വല്ല്യേട്ടന്‍ ബസില്‍ ഇരിക്കുമ്പോഴാണ് വഴിയോരത്ത് നിന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെമേല്‍ ചെളിവെള്ളം തെറിപ്പിച്ച് പോകുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. പരിചയമില്ലാത്ത നാടാണ്. എങ്കിലും അവിടെയിറങ്ങി. നാട്ടുകാരുമായി സംസാരിച്ചു. ഓട വൃത്തിയാക്കിയാല്‍ ചെളിവെള്ളം കെട്ടിനില്‍ക്കില്ലെന്നൊക്കെ പറഞ്ഞെങ്കിലും അതിലൊന്നും ആര്‍ക്കും താല്‍പര്യമുണ്ടായില്ല. അടുത്തുള്ള വീടുകളില്‍ കയറിയിറങ്ങി ഒരു തൂമ്പ സംഘടിപ്പിച്ച് വല്ല്യേട്ടന്‍ പണികള്‍ തുടങ്ങി. അര തച്ച് പണിക്കൊടുവില്‍ സംഗതി റെഡി. പിന്നെയും അവിടെ ആളുകള്‍ ബസ് കാത്തുനിന്നു, ചെളി തെറിക്കാതെ. അപരിചിതനായ ആ സഹായിക്ക് നന്ദി പറയാനൊന്നും മിനക്കെടാതെ. അതിനിടിയില്‍ ചിലയാളുകള്‍ അയാളോട് റോഡരുകിലെ മുട്ടത്തോടുകളും ചായച്ചണ്ടിയും കൂടി വടിച്ചുനീക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരിക്കല്‍ പൊതുപ്പണികള്‍ കഴിഞ്ഞ് നിരത്തിലൂടെ സൈക്കിളില്‍ വരുമ്പോഴാണ് ടയര്‍ പഞ്ചറായ കാറിലെ മധ്യവയസ്കരായ യാത്രക്കാരെ വല്യേട്ടന്‍ ശ്രദ്ധിച്ചത്. സൈക്കിളില്‍ നിന്നിറങ്ങി കാറിന്‍റെ ടയര്‍ മാറ്റി നല്‍കി നടന്നുമാറുമ്പോള്‍ കാര്‍യാത്രക്കാര്‍ എടുത്തുനീട്ടിയ പണം ചിരിയോടെ നിഷേധിച്ചു. തോര്‍ത്തുടുത്ത് നിറയെ ചെളിയുമായി നില്‍ക്കുന്നയാള്‍ കൂലിപ്പണിക്കാരനാണെന്നവര്‍ നിനച്ചു. പിതാവിന്‍റെ മാതൃകയാണ് തോര്‍ത്തുടുത്തുള്ള പണിചെയ്യല്‍. വീടിനു മുകളിലേക്ക് വീഴാറായ മരത്തിന്‍റെ ശിഖരം മുറിക്കാന്‍ തൊഴിലാളികള്‍ വമ്പന്‍ കൂലി ചോദിച്ചതിനാല്‍ ബുദ്ധിമുട്ടുന്നവരുടെ മരങ്ങളില്‍ കയറി ആ ജോലി ചെയ്തു കൊടുക്കുന്നതും പണിക്കാരെ കിട്ടാത്തയിടങ്ങളില്‍ കിണറുകള്‍ തേകുന്നതും കിണര്‍ നിര്‍മ്മിക്കുന്നതുമൊക്കെ നാട്ടില്‍ വല്ല്യേട്ടന്‍റെ കടമകളാണ്. സംശയം വേണ്ട, നയാപൈസ വേതനം പറ്റാതെതന്നെ. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കണമെന്നതില്‍ വല്ല്യേട്ടനും നിര്‍ബന്ധമുണ്ട്. എന്നാല്‍ തങ്ങളുടെ വൈഭവമോ കായികശേഷിയോവച്ച് അവര്‍ വിലപേശുന്നത് അംഗീകരിക്കാന്‍ തയ്യാറുമല്ല.
വല്ല്യേട്ടന്‍ വീട്ടില്‍നിന്ന് സൈക്കിളില്‍ യാത്ര ചെയ്യുന്നത് ബസ് കിട്ടാന്‍ സൗകര്യമുള്ള ഇടം വരെയാണ്. ചിലപ്പോള്‍ പിന്നെയും ചവിട്ടും. 100 കി. മീ. അകലെ എറണാകുളംവരെ പോലും. സൈക്കിള്‍ പൂട്ടിടാതെ എവിടെയെങ്കിലും ചാരിവച്ചിട്ടാവും ബസ് യാത്ര. ഒരാഴ്ച കഴിഞ്ഞൊക്കെയാവും തിരികെ വരവ്. അപ്പോഴേക്കും അന്നാട്ടിലെ കുട്ടികള്‍ക്ക് തൃപ്തിവരുവോളം സൈക്കിള്‍ ചവിട്ടാന്‍ അവസരം കിട്ടിയിരിക്കും. ബെല്ലും ലൈറ്റുമില്ലാത്ത ആവശ്യത്തെ മാത്രം തൃപ്തിപ്പെടുത്തുന്ന പഴയ സൈക്കിള്‍ ഇന്നേവരെ നഷ്ടപ്പെട്ടിട്ടുമില്ല.
വല്ല്യേട്ടന്‍ ജീവിതത്തില്‍ ഇന്നേവരെ സ്വന്തം ആവശ്യത്തിനായി ഓട്ടോറിക്ഷ വിളിച്ചിട്ടില്ല. ഒരാള്‍ക്ക് യാത്ര ചെയ്യാനായി അത് വേണ്ട എന്നതാണ് നിലപാട്. അതുകൊണ്ടുതന്നെ മറ്റൊരാള്‍ 'ലിഫ്റ്റ്' കൊടുത്താല്‍ കയറുന്നതില്‍ വിമുഖതയുമില്ല. ബസ് കാത്തുനില്‍ക്കുന്ന ശീലം പണ്ടേയില്ല. 50 കിലോമീറ്റര്‍ ദൂരമൊക്കെ കാല്‍നടയായി താണ്ടുന്നത് പതിവുതന്നെ. നഗ്നപാദനായാണ് നടത്തം. കുഞ്ഞുന്നാളില്‍ ചെരിപ്പ് ഇട്ടുകൊടുത്തിട്ടുണ്ടെങ്കില്‍ അത്രയേയുള്ളൂ. ചെറുപ്പം തൊട്ടങ്ങോട്ട് ഭൂമിയെ തൊട്ടറിഞ്ഞുതന്നെയാണ് വല്ല്യേട്ടന്‍റെ യാത്ര. മണ്ണുമായി ചേര്‍ന്ന് ചവിട്ടാതെ എങ്ങനെയാണ് ഊര്‍ജ്ജമുള്ള ജീവിതമുണ്ടാവുക.
ഒരിക്കല്‍ വല്ല്യേട്ടന്‍ തന്‍റെ യാത്രക്കിടയില്‍, വഴിയോരത്ത് മാരകമായ കളനാശിനി അടിക്കുന്നതു കണ്ട് അസ്വസ്ഥനായി. അല്പസമയത്തെ ശാന്തതക്കൊടുവില്‍ തൊട്ടടുത്തു കണ്ട സ്വകാര്യ ആശുപത്രിയിലേക്ക് കയറിച്ചെന്ന വല്ല്യേട്ടന്‍ അമ്പരന്നുനിന്ന വനിതാ ഡോക്ടറെയും ജീവനക്കാരെയും രോഗികളെയും സാക്ഷിനിര്‍ത്തി കളനാശിനിക്കെതിരെ ഒരു നെടുങ്കന്‍ പ്രസംഗമങ്ങ് നടത്തി. വല്ല്യേട്ടന്‍റെ പ്രതികരണങ്ങള്‍ക്ക് ശരവേഗമാണ്. അണ്ണാഹസാരെ ഡല്‍ഹിയില്‍ നടത്തിയ 4 സമരങ്ങളിലും ബോംബെ സമരത്തിലും പങ്കാളിയായി. ട്രെയിനിലെ ദീര്‍ഘദൂര യാത്രകള്‍ യാതൊരു മുന്നൊരുക്കങ്ങളും കൂടാതെയാണ്. റിസര്‍വേഷന്‍ സൗകര്യങ്ങളോ ലഗേജുകളോ ഒന്നുമില്ലാതെ. സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ പോകുന്നത് സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ അറിഞ്ഞുതന്നെയാവണ്ടെ?
പഴയ തറവാട്ടുവീട്ടില്‍ ഒറ്റയാനായ ജീവിതം. വീടിനോട് ചേര്‍ന്നുള്ള ഒന്നരയേക്കര്‍ സ്ഥലം വനമായി വളരാന്‍ വിട്ടിരിക്കുന്നു. പണ്ടേയുള്ള കുറെ റബ്ബര്‍ മരങ്ങള്‍ പക്ഷേ, ആര്‍ത്തിയില്ലാത്ത ഭൂവുടമയുടെ കടാക്ഷം കിട്ടാത്തതു കാരണം അങ്ങനെയങ്ങ് നിലനിന്നു പോകുന്നുവെന്നേയുള്ളൂ. തറയില്‍ പായവിരിച്ചാണ് കിടപ്പ്. കുടുംബസ്വത്തായ മൂന്ന് കട്ടിലുകള്‍ സ്ഥലം മിനക്കെടുത്താതെ ചരിച്ച് കെട്ടിവച്ച് അവഗണിച്ചിരിക്കുകയാണ് വല്ല്യേട്ടന്‍. നടുവിനെ സംരക്ഷിക്കാന്‍ അസ്ഥിരോഗ വിദഗ്ദ്ധനെ കാണേണ്ട കാര്യമേ വരില്ലത്രെ. അസ്ഥിസംബന്ധമായ പ്രശ്നങ്ങള്‍ക്ക് വല്ല്യേട്ടന്‍റെ മാസ്റ്റര്‍ പീസ് ചികിത്സ കുറെയുണ്ട്. ശരീരത്തില്‍ അസ്വസ്ഥത പറയുന്ന ഭാഗം കേന്ദ്രീകരിച്ച് നടത്തുന്ന ഇളക്കല്‍ പ്രക്രിയ കണ്ടുനില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം, അവിടെനിന്ന് മാത്രം ചില 'ഞൊട്ട ശബ്ദങ്ങള്‍'... എത്രയോ പേരെയാണ് അവരുടെ വല്ല്യേട്ടന്‍ ഇതിനോടകം സുഖപ്പെടുത്തിയിട്ടുള്ളത്.
നാട്ടിലെ എല്ലാ പൊതുക്കാര്യങ്ങളിലും വല്ല്യേട്ടനുണ്ട്. ആളുകളെ സംഘടിപ്പിച്ച് റോഡ് വെട്ടുന്നതിന്, പാലം നിര്‍മ്മിക്കുന്നതിന്, രോഗികളെ തേടിച്ചെന്ന് പ്രകൃതിജീവന നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്... അങ്ങനെ പലതും. ചക്കയുടെ സീസണായതോടെ നാട്ടുകാര്‍ കാത്തിരിക്കുന്നത് ചക്കവരട്ടിയതുമായി കയറിവരുന്ന വല്ല്യേട്ടനെയാണ്. അത് വര്‍ഷംതോറുമുള്ള പതിവാണ്. പരിസ്ഥിതി ക്യാമ്പുകളിലായാലും പലപ്പോഴായി സേവനം ചെയ്ത പ്രകൃതിചികിത്സാലയങ്ങളിലായാലും ശരി കക്കൂസ് വൃത്തിയാക്കല്‍, വിറകുവെട്ടല്‍ തുടങ്ങിയ ബുദ്ധിമുട്ടുള്ള പണികള്‍ വല്ല്യേട്ടന്‍ ഏറ്റെടുക്കും. അത്തരം ജോലികള്‍ തീര്‍ന്നിരുന്നാല്‍ പിന്നീടുള്ള കാര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് ഉത്സാഹത്തോടെ ഇടപെടാന്‍ കഴിയുമല്ലോ എന്ന നിലപാട്.
സ്വന്തം സ്ഥലത്തിലൊരു പങ്ക് സര്‍ക്കാര്‍ ഹോമിയോ ആശുപത്രി നിര്‍മ്മിക്കാന്‍ സൗജന്യമായി നല്‍കി വല്ല്യേട്ടന്‍. മുന്‍പൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തു. തോറ്റു. നോട്ടീസ്, പോസ്റ്റര്‍ ഒന്നും അച്ചടിക്കാതെ 'ഫ്ളക്സ്' വയ്ക്കാതെ സ്വന്തം കൈപ്പടയില്‍ എഴുതിയ അഭ്യര്‍ത്ഥന വീടുതോറും എത്തിച്ച് മാതൃക കാട്ടാനായത് വിജയമായി. നാട്ടിലെ പരിചയക്കാര്‍ക്കു മുന്നില്‍ സ്വന്തം പടം പ്രദര്‍ശിപ്പിക്കുന്നതിലെ പരിഹാസ്യത അങ്ങനെ വല്ല്യേട്ടന്‍ പറയാതെ പറഞ്ഞു, രാഷ്ട്രീയകക്ഷി സ്ഥാനാര്‍ത്ഥികളോട്.
പഴയ വീടിന് പുനര്‍നിര്‍മ്മിതിയൊന്നും നടത്താതെ വല്യേട്ടന്‍ തന്‍റെ സ്ഥിരം ലാളിത്യം തുടരുകയാണ്. പൊളിച്ചുപണികള്‍ ദുര്‍വ്യയമല്ലെ, പിന്നെ അതിന്‍റെ അവശേഷിപ്പുകളുടെ ശല്യവും. വളരെ ലളിതമായ വസ്ത്രധാരണം വല്ല്യേട്ടന്‍ ഇഷ്ടപ്പെടുന്നത് വെടിപ്പും പ്രൗഢിയുമുള്ള വസ്ത്രം യാത്രക്കിടെ സഹായങ്ങള്‍ ചെയ്യുന്നതിനും പണികളിലേര്‍പ്പെടുന്നതിനും തടസ്സമാകും എന്നതുകൊണ്ടു തന്നെയാണ്. വീതിക്കസവ് മുണ്ടും വില കൂടിയ ചെരിപ്പും ധരിച്ച് ചില കുടുംബാംഗങ്ങള്‍ അതിലൂടെ മറ്റുള്ളവരെ സ്വാധീനിക്കുന്നത് വല്ല്യേട്ടന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പച്ചയായി ആളുകളെ ആകര്‍ഷിക്കാനാണ് അദ്ദേഹത്തിനിഷ്ടം. അന്വേഷിച്ച് ഗ്രാമത്തിലെത്തുമ്പോള്‍ അദ്ദേഹം വീട്ടില്‍ കാണില്ല. എന്ന് പൊതുവെ എല്ലാവര്‍ക്കും നിശ്ചയം. അവരുടെ വല്ല്യേട്ടന്‍ നിരന്തരം യാത്രക്കാരനാണല്ലൊ. വല്ല്യേട്ടന്‍ അത്രയ്ക്കും ഒരു ആകര്‍ഷണമാണ്. നിരന്തരം സംസാരിച്ചുകൊണ്ടേയിരിക്കുന്ന, മറ്റുള്ളവരെപ്പറ്റി നല്ലതു മാത്രം പറയുന്ന, എന്തിനും ഏതിനും പച്ചയായ പ്രതിവിധികളുള്ള 24 മണിക്കൂറും സേവനസന്നദ്ധനായ ഒരാള്‍ക്ക് ആകര്‍ഷിക്കാനല്ലാതെ എന്തിനാണ് കഴിയുക? ഇതു ഞങ്ങളുടെ 'ജീവിക്കുന്ന ഗാന്ധി'യെന്ന് അയല്‍വാസി സോമന്‍ അഭിമാനത്തോടെ പറയുന്നത് 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം' എന്ന ഗാന്ധിയന്‍ മുദ്രാവാക്യം കേട്ടറിഞ്ഞിട്ടുള്ളതുകൊണ്ടായിരിക്കും.
രക്തവാതത്തിന്‍റെ പൊട്ടിയൊലിപ്പുകള്‍ കാലിലൂടെ ഒഴുകിത്തീരാന്‍ ഉപവാസമെടുത്ത് ക്ഷമയോടെ കാത്തിരിക്കുകയാണ് ഒടുവില്‍ നേരില്‍ കാണുമ്പോള്‍ വല്ല്യേട്ടന്‍. അലോപ്പതി മരുന്ന് കഴിച്ച് രോഗം ശമിപ്പിച്ചാല്‍ അത് ഗുരുതരമായ മറ്റ് രോഗങ്ങള്‍ക്ക് കാരണമാവുമത്രെ. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ യോഗ ആന്‍ഡ് നാച്വറല്‍ തെറാപ്പി ഡിപ്ലോമയുണ്ട. യോഗയുടെ പേപ്പര്‍ 98% മാര്‍ക്കിലാണ് വിജയിച്ചത്. പൂര്‍ണ്ണമായും സസ്യഭുക്കാണ.20 വര്‍ഷമായി പ്രകൃതിജീവനം പിന്തുടരുന്ന വല്ല്യേട്ടന്‍, ഒരു കൊച്ചുജീവിതം ജീവിച്ചുതീര്‍ക്കാന്‍ ഇത്രയൊക്കെയേ ആവശ്യമുള്ളൂ എന്ന്, സ്വന്തംജീവിതംകൊണ്ട് സമ്പാദിച്ചും സംഭരിച്ചും ജീവിതത്തെ ഭാരപ്പെടുത്തുന്ന മനുഷ്യരെ നിശ്ശബ്ദമായി ഓര്‍മ്മപ്പെടുത്തുകയാണ്. ചുറ്റുവട്ടത്തെ ഉണര്‍വുള്ളതാക്കി അദ്ധ്വാനിച്ചും സംസാരിച്ചും ജീവിതം തുടരുകയാണ്.
കോട്ടയം ജില്ലയില്‍ പള്ളിക്കത്തോട് ആനിക്കാടിനടുത്ത് മന്ദിരം കവലയില്‍ കൊടിമറ്റത്ത് കെ. ആര്‍ രാമകൃഷ്ണന്‍ (66 വയസ്സ്) അഥവാ വല്ല്യേട്ടന്‍.