news-details
മറ്റുലേഖനങ്ങൾ

ചര്‍മ്മം കണ്ടാല്‍...,

'ബാലനങ്കിളേ, കഴിഞ്ഞ മാസം രണ്ട് ചെറുക്കന്മാരെന്നെ കാണാന്‍ വന്നിരുന്നു. രണ്ടുപേരും വേണ്ടെന്ന് പറഞ്ഞു. അവരുടെ നോട്ടത്തില്‍ എനിക്ക് കറുപ്പ് കൂടുതലാണെന്ന് തോന്നുന്നു."
അവള്‍ നിരുന്മേഷവതിയായി ഫോണിലൂടെ ചിരിച്ചുകൊണ്ട് തുടര്‍ന്നു: "ഞാന്‍ ആരെങ്കിലുമായി പ്രണയത്തിലാവേണ്ടതായിരുന്നു, അല്ലെങ്കില്‍ ആരെയെങ്കിലും സ്വന്തംനിലയ്ക്ക് കണ്ടുപിടിക്കേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു."

ഫോണിന്‍റെ മറുതലയില്‍ ഞാന്‍ വിഷാദമൂകനാകുന്നു. തന്‍റെ ഭാര്യയാകാന്‍ പോകുന്ന സ്ത്രീ 'വെളുത്ത ഗോതമ്പുനിറമുള്ളവളായിരിക്കണം' എന്ന് യാതൊരുളുപ്പുമില്ലാതെ വെട്ടിത്തുറന്നു പറയുന്ന എന്‍റെ ഈ രാജ്യത്തെ പുരുഷന്മാരുടെ (സ്ത്രീയുടെയും) സ്വഭാവപ്രകൃതിയെക്കുറിച്ച് ചിന്തയില്‍ ഭാരപ്പെടാതിരിക്കാനെനിക്കാവുന്നില്ല.

അവള്‍ എന്‍റെ ഒരു അടുത്ത സുഹൃത്തിന്‍റെ മകളാണ്. ബിരുദാനന്തര ബിരുദധാരിയും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്നവളും (ഇപ്പോള്‍ അതും വിവാഹാലോചനയിലെ മറ്റൊരു മാനദണ്ഡമാണ്) ബുദ്ധിമതിയും ശാലീനതയും ആകര്‍ഷണകത്വവും ഉള്ളവളും നല്ല പാചകക്കാരിയും വായനശീലമുള്ളവളും നല്ലൊരു ഉദ്യോഗമുള്ളവളുമാണ് ഈ കുട്ടി. അവള്‍ക്ക് ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസ്സ് പ്രായം കാണും. ആകര്‍ഷമായ അവളുടെ ശാരീരിക പ്രകൃതികൊണ്ടും വാക്സാമര്‍ത്ഥ്യംകൊണ്ടും ഏത് ബോറന്‍ സ്ത്രീപുരുഷന്മാരെയും സന്തോഷിപ്പിക്കാന്‍ അവള്‍ക്ക് പ്രത്യേക നൈപുണ്യമുണ്ട്. അവളുടെ അച്ഛനാകാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഏറെ അഭിമാനിച്ചിരുന്നേനെ - അവളുടെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എനിക്ക് ആ കുട്ടിയെ നന്നായി അറിയാവുന്നതുകൊണ്ട് അവളുടെ സ്വഭാവവൈശിഷ്ട്യത്തെക്കുറിച്ചും വ്യക്തിത്വത്തിന്‍റെ സമഗ്രതയെക്കുറിച്ചും ഉറപ്പുപറയാനാവും.

"എന്തായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു. ഇനി ഈ പരിപാടിക്ക് ഞാനില്ല. അനുയോജ്യരെ കണ്ടുപിടിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ മുമ്പില്‍ എന്നെത്തന്നെ പ്രദര്‍ശിപ്പിക്കുന്ന പരിപാടി ഇനിയും തുടരുകയാണെങ്കില്‍ ഒരു വേശ്യയില്‍നിന്ന് എനിക്ക് ഏറെ വ്യത്യാസമൊന്നുമുണ്ടാവുകയില്ല."

ഞാനും അവളെ അനുകൂലിക്കുന്നു.

നമ്മുടെ രാജ്യത്തെ വര്‍ത്തമാന പത്രങ്ങളില്‍ "വധുവിനെ ആവശ്യമുണ്ട്" എന്ന തലക്കെട്ടിലെ വിവാഹപരസ്യങ്ങളുടെ കോളങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ സ്ത്രീയുടെ "വെളുത്ത നിറ"ത്തെ നാം എത്ര കൃത്യമായി പരിഗണിക്കുന്നുവെന്ന് മനസ്സിലാക്കാനാവും.
ഇതിനെക്കുറിച്ച് ആരെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ. എന്‍റെ അഭിപ്രായത്തില്‍ ഇത് ഇന്ത്യയിലെ മാത്രം തനതുപ്രശ്നമാണ്. നമ്മള്‍ ഇന്ത്യാക്കാര്‍ വെള്ളക്കാരെപ്പോലെ വെളുത്തവരോ നിഗ്രോകളെപ്പോലെ കറുത്തവരോ അല്ല. എന്നിട്ടും വെളുപ്പിനോടുള്ള അമിതാകര്‍ഷണം നമ്മുടെ മനസ്സില്‍ ഇടം കണ്ടെത്തുന്നത് വെള്ളക്കാരനോടുള്ള പഴയ ഭയാദരം ഇന്നും നിലനില്‍ക്കുന്നതുകൊണ്ടാകുമോ? എന്തുകൊണ്ടാണ് ഇരുണ്ട നിറം വൃത്തിയും മനോഹാരിതയും ഇല്ലാത്തതാകുന്നത്? വെളുത്ത തൊലിയോടുള്ള ഈ ഇഷ്ടം ഏതെങ്കിലും മതത്തിനുള്ളിലോ സംസ്കാരത്തിനുള്ളിലോ മാത്രം നിലനില്‍ക്കുന്നതല്ല. നിങ്ങള്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ സിക്കുകാരനോ ആയിക്കൊള്ളട്ടെ, നിങ്ങള്‍ക്ക് 'ഗോതമ്പ് നിറ'മാണിഷ്ടം.

വെളുത്ത തൊലിയുള്ളവര്‍ വെളുത്ത/ നിര്‍മ്മലമായ മനസ്സുള്ളവര്‍ എന്നായിരിക്കുമോ നമ്മള്‍ ഇന്ത്യാക്കാര്‍ ചിന്തിക്കുന്നത്? അതോ നമ്മുടെതന്നെ മനസ്സിന്‍റെ ഇരുളിനെ നാം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതാണോ? അതുകൊണ്ടായിരിക്കില്ലേ നമ്മളിപ്പോഴും നമ്മേക്കാള്‍ താഴ്ന്നവരെ ചീത്ത വിളിക്കുകയും ശകാരിക്കുകയും പുച്ഛിക്കുകയുമൊക്കെ ചെയ്യുന്നത്? 'ഉന്നതകുലജാത'രെന്ന് അഭിമാനിക്കുന്നവര്‍ 'താഴ്ന്നജാതി'ക്കാരായ ദളിതരെ ഇപ്പോഴും അവഗണിക്കുകയും വെറുക്കുകയും ചെയ്യുന്നത് ഈ നിറത്തിന്‍റെ പേരില്‍ തന്നെയല്ലേ? നമ്മുടെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍പോലും കറുപ്പിനോടുള്ള ഈ അനാദരവിന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. (അവളൊരു ക്രിസ്ത്യന്‍ കുട്ടിയാണ്). വെളുപ്പില്ലായ്മ നമ്മുടെ സമൂഹത്തില്‍ എപ്പോഴും ഒരാളെ സന്ദിഗ്ദ്ധാവസ്ഥയില്‍ നിര്‍ത്തുന്നു.

നമ്മുടെ സ്ത്രീകള്‍ക്കും വെളുത്തനിറമുള്ള പുരുഷന്മാരെയാണോ ഇഷ്ടം എന്നറിഞ്ഞുകൂടാ. മലയാളത്തിന്‍റെ ഏറ്റവും ജനപ്രീതിയുള്ള 'വനിത' എന്ന സ്ത്രീകളുടെ മാസികയില്‍ പുരുഷന്മാരുടെ അടിവസ്ത്രത്തിന്‍റെ പരസ്യങ്ങളില്‍ കൊടുത്തിരിക്കുന്ന പേശീബലമുള്ള പുരുഷന്മാരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ കറുപ്പ് നിറവും അവര്‍ക്ക് ആകര്‍ഷകമാണെന്ന് തോന്നാറുണ്ട്. എന്തിനാണ് പുരുഷന്മാരുടെ അടിവസ്ത്രത്തിന്‍റെ പരസ്യം സ്ത്രീകളുടെ മാസികയില്‍ കൊടുക്കുന്നത് എന്ന് ചോദിച്ചാല്‍ എനിക്കറിഞ്ഞൂകൂടാ. ഒപ്പം കൂടെ ചേര്‍ത്തിരിക്കുന്ന വാക്യവും ഒന്ന് വായിക്കുക - 'ഉള്ളില്‍ നിങ്ങള്‍ ആരാണ്?' (who are you inside?) ശരിക്കും മനസ്സിനെ വലയ്ക്കുന്ന ചോദ്യം, അല്ലേ?
ഒരു സൗന്ദര്യാസ്വാദകനെ സംബന്ധിച്ചിടത്തോളം ഞാനിപ്പോള്‍ താമസിക്കുന്ന ആലപ്പുഴ ഇരുണ്ട നിറമുള്ള സ്ത്രീകളെക്കൊണ്ട് സമ്പന്നമാണ്. എത്ര സുന്ദരവും മൃദുവും ആരോഗ്യപൂര്‍ണ്ണവും ജീവനുറ്റതുമാണ് അവരുടെ ചര്‍മ്മം! അവരെ ഒന്ന് കണ്ണോടിക്കുമ്പോള്‍ നമ്മള്‍ അറിയാതെതന്നെ അവരുടെ കരിക്കറുപ്പന്‍ കണ്ണുകള്‍ നമ്മെ വശീകരണാത്മകമായി ക്ഷണിക്കുന്നതുപോലെ. ഉള്ളില്‍ ഒരു തിരയിളക്കം, എന്നിട്ടൊന്ന് പുഞ്ചിരിച്ച്, നെടുവീര്‍പ്പെട്ട് നമ്മള്‍ വിദൂരങ്ങളിലേക്ക് കണ്ണുകള്‍ പറിച്ച് നടുന്നു. :-)

വെളുത്തനിറത്തോടുള്ള മനുഷ്യമനസ്സിലെ ഒഴിയാബാധയായ ആകര്‍ഷണത്തെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മ്മാതാക്കളും മാധ്യമങ്ങളും നന്നായി ചൂഷണം ചെയ്യുന്നുണ്ട്. ഫാഷന്‍ മോഡലുകളെയൊന്ന് ശ്രദ്ധിക്കൂ -കറുപ്പ് നിറമുള്ള എത്ര പെണ്‍കുട്ടികളെ നമുക്ക് വേദിയിലും(ൃമാു) പരസ്യങ്ങളിലും കാണാനാവും?

"സൗന്ദര്യം തൊലിപ്പുറത്താണെ"ന്ന ചൊല്ല് നമ്മള്‍ ഇന്ത്യാക്കാര്‍ ആഘോഷപൂര്‍വ്വമായി അക്ഷരാര്‍ത്ഥത്തില്‍ എടുത്തിരിക്കുകയാണെന്ന് തോന്നുന്നു. 'വെളുത്തനിറ'ത്തോടൊപ്പം സ്ത്രീധനവും ജാതിപ്രശ്നങ്ങളും കയറിവരുന്നു. ജാതിവ്യവസ്ഥ ഹിന്ദുമതത്തിന്‍റെ മാത്രം പ്രശ്നമാണെന്നാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. വിവാഹപരസ്യത്തിന്‍റെ കോളങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ക്രിസ്തീയമതത്തിനുള്ളിലുള്ള അനേകം ഉപവിഭാഗങ്ങളെ കണ്ടെത്താനാവും. ചിലപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിവരും-കേരളത്തിലെ പല ക്രിസ്ത്യാനികളും അവരുടെ കുടുംബപാരമ്പര്യം പറഞ്ഞ് ബ്രാഹ്മണന്മാരിലും നായന്മാരിലുമൊക്കെ എത്തിച്ചേരുന്നതോര്‍ത്ത്. എന്നിട്ട് അതേ മതത്തില്‍പ്പെട്ട പലരേയും താഴ്ന്നജാതിയില്‍ നിന്നോ ഈഴവരില്‍നിന്നോ മതംമാറി എത്തിയവരായി വിലകുറച്ച് കാണുന്നു. ഒരു റോമന്‍  കത്തോലിക്കനോ ഓര്‍ത്തഡോക്സുകാരനോ ഒരു പെന്തക്കുസ്താക്കാരനോ സാല്‍വേഷന്‍ ആര്‍മിക്കാരനോ ആയിട്ട് കുടുംബപാരമ്പര്യമോ ബന്ധമോ പറയുന്നതായി കേള്‍ക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

ഈ സാമൂഹികതിന്മകള്‍ക്കൊക്കെ ശാശ്വതമായ ഒരു പരിഹാരമുണ്ടോ എന്ന് സംശയമുണ്ട്. ചിലപ്പോള്‍ 'ആധുനിക' സമൂഹം എന്ന് നാം സ്വയം വിശേഷിപ്പിക്കുമ്പോള്‍ എനിക്ക് ആശ്ചര്യം തോന്നാറുണ്ട്. നമ്മുടെ ചരിത്രാതീത പൂര്‍വ്വികരെപ്പോലെതന്നെ നമ്മളും പ്രാകൃതരാണെന്ന് തോന്നിപ്പോകുന്നു. വ്യക്തികളെന്ന നിലയില്‍ കുറേയൊക്കെ നമുക്ക് ചെറുത്തുനില്ക്കാനാവുമെങ്കിലും നമ്മുടെ നാടിന്‍റെ 'വിവാഹച്ചന്ത' ഇങ്ങനെയൊക്കെത്തന്നെ നിലനില്‍ക്കുമായിരിക്കാം. സൗന്ദര്യവസ്തുക്കളുടെ വ്യവസായം, സിനിമകള്‍, പരസ്യങ്ങള്‍, മറ്റ് മാധ്യമങ്ങള്‍ - എല്ലാം ഈ അപഹാസ്യവും ബോധശൂന്യവുമായ ഇന്ത്യാക്കാരന്‍റെ സ്വഭാവത്തെ മുതലെടുത്താണ് ഇവിടെ കൊഴുക്കുന്നത്. സമൂഹം മാറുമെന്നത് അസംഭവ്യമായ ഒരു  ഭാവന മാത്രമാണ്. എന്നിട്ടും അങ്ങനെ വിശ്വസിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts