news-details
മറ്റുലേഖനങ്ങൾ

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വിവാദങ്ങളുടെ ഇരുപുറങ്ങള്‍

പാരിസ്ഥിതിക പ്രാധാന്യം മുന്‍നിര്‍ത്തി പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ 2010-ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ശുപാര്‍ശകള്‍ കേരളത്തിന്‍റെ മലയോരങ്ങളില്‍ ഏറെ ആശങ്കകളുണര്‍ത്തിയിരിക്കയാണ്. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പരിസ്ഥിതി ശാസ്ത്രകേന്ദ്രത്തിന്‍റെ മുന്‍മേധാവിയായ പ്രൊഫ. മാധവ് ഗാഡ്ഗില്‍ ആയിരുന്നു സമിതിയുടെ ചെയര്‍മാന്‍. അദ്ദേഹത്തിനു പുറമെ, ബി. ജെ. കൃഷ്ണന്‍, ഡോ. കെ. എന്‍. ഗണേശയ്യ, റെനി ബോര്‍ഹസ്, വിദ്യ എസ്. നായക്, ഡോ. എന്‍. എ. കമാത്ത്, പ്രെഫ. ആര്‍ സുകുമാര്‍, ഡോ. സി. കെ. സുബ്രഹ്മണ്യം, ഡോ. ലിജിയ മൊരോത്, ഡോ. വി. എസ്. വിജയന്‍ എന്നിവര്‍കൂടി വിദഗ്ദധ സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്കു പുറമെ പരിസ്ഥിതി മന്ത്രാലയത്തിലെ ഉപദേഷ്ടാവും നാഷ്ണല്‍ ബയോ ഡൈവേഴ്സിറ്റി അതോറിറ്റി, സെന്‍ട്രല്‍ പോലുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, സ്പേസ് ആപ്ലിക്കേഷന്‍ സെന്‍റര്‍ എന്നിവയുടെ മേധാവികളും അനൗദ്യോഗിക അംഗങ്ങളായി വിദഗ്ദ്ധ സമിതിയില്‍ ഉണ്ടായിരുന്നു.

2011 ഓഗസ്റ്റില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് ഒരുവര്‍ഷത്തോളം പരസ്യപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ജനങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. ആറുസംസ്ഥാനങ്ങളിലായി കോടിക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഒരു മേഖലയുടെ സംരക്ഷണം സംബന്ധിച്ച റിപ്പോര്‍ട്ട് കുറെ കാലം രഹസ്യമാക്കിവച്ചത് ദുരൂഹമാണ്. ജനങ്ങളുടെ പങ്കാളിത്തവും സഹകരണവുമില്ലാതെ പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണം ഇനി സാധ്യമല്ലെന്നിരിക്കെ പ്രതിരോധ രഹസ്യംപോലെ കാത്തുസൂക്ഷിക്കേണ്ട ഒന്നായി പശ്ചിമഘട്ട വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചപ്പോള്‍ത്തന്നെ പലര്‍ക്കും ആശങ്കകളും സംശയങ്ങളുമുണ്ടായി; ചുരുക്കം ചിലര്‍ക്കെങ്കിലും ചില മുന്‍വിധികളുമുണ്ടായി.

റിപ്പോര്‍ട്ട് 2012 ആഗസ്റ്റില്‍ പരസ്യപ്പെടുത്തിയപ്പോള്‍ അതിനെക്കുറിച്ച് പരസ്പര വിരുദ്ധമായ വ്യാഖ്യാനങ്ങളുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍, കര്‍ഷകസംഘടനകള്‍, കത്തോലിക്കാസഭ, ദീപിക പോലുള്ള മാധ്യമങ്ങള്‍, രാഷ്ട്രീയകക്ഷികള്‍ തുടങ്ങിയവര്‍ രംഗത്തെത്തി. ഓരോരുത്തരും പൊതുസമൂഹത്തില്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് അവതരിപ്പിച്ചിട്ടുള്ള വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമായതിനാല്‍ ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ആകെക്കൂടി അനുഭവപ്പെടുന്നത് അവ്യക്തതകളും ആശങ്കകളും സംശയങ്ങളുമാണ്.

പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുവെ റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും പ്രചരിക്കപ്പെടുന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തവയും, ചിലര്‍ ബോധപൂര്‍വ്വം കെട്ടിപ്പൊക്കിയ തെറ്റിദ്ധാരണകളില്‍ നിന്നുണ്ടായതുമാണെന്നും സമര്‍ത്ഥിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയും സഭയുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് കര്‍ഷക വിരുദ്ധമായതിനാല്‍ അത് പാടേ തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നു. രാഷ്ട്രീയ കക്ഷികള്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുക അപ്രായോഗികമാണെന്നും ആയതിനാല്‍ അത്തരം ശുപാര്‍ശകള്‍ ഒഴിവാക്കികൊണ്ടേ റിപ്പോര്‍ട്ട് അംഗീകരിക്കാവൂ എന്നുമുള്ള നിലപാടാണ് പൊതുവില്‍ എടുത്തിട്ടുള്ളത്. കോണ്‍ഗ്രസ്സ് പോലുള്ള രാഷ്ട്രീയകക്ഷികളിലെ ഒരു വിഭാഗം നേതാക്കള്‍ പരിസ്ഥിത പ്രവര്‍ത്തകരെപ്പോലെ തന്നെ റിപ്പോര്‍ട്ടിനെ ഏറെക്കുറെ പൂര്‍ണ്ണമായി അംഗീകരിക്കുന്നുണ്ട്. രാഷ്ട്രീയകക്ഷി ബന്ധങ്ങളില്ലാത്ത സ്വതന്ത്ര കര്‍ഷകസംഘടനകളില്‍ മിക്കതും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പാടേ തള്ളിക്കളയുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രതികരണങ്ങളിലെ ഈ വൈവിധ്യം താല്‍പര്യങ്ങളിലെ വൈവിധ്യം മൂലമാകാമെന്ന് ധരിക്കുന്നതില്‍ തെറ്റില്ല. എങ്കിലും ഈ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന വ്യത്യസ്ത വാദഗതികളിലൂടെ ഒന്ന് കണ്ണോടിക്കുന്നത് സമചിത്തതയോടെ ഈ വിഷയത്തില്‍ ഒരു നിലപാടെടുക്കുന്നതിന് സഹായിച്ചേക്കും.

പശ്ചിമഘട്ടത്തിന്‍റെ വിവിധമേഖലകളെ അവയുടെ പാരിസ്ഥിതിക പ്രാധാന്യമനുസരിച്ച് മൂന്നായി തിരിച്ചു കൊണ്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി അതിന്‍റെ ശുപാര്‍ശകള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളെ-പരിസ്ഥിതി ലോലമേഖല-ഒന്നായും, അതില്‍ കുറഞ്ഞപാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളെ രണ്ടാം മേഖല, മൂന്നാം മേഖല എന്നിങ്ങനെയും തരംതിരിച്ചിരിക്കുന്നു. ഓരോ മേഖലയിലും ഭാവിയില്‍ യാഥാര്‍ത്ഥ്യമാക്കേണ്ട സംരക്ഷണ മുന്‍കരുതലുകള്‍ സംബന്ധിച്ചുള്ള സാമാന്യം വിശദമായ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ വിധത്തില്‍ മൂന്നു മേഖലകളായി തിരിച്ചതു സംബന്ധിച്ചും തുടര്‍ന്നുള്ള ശുപാര്‍ശകള്‍ സംബന്ധിച്ചും ഒരു വിഭാഗം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്:

* ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്‍റെ ഭാഗമായി പശ്ചിമഘട്ടമേഖലയില്‍ അധിവസിക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധികളുമായോ സാമൂഹിക സംഘടനകളുമായോ ഒരിക്കല്‍പ്പോലും വിദഗ്ദ്ധ സമിതി ചര്‍ച്ച നടത്തിയിട്ടില്ല. പഞ്ചായത്ത്-നിയമസഭാ ജനപ്രതിനിധികള്‍, കര്‍ഷക സംഘടനകള്‍, വ്യാപാരി വ്യവസായി സമൂഹം, ഇതര സാമൂഹിക സംഘടനകള്‍, ഇവയുടെയൊന്നും അഭിപ്രായമെന്തെന്നാരായാന്‍ സന്നദ്ധത പ്രകടിപ്പിക്കാത്ത വിദഗ്ദ്ധ സമിതി ചില പരിസ്ഥിതി ബുദ്ധിജീവികളുടെ അഭിപ്രായമറിയാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ഒരിക്കല്‍ കേരളത്തില്‍ നിന്നുള്ള എം.പി. മാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായെങ്കിലും എം. പി. മാര്‍ മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശവും അംഗീകരിച്ചിട്ടില്ല. ചുരുക്കത്തില്‍ സമിതിയുടെ പഠനങ്ങള്‍ സുതാര്യമല്ല, ജനാധിപത്യപരമല്ല.

* റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള കേരള നിയമസഭയുടെ ഏകകണ്ഠമായ തീരുമാനം നടപ്പിലാക്കാനാവില്ല. പശ്ചിമഘട്ട മലയോര കര്‍ഷകജനതയ്ക്ക് ഇത് കനത്ത തിരിച്ചടിയാണ്.

* വന്‍കിട ഡാമുകള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച് സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കിയാല്‍ ഇനി ജലവൈദ്യുതി പദ്ധതികള്‍ അസാധ്യമാവും എന്നു മാത്രമല്ല നിലവിലുള്ള പല പദ്ധതികളും ഇടുക്കി പദ്ധതി ഉള്‍പ്പെടെ - പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതിക്ഷാമത്തിന് കാരണമാവും.

* രാസ വളങ്ങളും കീടനാശിനികളും അഞ്ചുമുതല്‍ പത്തു വരെ വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിപൂര്‍ണ്ണമായി ഒഴിവാക്കണം, ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കാര്‍ഷികോത്പാദനത്തെ ദോഷകരമായി ബാധിക്കുന്നതുമാണ്.

* മുപ്പതു ശതമാനത്തിനുമേല്‍ ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ നിരുത്സാഹപ്പെടുത്തണമെന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം മരച്ചീനി പോലുള്ള കീഴങ്ങളു വിളകളുടെയും പച്ചക്കറികളുടെയും കൃഷി അസാധ്യമാകും.

* ഹൈവേകളും റെയില്‍വേകളും നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശം പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ വികസനസ്വപ്നങ്ങളെ അട്ടിമറിക്കും.

* റോഡു നിര്‍മ്മാണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമാക്കുന്ന ശുപാര്‍ശ മൂലം വികസന പ്രവര്‍ത്തനങ്ങളാകെ മന്ദീഭവിക്കും.

* വന്യമൃഗങ്ങളുടെ സഞ്ചാരത്തിനായി ചില പ്രദേശങ്ങള്‍ വന ഇടനാഴികളായി സംരക്ഷിക്കണമെന്ന നിര്‍ദ്ദേശം ഒട്ടേറെ കൃഷിയിടങ്ങളെ ബാധിക്കും.

ആകെക്കൂടി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയോരജനതയെ നൂറ്റാണ്ടുകള്‍ പിന്നോട്ടു കൊണ്ടുപോകുമെന്നും, വിദേശരാജ്യങ്ങളുടെയും വന്‍കിട കമ്പനികളുടെയും ചൂഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്. ആരെയും കുടിയിറക്കാന്‍ നേരിട്ടു പറയാത്ത റിപ്പോര്‍ട്ടില്‍ ആദിവാസികളൊഴികെയുള്ളവരെല്ലാം സ്വമേധയാ കുടിയൊഴിയാന്‍ നിര്‍ബന്ധിതരാകുന്ന ശുപാര്‍ശകളാണുള്ളതെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ സൂചിപ്പിക്കുന്നതും, പശ്ചിമഘട്ട മലനിരകളില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന വനംകയ്യേറ്റങ്ങളും ഖനനപ്രവര്‍ത്തനങ്ങളും, രാസ മലിനീകരണങ്ങളും തുടര്‍ന്നാല്‍ അവിടെ വനജീവിതം അസാധ്യമാകുമെന്നും ജനങ്ങള്‍ സ്വമേധയാ കുടിയിറങ്ങേണ്ടി വരുമെന്നും തന്നെയാണ്.

കര്‍ഷകജനതയില്‍ ഇന്നുണ്ടായിരിക്കുന്ന ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കര്‍ഷകാനുകൂല റിപ്പോര്‍ട്ടാണെന്നുമാണ് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. സമിതി റിപ്പോര്‍ട്ടിലെ ഒട്ടനവധി ശുപാര്‍ശകള്‍ പുതിയവയല്ലെന്നും ഇപ്പോള്‍ത്തന്നെ സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളായി അംഗീകരിച്ച കാര്യങ്ങളാണവയെന്നും റിപ്പോര്‍ട്ടനുകൂലികള്‍ പറയുന്നു. ഉദാഹരണത്തിന്, ജനിതകമാറ്റം വരുത്തിയ വിളകളുടെ നിരോധനം സംസ്ഥാന നയമാണ്. സ്വാമിനാഥന്‍ കമ്മിറ്റിയുടെ ശുപാര്‍ശയും ഈ വിധത്തിലാണ്. രാസവള കീടനാശിനി നിയന്ത്രണം സംബന്ധിച്ച ശുപാര്‍ശയും സംസ്ഥാനത്തിന്‍റെ ജൈവനയത്തില്‍പ്പെട്ടതാണ്. രാജ്യവ്യാപകമായി ലക്ഷക്കണക്കിന് ഹെക്ടര്‍ സ്ഥലങ്ങളില്‍ ജൈവക്കൃഷി വിജയകരമായി നടക്കുമ്പോള്‍ സമയബന്ധിതമായി ജൈവക്കൃഷിയിലേക്ക് മറണമെന്ന ശുപാര്‍ശ പ്രായോഗികമല്ലായെന്നു പറയുന്നത് യുക്തിസഹമല്ല. ജൈവക്കൃഷിയിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനും വളര്‍ത്തുമൃഗസംരക്ഷണത്തിന് സബ്സിഡികള്‍ നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടനുകൂലികള്‍ എടുത്തുകാണിക്കുന്നു. 1922 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം ലഭിക്കാന്‍ റിപ്പോര്‍ട്ടു തടസ്സമല്ലെന്നും പിന്നീടുള്ള നിരന്തര കയ്യേറ്റങ്ങള്‍ക്ക് മാത്രമെ പ്രശ്നം ഉണ്ടാകൂ എന്നുമാണ് അവര്‍ വാദിക്കുന്നത്. കയ്യേറ്റങ്ങള്‍ വീണ്ടും ഉണ്ടാവുകയും എല്ലാവര്‍ക്കും പട്ടയം ലഭ്യമാകുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവുമെന്നവര്‍ ചോദിക്കുന്നു.

ക്വാറികളും ക്രഷറുകളും മറ്റ് ഖനന പ്രവര്‍ത്തനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ മലയോരങ്ങളുടെ മാറു പിളര്‍ത്തുന്ന നടപടി നിയന്ത്രിക്കപ്പെടുമെന്ന നിര്‍ദ്ദേശം എങ്ങനെ കര്‍ഷകവിരുദ്ധമാകുമെന്നാണ് റിപ്പോര്‍ട്ടനുകൂലികള്‍ ചോദിക്കുന്നത്. മാത്രമല്ല ടൂറിസത്തിന്‍റെ പേരില്‍ കെട്ടിപ്പൊക്കുന്ന റിസോര്‍ട്ടുകളും മറ്റും പാരിസ്ഥിതികമായും സാംസ്കാരികമായും വരുത്തിവയ്ക്കുന്ന മലിനീകരണത്തിന് നിയന്ത്രണമുണ്ടാക്കണമെന്ന വാദവും എങ്ങനെയാണ് കര്‍ഷകവിരുദ്ധമാവുന്നത്? കാലാവധി കഴിഞ്ഞ ഡാമുകളുടെ പ്രവര്‍ത്തനം നിര്‍ത്തവയ്ക്കണമെന്നു പറയുന്നത് മുല്ലപ്പെരിയാര്‍ പോലുള്ള ഭീഷണികള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും ഒട്ടനവധി ഡാമുകളുടെ സമ്മര്‍ദ്ദത്താല്‍ ഇടയ്ക്കിടെ ഭൂചലനമുണ്ടാക്കുന്ന ഇടുക്കിപോലുള്ള ജില്ലകളില്‍ ഇനിയും വന്‍കിടഡാമുകളുണ്ടാക്കണമെന്ന് പറയുന്നവര്‍ ആ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുക്കുന്നവല്ലെന്നും റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. വൈദ്യുതി ഉത്പാദനത്തില്‍ സൗരോര്‍ജ്ജപദ്ധതികളെക്കുറിച്ച് വൈദ്യുതി ബോര്‍ഡ് ഗൗരവത്തിലാലോചിക്കുന്ന ഇക്കാലത്ത് വീണ്ടും മലയോരങ്ങളില്‍ വന്‍കിട ഡാമുകള്‍ എന്ന വാദം കാലഹരണപ്പെട്ടതാണെന്ന് അവര്‍ വാദിക്കുന്നു.

റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളുടെയും വിശദാംശങ്ങള്‍ തീരുമാനിക്കുന്നത് പഞ്ചായത്തിന്‍റെയും ഗ്രാമസഭകളുടെയും കൂടി പങ്കാളിത്തത്തോടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ത്തന്നെ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ജനാഭിപ്രായം ആ ഘട്ടത്തില്‍ പ്രകടിപ്പിക്കാനാവുമെന്നു റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

ഇങ്ങനെ പരസ്പരവിരുദ്ധമായ വാദഗതികളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. വൈകാരികമായല്ലാതെ യാഥാര്‍ത്ഥ്യബോധത്തോടെ ആ വിഷയത്തെ സമീപിക്കുന്നവരില്‍ പല സംശയങ്ങളും സന്ദേഹങ്ങളും ഉണര്‍ത്തുന്നതാണ് ഈ തര്‍ക്കങ്ങളും കോലാഹലങ്ങളും. എന്തായാലും ഈ വിവാദങ്ങള്‍ക്കിടയില്‍ കേന്ദ്രസര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ  നിര്‍ദ്ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ കസ്തൂരി രങ്കന്‍റെ നേതൃത്വത്തില്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു കഴിഞ്ഞു. ഈ പുതിയ കമ്മിറ്റിക്കു മുമ്പിലെങ്കിലും വസ്തുനിഷ്ഠമായും ഭാവി തലമുറയുടെ നിലനില്പിനെ കണക്കിലെടുത്തുകൊണ്ടുമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിവിധ ആശയഗതിക്കാര്‍ പക്വത കാണിച്ചാല്‍ അത് ഈ നാടിന് ഗുണകരമാവും.

(* അടുത്ത ലക്കങ്ങളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ക്രിയാത്മകമായ പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. യുക്തിസഹവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതുമായ അഭിപ്രായങ്ങള്‍, ഈ വിഷയം സംബന്ധിച്ച് പഠനം നടത്തിയിട്ടുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നു. )

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts