news-details
കവിത

സൗഹൃദങ്ങളെ കുറിച്ച് ചില ദുഷ് പാഴ് സുരഭില ചിന്തകള്‍

പ്രിയ കൂട്ടുകാരാ,
എന്‍റേതായുള്ളതൊന്നും നിനക്കും
നിന്‍റേതായുള്ളതൊന്നും എനിക്കും
അശേഷം വേണമെന്നില്ലാത്ത സ്ഥിതിക്ക്
നമുക്കിനിയും നല്ല
സുഹൃത്തുക്കളായി തുടരാം.
എന്‍റെ സമയം
എന്‍റെ പണം
എന്‍റെ തൊടിയിലെ ഫലങ്ങള്‍
എന്‍റെ ചാരുകസേര
വേലികെട്ടി തിരിച്ച എന്‍റെ പൂന്തോട്ടത്തിലെ പൂക്കള്‍
ഒന്നും നിനക്കു വേണ്ടാത്ത സ്ഥിതിക്ക്, സുഹൃത്തേ
എത്രകാലം വേണമെങ്കിലും നമുക്കിനിയും
സുഹൃത്തുക്കളായി തുടരാം.
വളര്‍ന്നുവരുന്ന നമ്മുടെ മക്കള്‍
രണ്ട് ജാതിയില്‍ പിറന്നവരായതിനാലും
വളരുമ്പോള്‍ നമ്മള്‍ അവരെ
ആണ്‍കുട്ടിയും പെണ്‍കുട്ടിയുമായി
വളര്‍ത്തുമെന്നതിനാലും, സുഹൃത്തേ,
നമുക്കിനിയും നല്ല സുഹൃത്തുക്കളായി തുടരാം.
എന്‍റെ ഭാര്യക്ക് എന്നെയും
നിന്‍റെ ഭാര്യക്ക് നിന്നെയും
ഭയങ്കര വിശ്വാസമായതുകൊണ്ട്
നമുക്കിനിയും സുഹൃത്തുക്കളായി തുടരാം.
എന്‍റെ ശമ്പളവും നിന്‍റെ ശമ്പളവും
ഏകദേശം തുല്യമായതിനാലും
എന്‍റെ കാറും നിന്‍റെ കാറും
പുതിയതായതിനാലും
ഞാന്‍ അവള്‍ക്കു ചുരിദാറു വാങ്ങുമ്പോഴൊക്കെ
നീ അവള്‍ക്ക് സാരി വാങ്ങുമെന്നുള്ളതിനാലും
നമ്മുടെ ഭാര്യമാരും, ഭാവിയില്‍
നല്ല സുഹൃത്തുക്കളായി തുടരുമെന്ന്
നമുക്കാശിക്കാം.
എന്‍റെ ഉപ്പയും നിന്‍റെ അച്ഛനും
നല്ല മഹിമയുള്ള തറവാട്ടില്‍
പിറന്നവരാകയാലും
പണ്ട് ആനപ്പുറത്ത് കയറിയതിന്‍റെ തഴമ്പ്
ചന്തിയില്‍ ആവിശ്യത്തിലേറെ ഉള്ളതിനാലും
ഇരുവരും നല്ല സുഹൃത്തുക്കളാവാനെ
തരമുള്ളൂ. ആയതിനാല്‍, സുഹൃത്തെ
നമ്മുടെ സൗഹൃദം ഇനിയും വിടര്‍ന്ന് പരിലസിക്കും.
നമ്മള്‍ രണ്ടാളും വലതിടതു വ്യത്യസ്ത
വീക്ഷണമുള്ളവരാകയാല്‍
അഞ്ചഞ്ച് വര്‍ഷം ഇടവിട്ട്,
നമുക്ക് പരസ്പരം സഹായിക്കാമെന്നതിനാല്‍
സുഹൃത്തേ, നമ്മുടെ സൗഹൃദം
വരുംകാലങ്ങളിലും വളരുകയേ ഉള്ളൂ
എന്നാണെന്‍റെ പ്രതീക്ഷ.
പക്ഷേ, എല്ലാറ്റിനുമൊരു കണക്ക് വേണം നമുക്ക്.
വരുന്ന പെരുന്നാളിന്
ഞാന്‍ നിന്നെ എന്‍റെ വീട്ടിലേക്ക്
സകുടുംബം ക്ഷണിക്കുമ്പോള്‍,
നീ എന്നെ, അടുത്ത് തന്നെ വരുന്ന
ഓണത്തിന്, സകുടുംബം ക്ഷണിക്കാന്‍
മറന്നു പോകരുതേ...
എല്ലാറ്റിനും വേണമൊരു കണക്ക്.


ഉദാഹരണത്തിന്,
എന്‍റെ പെണ്‍കുഞ്ഞിനെ നീ ലാളിക്കുന്നതിന്
അതല്ല, ആണ്‍കുഞ്ഞിനെയാണെങ്കിലും
ഒരു പരിധി വേണം.
മറ്റൊന്നും വിചാരിക്കരുത്
അധികം ലാളിച്ചാല്‍ കുട്ടികള്‍
വഷളാവുമെന്ന് നിനക്കും അറിയാവുന്നതാണല്ലോ.
ഞാന്‍ നിന്‍റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
നീ എന്‍റെ ഭാര്യയോട് പറയുന്ന തമാശകള്‍ക്കും
ഒരു പരിധിയുള്ളത് നല്ലതാണ്.
ഏത് വളിപ്പുകേട്ടാലും തലയറഞ്ഞ് ചിരിക്കല്‍
പണ്ടേ എന്‍റെ ഭാര്യയുടെ സ്വഭാവമാണെന്ന്
നിനക്കറിയാവുന്നതാണല്ലൊ.
മദ്യപിക്കുമ്പോള്‍ മാത്രം
നീയെന്നെ കെട്ടിപ്പിടിക്കുകയോ
സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്യുകയോ
ചെയ്തുകൊള്ളൂ. അല്ലാത്തപ്പോള്‍,
അന്യന്‍റെ വിയര്‍പ്പ് എനിക്കെന്തു മാത്രം
അസഹ്യമാണെന്ന്
പലപ്പോഴും നിന്നോട് പറഞ്ഞിട്ടുള്ളത്
നീ മറന്നു പോകില്ലല്ലോ.
മദ്യപിച്ചു മദ്യപിച്ച് വിവശരാകുന്ന രാത്രികളില്‍
മദ്യപിച്ച് മദ്യപിച്ച് നമ്മള്‍ നിസ്വാര്‍ത്ഥമതികളും
ആദര്‍ശവാദികളും യുക്തിവാദികളുമാകുന്ന വേളകളില്‍,
ഞാനെന്‍റെ മതത്തെ വിമര്‍ശിച്ചെന്നിരിക്കാം.
പക്ഷേ, അല്ലാത്ത സമയങ്ങളില്‍
പാകിസ്ഥാനെക്കുറിച്ചും എന്‍. ഡി. എഫിനെക്കുറിച്ചും
നീ പറയുന്ന കമന്‍റുകള്‍
എനിക്കസഹ്യമാണെന്ന് പറഞ്ഞുകൊള്ളട്ടേ.
ഒരു ഹിന്ദുരാജ്യമായ നേപ്പാളിനെ കുറിച്ചോ
ആര്‍. എസ്. എസിനെ കുറിച്ചോ ഞാന്‍
എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ...?
അതാണ് മതസഹിഷ്ണുത മതസഹിഷ്ണുത
എന്നു പറയുന്നത്. അല്ലാതെ പേടി കൊണ്ടല്ല.
ഹാ, എത്ര ഉദാത്തവും സ്നേഹസുരഭിലവും
പരസ്പര പൂരകവും അനന്യവുമാണ് നമ്മുടെ ഈ സൗഹൃദം.
ഇതെന്നും നിലനില്ക്കുമായിരുന്നെങ്കില്‍...
നായിന്‍റെ മക്കള്‍
കടലു കടക്കാന്‍
വിസ കിട്ടാത്ത ദുഃഖത്താല്‍
ഒരു നായ
വെള്ളം കിട്ടാതെ
നാട്ടിലെ നടുക്കടലില്‍ വീണു ചത്തു.
വിസ കിട്ടി അക്കരപറ്റിയ
മറ്റൊരു നായ,
തികട്ടി വന്ന കൊര
തൊണ്ടയില്‍ കുരുങ്ങി
മരുഭൂമിയില്‍ക്കിടന്നു ചത്തു.
കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍
കാശില്ലെന്നു കരഞ്ഞ പെണ്ണിനോട്,
പെങ്ങളെ പെഴപ്പിച്ച അയലോക്കത്തെ സഖാവിനെ
കണ്ണിറുക്കി കാട്ടി കാര്യം സാധിക്കാന്‍
ഫോണില്‍ പറഞ്ഞ്,
ഇന്നലെ രാത്രി മറ്റൊരു നായ
അവന്‍റെ അക്കോമടേഷനില്‍
തൂങ്ങിച്ചത്തു.
കള്ളിലും സ്വയംഭോഗത്തിലും
ആശ്വാസം കിട്ടാതെ
ഭ്രാന്ത് വന്ന
മറ്റൊരു നായ്ക്ക്
ഇമിഗ്രേഷനില്‍ നിന്നും
ലൈഫ് ബാന്‍.
നിന്‍റമ്മക്കെന്തു പതിനാറടിയന്തിരം?
നിന്‍റച്ഛനെന്തിനു ഊന്നുവടി..?
നിന്‍റെ മോനെന്തിനു നിന്‍റെ ചെറുവിരല്‍?
നിന്‍റെ പെണ്ണിനെന്തിനു നിന്‍നെഞ്ചിന്‍ ചൂട്...?
സമര്‍പ്പണം: പന്ത്രണ്ട് വര്‍ഷത്തെ പ്രവാസത്തിനൊടുവില്‍ തികച്ചും മൗനിയായി നാട്ടില്‍ തിരിച്ചെത്തിയ അവന്.
നിന്‍റെ ചുംബത്തിനപ്പുറം കരഞ്ഞുപോയത്
ആരോടും
വെറുപ്പില്ലാത്തതിനാലാവണം
നിന്നെ മാത്രമായി
സ്നേഹിക്കാന്‍
കഴിയാതെ പോയത്.
അപരിചിതരുടെയും
അടുപ്പമില്ലാത്തവരുടെയും
വിയര്‍പ്പിന്‍റെ ഗന്ധം
ഇഷ്ടമില്ലാത്തതിനാലാവണം
ജീവിതം മുഴുവന്‍
വിയര്‍ത്തു തീര്‍ക്കുന്നത്.
പൂക്കളും പുഴയും
മോഹിക്കാത്തതിനാലാവണം
ജീവിതം കൊണ്ടവാറെ
മരുഭൂമി കാണേണ്ടിവന്നത്.
കാഞ്ഞിരംപോലെ ബാല്യം
കയ്ച്ചതിനാലാവണം
കൈയിലൊരു
താരാട്ടുപോലുമില്ലാത്തത്.
പൂര്‍വ്വജന്മത്തിലൊന്നും
പ്രണയമില്ലാത്തതിനാലാവണം
എല്ലാ പ്രണയകവിതകളും
അശ്ലീലമായിത്തോന്നുന്നത്.
കരയില്ലെന്നും കാലുപിടിക്കില്ലെന്നും
തോന്നിയതിനാലാവണം
എല്ലാ ദൈവങ്ങളും
വെറുത്തു പോയത്.
കനലില്‍ കാല് ചവുട്ടി
നില്‍ക്കുന്നതിനാലാവണം
ശ്വാസകോശം പുകഞ്ഞ്
തീരുന്നതറിയാതെ പോകുന്നത്.
ഓര്‍ത്തു വേവുന്ന പലതും ഒറ്റയടിക്കു
കുത്തിയൊലിച്ചു പോന്നതിനാലാവണം
നിന്‍റെ ചുംബനത്തിനപ്പുറം
ഞാന്‍ കരഞ്ഞുപോയത്.

ഒരു നല്ല പെണ്ണുപിടിയനാവാന്‍
ഒരു നല്ല പെണ്ണുപിടിയനാവാന്‍
ഒരുപാട് കടമ്പകളുണ്ട്.
ഇരയുടെ മാംസളതയിലായിരിക്കരുത് കണ്ണ്,
കണ്ണിലെ തിരയിളക്കത്തിലായിരിക്കണം.
കഥ പറയണം. കവിത ചൊല്ലണം,
കാര്‍വര്‍ണ്ണനാകണം.
പാട്ട് പാടണം. പോട്ടേന്ന് വെക്കണം
പൊട്ടിച്ചിരി ചിരിക്കണം.
ചിത്രം വരക്കണം. ചിന്ത പെരുക്കണം
ചിത്തം മെരുക്കണം.
നേരെ നോക്കുന്ന ധീരനാവണം
ചെരിഞ്ഞു നോക്കുന്ന കള്ളനാവണം.
ത്യാഗിയാവണം, താങ്ങാവണം
തനിക്കുമാത്രമാക്കണം.
കരയണം, കാലില്‍ പിടിക്കണം,
കാണാക്കുരുക്കില്‍ പെടുത്തണം.
എല്ലാം തരമ്പോലെ വേവണം,
ഏതു പരിപ്പും എവിടെയും വേവണം.
താജ്മഹലുണ്ടെന്നു തട്ടിമൂളിച്ചേക്കണം
ഇട്ടു മൂടിയേക്കണം ശവകുടീരങ്ങളില്‍.
കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
പത്തുസെന്‍റു നിലവും
ചെത്തിത്തേക്കാത്ത ഒരു വീടുമായിരുന്നു
ഉപ്പയുടെ ആകെയുള്ള സമ്പാദ്യം.
വീടിന്‍റെ ചുറ്റും കൊത്തിക്കിളച്ച്
നാലു മൂട് കപ്പ വെച്ചാലോ പാത്തൂ-യെന്ന്
വെറുതേയിരിക്കുന്ന ചില വൈകുന്നേരങ്ങളില്‍
ഉപ്പ ഇടക്കിടെ ആവേശവാനാകും
(ടിപ്പുവിന്‍റെ പടയോട്ടം കടന്നു പോയ നാടാണു ഞങ്ങളുടേത്. പൊട്ടായോ പൊടിയായോ വല്ലതും തടഞ്ഞാലോ എന്നാവും ഉള്ളില്‍)
ബയ്യാത്ത പണിക്കു പോയി
ഇങ്ങളു വെറുതെ എടങ്ങേറക്കല്ലേ മനുഷ്യാ-യെന്നു
ഉമ്മയുടെ സ്ഥിരം മറുപടി.
ചരിത്രം പഠിച്ചിട്ടില്ല എന്‍റെ ഉമ്മ,
ചരിത്രം എന്നും പാഠം പഠിപ്പിക്കുന്നത്
ഉമ്മമാരെയാണെങ്കിലും.
എനിക്കും ആകെയുള്ളത്
പത്ത് സെന്‍റു നിലവും
ചെത്തിത്തേക്കാത്ത ഈ വീടുമാണ്.
നാലുമൂട് കപ്പ നടണമെന്ന്
എനിക്കുമുണ്ട് തികട്ടി വരുന്ന ഒരാശ.
ഒരുപക്ഷേ കുഴിച്ച് കുഴിച്ച് ചെല്ലുമ്പോള്‍
എനിക്കു കിട്ടുന്നത്
ടിപ്പുവിനും വളരെക്കാലം മുന്‍പ് നടന്ന
പഴയൊരു പടയോട്ടക്കാലത്തെ,
മണ്‍മറഞ്ഞുപോയൊരു
ബുദ്ധപ്രതിമയാണെങ്കിലോ..?

(അസ്സീസി 2011 ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്)

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts