നൂറ്റിപ്പന്ത്രണ്ട് ദരിദ്രത്തൊഴിലാളികള്‍ക്കു ചിതയൊരുക്കിയ ബംഗ്ലാദേശിലെ തുണിഫാക്ടറി തീപിടിത്തത്തിന്‍റെ ജ്വാല നാളെ ഇന്ത്യയിലേക്കു പടരില്ലെന്ന് ആര്‍ക്കു പറയാനാവും? തങ്ങള്‍ക്ക് ആ ദുരന്തത്തില്‍ പങ്കില്ലെന്ന് തിടുക്കത്തില്‍ പറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്ന അതേ ആഗോളഭീകരനാണ് ഇന്ത്യയില്‍ ആധിപത്യമുറപ്പിക്കാന്‍ കയറുപൊട്ടിച്ചു നില്‍ക്കുന്നത്.
തുച്ഛമായ കൂലി നല്‍കി, കൂടുതല്‍ നേരം പണിയെടുക്കാന്‍ വിധിക്കപ്പെട്ട ദരിദ്രരായ 112 ബംഗ്ലാദേശ് തൊഴിലാളികളാണ് ഒരു സുരക്ഷാസംവിധാനങ്ങളും ഇല്ലാത്ത തസ്റീന്‍ ഫാഷന്‍ ലിമിറ്റഡ് എന്ന പണിശാലയിലുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞത്. ബംഗ്ലാദേശിലെ 4500 വസ്ത്രനിര്‍മ്മാണ ഫാക്ടറികളിലെ 36 ലക്ഷം തൊഴിലാളികളുടെ പരമാവധി ദിവസക്കൂലി 42 മുതല്‍ 60 വരെ രൂപയാണെന്നു മാത്രമല്ല, ഏറ്റവും ശോചനീയമായ തൊഴില്‍ പരിസരത്ത് ഒരു സുരക്ഷാസംവിധാനങ്ങളുമില്ലാതെയാണ് ഇവര്‍ പണിചെയ്യുന്നത്. തസ്റീന്‍ ഫാഷന്‍ ലിമിറ്റഡ് എന്ന കമ്പനി, ഇതേപോലെ 13 സ്ഥാപനങ്ങള്‍ നടത്തുന്ന ടൂബ ഗ്രൂപ്പില്‍പ്പെട്ട വസ്ത്രനിര്‍മ്മാണ കയറ്റുമതി സ്ഥാപനമാണ്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പ്രധാനമായി കയറ്റുമതി നടത്തുന്ന ഇവരുടെ ഇടപാടുകാരില്‍ ഒന്നാംസ്ഥാനത്ത് വാള്‍മാര്‍ട്ട് തന്നെ. അപ്പോള്‍ തീപിടുത്തത്തില്‍ വാള്‍മാര്‍ട്ടിന് എന്തു പങ്ക് എന്ന ചോദ്യം ന്യായം. വാള്‍മാര്‍ട്ടിനാണ് ഏറ്റവും പ്രധാന പങ്ക് എന്നതാണ് വസ്തുത. അല്ലെങ്കില്‍ തസ്റീന് കമ്പനി തങ്ങളുടെ ഇടപാടുകാരല്ലെന്നും ബംഗ്ലാദേശിലെ തങ്ങളുടെ സപ്ലയറെ നീക്കംചെയ്തു എന്നും, അപകടത്തിനു തൊട്ടുപിന്നാലെ വാള്‍മാര്‍ട്ട് ധൃതിപിടിച്ച് പ്രസ്താവന ഇറക്കിയതിന്‍റെ ഉദ്ദേശ്യം?
വിലക്കുറവുള്ള സ്ഥാപനം എന്ന വ്യാജപ്രചാരണങ്ങളിലൂടെ സ്വയം പേരെടുക്കാന്‍ വൃഥാശ്രമം നടത്തുന്ന വാള്‍മാര്‍ട്ട്, തങ്ങള്‍ക്ക് ചരക്കു നല്‍കുന്നവരെ ഞെക്കിപ്പിഴിഞ്ഞു വിലകുറച്ചു സംഭരണം നടത്തുന്നതില്‍ വിട്ടുവീഴ്ചയില്ലാത്തവരാണ്. കുറഞ്ഞവിലയ്ക്ക് ചരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്ന വിതരണക്കാര്‍ അതിലും വളരെ കുറഞ്ഞ വിലയ്ക്ക് ചരക്ക് നിര്‍മ്മിച്ചു നല്‍കാന്‍ തയ്യാറാകുന്ന ഉല്‍പ്പാദകരെ തേടിപ്പിടിക്കുന്നു. ഇടപാടില്‍ ലാഭം കുറയുന്നു എന്നു ബോധ്യപ്പെടുന്ന ഉല്‍പ്പാദകരാകട്ടെ ആദ്യം ചെയ്യുന്നത് തൊഴിലാളികള്‍ക്കുള്ള വേതനം വെട്ടിക്കുറയ്ക്കുക എന്നതാണ്. മാത്രമല്ല, മറ്റ് ആനുകൂല്യങ്ങളും തൊഴില്‍ സ്ഥലത്തെ സുരക്ഷിതത്വവും പേരിനുമാത്രമാക്കി അധികൃതരുടെ കണ്ണുവെട്ടിക്കുന്നു.
ഈ തന്ത്രം ഉപയോഗിച്ചാണ് വാള്‍മാര്‍ട്ടിന്‍റെ ചുവടുപിടിച്ച്, അവികസിത രാജ്യങ്ങളിലേക്ക് അമേരിക്കന്‍-യൂറോപ്യന്‍ കമ്പനികള്‍ പുറംപണി വ്യാപിപ്പിക്കാന്‍ തുടങ്ങിയത്. ഒരുമണിക്കൂര്‍ ജോലിക്ക് ശരാശരി 10 ഡോളര്‍ (540 രൂപ) അമേരിക്കയില്‍ മിനിമംകൂലി ഉള്ളപ്പോഴാണ് 2010-ല്‍ മണിക്കൂറിന് 35 സെന്‍റ് (18രൂപ) ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണത്തൊഴിലാളികള്‍ ശബ്ദം ഉയര്‍ത്തിയത്. അതിനെ വാള്‍മാര്‍ട്ട് ശക്തിയായി എതിര്‍ത്തു. തുച്ഛ കൂലിക്കു പണിചെയ്യിപ്പിച്ച് ചരക്ക് സംഭരിക്കാനുള്ള വിദ്യ കൈവശമുള്ളപ്പോള്‍ അവരെന്തിനു കൂടുതല്‍ മുടക്കണം. 25-30 രൂപയ്ക്ക് ബംഗ്ലാദേശിലെ തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിച്ച് സംഭരിക്കുന്ന ഒരു ടീ-ഷര്‍ട്ട്, സ്വന്തം കപ്പലില്‍ അമേരിക്കയിലെ സ്വന്തം(!) തുറമുഖത്ത് എത്തിച്ച്, അവിടത്തെ സ്വന്തം കടകളില്‍ മേഡ് ഇന്‍ യു.എസ്.എ. എന്ന് ലേബല്‍ ഒട്ടിച്ച് ഇവര്‍ വില്‍ക്കുന്നതോ, 600-1300 രൂപയ്ക്ക്. വാള്‍മാര്‍ട്ടിന്‍റെ സ്വന്തം എന്നു പറയാവുന്ന കലിഫോര്‍ണിയയിലെ ലോങ്ബിച്ച് തുറമുഖത്ത്, വാള്‍മാര്‍ട്ടിന്‍റെ 5000 കപ്പലുകളാണ് ഒരു വര്‍ഷം ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുമായി വന്നടുക്കുന്നത്.
കത്തിക്കരിഞ്ഞ വസ്ത്രങ്ങള്‍ക്കിടയില്‍ വാള്‍മാര്‍ട്ടിന്‍റെ കുട്ടിനിക്കര്‍ ബ്രാന്‍ഡായ ഫേഡഡ് ഗ്ലോറിയുടെ കുറെയെണ്ണം കേടില്ലാതെ അവശേഷിച്ചതോടെ, കമ്പനിക്കു കൈകഴുകാനാവില്ലെന്നു തീര്‍ച്ചയായി. അതിനിടെ, ഫാക്ടറിയില്‍ തീപിടിത്തം നേരിടാന്‍ സുരക്ഷാസംവിധാനം വേണമെന്ന് തനിക്കറിയില്ലായിരുന്നു എന്ന് ഉടമ വിചിത്രമായ ഒരു വാദവും ഉയര്‍ത്തി. കമ്പനിയില്‍ അപകടസാധ്യതയുണ്ടെന്ന് വാള്‍മാര്‍ട്ടിനു കഴിഞ്ഞ വര്‍ഷമേ അറിയാമായിരുന്നത്രെ. ഇക്കാര്യം തസ്റീന്‍ കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തതുമാണ്. എന്നിട്ടും ആരും അനങ്ങിയില്ല.
