ബനഡിക്ട് പതിനാറാമന്‍ പാപ്പ തിരുസഭാഭരണത്തിന്‍റെ അമരത്തുനിന്ന് സ്വയം ഒഴിഞ്ഞ് മാറാന്‍ തിരുമാനിച്ച വിവരം അറിയച്ചതോടെ ലോകം ഒരിക്കല്‍ കൂടി വത്തിക്കാനിലേക്ക് തിരിഞ്ഞു. മാദ്ധ്യമങ്ങളെല്ലാം മാര്‍പാപ്പയുടെ തീരുമാനത്തെ മഹാത്യാഗമെന്ന് വിശേഷിപ്പിച്ചു. സമീപകാലത്തെങ്ങും കേട്ടുകേള്‍വിയില്ലാത്ത, സഭയുടെ മുഴുവന്‍ ചരിത്രമെടുത്താല്‍ത്തന്നെയും അത്യപൂര്‍വ്വകമെന്ന് ആരും സമ്മതിക്കുന്ന ഈ സംഭവത്തിന് സമകാലീനരാകാന്‍ കഴിഞ്ഞത് നമ്മുടെ അസുലഭ ഭാഗ്യം! രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ അമ്പതാംവാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ കൗണ്‍സില്‍ തുടക്കം കുറിച്ച 'സഭാ നവീകരണം' എന്ന സമഗ്രമായ നവീകരണ മുന്നേറ്റത്തിലെ ഏറ്റവും തിളക്കമാര്‍ന്ന നാഴികകല്ലായി ബനഡിക്ട് പാപ്പയുടെ തീരുമാനത്തെ പില്‍ക്കാല ചരിത്രകാരന്മാര്‍ വാഴ്ത്തും.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിനെത്തുടര്‍ന്ന് ആധുനിക ലോകത്തിന്‍റെ നടുമുറ്റത്തേക്ക് വേഗത്തില്‍ നടന്നിറങ്ങിയ സഭയുടെ ഹൃദയമിടുപ്പിന്‍റെ താളവും ത്രാസവും നേരിട്ടറിഞ്ഞയാളാണ് ജോസഫ് റാറ്റ്സിങ്ങര്‍ എന്ന യുവവൈദികന്‍. കൗണ്‍സില്‍ പിതാക്കന്മാര്‍ക്ക് ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു കൊടുത്തുകൊണ്ടും കൗണ്‍സില്‍ പ്രമാണരേഖകള്‍ക്ക് ആധികാരികമായ വ്യഖ്യാനങ്ങള്‍ എഴുതികൊണ്ടും അദ്ദേഹം കൗണ്‍സിലിന്‍റെ നടത്തിപ്പിന്‍റേയും സ്വീകരണത്തിന്‍റേയും ഭാഗമായിത്തീര്‍ന്നു. ഒരിക്കലും മാറ്റാനാവാത്ത തത്ത്വസംഹിതകളുടേയും പ്രവര്‍ത്തനശൈലികളുടേയും ഒരു സമാഹാരമല്ല സഭ; ഈ ലോക സാഹചര്യങ്ങളില്‍ നിന്ന് ഒന്നും സ്വീകരിക്കാത്ത, ഒന്നും സ്വീകരിക്കാനില്ലാത്ത ഒരു സ്ഥാപനവുമല്ല അത്. ലൗകീകമായ പലതിനും ആന്തരീക മൂല്യമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ള സഭ ലോകവുമായി ക്രിയാത്മകമായ ബന്ധത്തിലാണ് ജീവിക്കുന്നത്. സഭയുടെ ആന്തരീകജീവിതവും ബാഹ്യലോകത്ത് നിലനില്‍ക്കുന്ന മൂല്യസംവിധാനങ്ങളും തമ്മില്‍ കാര്യക്ഷമമായ ബന്ധം സാധ്യമാണെന്ന് സഭാംഗങ്ങള്‍ക്ക് അറിവുള്ള കാര്യം തന്നെയാണ്.
മാനുഷീകമായ അപര്യാപ്തകളുടെ പേരില്‍ ജോലിയില്‍ നിന്നും പദവികളില്‍നിന്നും വിരമിക്കുകയെന്നത് ജനാധിപത്യ വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സാധാരണമാണ്. രാജാവിനെ ദൈവതുല്യം കാണുന്ന ഏകാധിപത്യ വ്യവസ്ഥിതികള്‍ ഉള്ളിടത്ത് മാനുഷിക പരിമിതികള്‍ പരിഗണിക്കാറില്ല. ദൈവത്തെപ്പോലെ രാജാവും നിത്യനാണെന്നാണ് സങ്കല്പം. എത്രയോ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും ജനാധിപത്യമൂല്യങ്ങളില്‍ അധിഷ്ഠിതമെന്ന് വിമ്പിളക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍പോലും വൃദ്ധാധിപത്യങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. പ്രായാധിക്യവും മറ്റ് അരിഷ്ടതകളും വകവയ്ക്കാതെ ഒരു സ്വയം കല്പിത നിയോഗമെന്ന പോലെ പദവികളില്‍ പ്രത്യക്ഷമായിത്തന്നെ തുടരുകയൊ അല്ലെങ്കില്‍ പിന്‍ഗാമികളെ നിശ്ചയിക്കുന്നതിലും പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യങ്ങള്‍ നിര്‍ണ്ണയിക്കുന്നതിലും പരോക്ഷമെങ്കിലും ശക്തമായിത്തന്നെ ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പല രാജാക്കന്മാര്‍ക്കും രാജ്ഞിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമുള്ള സൗമ്യമായ ഒരു താക്കീതും മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തില്‍ നിന്ന് നാം വായിച്ചെടുക്കേണ്ടതുണ്ട്.
ശരാശരി കത്തോലിക്കര്‍ മറിച്ച് ചിന്തിക്കാനൊ ഭാവനചെയ്യാന്‍ പോലുമോ കൂട്ടാക്കാതിരുന്ന ഒരു വലിയ മിത്താണ് മാര്‍പാപ്പ ആയാസരഹിതമായി പൊളിച്ചെഴുതിയത്. പ്രായം, രോഗം തുടങ്ങിയ ലോക സാധാരണമായ ബലഹീനതകള്‍ക്ക് അനീതനായി നിന്ന് അജപാലനത്തിന്‍റെ സമസ്തമേഖലകളിലും അവിരാമം ഇടപെടാന്‍ കഴിയുന്ന അമാനുഷീകനാണ് മാര്‍പാപ്പയെന്ന വളരെ മിത്തിക്കലായ ഒരു കാഴ്ചപ്പാടിന് ഇനി പ്രസക്തിയില്ല. മനസ്സിന്‍റെയും ശരീരത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സാര്‍വ്വത്രീക സഭയുടെ അജപാലന ശുശ്രൂഷ അസാധ്യമാണെന്ന ലളിതസത്യമാണ് സ്വയം വിരമിക്കുന്നതിന് കാരണമായി മാര്‍പാപ്പ എടുത്തു പറഞ്ഞത്. അനുഭവജ്ഞാനമുള്ള ഒരാള്‍ക്കും നിഷേധിക്കാനാവാത്ത ഒരു കാര്യമാണിത്. അങ്ങനെ നോക്കുമ്പോള്‍, മാര്‍പാപ്പയുടെ തിരുമാനത്തില്‍ അസാധാരണമായൊ മഹത്തരമായൊ ഒന്നുമില്ലെന്ന് തോന്നിപ്പോകാം. അതുശരിയല്ല. ഇത്രയേറെ ഉന്നതമായ പദവിയില്‍ ഇരിക്കുന്ന ഒരാള്‍ എത്രയും സാധാരണമായ പ്രായം, അനാരോഗ്യം തുടങ്ങിയ കാര്യങ്ങളെ വലിയ മുഖവിലക്കെടുത്തു എന്നതിലാണ് മഹത്വം. 'എനിക്ക് ദാഹിക്കുന്നു', 'എന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു', 'നിങ്ങളുടെ കയ്യില്‍ ഭക്ഷിക്കാനെന്തെങ്കിലുമുണ്ടോ?' എന്നിങ്ങനെയൊക്കെ ചോദിച്ചും പറഞ്ഞുകൊണ്ട് ഈ ഭൂമിയില്‍ ജീവിച്ച നസറായനിലെ ദൈവത്തെ നാം വീണ്ടും ഓര്‍ത്തുപോകുന്നു.
സഭയുടെ ആന്തരീകഘടനയെ സംബന്ധിച്ചുള്ളചര്‍ച്ചകളിലും സഭൈക്യ പ്രവര്‍ത്തനമേഖലയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യമുണ്ട്: 'ക്രിസ്തുവിന്‍റെ സഭയില്‍ "പത്രോസ്" ഒരു വ്യക്തിയാണൊ അതോ ശുശ്രൂഷയാണൊ?' വ്യക്തിയേയും വ്യക്തിചെയ്യുന്ന ശുശ്രൂഷയേയും വേര്‍തിരിക്കാനാവില്ലെന്ന് ഏവര്‍ക്കും അറിയാമെന്നിരിക്കെ ചോദ്യത്തിന്‍റെ കാതല്‍ എന്തെന്ന് നാം ചിന്തിക്കണം. പത്രോസ് ഒരു വ്യക്തിയാണ്, ഒരു ശുശ്രൂഷയുമാണ്. എന്നാല്‍ ഇവയില്‍ ഏതിനാണ് മുന്‍തൂക്കം? സ്വയം വിരമിക്കാനുള്ള മാര്‍പാപ്പയുടെ തീരുമാനം ചില ശക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. പൗരോഹിത്യ ശുശ്രൂഷ എന്നൊക്കെ പറയുന്നതുപോലെ "പത്രോസ് - ശുശ്രൂഷ" എന്ന രീതിയിലാണ് തന്‍റെ പദവിയെ ബനഡിക്ട് പാപ്പ കണ്ടെതെന്ന് തോന്നുന്നു. അതുകൊണ്ടാവണം തന്നില്‍ നിക്ഷിപ്തമായ ശുശ്രൂഷയ്ക്ക് താനെന്ന വ്യക്തി ശാരീരികമായും മാനസീകവുമായി അപര്യാപ്തനാണെന്ന് ബോധ്യമായ ക്ഷണത്തില്‍ ശുശ്രൂഷ മറ്റൊരു വ്യക്തിയിലേക്ക് കൈമാറാന്‍ അദ്ദേഹം തീരുമാനിച്ചത്. നിശ്ചിത പ്രായത്തില്‍ വൈദികരെല്ലാം അവരുടെ അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിക്കുന്ന പതിവ് എല്ലാ സഭകളിലുമുണ്ട്.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു കീഴ്വഴക്കത്തിന്‍റെ ഇരുമ്പുമറയ്ക്കപ്പുറത്ത് എങ്ങനെയും തന്‍റെ പദവികയ്യാളാമായിരുന്നിട്ടും, ദൈവഭവനമാകുന്ന സഭയുടെ മുഖ്യകാര്യക്കാരന്‍ എന്ന ജോലിയില്‍ നിന്നും മാര്‍പാപ്പ സ്വയം പിന്മാറുകയാണ്. "സഭയെ ഞാന്‍ അവളുടെ ഇടയനെ ഭരമേല്‍പ്പിക്കുന്നു" എന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഏറെ ചിന്തോദ്ദീപകമാണ്. താന്‍ പോയാല്‍ പ്രളയം എന്ന അദ്ദേഹം ചിന്തിക്കുന്നില്ല. താനൊരു താത്ക്കാലിക പകരക്കാരന്‍ മാത്രമാണെന്ന സുന്ദരമായ സ്വയാവബോധമാണ് അദ്ദേഹത്തെ നയിക്കുന്നത്.
"പത്രോസ്" ഒരു വ്യക്തിയെന്നതിനേക്കാള്‍ ഒരു ശുശ്രൂഷയാണെന്ന സുപ്രധാന പാഠം സ്വജീവിതം കൊണ്ട് ഉദാഹരിച്ച് പഠിപ്പിച്ചിട്ടാണ് മികച്ച ദൈവശാസ്ത്ര അധ്യാപകന്‍ കൂടിയായിരുന്ന പ്രൊഫസര്‍ ജോസഫ് റാറ്റ്സിങ്ങള്‍ -ബനഡിക്ട് പതിനാറാമന്‍ പാപ്പ പടിയിറങ്ങുന്നത്. മിച്ചമുള്ള സമയം മുഴുവന്‍ സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥനയുടെ ശുശ്രൂഷചെയ്യാനായി ബനഡിക്ട് പാപ്പ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുമ്പോള്‍, വിശ്വാസ ഐക്യത്തിന്‍റെയും ഇടയനടുത്ത നേതൃത്വത്തിന്‍റെയും "പത്രോസ്- ശുശ്രൂഷ" ചെയ്യാന്‍ പുതിയൊരു പാപ്പയെ പരിശുദ്ധാത്മാവ് തിരഞ്ഞെടുത്തുയര്‍ത്തട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.