന്നു? ചിലപ്പോള്‍ ബ്ലെസിയുടെ സിനിമ മാതൃത്വത്തെ ഭീകരമായി മഹത്വവല്‍ക്കരിക്കുകയും പുതുതലമുറയെ ഉടച്ചുവാര്‍ക്കുകയും ചെയ്തേക്കാം. പക്ഷേ, നടിയുടെ ഗര്‍ഭവും പ്രസവവും ഒറിജിനലാണെന്നതുകൊണ്ട് ആ ലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടില്ല. അത് സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തിയും തിരക്കഥയുടെ മികവും കൊണ്ടേ സാധിക്കൂ.