എക്കാലവും തൊഴിലാളിവിരുദ്ധ നിലപാടുകളിലൂടെ ആഗോളകുപ്രസിദ്ധി നേടിയ വാള്‍മാര്‍ട്ടിന്‍റെ അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ രാത്രി ഷിഫ്റ്റുകാരെ പുറത്തുപോകുന്നതു വിലക്കി പൂട്ടിയിടുക പതിവാണ്. ഇതിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ആസ്ത്മാ രോഗികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ലവലേശം മനുഷ്യത്വം കാണിക്കാത്ത കമ്പനി, എതിര്‍പ്പു പ്രകടിപ്പിക്കുന്ന ജീവനക്കാരെ കൈകാര്യം ചെയ്യാന്‍ പ്രത്യേക ഗുണ്ടാസംഘത്തെ നിര്‍ത്തിയിട്ടുണ്ട്. തൊഴിലാളികളുടെ കൂലിയില്‍ കൈയിട്ടുവാരുന്നതിനെതിരെ കഴിഞ്ഞമാസം തെക്കന്‍ കാലിഫോര്‍ണിയയിലെ കോടതിയില്‍ ഫയല്‍ചെയ്ത കേസുള്‍പ്പെടെ മലിനീകരണം, പരിസ്ഥിതി നിയമലംഘനം, ജീവനക്കാരെ പീഡിപ്പിക്കല്‍, അമിതജോലിഭാരം തുടങ്ങി വിവിധ വകുപ്പുകളിലായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകളില്‍പ്പെട്ടിരിക്കുന്ന സ്ഥാപനവും വാള്‍മാര്‍ട്ടുതന്നെ.
അമേരിക്കയിലെ തൊഴിലാളി കൂട്ടായ്മകളുമായി വാള്‍മാര്‍ട്ട് ബദ്ധശത്രുതയിലാണ്. കാരണം അവിടെ ഇരുപക്ഷത്തുമുള്ള രാഷ്ട്രീയപാര്‍ട്ടികളും അതതു കാലത്തെ സര്‍ക്കാരുകളിലെ വമ്പന്മാരും, വാള്‍മാര്‍ട്ടിന്‍റെ പണം പറ്റുന്നവരോ കമ്പനി ബോര്‍ഡില്‍ അംഗങ്ങളായിരുന്നവരോ ആണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തില്‍ കണക്കറ്റ സ്വാധീനവുമുണ്ട്. ഏറ്റവും വലിയ ഉദാഹരണം ഹിലരി ക്ലിന്‍റണ്‍ തന്നെ. ഭര്‍ത്താവ് ബില്‍ക്ലിന്‍റന്‍ പ്രസിഡന്‍റു പദവിക്കു മത്സരിച്ചപ്പോഴാണ് വാള്‍മാര്‍ട്ട് ഡയറക്ടര്‍സ്ഥാനത്തുനിന്ന് അവര്‍ രാജിവച്ചത്. ആഗോളകുപ്രസിദ്ധി നേടിയ ഈ അമേരിക്കന്‍ കമ്പനിക്കു മുന്‍പിലാണ് ഇന്ത്യന്‍ ഭരണാധികാരികള്‍ അഭിമാനം അടിയറവയ്ക്കുന്നത് എന്നതോര്‍ക്കുക. ബംഗ്ലാദേശില്‍ നടന്നതുപോലുള്ള സംഭവം, ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ ഏറെ സാധ്യതയുണ്ട്. ആണവക്കരാറിന്‍റെ കാര്യത്തിലെന്നപോലെ ഇതിലും വിദേശകുത്തകകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പഴുതു ലഭിക്കും.
ഇന്ത്യക്കാരെ പലചരക്കു കച്ചവടം പഠിപ്പിക്കാനും ലക്ഷക്കണക്കിന് ആളുകള്‍ക്കു തൊഴില്‍ നല്‍കാനും ഈ ആഗോളകമ്പനിയുടെ സാന്നിധ്യം ഇന്ത്യയില്‍ അനിവാര്യമാണെന്നു വാദിക്കുന്നവരോട് ഒരു ചോദ്യം. ഏതാണ്ട് 21,60,000 കോടി രൂപയുടെ ഇന്ത്യന്‍ ചില്ലറവിപണി 400 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുന്നു. വാള്‍മാര്‍ട്ടിന്‍റെ വാര്‍ഷിക വിറ്റുവരവ് 22,78,000 കോടിരൂപ വരും. പക്ഷേ, അവരുടെ എല്ലാ കടകളിലുമായുള്ള ജോലിക്കാരുടെ എണ്ണം 21 ലക്ഷംമാത്രമാണ്. ഇത്ര കുറച്ച് ആളുകളെവച്ച് കച്ചവടം നടത്തുന്ന വാള്‍മാര്‍ട്ടാണ്, ഇന്ത്യയില്‍ ലക്ഷക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കാന്‍ പോകുന്നതെന്ന് വാള്‍മാര്‍ട്ടിന്‍റെ ഇന്ത്യയിലെ രാഷ്ട്രീയ ഏജന്‍റുമാര്‍ പ്രചരിപ്പിച്ച് സാധാരണക്കാരെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്.
(കടപ്പാട്:വര്‍ക്കേഴ്സ് ഫോറം, ബ്ലോഗ് ലേഖനം)