ഓരോ തിരുനാളാഘോഷത്തിനും കൊടിയിറങ്ങുമ്പോള്‍ അടുത്ത തിരുനാള്‍ എപ്രകാരം കൂടുതല്‍ മോടിയായി നടത്താം എന്നാണ് തീരുമാനമെടുക്കുന്നത്. ഓരോ തലമുറയും പിന്‍തലമുറക്കാര്‍ കൂദാശകള്‍ ആഘോഷിച്ചതില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ വര്‍ണ്ണാഭമായ രീതിയില്‍ എങ്ങനെ ഭാവിയില്‍ അടിച്ചുപൊളിച്ചാഘോഷിക്കാമെന്നാണ് ചിന്തിക്കുന്നത്. ആഘോഷങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ആര്‍ഭാടവും ധൂര്‍ത്തും വര്‍ദ്ധിക്കുന്നതനുസരിച്ച് അവയുടെ ആത്മീയചൈതന്യം കെട്ടടങ്ങുന്നു എന്നതാണ് വസ്തുത. "നിങ്ങളുടെ അമാവാസികളും ഉത്സവങ്ങളും... എനിക്കു ദുസ്സഹമായിരിക്കുന്നു" (ഏശയ്യാ 1:15-16) എന്ന് ഏശയ്യാപ്രവാചകന്‍ ഇസ്രായേല്യരെ നോക്കിപ്പറയുന്നത് ഉപഭോക്തൃസംസ്കാരത്തിനിരകളായിക്കൊണ്ടിരിക്കുന്ന ആധുനികസഭാതനയരായ നമുക്കും ഈ കാലഘട്ടത്തില്‍ ബാധകമായിത്തീര്‍ന്നിരിക്കുന്നു.
ദാരിദ്ര്യത്തിന്‍റെ വഴികളെ ശ്ലാഘിക്കുന്നതും സമ്പാദ്യങ്ങള്‍ക്കടിപ്പെടുന്ന ദുശ്ശീലങ്ങള്‍ക്കെതിരെ ശക്തമായി ആഞ്ഞടിക്കുന്നതുമായ സമീപനമാണ് ബൈബിളിലാകമാനം കാണുന്നത്. എന്നാലത് എല്ലാറ്റിനെയും നിഷേധിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. മറിച്ച് ആവശ്യാനുസരണം മാത്രം ഉപയോഗിക്കുന്നതാവണം. വസ്തുവകകളെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിച്ചു നിത്യദാരിദ്ര്യത്തിന്‍റെ വഴി അവലംബിക്കുന്നത് സന്ന്യാസത്തിന്‍റേതാണ്. ദൈവം സൃഷ്ടിച്ചതെല്ലാം നല്ലതെന്നു അവിടുന്നു കണ്ടു (ഉല്‍1:25). അതിനാല്‍ സൃഷ്ടവസ്തുക്കളുടെ ക്രമാനുഗതമായ ഉപയോഗം ഇസ്രായേലില്‍ അനുവദനീയമായിരുന്നു. അതേ സമയം ധാര്‍മ്മികനിയമത്തിന് ഏറെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ഒരുവന്‍ അപരനെ അപകടപ്പെടുത്തിയോ ദ്രോഹിച്ചോ സ്വത്ത് സമ്പാദിക്കുന്നത് അന്യായമായി കരുതിപ്പോരുന്നു. പ്രവാചകന്മാര്‍ ശക്തമായ ഭാഷയില്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നതായി കാണാം. പാവപ്പെട്ടവര്‍ക്കും വിധവകള്‍ക്കും അപരിചിതിര്‍ക്കും ഒരുവനു തനിക്കുള്ളവ പങ്കുവയ്ക്കാനായില്ലെങ്കില്‍ അത് ഗൗരവമായ ഒരു തിന്മയായി കരുതിപ്പോന്നു. സമൃദ്ധി ദൈവാനുഗ്രഹത്തിന്‍റെ അടയാളമായിരുന്നതിനാല്‍ ഉള്ളതു പങ്കുവയ്ക്കുന്നത് ദൈവകല്പനകള്‍ അനുസരിക്കുന്നതിന്‍റെ ഭാഗമായി മനസ്സിലാക്കേണ്ടതാണ്. പുതിയനിയമത്തില്‍ യേശുവിന്‍റെ സമീപനം സ്നാപകയോഹന്നാന്‍റേതില്‍നിന്നു വ്യത്യസ്തമായിരുന്നു. നല്ല ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതും പാനീയങ്ങള്‍ കുടിക്കുന്നതും ഒരു കുറവായല്ല അവിടുന്നു കണ്ടത്. എന്നാല്‍ സമ്പത്തിന്‍റെ ലൗകികാകര്‍ഷണങ്ങളില്‍ അകപ്പെടുന്നതിന് അദ്ദേഹം എതിരായിരുന്നു. ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എന്നു പറയുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതുകൊണ്ടാണ്.
ഉപഭോക്തൃസംസ്കാരം മുന്നോട്ടുവയ്ക്കുന്നതില്‍നിന്നു തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടായിരുന്നു വഴിയും സത്യവും ജീവനുമായ ക്രിസ്തുനാഥന്‍റേത്. വസ്തുക്കളും സമ്പാദ്യങ്ങളും ആയിരുന്നില്ല ആദ്യക്രൈസ്തവസമൂഹത്തിന്‍റെ മുതല്‍ക്കൂട്ട്. എല്ലാം പൊതുവായിക്കരുതി ഏറെ സന്തോഷത്തോടും ഹൃദയലാളിത്യത്തോടും ഏകോദരസഹോദരരായി ജീവിക്കുവാന്‍ അവരെ പ്രേരിപ്പിച്ചത് ക്രിസ്തുനാഥന്‍റെ ജീവിക്കുന്ന സാന്നിധ്യമായിരുന്നു. വസ്തുക്കള്‍ക്കതീതമായി ദൈവത്തെ കാണാനും സ്നേഹിക്കുവാനും കഴിയുമാറ് അവരുടെ ഹൃദയങ്ങള്‍ ദൈവാനുഭവത്തിന്‍റെ ഈറ്റില്ലങ്ങളായി മാറി. ഇമ്മാനുവേലായ ദൈവം എപ്പോഴും കൂടെയുണ്ടെന്നുള്ള തിരിച്ചറിവ് അവര്‍ക്കു പ്രചോദനമായി. അതുകൊണ്ടവര്‍ എല്ലാം മറന്നു പങ്കുവയ്ക്കാനും സ്വര്‍ഗ്ഗസൗഭാഗ്യമനുഭവിക്കാനും തയ്യാറായി.
ദൈവത്തെയും ദൈവരാജ്യത്തെയുംപ്രതി, സര്‍വ്വതും പൂഴിയാണ് എന്നു മനസ്സിലാക്കുവാനുള്ള മാനസികാവസ്ഥയല്ല കമ്പോളമൂല്യങ്ങള്‍ കൊടികുത്തിവാഴുന്ന കുടുംബങ്ങളില്‍ ഇന്നു കാണുന്നത്. ആളും അര്‍ത്ഥവുമുള്ളവര്‍ നിലനില്‍ക്കുന്നതും, പാവപ്പെട്ടവരും ആര്‍ത്തരും ആലംബഹീനരുമൊക്കെ പുറംതള്ളപ്പെടുന്നതുമായ സങ്കടകരമായ കാഴ്ചയാണ് ഉപഭോക്തൃസംസ്കാരത്തിന്‍റെ ബാക്കിപത്രം. എല്ലായിടത്തും ലാഭമാണ് ലക്ഷ്യം. ഒരു കാര്യം ചെയ്യുമ്പോള്‍, എനിക്ക് എന്താണ് ലാഭം കിട്ടുന്നത് എന്നതാണന്വേഷണ വിധേയമാക്കുന്നത്. പള്ളിയില്‍ പോകുമ്പോള്‍ അവിടെ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുത്തുകഴിഞ്ഞാല്‍ സൗഖ്യം ഉണ്ടാകുമോ, കടംമാറുമോ, ജോലി ശരിയാകുമോ എന്ന ചോദ്യങ്ങളാണ് സാധാരണ ചോദിക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയെ സ്വീകരിക്കുന്നത് അഥവാ പുരുഷനുമായി വിവാഹത്തിലേര്‍പ്പെടുന്നത് എന്തു ലാഭം കിട്ടും എന്നതിനുസരിച്ചാണ്.
ഉപഭോക്തൃസംസ്കാരം സഭാജീവിതത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ മൗതികശരീരമായ സഭയെ വിശ്വാസവെളിച്ചത്തില്‍ നിലനിര്‍ത്തുക എളുപ്പമുള്ള കാര്യമല്ല. ലളിതമായി പറഞ്ഞാല്‍, ക്രിസ്തുവിന്‍റെ സ്ഥലത്തും കാലത്തും ഉള്ള തുടര്‍ച്ചയാണു സഭ. ക്രിസ്തുനാഥന്‍ തന്‍റെ പരസ്യ ജീവിതം ആരംഭിച്ചപ്പോള്‍ അഭിമുഖീകരിച്ച മൂന്നു പ്രലോഭനങ്ങള്‍ തന്നെയാണ് ഇന്നും സഭയുടെ മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അപ്പമാക്കാനുള്ള പ്രലോഭനമാണ് അവയില്‍ ഒന്നാമത്തേത്. അതിന്ന് ഉപഭോഗം മാത്രമായി എല്ലാറ്റിനെയും കാണാനുള്ള വെല്ലുവിളി ഉയര്‍ത്തുന്നു. ഉല്‍പന്നങ്ങള്‍ കുന്നുകൂടുന്നു. അവയെ സ്വന്തമാക്കാനുള്ള പരസ്യങ്ങളും യഥേഷ്ടമായിത്തീര്‍ന്നിരിക്കുന്നു. കമ്പോളസംസ്കാരത്തിന്‍റെ തിരഞ്ഞെടുക്കാനുള്ള നിര്‍ബന്ധം മനുഷ്യനെ വേട്ടയാടുന്നു. ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ വ്യക്തികളെ സ്വാധീനിക്കുന്നത് ദൈവികപ്രചോദനമല്ല മറിച്ച് താത്പര്യങ്ങളും ആഗ്രഹങ്ങളുമാണ്. സഭയും ഇപ്രകാരം താത്പര്യങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. നന്മതിന്മ തിരിച്ചറിഞ്ഞ് വ്യക്തിവളര്‍ച്ചയിലേക്കു നയിക്കുന്നവ തീരുമാനിക്കുന്നതിനുപകരം താത്കാലിക സംതൃപ്തി നല്കുന്നത് തിരഞ്ഞെടുക്കുവാനാണ് പ്രേരിപ്പിക്കപ്പെടുന്നത്. ജഡികാഗ്രഹങ്ങളെ നിയന്ത്രിച്ചു ക്രമപ്പെടുത്തുന്നതിനുപകരം ആഗ്രഹങ്ങളുണര്‍ത്തുന്ന സംവിധാനങ്ങളിലാണ് സഭയും പലപ്പോഴും ശ്രദ്ധവയ്ക്കുന്നത്. പണമുണ്ടാക്കണം, പള്ളിയും പള്ളിമേടയും മണിഗോപുരവും ഒന്നിനൊന്ന് മെച്ചമാകും വിധം കെട്ടിപൊക്കണം എന്നതാണ് പലപ്പോഴും പ്രധാനചിന്തയായി വരുന്നത്. ദൈവത്തെ സ്വന്തമാക്കി ദൈവിക സന്തോഷത്തില്‍ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്ന സഭാപ്രവര്‍ത്തനങ്ങളാണിന്നാവശ്യമായിരിക്കുന്നത്.
രണ്ടാമത്തേത്, പ്രശസ്തി മാത്രം നേടാനുള്ള വ്യഗ്രതയാണ്. സിലബ്രെറ്റികളാകാനുള്ള ത്വരയാണതില്‍ പ്രധാനം. സഭ പരോക്ഷമായി ഈയാഗ്രഹം വളര്‍ത്തുന്നു എന്നു പറയാം. പ്രശസ്തിക്കുവേണ്ടി കാര്യങ്ങള്‍ ചെയ്യുക, സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവര്‍ക്കു പ്രശസ്തി ഉണ്ടാക്കുന്ന രീതിയില്‍ പേരെഴുതിവയ്ക്കുക, അവരുടെ പേര് പള്ളിയില്‍ ഉറക്കെ വിളിച്ചുപറയുക. ഇപ്രകാരം പ്രശസ്തിയിലൂടെ അംഗീകാരം കൂടുതല്‍ കിട്ടും എന്ന ചിന്തയാണ് പല കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍. ക്രിസ്തുനാഥന്‍ പ്രശസ്തനായത് ജനങ്ങള്‍ക്ക് പ്രസക്തിയുള്ളവനായതുകൊണ്ടാണ്. അവരുടെ പ്രശ്നങ്ങളില്‍ ഉത്തരമായി ഒപ്പം ആയിരുന്നുകൊണ്ടു ജീവിച്ചവനാണവന്‍. ജീവിതം പ്രസക്തിയുള്ളതാകുന്നത് പ്രശസ്തിയിലൂടെയല്ല. പ്രശസ്തി പത്രങ്ങള്‍ നല്കി മനഃശാസ്ത്രപരമായ സംതൃപ്തി പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കാള്‍ ജീവന്‍റെ പൂര്‍ണ്ണതയിലേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രിസ്തുവിനെപ്പോലെ രൂപപ്പെടുത്തേണ്ടതാണ് സഭയുടെ ദൗത്യവും. "ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അതു സമൃദ്ധമാകുവാനുമാണ്" (യോഹ. 10:10) എന്നു പറഞ്ഞുകൊണ്ടു ജീവന്‍റെ സമൃദ്ധിയിലേക്കു നയിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സഭയിലൂടെ നടപ്പാക്കേണ്ടത്.
മൂന്നാമതായി, നാം കാണുന്ന പ്രലോഭനം മത്സരമാണ്. അനാരോഗ്യകരമായ മത്സരങ്ങള്‍ സഭാതലങ്ങളിലും അരങ്ങേറുന്നു. മതബോധന പരീക്ഷയ്ക്ക് ഒന്നാംസ്ഥാനം കിട്ടുന്നവര്‍ക്ക് ക്രിസ്ത്വാനുഭവം ശൂന്യമായിരിക്കാം. വിശ്വാസജീവിതത്തെ പരിശോധനാവിധേയമാക്കാനുപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ പലപ്പോഴും ഇപ്രകാരം ബാഹ്യമായുള്ള ചില അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിലായിത്തീരുന്നു. മതാനുഷ്ഠാനങ്ങള്‍ നല്ല മനുഷ്യനാകാന്‍ സഹായിക്കുന്നില്ലെങ്കില്‍ അതുകൊണ്ട് വലിയ പ്രയോജനമുണ്ടാകും എന്നു തോന്നുന്നില്ല. ഉപഭോക്തൃസംസ്കാരത്തിന്‍റെ പ്രത്യേകത ഇപ്രകാരം കഴുത്തറുക്കുന്ന മത്സരങ്ങളിലൂടെ വിഭാഗീയതയും വിദ്വേഷവും വളര്‍ത്തിയെടുക്കുക എന്നതാണ,് സഭാജീവിതത്തിലും ഇപ്രകാരമുള്ള മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസജീവിതം ആഴപ്പെടുന്നതിനു ഭൂഷണമല്ല.
ക്രിസ്തുനാഥന്‍ രക്ഷ നേടിത്തന്നത് കുരിശിലൂടെയാണ്. ആ കുരിശിന്‍റെ മാര്‍ഗ്ഗമാണ് സഭയും മുന്നോട്ടുവയ്ക്കുന്നത്. കുരിശു നല്കുന്ന സഹനവഴികളും ത്യാഗത്തിന്‍റെ രീതികളും പാഠമാക്കുവാന്‍ സഭയിനിയും തന്‍റെ മക്കളെ അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു. സഭാമക്കള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ കുരിശിന്‍റെ മാര്‍ഗ്ഗം അഭ്യസിപ്പിക്കുവാനും കുരിശിനെ സ്വന്തമാക്കുവാനും കുരിശിലൂടെത്തന്നെ രക്ഷ കണ്ടെത്താനും സഹായിക്കുക എന്നതാണ് സഭയുടെ ഉത്തരവാദിത്വം. ഉപഭോക്തൃസംസ്കാരത്തിനു പ്രതിവിധിയായി സഭയ്ക്കു മുന്നോട്ടുവയ്ക്കാനുള്ളതും ഈ കുരിശുതന്നെയാണ്. അതു മാറ്റിവയ്ക്കാനോ ഇല്ലാതാക്കാനോ അല്ല നാം പരിശ്രമിക്കേണ്ടത്. അത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു രക്ഷയുടെ വഴിതുറക്കുക എന്നതാണ്. ഉപഭോക്തൃസംസ്കാരവുമായി ഇഴുകിചേര്‍ന്ന് ഉപഭോക്തൃസംസ്കാരത്തിന്‍റെ രീതികള്‍ സഭയില്‍ അനുഷ്ഠിക്കപ്പെടുമ്പോള്‍ അവയിലെ ശരി-തെറ്റുകള്‍ മനസ്സിലാക്കാന്‍ കഴിയാതെവരുന്നു. രക്ഷയുടെ കുരിശാണിവിടെ വഴികാട്ടിയാകേണ്ടത്. ഉപഭോക്തൃ സംസ്കാരങ്ങള്‍ താത്ക്കാലിക സംതൃപ്തിയും വിജയവും തരുമെങ്കിലും സനാതന ജീവിതത്തില്‍ ദിശാബോധം നല്കുന്ന ചൂണ്ടുപലകകളായി നില്‍ക്കേണ്ടതും സഭാപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. എല്ലാ കര്‍മ്മപ്രവര്‍ത്തനങ്ങളും ലൗകിക പ്രലോഭനങ്ങളില്‍നിന്നു വേര്‍പെട്ട് ക്രിസ്തുനാഥന്‍റെ കുരിശിന്‍റെ മാര്‍ഗ്ഗത്തില്‍ ക്രമീകരിക്കപ്പെടുമ്പോള്‍ ഉപഭോക്തൃസംസ്കാരത്തിന്‍റെ പിടിയില്‍നിന്നു മനുഷ്യരെ സ്വതന്ത്രരാക്കാം.