'നഗ്നതയുടെ വസ്ത്രം' എന്ന ഒരു രൂപകമുണ്ട്. എല്ലാ നഗ്നതയും ഒരു വസ്ത്രം ധരിച്ചിട്ടുണ്ട്. വസ്ത്രം നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നഗ്നത മറയ്ക്കുമ്പോള്‍ത്തന്നെ നഗ്നതയെ വെളിപ്പെടുത്തുകയും ചെയ്യുന്ന എന്നതാണ് വസ്ത്രത്തിന്‍റെ ഒരു പ്രത്യേകത. ഇത് ചിലപ്പോള്‍ മനസ്സിന്‍റെയോ സമൂഹത്തിന്‍റെയോ സംസ്കാരത്തിന്‍റെയോ നഗ്നതയാവാം. ചില ചരിത്രഘട്ടങ്ങളില്‍ നഗ്നതതന്നെ വസ്ത്രത്തിന്‍റെ പദവിയിലേക്കു വരുന്നുണ്ട്. അതുകൊണ്ട് വസ്ത്രത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയിലും നഗ്നതയ്ക്ക് കടന്നുവരാതിരിക്കാനാവില്ല.
ശരീരത്തെ മൂല്യവിചാരണയ്ക്കു വിധേയമാക്കുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ക്രമത്തിനകത്താണ് 'നഗ്നത' സംഭവിക്കുന്നത്. ലോകത്തെവിടെയും നഗ്നതയെന്ന് ഒരുപോലെ പറയാവുന്ന ഒരു ശാരീരികാവസ്ഥയില്ലെന്നുവേണം കരുതാന്‍. ശരീരത്തെ ശരീരത്തിനുത്തന്നെ എതിര്‍നിര്‍ത്തിക്കൊണ്ടുള്ള ചിന്തകളിലും സദാചാര വിചാരങ്ങളിലുമാണ് ശരീരത്തിന്‍റെ ചിലഭാഗങ്ങള്‍ മറയ്ക്കേണ്ടതും ചിലഭാഗങ്ങള്‍ തുറക്കേണ്ടതു മായി മാറുന്നത്. രാജാവിന്‍റെ നഗ്നത കാണാത്ത പ്രജകളെക്കുറിച്ചുള്ള കഥയുണ്ടല്ലോ. ഭയം ചിലപ്പോള്‍ നഗ്നതയെ ഇല്ലാത്ത വസ്ത്രം കൊണ്ട് പൊതിയും. ആ വസ്ത്രം പിന്നെ സ്വാഭാവികമായിത്തീരുകയും ചെയ്യും. ഏറ്റവും വിലപിടിച്ച വസ്ത്രം ഇല്ലാത്തവസ്ത്രം ആണെന്നാണ് മുന്‍പറഞ്ഞ കഥയില്‍ വരുന്നത്.
വസ്ത്രത്തെക്കാള്‍മുമ്പ് നഗ്നതയാണ് ഉണ്ടായത് എന്ന കാര്യം മറന്നുകൊണ്ടാണ് നാം പലപ്പോഴും ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. വസ്ത്രത്തിനുള്ളതുപോലെ നഗ്നതക്കും ഒരു ചരിത്രവും സാമൂഹികശാസ്ത്രവും രാഷ്ട്രീയവും ഉണ്ട്. ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് റീഡ് (David Reed) നടത്തിയ ചില പഠനങ്ങളില്‍ 70,000 വര്‍ഷങ്ങള്‍ക്കുമുമ്പാണ് മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നു കാണുന്നു. ശീതമേഖലകളിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ് ആദ്യം വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ചില ഡി. എന്‍. എ. പഠനങ്ങള്‍ തെളിയിക്കുന്നത് 170,000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ്. ഡി.എന്‍.എ. പഠനങ്ങളനുസരിച്ച് ആധുനിക മനുഷ്യന്‍റെ കാലം 400,000 -250,000 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. അങ്ങനെയെങ്കില്‍ ഇന്നു കാണുന്ന മനുഷ്യന്‍റെ ശരീരഘടനയുള്ള മനുഷ്യന്‍ ഭൂമിയിലെത്തി രണ്ടു ലക്ഷത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങിയത്. വസ്ത്രത്തിന്‍റെയും നഗ്നതയുടെയും കാലദൂരം കണക്കാക്കിയാല്‍ നഗ്നതയുടെ കാലദൈര്‍ഘ്യമാണ് മുന്നിട്ടുനില്‍ക്കുക. വസ്ത്രമൊന്നും ധരിക്കാതെ അനേകം സംവത്സരങ്ങള്‍ നടന്നതിനുശേഷമാണ് മനുഷ്യര്‍ വസ്ത്രത്തിലേക്കെത്തുന്നത് എന്ന കാര്യം, ഇപ്പോള്‍ ഒരുപക്ഷേ വിഷമിപ്പിക്കുക തുണിമില്ലുടമകളെയും തുണിക്കച്ചവടക്കാരെയുമായിരിക്കും. കാരണം, ഇന്ന് മനുഷ്യശരീരത്തെ അലങ്കരിക്കുന്നതിനും ആവരണം ചെയ്യുന്നതിനുമുള്ള വസ്തുക്കളുടെ ഒരു സമുദ്രംതന്നെ ലോകത്തുണ്ട്. അത് നിരന്തരം വര്‍ദ്ധിച്ചു വരികയും ചെയ്യുന്നുണ്ട്.
ഇന്ന് വസ്ത്രം ഒരു വ്യക്തിക്ക് അയാളുടെ നരവംശശാസ്ത്രപരവും സാമൂഹികവും മതപരവുമായ അസ്തിത്വം വെളിപ്പെടുത്താനുള്ള ചിഹ്നം കൂടിയാണ്. "സാമൂഹിക ചിഹ്നങ്ങളെ പ്രസരിപ്പിക്കാതെ ഒരാള്‍ക്കും വസ്ത്രം ധരിക്കാനാവില്ല. ഓരോ വസ്ത്രവും ഒരു കഥ പറയുന്നു. പലപ്പോഴും, അതു ധരിക്കുന്നയാളെക്കുറിച്ചുള്ള സൂക്ഷ്മമായ ഒരുകഥ," എന്ന് പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനും ജന്തുശാസ്ത്രജ്ഞനുമായ ഡെസ്മണ്ട് മോറീസ് പറയുന്നത് അതുകൊണ്ടാണ്. ഒരാള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നു എന്ന് ധ്വനിപ്പിക്കുന്നത് വസ്ത്രമാണ്. മനുഷ്യരൂപത്തെ ഏറെക്കുറെ വസ്ത്രംധരിച്ച നിലയില്‍ മാത്രമെ ഇന്ന് സങ്കല്പിക്കാന്‍ കഴിയുകയുള്ളൂ. വസ്ത്രം ധരിക്കുന്നതുകൊണ്ടാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വിവരിക്കുന്നത്. ഈയൊരര്‍ത്ഥത്തില്‍ നഗ്നത(nudity) ഒരു വിരുദ്ധാവസ്ഥയാണ്. ആളുകള്‍ക്കുമുന്നില്‍വച്ച് വസ്ത്രമഴിക്കുകയെന്നത് പല സംസ്കാരങ്ങളിലും തരം താഴ്ന്ന ഒരു പ്രവൃത്തിയാണ്. വസ്ത്രമുരിഞ്ഞു കളയുക, നഗ്നരാവുക എന്നത് ഈജിപ്ത്, ബാബിലോണിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യക്കാര്‍ക്ക് ഏറ്റവും തരംതാഴ്ന്ന പ്രവൃത്തിയായിരുന്നു. ഒരാള്‍ വസ്ത്രമുരിഞ്ഞെറിഞ്ഞാല്‍ അയാള്‍ തടവുപുള്ളിയുടെയും വേശ്യയുടെയും അടിമയുടെയും പദവിയിലേക്കു താഴും എന്നായിരുന്നു അവരുടെ വിശ്വാസം.
എന്നാല്‍ ചിത്രകാരന് നഗ്നശരീരത്തിലാണ് എന്നും താല്‍പര്യം. ശരീരത്തെ ആദരിക്കാത്ത ചിത്രകാരന്മാരും ശില്പികളുമുണ്ടായിട്ടില്ല. ഒരു കാലത്ത് റോമിനെക്കുറിച്ചു പറയാറുള്ളത്, റോമില്‍ രണ്ടുതരം പൗരന്മാരുണ്ട് എന്നാണ്. ഒന്ന് ജീവനുള്ള മനുഷ്യര്‍, മറ്റൊന്ന് ശില്പികള്‍ കരിങ്കല്ലിലും മാര്‍ബിളിലും തീര്‍ത്ത മനുഷ്യര്‍. ഈ മനുഷ്യര്‍ പൂര്‍ണ്ണനഗ്നരോ അര്‍ദ്ധനഗ്നരോ ആയിരുന്നു.
പുരാതന ഗ്രീക്കുകാര്‍ നഗ്നത അപമാനകരമായി കണ്ടിരുന്നില്ല. ആഘോഷവേളകളില്‍ അവര്‍ കൂട്ടത്തോടെ നഗ്നരായി ഉല്ലസിച്ചിരുന്നു. ഇന്നും ഇത് പലനിലയില്‍ തുടരുന്നുണ്ട്. ആഹ്ലാദത്തിന് ഒരു പ്രത്യേകതയുണ്ട്. ആഹ്ലാദത്തിന്‍റെ നിമിഷത്തില്‍ ഒരു കുട്ടിയും മുതിര്‍ന്നയാളും വസ്ത്രം ഉരിഞ്ഞെറിയാനാണ് ആഗ്രഹിക്കുക. കുട്ടി ഈ ആഗ്രഹം ചിലപ്പോള്‍ വേഗം നടപ്പിലാക്കും. മുതിര്‍ന്നയാള്‍ക്ക് ഈ ആഗ്രഹം സ്വയം അടിച്ചമര്‍ത്തേണ്ടിവരും. ഒടുവില്‍ ഒരു ഉന്മാദാവസ്ഥയില്‍ സദാചാര ഭയങ്ങളൊന്നുമില്ലാതെ ഈ ആഗ്രഹം പുറത്തുവന്നെന്നും വരും. അപ്പോഴാണ് ഒരാള്‍ ഉടുപുടവകളെല്ലാം സന്തോഷപൂര്‍വ്വം ഉരിഞ്ഞെറിയുക.
ആള്‍ക്കൂട്ടം പലപ്പോഴും മനുഷ്യന്‍റെ പ്രാഥമിക ഭാവങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നഗ്നനൃത്തം ചെയ്യുന്ന ഒരാള്‍ക്കൂട്ടം സദാചാരനിയമങ്ങളുടെയൊന്നും ബാദ്ധ്യതയില്ലാത്ത അനാഗരികനായ ഒരു മനുഷ്യനെയാണ് പിന്തുടരുന്നത്. ആള്‍ക്കൂട്ടം ഒരു ഉന്മാദിയെയോ ശിശുവിനെയോ ആണ് പലപ്പോഴും പ്രതിനിധീകരിക്കുക.
ഗ്രീക്കുകാരെക്കുറിച്ചു പറഞ്ഞുവല്ലോ. ഗ്രീക്കുകാര്‍ക്ക് നഗ്നത പ്രഭുത്വത്തിന്‍റെയും കായികശക്തിയുടെയും വിജയത്തിന്‍റെയും ചിഹ്നമായിരുന്നു. നഗ്നത ആഢ്യത്വത്തിന്‍റെ ചിഹ്നമായി മറ്റു പല രാജ്യങ്ങളിലും വന്നിട്ടുണ്ട്. 1930കള്‍ക്കു മുമ്പുള്ള കേരളത്തില്‍ പല സമുദായത്തിലെയും സ്ത്രീകള്‍ക്ക് മാറുമറയ്ക്കുകയെന്നതായിരുന്നു നാണക്കേട്, നഗ്നത സ്വാഭാവികമായിരുന്നു. വസ്ത്രം ധരിക്കുന്നതായിരുന്നു അസ്വാഭാവികം. അസ്വാഭാവികതയാണ് ആളുകളെ പ്രതിസന്ധിയിലെത്തിക്കുക. കക്ഷത്ത് ഒരു കുമ്പളങ്ങയുംവച്ച് കുപ്പായമിടാതെ നടന്നുപോകുന്ന കാരണവന്മാര്‍ കേരളത്തിലെ ഒരു പതിവുകാഴ്ചയായിരുന്നു. വരമ്പത്തുനിന്ന് പണിയെടുപ്പിക്കുന്ന ജന്മിയുടെ ഒരു പ്രധാന യോഗ്യത കുപ്പായമിട്ടിട്ടുണ്ടാവില്ല എന്നതായിരുന്നു. ഒരു മുണ്ടുമടക്കി തോളത്തിട്ടാല്‍ ആള്‍ പരമയോഗ്യനായി. മുണ്ട് കാറ്റില്‍ പറന്നുപോവുകയോ മറ്റോ ചെയ്താല്‍ യോഗ്യതയും താല്ക്കാലികമായി പറന്നുപോകും. അതുകൊണ്ട് മുണ്ട് പറന്നുപോകാതിരിക്കാന്‍ ഒരു കണ്ണ് എപ്പോഴും അതിനു മുകളില്‍ ഉണ്ടായിരിക്കും.
നാം ആത്മീയമെന്നോ ലാവണ്യപരമെന്നോ പറയുന്ന പലതിനെയും അനുഭവതലത്തിലേക്കു കൊണ്ടുവരാന്‍ ചില ഭൗതികാനുഭവങ്ങളുടെ ഓര്‍മ്മകള്‍ ഉള്ളിലുണ്ടാവണം. ഉദാഹരണത്തിന്, 'ഞാന്‍ ആ കലാപരിപാടി ആസ്വദിച്ചു' എന്നുപറയാന്‍ ഭക്ഷണത്തിന്‍റെ ആസ്വാദ്യതയുമായി ബന്ധപ്പെട്ട ഒരു ഭൗതികാനുഭവതലം ഉണ്ടായിരിക്കണം. 'അത് വായിക്കാന്‍ നല്ല രസമുണ്ട്' എന്നു പറയുമ്പോള്‍ രസാനുഭൂതി പ്രധാനമായി വരുന്നു. ആ അനുഭൂതി ഒരു വ്യക്തിക്ക് ആദ്യമായി ലഭിച്ചിട്ടുള്ളത് ഭക്ഷണത്തില്‍നിന്നാണ്. അതുപോലെ, വസ്ത്രം, നഗ്നത എന്ന ദ്വന്ദ്വം പലപ്പോഴും ആശയാനുഭവങ്ങളെ വിവരിക്കാനും ഉപയോഗിക്കേണ്ടി വരും. 'നഗ്നസത്യം' എന്ന വാക്ക് ഇപ്രകാരമാണുണ്ടായത്. ശരീരത്തിന്‍റെ നഗ്നത എന്ന അനുഭവമില്ലെങ്കില്‍ 'സത്യം' എന്ന അമൂര്‍ത്തതയെ ഭൗതികമായി വിവരിക്കാനാവില്ല. ഏത് അമൂര്‍ത്തതയേയും മൂര്‍ത്തതയായി ഉള്‍ക്കൊള്ളാനേ മനുഷ്യമനസ്സിനു കഴിയൂ. അരൂപികളെയെല്ലാം രൂപികളായാണ് മനസ്സ് ഉള്‍ക്കൊള്ളുക.
കാഴ്ച വ്യക്തമാവുന്നത് നഗ്നതയിലാണെന്ന ഒരു സങ്കല്പം ഗ്രീസിലുണ്ടായിരുന്നു. സത്യം ഒരു ദൃശ്യ യാഥാര്‍ത്ഥ്യ(Visual Precision)മാണെന്ന ധാരണയില്‍നിന്നാണ് ഇതുണ്ടാകുന്നത്. സത്യം ഒരിക്കല്‍ കണ്ടാല്‍ പോര നിരന്തരം കണ്ടുകൊണ്ടിരിക്കണം, എപ്പോഴും കൈകാര്യം ചെയ്യാന്‍ കഴിയുന്നതായിരിക്കണം എന്ന ഒരു വിശ്വാസവും മനുഷ്യനുണ്ട്. അതുകൊണ്ടാണ് ടെലിവിഷന്‍ ദൃശ്യങ്ങളെക്കാള്‍, സത്യത്തിന്‍റെ തലത്തില്‍ പത്രങ്ങള്‍ക്കും അച്ചടിച്ച ദൃശ്യങ്ങള്‍ക്കും പ്രാധാന്യം വന്നുചേരുന്നത്. അതുകൊണ്ട് സത്യത്തെക്കുറിച്ചു പറയുമ്പോള്‍ ഞാനതു കണ്ടിട്ടില്ല, അതുകൊണ്ട് വിശ്വസിക്കുന്നില്ല എന്നായിരിക്കും നിങ്ങള്‍ പറയുക. അമൂര്‍ത്തതയില്‍ വിശ്വസിക്കാതെ, കണ്ടതില്‍, അഥവാ മൂര്‍ത്തതയില്‍ മാത്രം വിശ്വസിക്കുകയെന്നത് പ്രാഥമികമായി മൃഗസ്വഭാവത്തില്‍നിന്ന് അധികം മോചനം പ്രാപിക്കാത്ത മനുഷ്യന്‍റെ മാനസികഭാവങ്ങളില്‍ ഒന്നാണെന്നും ഓര്‍ക്കണം.
അനശ്വരമായ രൂപങ്ങള്‍(eternal forms) എല്ലാം അന്തിമമായി ബുദ്ധിപരമായ കാഴ്ചയ്ക്ക് വിഷയമാണ് എന്നതായിരുന്നു ഗ്രീക്ക് സങ്കല്പം. ഈ നിലയില്‍ നോക്കിയാല്‍ ജ്ഞാനത്തിന്‍റെ എല്ലാ പ്രക്രിയകളിലും വസ്തുവിന്‍റെ ഒരു അനാവരണം ചെയ്യല്‍ (An unveiling of the object)ഉണ്ട്. അതുകൊണ്ട് കള്ളം അഥവാ അസത്യം ഒരു ആച്ഛാദനവും സത്യം അനാച്ഛാദനവും ആണ്. സത്യം തുറന്നുപറയുക എന്നാണ് പറയുക. വസ്ത്രമുരിയുന്ന ദൃശ്യത്തില്‍നിന്നാണ് ഈ വാക്കും സങ്കല്പവും അനുഭവവും ഉണ്ടായിട്ടുള്ളത്. ഈയൊരു വഴിയിലൂടെ ആലോചിച്ചാല്‍ വസ്ത്രം ഒരു കള്ളവും, നഗ്നത സത്യവുമാണെന്ന് വരുന്നു. വസ്ത്രം ധരിക്കുകയെന്നാല്‍ സത്യത്തെ മൂടുകയെന്നാണ് അര്‍ത്ഥമെന്നു വരുന്നു.
തത്ത്വം (Theory)എന്നത് 'തെയോറിയ' (Theoria) എന്ന ഗ്രീക്ക് വാക്കില്‍ നിന്നുണ്ടായിട്ടുള്ളതാണല്ലോ. 'തെയ'(Thea) എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം കാണല്‍ (seeing) എന്നാണ്. 'ഹോറ'(hora) എന്ന വാക്കിനര്‍ത്ഥം ചിന്ത, ഉത്കണ്ഠ, തിടുക്കം, ശ്രദ്ധ എന്നൊക്കെയാണ്. Thea, hora എന്നീ വാക്കുകള്‍ ചേര്‍ന്നാണ് "Theoria" ഉണ്ടായിട്ടുള്ളത്. ശ്രദ്ധിച്ചു കാണല്‍, വ്യക്തമായി കാണല്‍ എന്നൊക്കെയാണ് 'തിയറി' കൊണ്ട് ഗ്രീക്കുകാര്‍ ഉദ്ദേശിച്ചിട്ടുള്ളത്. വ്യക്തമായി കാണുകയെന്നാല്‍ വസ്ത്ര (അസത്യം) ത്തിന്‍റെ തടസ്സമില്ലാതെ കാണുകയെന്നാണ്. കാരണം, കള്ളം വസ്ത്രധാരിയും, സത്യം നഗ്നനുമാണ് ഗ്രീക്കുകാര്‍ക്ക്. ഇതിനു സമാനമായ ചിന്തകള്‍ ഭാരതത്തിലും ഉണ്ട്.
ഗ്രീക്കു പ്രതിമകളുടെ നഗ്നത ഈയൊരര്‍ത്ഥത്തില്‍ പല അതിഭൗതിക ധ്വനികളും ഉള്‍ക്കൊള്ളുന്നുണ്ട്. മനുഷ്യശരീരത്തിന്‍റെ ആദര്‍ശാത്മക രൂപമാണത്. അതൊരിക്കലും കാമപര (erotic) മല്ല.
പല സംസ്കാരങ്ങളിലെയും പ്രവചനാത്മക സ്വപ്നങ്ങളില്‍ നഗ്നതക്ക് സമാനമായ അര്‍ത്ഥമാണ് കല്പിച്ചിട്ടുള്ളത്. വസ്ത്രം ധരിക്കാതെ ഓടുന്നതായുള്ള സ്വപ്നങ്ങള്‍ പല രാജ്യങ്ങളിലും ഐശ്വര്യത്തെയാണ് സൂചിപ്പിക്കുന്നത്.