news-details
കവിത

ക്ലാസ്സു തുടങ്ങെ, കഥയൊന്നു കേള്‍ക്കുവാന്‍
കാതുകൂര്‍പ്പിച്ചു കിടാങ്ങളിരിക്കയായ്...
ഒച്ചകളൊട്ടിട ചുണ്ടുപൂട്ടീടവേ
ടീച്ചര്‍ പറഞ്ഞുതുടങ്ങുകയായ് കഥ:

"കാലമൊട്ടേറെ മുമ്പാണ്; മിത്രങ്ങളായ്
കാലുഷ്യമേതുമില്ലാതെ കഴിഞ്ഞവര്‍;
ഒന്ന് മണ്‍കട്ട; പിന്നൊന്ന് കരിയില;
തീര്‍ത്ഥയാത്രയ്ക്കു തിരിച്ചൊരുനാളവര്‍.
കാതങ്ങള്‍ക്കപ്പുറത്താണു ലക്ഷ്യസ്ഥലം.
കാശിയിലേക്കുള്ള യാത്രയിലാണവര്‍..."

'കാശിയിലേക്കെ'ന്നു കേള്‍ക്കാത്ത താമസം,
കേശവന്‍കുട്ടി തലകുലുക്കീ; റഹീം
ചാഞ്ചല്യമേതുമില്ലാതെഴുന്നേറ്റിട്ടു
ചാടിക്കയറീ കഥയില്‍ പൊടുന്നനേ:
"കാശിയിലേക്കൊന്നുമാവില്ല, ഹജ്ജിനു
പേരെഴും മെക്കയിലേക്കെന്നു നിശ്ചയം..!"
ഒട്ടുനേരം ക്ലാസ്സു നിശ്ശബ്ദമാകവേ
വിട്ടുകൊടുക്കാതെ മാനുവലോതിനാന്‍:
"ആരുപറഞ്ഞു...? വിശുദ്ധ ജെറൂസലേം
നാട്ടിലേക്കാണ,തിനില്ലൊരു സംശയം...!"

പ്രായമെത്താതെ മരിച്ച കഥയുടെ
ഭാരം കരളില്‍ ചുമന്നങ്ങുനില്‍ക്കവേ
ചിന്താകുലം  ടീച്ചറോര്‍ത്തുപോയിങ്ങനെ:
വെണ്‍താളിലാകെപ്പടര്‍ന്നുവല്ലോ മഷി!
* ആശയത്തിനു കടപ്പാട്

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts