news-details
മറ്റുലേഖനങ്ങൾ

വസ്ത്രവും നഗ്നതയും

ഏതൊരു നഗ്നതയെയും നിസ്സാരമാക്കാനുള്ള ഒരു വഴി ശരീരവുമായുള്ള അടുപ്പമാണ്. അടുപ്പം ചിലപ്പോള്‍ അകല്‍ച്ചയുണ്ടാക്കും. നഗ്നശരീരം നിരന്തരം കാണുമ്പോള്‍ നഗ്നത വസ്ത്രം പോലെയായിത്തീരും. ചിരപരിചിതത്വം മൂലം ഭാര്യയുടെ നഗ്നത ഭര്‍ത്താവിലും, തിരിച്ചും യാതൊരു വികാരവുമുണര്‍ത്താതെയാവും. ഇത് വിവാഹബന്ധത്തിലെ ഒരു പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പലരും തരണം ചെയ്യുക വിചിത്രമായ ചില വഴികളിലൂടെയാണ്. ഭര്‍ത്താവിന്‍റെ നഗ്നശരീരം അഞ്ചേമുക്കാലടി നീളമുള്ള ഒരു മാംസപിണ്ഡമായി തോന്നുകയെന്നത് ഭാര്യക്ക് അത്ര സുഖകരമായിരിക്കില്ല. തിരിച്ചും അങ്ങനെതന്നെ. ഈയൊരു മാനസിക ഭാവം കുടുംബബന്ധത്തെ തെറ്റായി സ്വാധീനിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു സൈക്കോ തെറാപ്പിസ്റ്റ് ചെയ്യുക ശരീരത്തെ അപരിചിതമായി കാണാന്‍ പഠിപ്പിക്കുകയാണ്. ഭാര്യക്ക് ഭര്‍ത്താവിനെയും ഭര്‍ത്താവിന് ഭാര്യയെയും അപരിചിതരാക്കുക. അങ്ങനെ ശരീരത്തില്‍ പുതുമ സൃഷ്ടിക്കുക. ഒരാളെ എപ്പോഴും അയാളായിത്തന്നെ കാണുകയെന്നത് പ്രതികൂലമായിത്തീരുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്.

എല്ലാ അനുഭവങ്ങളെയുംപോലെ ആവര്‍ത്തനം കൊണ്ട് അപ്രസക്തമായിത്തീരുന്ന ഒരനുഭവമാണ് നഗ്നത. പാസ്സോളിനിയുടെ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഒരു കാര്യമറിയാം. വസ്ത്രമുടുത്ത കഥാപാത്രങ്ങള്‍ വളരെ കുറവായിരിക്കും. 'കലിഗുല'യൊക്കെ കാണുമ്പോള്‍, തുണിയുടുത്ത ഒരാളെ കാണാന്‍ കാണികള്‍ കൊതിച്ചുപോകും. എന്നാല്‍ അത് നഗ്നതയായി അധികമാര്‍ക്കും തോന്നാനിടയില്ല. മനുഷ്യശരീരത്തിന്‍റെ ആദിമാവസ്ഥയായേ തോന്നൂ. ശരീരം സ്വയം കൈവരിക്കുന്ന ഒരു പൗരാണികത. അത് ശരീരത്തിനു നേരെ ആദരവും കാരുണ്യവുമുണര്‍ത്തും. പൂര്‍ണ്ണനഗ്നമായ ഒരു ദേഹത്തോട് ലൈംഗികവികാരം തോന്നണമെങ്കില്‍ ആ ശരീരത്തെ മനസ്സുകൊണ്ട് വസ്ത്രമുടുപ്പിച്ച് വസ്ത്രമുരിഞ്ഞ് നഗ്നമാക്കേണ്ടിവരും. കാരണം, വസ്ത്രമുരിയുകയെന്ന ക്രിയയിലാണ് പലപ്പോഴും രതിവികാരം ഉണര്‍ത്തപ്പെടുന്നത്. അത് മനുഷ്യമനസ്സിന്‍റെ ഒരു പ്രത്യേകതയാണ്.

മുഖം കാണിക്കാതെ സ്വന്തം നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ ആര്‍ക്കും മടി കാണില്ല. 'ഈ ശരീരം ഇതാ ഇതെന്‍റേതാണ്' എന്ന് വ്യക്തമാക്കുന്ന നിമിഷമാണ് വിഷമകരമാവുക. ശരീരത്തെ 'ഞാന്‍' എന്ന അമൂര്‍ത്തതയില്‍നിന്നു അന്യവത്കരിക്കുന്നതിനുള്ള ഒരു ശിക്ഷണം ശൈശവം മുതലേ വ്യക്തിക്കു ലഭിക്കുന്നുണ്ട്. നഗ്നതയെ ലൈംഗികതയോടിഴ പിരിച്ച് സങ്കല്പിക്കുന്ന സംസ്കാരങ്ങളിലെല്ലാം ഇതുണ്ട്. 'നീ ഈ ശരീരമല്ല' എന്ന ഒരു അഭ്യസന (learning) മാണ് വ്യക്തിക്കു ലഭിക്കുന്നത്. സ്വന്തം നഗ്നതയെ അശ്ലീലമായിക്കാണാന്‍ ഒരു ശിശുവിനെ പഠിപ്പിക്കുകയെന്നത് മനോലൈംഗിക വളര്‍ച്ചയില്‍ വിള്ളലുണ്ടാക്കുമെന്ന് സിഗ്മണ്ട് ഫ്രോയിഡ് പറഞ്ഞിട്ടുണ്ട്.

വസ്ത്രത്തിന് ഒരു വ്യക്തിയുടെ ആത്മവത്ത(Self worth)യുമായിഴുകിയ ഒരു പ്രാധാന്യം വന്നുചേര്‍ന്നതോടെ നഗ്നതയെ ലൈംഗികതയോട് ചേര്‍ത്തുവെച്ച് വിവരിക്കാന്‍ തുടങ്ങി. നഗ്നരാവുക എന്നതിനര്‍ത്ഥം, ഒരു ലൈംഗിക പെരുമാറ്റം നടത്തുക, അല്ലെങ്കില്‍ ഒരു ലൈംഗികക്രിയ ചെയ്യുക എന്നതായിത്തീര്‍ന്നു. ലൈംഗികതയെ പാപമായി കണക്കാക്കുന്ന ഒരു വീക്ഷണഗതി ലോകമെങ്ങും പല കാലങ്ങളിലായി, പലനിലകളില്‍ തുടരുന്നുണ്ടല്ലോ. അതുകൊണ്ട് നഗ്നതയെക്കുറിച്ചുള്ള ചിന്തതന്നെ പാപമെന്നു വിവരിക്കപ്പെടാന്‍ തുടങ്ങി. ഈ പാപബോധം ചില മനോരോഗങ്ങളില്‍ നേരിട്ട് ഇടപെടുന്നുണ്ട്. ഒ.സി.ഡി.(obsessive Compulsive disorder)  രോഗികള്‍ക്ക് പൊതുവെ അസാന്മാര്‍ഗ്ഗികമെന്നു പറയാവുന്ന ലൈംഗികചിന്തകള്‍ ഉണ്ടായിരിക്കും. അമ്മയുമായോ സഹോദരിയുമായോ ലൈംഗികവേഴ്ച നടത്തുന്നതായുള്ള  അനിയന്ത്രിതമായ ചിന്ത ഒരു ഒഴിയാബാധ (obsession)യായി രോഗിയുടെ മനസ്സില്‍ അലഞ്ഞുകൊണ്ടിരിക്കും. അമ്മയോ സഹോദരിയോ മുന്നില്‍വന്നു നില്‍ക്കുമ്പോള്‍ അവരുടെ നഗ്നശരീരം കാണുന്നതായിട്ടായിരിക്കും രോഗി ചിന്തിക്കുക. സദാചാരത്തിനും നഗ്നതയോടുള്ള എതിര്‍പ്പിനും കവിഞ്ഞ പ്രാധാന്യം കൊടുക്കുന്ന ചുറ്റുപാടില്‍ വളരുന്നവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

വ്യക്തിക്ക് പാപബോധമുണ്ടാവുകയെന്നത് ഒരു സാമൂഹിക ഘടനയെയോ മതഘടനയെയോ അതിന്‍റെ പരമ്പരാഗതമായ ഉള്ളടക്കത്തില്‍ നിലനിര്‍ത്താനാവശ്യമാണ്. സ്വന്തം ശരീരത്തെത്തന്നെ പാപകേന്ദ്രമാക്കി മാറ്റുകയെന്നത് വ്യക്തിയെ അദൃശ്യമായ ഒരു ചങ്ങലയില്‍ ബന്ധിക്കുന്നതുപോലെതന്നെയാണ്. നിലനില്‍ക്കുന്ന വ്യവസ്ഥയെ തകര്‍ക്കാന്‍ വ്യക്തി എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഏതൊരു വ്യവസ്ഥയുടെയും കാവല്‍ക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ഉണ്ടായിരിക്കും. വ്യക്തിയെ പഞ്ചേന്ദ്രിയങ്ങള്‍ക്കൊണ്ട് എപ്പോഴും നിരീക്ഷിക്കാനാവില്ല. അതുകൊണ്ട് വ്യക്തിയുടെ ഏകാന്തതയെ ശബ്ദായമാനമാക്കുകയെന്നത് പ്രധാനമാണ്. നഗ്നതയെ പാപവുമായി ബന്ധിപ്പിക്കുന്ന ദര്‍ശനങ്ങളെല്ലാം അറിയാതെ ഇങ്ങനെ ഒരു ചുമതല നിര്‍വ്വഹിക്കുന്നുണ്ട്.

ശരീരത്തിനെതിരെ ശത്രുതാപരമായ നിലപാടെടുക്കാനാണ് നമ്മുടെ സമൂഹത്തില്‍ ഒരു വ്യക്തിയെ ചെറുപ്പം മുതല്‍ പടിപടിയായി ശീലിപ്പിക്കുന്നത്. ശരീരം ഒരു താന്തോന്നിയാണ്, അതുകൊണ്ട് അത് മറച്ചുവെക്കണം. ശരീരത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തെറ്റായ ഒരു ശരീരബോധം ഉണ്ടാക്കും. അവനവനെക്കുറിച്ചുള്ള സങ്കല്പത്തില്‍ ഒരു വക്രീകരണമുണ്ടാക്കും. ശരീരാവയവങ്ങളെ ലജ്ജയോടെയും അവജ്ഞയോടെയും കാണാന്‍ ശീലിപ്പിച്ചാല്‍ വ്യക്തിക്ക് ശരീരത്തോട് ആദരവും ഉത്തരവാദിത്വബോധവും നഷ്ടപ്പെടുമെന്ന് അടുത്തിടെ നടന്ന ചില പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ശരീരത്തെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുത്താന്‍ അത്തരമൊരു മനോനില കാരണമാകും. സ്വന്തം ശരീരത്തെത്തന്നെ കാരുണ്യത്തോടെ നോക്കിക്കാണാനാണ് ശീലിപ്പിക്കേണ്ടത്. ഓരോ അവയവവും അവയുടെ ചുമതലകള്‍ എത്ര കൃത്യതയോടെയും ചുമതലാബോധത്തോടെയുമാണ് അനുഷ്ഠിക്കുന്നത് എന്ന് ഒരു കുട്ടിയെ പറഞ്ഞു മനസ്സിലാക്കുമ്പോള്‍ ശരീരത്തെ അകന്നു നിന്ന് നിരീക്ഷിക്കാന്‍ കഴിയുന്നു. മറ്റു മനുഷ്യരോടും ജീവികളോടും പുലര്‍ത്തേണ്ട കാരുണ്യം സ്വന്തം ശരീരവും അര്‍ഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു.

വസ്ത്രത്തിന് വലിയ പ്രാധാന്യം കൊടുക്കാതെ, മാതാപിതാക്കള്‍ ഏറിയ സമയവും നഗ്നരായി നടക്കുന്ന കുടുംബ (nudist Family)ങ്ങളില്‍ വളര്‍ന്ന കുട്ടികളില്‍ പിന്നീട് ശരീരത്തിനുനേരെ ആരോഗ്യകരമായ മനോഭാവം വളര്‍ന്നുവന്നതിന് തെളിവുകളുണ്ട്. ശരീരത്തെയും നഗ്നതയേയും അവജ്ഞയോടെയും അപമാനബോധത്തോടെയും കാണാന്‍ ശീലിപ്പിക്കുന്നവര്‍ക്കിടയില്‍ വളര്‍ന്നുവന്നവരില്‍ മദ്യപാനം, കുറ്റകൃത്യങ്ങള്‍, ലഹരിയുപയോഗം എന്നിവ കൂടുതലായി കണ്ടുവരുന്നതായി ഡെന്നീസ് സ്മിത്തും ഡോ. വില്യം സ്പാര്‍ക്സും ചേര്‍ന്നെഴുതിയ 'ലജ്ജയില്ലാതെ വളരുക' (Growing up without Shame)  എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയുടെ ശരീരം തികച്ചും വ്യത്യസ്തവും നിഗൂഢവും അവിശുദ്ധവുമാണെന്ന അഭ്യസനം കുട്ടിക്കാലത്തുതന്നെ ലഭിക്കുന്ന ഒരു വ്യക്തിയില്‍ രണ്ടുതരത്തിലുള്ള മനോഭാവം വളര്‍ന്നു വരാം. ഒന്ന് അപരിചിതത്വം നല്‍കുന്ന ആകര്‍ഷണീയതയും ലൈംഗികതാല്‍പര്യവും. മറ്റൊന്ന് അബോധാത്മകമായ ശത്രുത. എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയോട് ശത്രുത വളര്‍ന്നുവരാം. പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത് പ്രവര്‍ത്തിക്കുക സ്ത്രീ ശരീരം കീഴടക്കപ്പെടേണ്ട ഒന്നാണ് എന്ന ചിന്തയുടെ രൂപത്തിലായിരിക്കും. എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയോട് മത്സരബുദ്ധി വളര്‍ന്നുവരും. മറച്ചുവെച്ച ശരീരത്തോട് ലൈംഗികാസക്തി കൂടും എന്നത് ഒരു സാമാന്യസത്യമാണ്. മറച്ചുവെച്ച ശരീരഭാഗങ്ങള്‍ക്കു മുകളില്‍ കാഴ്ചക്കാരുടെ ഭാവനയായിരിക്കും പ്രവര്‍ത്തിക്കുക. ഭാവനയില്‍നിന്നു യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരത്തിനിടയിലാണ് മനസ്സിന്‍റെ ആദിമ ചോദനകള്‍ പ്രവര്‍ത്തിക്കുക. വസ്ത്രം ധരിക്കാതെ നടക്കുന്ന കാട്ടുമനുഷ്യര്‍ക്കിടയില്‍ കുറച്ചുകൂടി ജനാധിപത്യപരമായ സ്ത്രീപുരുഷബന്ധം നിലനില്‍ക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നഗ്നരുടെ കടല്‍ത്തീരത്തുപോയ ഗാരിയുടെയും ജാനീസിന്‍റെയും കഥ, ബദല്‍ ചികിത്സകനായ ഡോ. ബില്‍ എഴുതിയിട്ടുണ്ട്. പാപത്തെക്കുറിച്ചുള്ള സങ്കല്പം അതിരു കവിഞ്ഞ നിലയില്‍ നിലനിന്നിരുന്ന കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജാനീസ് സ്വന്തം ശരീരത്തെ സംരക്ഷിച്ചിരുന്നത് ആറ് പെറ്റിക്കോട്ടുകള്‍ ധരിച്ചാണ്. ശരീരമെന്നാല്‍ അവള്‍ക്ക് പെറ്റിക്കോട്ടുകളുടെ ഒരു സമാ ഹാരമായിരുന്നു. സ്വന്തം ശരീരത്തെ അവള്‍ക്ക് അത്രമാത്രം ഭയമായിരുന്നു. ഇത് അവളുടെ വിവാഹജീവിതം ദുരിതകരമാക്കി. എപ്പോഴും തലവേദനയും പുറംവേദനയും അവളെ അലട്ടിക്കൊണ്ടിരുന്നു. നഗ്നരുടെ കടല്‍ത്തീരത്ത് ഉടുപുടവകളൊന്നുമില്ലാതെ ആണും പെണ്ണും ഒരുമിച്ച് കളിക്കുന്നത് അവള്‍ കണ്ടു. ഗാരി പെട്ടെന്ന് വസ്ത്രമെല്ലാം ഉരിഞ്ഞെറിഞ്ഞു. സ്വന്തം വസ്ത്രമെല്ലാം അഴിച്ചുവെച്ച നിമിഷം ജാനീസിന് ഹൃദയസ്തംഭനം വരുന്നതുപോലെയാണ് തോന്നിയത്. ഈ നഗ്ന കേളി ദിവസവും തുടര്‍ന്നതോടെ അവളുടെ തലവേദനയും പുറംവേദനയും ശമിച്ചു. ജീവിതം സന്തോഷകരമായി. അനേകം ബന്ധനങ്ങളില്‍നിന്നു പുറത്തുകടന്നതുപോലെ അവള്‍ക്കു തോന്നി.

വസ്ത്രമുരിഞ്ഞെറിയുകയെന്നത് സ്വാതന്ത്ര്യത്തിന്‍റെ ഒരു പ്രകടനമായി വിവരിക്കപ്പെട്ടിട്ടുണ്ട്. നെഞ്ചുകീറി നേരിനെ കാട്ടുകയെന്ന രാമായണത്തിലെ ആ വഴിക്കു പകരം കുപ്പായമഴിച്ചുമാറ്റി സ്വയം തുറന്നവനാവുക എന്നത് സ്നേഹത്തിന്‍റെ ഒരു പ്രകടനമായും കണക്കാക്കപ്പെടുന്നുണ്ട്. ഏതു തരത്തിലുള്ള മോചനത്തിലും ഒരു അഴിച്ചു മാറ്റലും ഉരിഞ്ഞെറിയലും ഉണ്ട്. എല്ലാ സ്വാതന്ത്ര്യസമരങ്ങളും പഴയ വ്യവസ്ഥിതിയുടെ മലിനവസ്ത്രങ്ങള്‍ ഉരിഞ്ഞെറിയാനുള്ള ശ്രമങ്ങള്‍ തന്നെയാണ്. വ്യവസ്ഥ ഇറുകിയ ഒരു വസ്ത്രംപോലെ ആളുകളെ ഞെരുക്കാന്‍ തുടങ്ങുമ്പോഴാണ് അത് ഉരിഞ്ഞു കളയാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. മോചനമെന്നാല്‍ ഇറുകിയ, കുടുസ്സായ ഒന്നില്‍ നിന്നുള്ള പുറത്തുകടക്കല്‍ തന്നെയാണ്. ഇത് ചിലപ്പോള്‍ കാലില്‍ ഇറുകിക്കിടക്കുന്ന സോക്സും ഷൂസും ദീര്‍ഘയാത്രയ്ക്കുശേഷം  ഊരിവെക്കുമ്പോള്‍ ലഭിക്കുന്ന ആശ്വാസം തന്നെയാണ്. ഒരു  രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചാലെന്നതുപോലെ, കാലുകള്‍ക്ക് മോചനം ലഭിക്കുന്നതില്‍ ആനന്ദിക്കുന്ന ചില സന്ദര്‍ഭങ്ങള്‍ മനുഷ്യനുണ്ട്. ചില മതചടങ്ങുകളില്‍ ഇടുങ്ങിയ ഒരിടത്തിലൂടെ നൂഴ്ന്നു കടക്കുകയെന്നത് മതാചാരമായി വരാറുണ്ട്. ഇങ്ങനെ നൂഴ്ന്നു കടന്ന് പുറത്തുവരുമ്പോള്‍ ഭക്തിയൊന്നുമില്ലാത്തവര്‍ക്കും രക്ഷപ്പെട്ടതിന്‍റെ ആശ്വാസം തോന്നും. ഈ ആശ്വാസം ലഭിക്കാന്‍ വീണ്ടും അവിടെ പോയെന്നും വരും. രക്ഷപെടാന്‍ കഴിയുമെന്നുറപ്പുള്ള അപകടങ്ങളില്‍പെടാനുള്ള ഒരു വാസന മനുഷ്യനുണ്ട്.

പോള്‍ ഒകാമി  (Paul Okami) പതിനെട്ടുവര്‍ഷമെടുത്ത് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് കുട്ടികളുടെ മുന്നില്‍ മാതാപിതാക്കള്‍ നഗ്നരായി നടക്കുന്നതുകൊണ്ട് ഒരു ദുഷ്ഫലവും ഉണ്ടാകുന്നില്ല, അല്പം മെച്ചങ്ങളേയുള്ളു എന്നാണ്. സ്കാന്‍ ഡിനേവിയായില്‍ മുതിര്‍ന്ന സ്ത്രീ പുരുഷന്മാര്‍ നഗ്നരായി നടക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍ കുട്ടികള്‍ നഗ്ന ചിത്രങ്ങള്‍ കാണുന്നത് നിരോധിച്ചിട്ടുണ്ട്. ജര്‍മ്മനി, ഫിന്‍ലണ്ട്, നെതര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ആണും പെണ്ണും നഗ്നരായി കടലില്‍ കുളിക്കുന്നത് സാധാരണ കാഴ്ചയാണ്. അതുകൊണ്ട്, അവിടെ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങളോ ലൈംഗിക പീഡനങ്ങളോ ഉണ്ടായതായി കേട്ടിട്ടില്ല.

വസ്ത്രത്തെയും നഗ്നതയെയും കുറിച്ചുള്ള ആലോചന മുകളില്‍ പറഞ്ഞതരത്തിലും തുടങ്ങാമെന്നു തോന്നുന്നു. നഗ്നതയെ സ്തുതിക്കാനല്ല ഇത്രയും പറഞ്ഞത്. സത്യത്തിലേക്കുള്ള ഒരു വഴിയാണ് തിരയാന്‍ ശ്രമിക്കുന്നത്. സത്യത്തിലേക്കുള്ള വഴി പലപ്പോഴും അപ്രസന്നമായിരിക്കും. (തുടരും)

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts