news-details
മറ്റുലേഖനങ്ങൾ

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: പൊതുസമൂഹം പ്രതികരിക്കുന്നു

മണ്ണിന്‍റെ ജീവന്‍ പോയാല്‍ കര്‍ഷകന് ജീവിതമില്ല

(ഔസേപ്പച്ചന്‍ മുടക്കിയാങ്കല്‍, നിരവധി കര്‍ഷക അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ജൈവകര്‍ഷകന്‍)

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഒരു നൂറ് വര്‍ഷം മുമ്പ് തന്നെ നടപ്പിലാക്കേണ്ടവയായിരുന്നു. ഇത്തരം കാര്യങ്ങളില്‍ കര്‍ഷക ജനതയ്ക്കുള്ള അജ്ഞത പരിഹരിക്കേണ്ടിയിരുന്നത് സര്‍ക്കാരുകളായിരുന്നു.  എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേടുകളും പ്രതിബദ്ധതയില്ലായ്മയും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് പശ്ചിമഘട്ടത്തിലെ സ്ഥിതിഗതികള്‍ വഷളാക്കിയത്.

പശ്ചിമഘട്ടമേഖലയില്‍ വന്‍തോതില്‍ കൂടിയേറ്റം നടത്തിയത് ആദ്യ ഘട്ടത്തില്‍ വിദേശികളായിരുന്നു. അവര്‍ വന്‍കിട തോട്ടങ്ങള്‍ ഉണ്ടാക്കി. ഇടുക്കിപോലുള്ള മേഖലകളിലെ തോട്ടങ്ങളില്‍ തമിഴ്തൊഴിലാളികള്‍  ഏറെയുള്ളതിനാല്‍ ആ പേദേശങ്ങള്‍ തമിഴ് ഭൂരിപക്ഷമുള്ളതായി മാറുമോ എന്ന ആശങ്കയോടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ മലയാളി കര്‍ഷകരുടെ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ട് കുടിയേറ്റത്തിന്‍റെ ഫലമായുണ്ടായ പ്രശ്നങ്ങള്‍ക്ക് കര്‍ഷകരെ കുറ്റം പറയുന്നതിലര്‍ത്ഥമില്ല.

എന്നാല്‍ ഇന്നത്തെ നിലയിലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മരുഭൂവല്‍ക്കരണമാവും ഫലമെന്ന് ശാസ്ത്രീയമായി വ്യക്തമായി വരുകയാണ്. മണ്ണൊലിപ്പും ജലക്ഷാമവുമെല്ലാം കുടിയേറ്റമേഖലകളില്‍ വ്യാപകമാണ്. ഇത് കര്‍ഷകര്‍ മനസ്സിലാക്കി തിരുത്തലുകള്‍ക്ക് സന്നദ്ധമായില്ലെങ്കില്‍ പശ്ചിമഘട്ടത്തില്‍ കൃഷിചെയ്ത് ജീവിക്കാനാവാതെ സ്വയം കുടിയിറങ്ങേണ്ടിവരും. ഈ പശ്ചാത്തലത്തിലാണ് സീറോ ബഡ്ജറ്റ് ഫാമിംഗ് പോലുള്ള ജൈവകൃഷി രീതികളുടെ പ്രാധാന്യം. ഇത് പ്രായോഗികമല്ലാ എന്ന് പറയുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വരുദ്ധര്‍ യഥാര്‍ത്ഥത്തില്‍ പ്രായോഗികമായി കൃഷി ചെയ്യുന്നവരാണോ എന്ന് സംശയമാണ്. ഈ മേഖലകളിലെ നൂറുകണക്കിന് കര്‍ഷകര്‍ ഇതിന്‍റെ പ്രായോഗികത തെളിയിച്ചിട്ടുണ്ട്. മണ്ണിന്‍റെ ജീവന്‍ പോയാല്‍ കര്‍ഷക ജീവിതമില്ലെന്ന സത്യം എല്ലാവരും മനസ്സിലാക്കണം.

മുപ്പതു ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ പാടില്ല എന്ന ഗാഡ്ഗില്‍ ശുപാര്‍ശ അതേപടി ഉള്‍ക്കൊള്ളാനാവില്ല. തന്നാണ്ടുവിളകളെല്ലാം തന്നെ ഭക്ഷ്യവിളകളാണ്. ഭക്ഷ്യവിളകളുടെ ഉല്പാദനം കുറയുന്ന സമീപനം സ്വീകാര്യമല്ല. ചരിവുള്ള സ്ഥലങ്ങളില്‍ കയ്യാലകള്‍ തീര്‍ത്തും പുതയിട്ടും തന്നാണ്ടുവിളകള്‍ കൃഷിചെയ്താല്‍ ഒരു തരത്തിലുള്ള മണ്ണൊലിപ്പും ഉണ്ടാവില്ല. അതുകൊണ്ട് കയ്യാല, പുതയിടല്‍ എന്നീ സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാതെ ചരിവു സ്ഥലങ്ങളില്‍ തന്നാണ്ടു കൃഷി ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടത്.

വന്യമൃഗങ്ങള്‍ പെരുകുന്നു, അവ കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന തുടങ്ങിയ പരാതികള്‍ ഇപ്പോള്‍ പെരുകുന്നു.  കാട് കാട്ടുമൃഗങ്ങളുടെതാണ്, നാട് മനുഷ്യന്‍റെതാണെന്നതുപോലെ. മുമ്പ് കാടായിരുന്ന സ്ഥലത്ത് കാട്ടുമൃഗങ്ങള്‍ വന്നെന്നുവരും. അത് പുതിയ കാര്യമല്ല. കുടിയേറ്റത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം എത്രയേറെയായിരുന്നു. അന്നതിന് വാര്‍ത്താമൂല്യമില്ലായിരുന്നു. ഇന്ന് ഒരു വന്യമൃഗം കൃഷിയിടത്തിലിറങ്ങിയാല്‍ വലിയ വാര്‍ത്തയായി. ഇങ്ങനെ ഇക്കാര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്നതിന് മറ്റ് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് കരുതണം. കാട്ടുമൃഗങ്ങളോട് അവരുടെ മുന്‍വാസസ്ഥലങ്ങളിലേക്കിറങ്ങരുതെന്ന് പറഞ്ഞ് ബോധവല്‍ക്കരണം നടത്താന്‍ പറ്റില്ലല്ലോ. മനുഷ്യരോടല്ലെ കാട്ടില്‍ കയറുരുതെന്ന് പറഞ്ഞ് ബോധവത്ക്കരണം നടത്താന്‍ പറ്റു. ആയതിനാല്‍ വന്യമൃഗശല്യത്തെക്കുറിച്ച് ഊതിപ്പെരുപ്പിച്ച കഥകളുണ്ടാക്കി ജനങ്ങളെ വനത്തിനും വന്യമൃഗങ്ങള്‍ക്കും എതിരാക്കുകയും അങ്ങനെ നാട് നിലനിര്‍ത്താന്‍ അനിവാര്യമായ കാടിന്‍റെ നിലനില്പ് അപകടത്തിലാക്കുകയുമല്ല വേണ്ടത്. കാട്ടില്‍ നിന്ന് മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വലിയ ട്രഞ്ച് കുഴിക്കുന്നതുപോലെയും ഇലക്ട്രിക് ഫെന്‍സിംഗ് പോലെയുമുള്ള സംരക്ഷണ നടപടികളാണാവശ്യം. അതിന് സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായങ്ങളുണ്ടാവണം. അതുകൊണ്ട് വന്യമൃഗശല്യത്തിന്‍റെ പേര് പറഞ്ഞ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് യുക്തി സഹമല്ല.

വന്യമൃഗങ്ങളുടെ സഞ്ചാരപാതകള്‍ തിരികെ കൊണ്ടുവരണമെന്നത് ന്യായമായ കാര്യമാണ്. അങ്ങനെ വന്നാല്‍ തന്നെ കൃഷിസ്ഥലങ്ങളിലെ മൃഗശല്യം കുറയും. വനങ്ങള്‍ തുടര്‍ച്ചയില്ലാതെ മുറിഞ്ഞുപോയതു കാരണമാണ് മൃഗങ്ങളുടെ സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കേണ്ടിവരുന്നത്. ഇക്കാര്യത്തിനായി അത്യാവശ്യം കുടിയിറക്കേണ്ടിവന്നാല്‍ അങ്ങനെ ചെയ്യണം. പുതിയ റയില്‍വേ ലൈനുകള്‍ക്കായും, ഹൈവേകള്‍ക്കായും, ജലപദ്ധതികള്‍ക്കായും മറ്റും എത്രയോ പേരെ കുടിയൊഴിപ്പിക്കുന്നു. അതുപോലെതന്നെയുള്ള ഒരു സാമൂഹികാവശ്യമാണ് വന്യമൃഗങ്ങളുടെ സഞ്ചാരപാത പുനഃസ്ഥാപിക്കുക എന്നതും. ഇത് മനസ്സിലാക്കാനുള്ള വിവേകം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്കുണ്ടാവണം. ഇക്കാര്യത്തിനായി കുടിയൊഴിപ്പിക്കേണ്ടി വരുന്നവരെ മാന്യമായി പുനരവധിവസിപ്പിക്കാനും നഷ്ട പരിഹാരം കൊടുക്കാനും സര്‍ക്കാര്‍ സന്നദ്ധമാവണമെന്നു മാത്രം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ചെതിര്‍ക്കുന്നവര്‍, അരനൂറ്റാണ്ടിനുള്ളില്‍ വറ്റിപ്പോയ നമ്മുടെ മലയോരങ്ങളിലെ അരുവികളെക്കുറിച്ച് എങ്കിലും പഠനം നടത്തിയാല്‍ കൊള്ളാം. ഇനി ജനിക്കുന്നവര്‍ക്കും കുടിവെള്ളം വേണമെന്നുമോര്‍ക്കുക.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
പാരിസ്ഥിതി മൗലിക വാദം
ഗുണകരമോ?
(ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ജനറല്‍ കണ്‍വീനര്‍, ഹൈറേഞ്ച് സംരക്ഷണ സമിതി)

പരിസ്ഥിതി സംരക്ഷണം ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. അത് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ചും അവരുടെ സഹകരത്തോടെയുമാണ് നടക്കേണ്ടത്. കുറെ നിയമങ്ങള്‍ ഉണ്ടാക്കിയും കുറെ നിയന്ത്രണങ്ങള്‍ അടിച്ചേല്പ്പിച്ചും പരിസ്ഥിതി സംരക്ഷണം സാധ്യമാകില്ല. ജനങ്ങളുടെ മനോഭാവങ്ങളിലും അതുവഴി ജീവിതശൈലിയിലും മാറ്റം ഉണ്ടാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകണം. അതുപോലെ ലോകത്തിന്‍റെ മുഴുവന്‍ പരിസ്ഥിതി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഒരു പ്രദേശത്തു ജീവിയ്ക്കുവാന്‍ വിധിയ്ക്കപ്പെട്ടവരുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ഭൂരിപക്ഷത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ന്യൂനപക്ഷം ബലിയാടാകണം എന്ന അവസ്ഥ അനീതിപരമാണ്.ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആദ്യാവസാനം വായിക്കുമ്പോള്‍ മനസ്സിലാകുന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പശ്ചിമഘട്ടം മുഴുവനും നിയന്ത്രിത വനത്തിന്‍റെ തലത്തിലേയ്ക്ക് മാറ്റപ്പെടും എന്നതാണ്. അത്യന്തം ജനവാസം നിറഞ്ഞ കേന്ദ്രങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ജനജീവിതം ദുസ്സഹമാകും. പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, നാണ്യവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ ഇവ വ്യാപകമായി കൃഷി ചെയ്യുന്ന ഈ മേഖലകളില്‍ കാര്‍ഷിക രീതികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വരികയും, വന്യമൃഗങ്ങളുടെ എണ്ണം പെരുകി അവ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യുമ്പോള്‍ പ്രാണഭീതിയാല്‍ കുടിയൊഴിഞ്ഞുപോകുവാന്‍ പ്രദേശവാസികള്‍ നിര്‍ബന്ധിതരാകും.

ഗാഡ്ഗില്‍ കമ്മിറ്റിക്ക് കൊടുത്ത നിയമന ഉത്തരവില്‍ ജനപ്രതിനിധികള്‍, ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ എം.പി. മാരുമായി പാര്‍ലമെന്‍റ് അനക്സില്‍ നടന്ന ഒരു ചര്‍ച്ച അല്ലാതെ മറ്റ് യാതൊരു ചര്‍ച്ചകളും ജനപ്രതിനിധികളുമായോ, ജനങ്ങളുമായോ നടന്നിട്ടില്ല. എം.പിമാര്‍ നല്‍കിയ നിര്‍ദ്ദശങ്ങളൊന്നും അവര്‍ അംഗീകരിച്ചിട്ടുമില്ല. റിപ്പോര്‍ട്ടിന്‍റെ 2-ാം ഭാഗത്ത് (ഞ(Refer Page 239-240)  24 അംഗ പശ്ചിമഘട്ട അതോറിട്ടി രൂപീകരിയ്ക്കുവാനുള്ള നിര്‍ദ്ദേശമുണ്ട്. ഈ കമ്മറ്റിയില്‍ 24 അംഗങ്ങള്‍ ഉണ്ടെങ്കിലും, അതില്‍ ജനപ്രതിനിധികള്‍ക്കോ, ജനങ്ങള്‍ക്കോ ഒരു പങ്കുമില്ല. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ മാത്രമാണുള്ളത് (Page 53-55, Part I). ഇതെല്ലാം സൂചിപ്പിക്കുന്നത് പരിസ്ഥിതി മൗലീകവാദികളുടെ അസൂത്രിത നീക്കത്തിന്‍റെ ഭാഗമാണ് ഈ റിപ്പോര്‍ട്ട് എന്നാണ്. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിക്കാത്ത ഒരു റിപ്പോര്‍ട്ട് UNESCO യ്ക്ക് പോയി എന്നുള്ളതും, ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അതതു പ്രദേശത്ത് നടപ്പാക്കണം എന്നാവശ്യപ്പെട്ട് 5 പരിസ്ഥിതി സംഘടനകള്‍ National Green Tribunal ല്‍ കേസിനുപോയി അനൂകൂല ഇടക്കാല ഉത്തരവ് വാങ്ങിച്ചിരിയ്ക്കുന്നു എന്നുള്ളതും വളരെ ഗൗരവത്തോടെ കാണേണ്ട കാര്യങ്ങളാണ്.

കൂടാതെ പശ്ചിമഘട്ടത്തിന് ലോക പൈതൃകപദവി നേടിയെടുക്കുവാനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിയ്ക്കുവാനാണ് ഈ റിപ്പോര്‍ട്ട് ഉണ്ടാക്കിയത് എന്നതും, ഇതിന്‍റെ അടിസ്ഥാനത്തില്‍ 2012 ജൂലൈ 1 ന് പശ്ചിമഘട്ടത്തിലെ 39 കേന്ദ്രങ്ങള്‍ക്ക് പൈതൃകപദവി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ളതും വസ്തുതകളാണ്. പ്രസ്തുത പ്രദേശങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാരിനും സന്നദ്ധസംഘടനകള്‍ക്കും ഫണ്ട് കിട്ടും എന്നുള്ളതും ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രേരണയായിട്ടുണ്ടാകണം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നതുമായി ബന്ധപ്പെട്ട്, കത്തോലിയ്ക്കാ സഭയും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. സഭയുടെ പരിസ്ഥിതി നയരേഖയായ "പച്ചയായ പുല്‍ത്തകിടിയിലേയ്ക്ക്" ഉയര്‍ത്തിക്കാട്ടിയാണ് സഭ രണ്ടു മുഖം കാണിയ്ക്കുന്നുവെന്ന് ചിലര്‍ ആക്ഷേപിക്കുന്നത്. അവിടെ പരിസ്ഥിതി സംരക്ഷണം വിശ്വാസത്തിന്‍റെ ഭാഗമാണെന്നും ദൈവശുശ്രൂഷ തന്നെയാണെന്നും പഠിപ്പിക്കുമ്പോള്‍ തന്നെ പരിസ്ഥിതി തീവ്രവാദ നിലപാടിനെ അംഗീകരിക്കുന്നില്ലായെന്നും വ്യക്തമാക്കുന്നുണ്ട്. (Page 5-6)  ആ നിലപാടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എതിര്‍ക്കുമ്പോള്‍ സഭ പ്രകടിപ്പിക്കുന്നത്. മനുഷ്യനെ മറന്നും മനുഷ്യന്‍റെ അവകാശങ്ങള്‍ നിഷേധിച്ചും ഒരു വിഭാഗത്തെ പാര്‍ശ്വവല്‍ക്കരിച്ചും പരിസ്ഥിതി സംരക്ഷിയ്ക്കുവാന്‍ ഒരുങ്ങുന്നത് അനീതിയാണെന്ന നിലപാടാണ് സഭയെടുക്കുന്നത്.

സഭയുടെയും സഭാവിശ്വാസികളുടെയും താല്പര്യം സംരക്ഷിയ്ക്കുവാനാണ് ഈ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് എന്നപേക്ഷിച്ച് ഇതിനെ വര്‍ഗ്ഗീയവത്ക്കരിയ്ക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ പശ്ചിമഘട്ടത്ത് എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്നുണ്ട്. ഉദാഹരണത്തിന് കടുത്ത നിയന്ത്രണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടുക്കി ജില്ലയില്‍ 11 ലക്ഷം ആളുകളുണ്ട്. ഇതില്‍ 40 ശതമാനം വിവിധ ഹൈന്ദവ സമുദായങ്ങളില്‍പ്പെട്ടവരാണ് (നായര്‍, ഈഴവ മുതലായവര്‍) 39 ശതമാനം വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ടവരാണ്, 16 ശതമാനം പട്ടികജാതി പട്ടിവര്‍ഗ്ഗ വിഭാഗവും 5 ശതമാനം മുസ്ലീങ്ങളുമാണ്. ഇവരുടെയെല്ലാം അവകാശ സംരക്ഷണ പോരാട്ടത്തില്‍ സഭ സജീവ പങ്കു ചേരുന്നുവെന്നതാണ് സത്യം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാടെ
തള്ളിക്കളയുന്നത് വരും
തലമുറയോട് ചെയ്യുന്ന പാതകം
(അഡ്വ. സി. കെ. വിദ്യാസാഗര്‍, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്‍റ്)

പശ്ചിമഘട്ട മലനിരകളും അവിടെ നിന്നുത്ഭവിക്കുന്ന 44 നദികളും കേരളത്തിന്‍റെ രക്തധമനികളാണ്. കേരളത്തിന്‍റെ പടിഞ്ഞാറേക്ക് ഒഴുകുന്ന ഈ ധമനികള്‍ ശോഷിക്കുന്നുവെന്നും അതില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് തുടങ്ങിയിരിക്കുന്നു എന്നുമുള്ള വസ്തുത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തിത്തരുമ്പോള്‍ അതിനെ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. പരിഹാരങ്ങള്‍ തേടിയേ മതിയാകൂ. പരിഹാര നിര്‍ദ്ദേശങ്ങളിലാണ് അഭിപ്രായ വൈജാത്യങ്ങള്‍.

ആലപ്പുഴ ജില്ലയില്‍ കടല്‍തീരത്ത് നിന്ന് 500 മീറ്റര്‍ മാറ്റി കുഴിക്കുന്ന കിണറ്റിലും ഉപ്പുരസമില്ലാത്ത ജലം ലഭിക്കുന്നു. തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ കടല്‍ തീരത്ത് നിന്ന് 50 കിലോ മീറ്റര്‍ മാറിയാലും ലഭിക്കുന്ന വെള്ളത്തിന് ചെറിയ ഉപ്പ് രസം തോന്നും. എന്ത് കൊണ്ടാണെന്ന് വലിയ വിശദീകരണം ആവശ്യമില്ല. നമ്മുടെ 44 നദികളിലൂടെ കടലിലേയ്ക്കൊഴുക്കുന്ന ജലസമൃദ്ധി കടല്‍ജലം കരയിലെ മണ്ണിലേക്ക് കിനിഞ്ഞ് കയറാതെ പ്രതിരോധിക്കുന്നു. തമിഴ്നാടിന് നമ്മുടേതിന് സമാനമായ പ്രതിരോധം തീര്‍ക്കുവാന്‍ ജലസമൃദ്ധിയുള്ള ധമനികളില്ല. അങ്ങിനെയാണ് നമ്മുടെ നാട് ദൈവത്തിന്‍റെ സ്വന്തം നാടായി മാറുന്നത്.

നാലഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആലുവാ-മുന്നാല്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേര്യമംഗലം മുതല്‍ കിഴക്കോട്ട് റോഡിനിരുവശത്തും അധികം അകലെ അല്ലാതെ കാണുന്ന മലനിരകളിലെല്ലാം വൃക്ഷങ്ങളും പച്ചപ്പും ഉണ്ടായിരുന്നു. മലകളില്‍ നിന്നുത്ഭവിക്കുന്ന നീര്‍ച്ചാലുകള്‍ ആ പച്ചപ്പുകള്‍ക്ക് തൂവെള്ള കരകള്‍ തീര്‍ത്തിരുന്നു. ഇന്ന് തലമുടി കൊഴിഞ്ഞ കഷണ്ടിത്തലപോലെ ആ മലനിരകളിലെ പച്ചപ്പുകള്‍ മിക്കതും അപ്രത്യക്ഷമായി പാറതെളിഞ്ഞിരിക്കുന്നു. നീര്‍ച്ചാലുകള്‍ വര്‍ഷകാലം അവസാനിക്കുന്നതോടെ യാത്ര പറഞ്ഞ് പിരിയും. പാറതെളിയുന്ന മലകളില്‍ പ്രകൃതി എവിടെ ജലം സംഭരിച്ച് വയ്ക്കും?

ആറ് പതിറ്റാണ്ട് കാലം ഈ മലനിരകളുടെ പച്ചപ്പുകള്‍ക്കും അവയെ ഗ്രസിച്ച് കൊണ്ടിരിക്കുന്ന പാറവത്കരണത്തിനും ഒക്കെ സാക്ഷിയായി ജീവിച്ച ഒരു മലനാട്ടുകാരന്‍റെ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കുറിക്കുന്നതാണ് ഈ വരികള്‍.

മലയോര മേഖലകളില്‍ പരിസ്ഥിതി സൗഹൃദപരമായ കൃഷിരീതികളും ഒഴിവാക്കാന്‍ കഴിയാത്ത വിഭവചൂഷണവും മാത്രം എന്ന ഒരു രീതിശാസ്ത്രത്തിലേക്ക് സമൂഹത്തെ അടുപ്പിക്കണം. അതിന് ചില്ലറ ത്യാഗങ്ങള്‍ക്കും വിട്ട് വീഴ്ചകള്‍ക്കും എല്ലാവരും സജ്ജരാകണം. ബോധവല്‍ക്കരണത്തിലൂടെ പരിസ്ഥിതി സൗഹൃദശൈലികളിലേക്ക് കാര്‍ഷികവൃത്തി പരിവര്‍ത്തനം ചെയ്യപ്പെടണം. പരിവര്‍ത്തനത്തിന്‍റെ കാലഘട്ടങ്ങളെ അതിജീവിക്കുവാന്‍ ആ പ്രദേശങ്ങളിലെ ജനസമൂഹങ്ങള്‍ക്ക് മതിയായ സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം. പുതിയ റോഡുകളും ജലസേചന പദ്ധതികളും മറ്റും പാടേ വേണ്ടെന്ന് വയ്ക്കണം എന്നുള്ള നിര്‍ദ്ദേശം  തിരസ്കരിക്കപ്പെടണം. കിഴുക്കാന്‍തൂക്കായ മലഞ്ചെരുവുകളില്‍ തന്നാണ്ട കൃഷികള്‍ നിരുത്സാഹപ്പെടുത്തണം. മണ്ണ് സംരക്ഷിക്കുവാന്‍ കഴിയുന്ന പുല്‍കൃഷികള്‍ അത്തരം പ്രദേശങ്ങളില്‍ വ്യാപിപ്പിക്കണം. എന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള കുന്നിന്‍ ചെരുവില്‍ വ്യാപകമായി തെരുവപ്പുല്ല് കൃഷി (പിന്നീട് തെരുവപ്പുല്‍ കൃഷി ലാഭകരമല്ലാതായപ്പോള്‍ റബ്ബര്‍ കൃഷിയും) ചെയ്തത് കൊണ്ടാവണം അയല്‍പുരയിടങ്ങളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴൊന്നും ഞങ്ങളുടെ അല്പം വിസ്തൃതമായ കുന്നിന്‍ ചെരുവുകളില്‍ കഴിഞ്ഞ അരുനൂറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും ഉരുള്‍പൊട്ടല്‍ ഉണ്ടാകാത്തത് എന്ന് അനുഭവം എന്നെ സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ കുന്നില്‍ ചെരിവുകളില്‍ പുല്‍വളര്‍ത്തല്‍ വ്യാപകമാക്കണം. ആദായകരമായ വില പാലിന് കൊടുക്കുവാന്‍ സമൂഹം തയ്യാറായാല്‍ കേരളത്തിനാവശ്യമുള്ളപാലിന് തമിഴ്നാടിനെയും കര്‍ണ്ണാടകത്തേയും ആശ്രയിക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കുകയും പുല്‍വളര്‍ത്തല്‍ വ്യാപകമാകുകയും ചെയ്യും. അത് ജൈവകൃഷി രീതിയിലേക്ക് ഉള്ള പരിവര്‍ത്തനം എളുപ്പമാക്കും. കൃഷിയിടങ്ങളില്‍ രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും പകരം ചാണകവും ഗോമൂത്രവും ഉപയോഗിക്കാം. അങ്ങനെ നദികളിലൂടെ സമതലങ്ങളിലേക്കും തീരപ്രദേശങ്ങളിലേക്കും ഒഴുകിയെത്തുന്ന പുഴവെള്ളത്തില്‍ രാസമാലിന്യങ്ങളില്‍ നിന്നും കീടനാശിനികളില്‍ നിന്നുമുള്ള വിഷാംശം ഇല്ലാതാക്കാം. നമ്മുടെ കുടിവെള്ള സ്രോതസ്സുകളെ വരും തലമുറയ്ക്കായി കരുതിവയ്ക്കാം. പക്ഷെ ജനവാസകേന്ദ്രങ്ങളിലൂടെ ആനത്താരികളും  Tiger corridor കളും രൂപപ്പെടുത്തി ജന്തു സംരക്ഷണം നടത്തണമെന്നൊക്കെ വാശി പിടിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഗുണകരവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍പോലും നടപ്പാക്കാന്‍ കഴിയാതെ പോകും, തീര്‍ച്ച.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്
അംഗീകരിക്കാനാവില്ല
(ഏ.ഡി. വര്‍ക്കി, ഫാര്‍മേഴ്സ് റിലീഫ് ഫോറം ചെയര്‍മാന്‍, വയനാട്)

ഇന്ന് കര്‍ഷകന്‍റെ മണ്ണ് ഭൂമാഫിയയുടെ കൈകളില്‍ പെട്ടുപോകുന്ന സ്ഥിതിയുണ്ട്. അതുപോലെതന്നെയാണ് വിയര്‍പ്പില്‍ നിന്ന് വിളകൊയ്ത കര്‍ഷകന്‍റെ കൃഷിയിടം കാടിനോട് ലയിപ്പിക്കുന്നതും. കര്‍ഷകജനതയ്ക്ക് അന്ത്യം വന്ന് പോകുന്ന സ്ഥിതി നാടിന് താങ്ങാനാവുന്നതല്ല.

വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് നിയമനിര്‍മ്മാണം നടത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന മുതലാളിത്ത രീതി തന്നെയാണ് ഗാഡ്ഗില്‍ കമ്മിറ്റിയും അവലംബിച്ചത്. അതുകൊണ്ടുതന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സ്വീകാര്യമല്ല.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ
വികൃതമാക്കാനുള്ള നീക്കം
ചെറുത്തു തോല്പിക്കണം
(അനില്‍ കുമാര്‍ പി.പി., കെ.പി.എം.എസ്. സ്റ്റേറ്റ് കമ്മിറ്റി)

എന്തിനുവേണ്ടിയാണോ മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയോട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത്, അവര്‍ ആ ദൗത്യം നന്നായി നിര്‍വ്വഹിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊടിയ വരള്‍ച്ചയടക്കമുള്ള കാലാവസ്ഥാ വ്യതിയാനം, ജലത്തിന്‍റെ ലഭ്യതക്കുറവ് തുടങ്ങിയവയെല്ലാം തന്നെ പശ്ചിമഘട്ടമല നിരകളെ മനുഷ്യര്‍ തകര്‍ത്തതു  കൊണ്ടാണെന്നതില്‍  തര്‍ക്കമില്ല. ഈ പശ്ചാത്തലത്തില്‍ വേണം ഗാഡ്ഗില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ പ്രാധാന്യം മനസ്സിലാക്കാന്‍.

ഈ റിപ്പോര്‍ട്ടിനെതിരെ ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സ്വാര്‍ത്ഥതകളില്‍ നിന്നുടലെടുത്തവയാണ്. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ തങ്ങള്‍ക്ക് പലതും നഷ്ടപ്പെടുമെന്ന ഭയമാണ് വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ക്കുള്ളത്. സത്യത്തില്‍ ഇതിനെതിരെ പ്രചരണം നടത്തുന്നവര്‍ സര്‍വ്വസുഖലോലുപതകളും കൈവശം വച്ചനുഭവിക്കുന്ന വന്‍കിടക്കാരാണ്. എന്നാല്‍ ഈ പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതിക തകര്‍ച്ചയുടെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് പാവപ്പെട്ട സാധാരണ ജനങ്ങളാണ്. അവരിലേക്ക് ഈ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള സത്യാവസ്ഥ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് വിമര്‍ശനങ്ങള്‍ക്ക് മേല്‍കൈ ലഭിക്കാനുള്ള കാരണം. പശ്ചിമഘട്ടത്തിന്‍റെ തകര്‍ച്ചയ്ക്കിടയാക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ വന്‍ലാഭം കൊയ്യുന്ന ശക്തികള്‍ക്ക് വളരെവേഗം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ കഴിയുകയും ചെയ്തു. ഇക്കാര്യത്തില്‍ ചില മതമേലദ്ധ്യക്ഷന്‍മാര്‍ നേതൃത്വം നല്‍കുന്നതും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൂട്ടുനില്‍ക്കുന്നതും ഖേദകരമാണ്.

കര്‍ഷക ജനതയോട് ഏതെങ്കിലും തരത്തിലുള്ള ഒരുവിവേചനം ഈ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നതായി സത്യസന്ധനായ ഒരാള്‍ക്കും കാണാന്‍ കഴിയില്ല. പക്ഷെ റിപ്പോര്‍ട്ടിനെ വികൃതമായി ചിത്രീകരിക്കുവാന്‍ ജനങ്ങളുടെ കൃഷിഭൂമിയും മണ്ണും വീടും നഷ്ടപ്പെടുമെന്ന ഭീതി പടര്‍ത്തുന്ന ലേഖനങ്ങളും നോട്ടീസുകളും തയ്യാറാക്കുന്നവര്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ചമക്കുകയാണ്. അവര്‍ പ്രകൃതിയുടെ നിലനില്പിന്‍റെ അസ്ഥിവാരം തോണ്ടുന്നവരാണെന്ന് തിരിച്ചറിയണം.

പ്രൊഫസര്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് അപ്പാടെ നടപ്പിലാക്കണമെന്നാണ് എന്‍റെ അഭിപ്രായം. ആ നിലപാട് തന്നെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കെ. പി. എം. എസിനും ഉള്ളത്.

പശ്ചിമഘട്ടത്തിന് ആഗോളതലത്തില്‍ പ്രാധാന്യമുണ്ട്
(ജിയോ ജോസ്, പരിസ്ഥിതി പ്രവര്‍ത്തകന്‍)

പശ്ചിമഘട്ടം കേവലം കുറെ മലനിരകളുടെകൂട്ടമല്ല. ഭൂമദ്ധ്യരേഖയോട് അടുത്തു കിടക്കുന്ന മേഖലയായതുകൊണ്ട്, മണ്‍സൂണ്‍ വാതങ്ങളുടെ ഗതിമാര്‍ഗ്ഗത്തില്‍ നിലകൊള്ളുന്നതുകൊണ്ടും, അനന്തമായ സസ്യജാല വൈവിധ്യം കൊണ്ടും, അവയില്‍ നിന്നുരുത്തിരിഞ്ഞ സൂക്ഷ്മ കാലാവസ്ഥ വൈവിധ്യം കൊണ്ടും, ആവാസ വ്യവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍കൊണ്ടും, ആഗോള കാലാവസ്ഥ സന്തുലനത്തില്‍ത്തന്നെ അദ്വതീയ സ്ഥമാണ് പശ്ചിമഘട്ടത്തിനും നമ്മുടെ സഹ്യപര്‍വ്വതനിരകള്‍ക്കുമുള്ളത്.

കേരളീയരെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തില്‍ നിന്നുല്‍ഭവിക്കുന്ന നൂറുകണക്കിന് ചെറു പ്രവാഹങ്ങളാണ് നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്നതും അതുവഴി നമ്മെ നിലനിര്‍ത്തുന്നതും. ഈ സത്യം വിസ്മരിച്ചുകൊണ്ട് നമ്മുക്ക് ഇനി അധികദൂരം പോകാനാവില്ല. ഇവിടെ തര്‍ക്കമില്ലാത്ത ഒരു വസ്തുതയുണ്ട്. മനുഷ്യനിര്‍മ്മിതമായ പലകാരണങ്ങളാല്‍ പശ്ചിമഘട്ടം ഇന്ന് നാശത്തിന്‍റെ പക്കലാണ്. കാലങ്ങളായി നടക്കുന്ന അക്രമണോത്സുകമായ വനംകയ്യേറ്റങ്ങളും, വനം നശീകരണവും ഈ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. കാട്ടുതീ, വന്‍കിട ഏകവിളത്തോട്ടങ്ങള്‍, ടൂറിസം അധിനിവേശങ്ങള്‍, അണക്കെട്ടുകള്‍, പാറമടകള്‍, ഇതരഖനനങ്ങള്‍, തലങ്ങുവിലങ്ങുമുള്ള റോഡുകള്‍, രാസകേന്ദ്രീകൃമായ കൃഷിരീതികള്‍.. ഇങ്ങനെ പോകുന്നു പശ്ചിമഘട്ടത്തിന്‍റെ നാശത്തിന് കളമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുന്നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

എങ്കില്‍ പിന്നെ ഈ തെറ്റായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയല്ലേ നമ്മെ നിലനിര്‍ത്തുന്ന പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള വഴി? അത് ഇനിയും വൈകിക്കാതെ തുടങ്ങേണ്ടതല്ലെ? ഇക്കാര്യം മാത്രമല്ലെ ഗാഡ്ഗില്‍ കമ്മിറ്റിയും പറയുന്നത്? ഇനിയും ചര്‍ച്ചകളാകാമെന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടും ജനപങ്കാളിത്തത്തോടെയുമാണ് റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടതെന്നും പറയുന്ന ഗാഡ്ഗില്‍ കമ്മിറ്റി എന്തു തെറ്റാണ് ചെയ്തത്.? ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് തെറ്റിദ്ധാരണപരത്തി അതിനെതിരെ ജനവികാരം തിരിച്ചുവിടാന്‍ നടത്തുന്ന ഏതു ശ്രമവും അപലപനീയമാണ്.

കര്‍ഷകര്‍ പ്രകൃതിയോടൊത്ത്
പോകണ്ടവര്‍
(വര്‍ഗീസ് തൊടുപറമ്പില്‍, പ്രസിഡന്‍റ്, കര്‍ഷക മുന്നേറ്റം പാലക്കാട്)

1980 കളില്‍ വനനശീകരണത്തിനെതിരെ ജനവികാരമുണര്‍ന്നപ്പോള്‍, അതിനിടിയില്‍ വ്യാപാരക്കണ്ണുള്ളവര്‍ നാട്ടില്‍ പാടം നികത്തിയും നദീതീരങ്ങള്‍ കയ്യേറിയും നാശം വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ നാട്ടിലും ജീവിക്കാന്‍ വയ്യാത്ത സാഹചര്യം വളര്‍ന്നു വരുമ്പോള്‍ സുഖവാസത്തിനായി കാടുകയറാന്‍ സംവിധാനങ്ങളൊരുകുന്ന ടൂറിസം ലോബി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരാവുന്നു. അവര്‍ക്ക് പശ്ചാത്തലമൊരുക്കുന്ന ഖനനലോബിയും നിര്‍മ്മാണ ലോബിയും ജലവൈദ്യുതി പദ്ധതിക്കാരുമെല്ലാം ഇന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സംഘം ചേര്‍ന്നിരിക്കുന്നു. കത്തോലിക്കാസഭ ഇത്തരം കൂട്ടികെട്ടുകള്‍ക്ക് ഒന്നാശ ചെയ്യുന്നത് മറ്റൊരു ഭീതി മൂലമാണ്, കാര്‍ഷികത്തകര്‍ച്ച മൂലം കുടിയേറ്റ മേഖലകളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുമോ എന്നാണ് സഭയുടെ ഭയം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ താലൂക്കടിസ്ഥാനത്തില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശങ്ങളെ നിശ്ചയിക്കുന്നത് റിപ്പോര്‍ട്ടിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് കളമൊരുക്കിയെന്നത് സത്യമാണ്. ഈ ലേഖലകളിലെ വില്ലേജാഫീസുകളില്‍ ഓരോ ആവശ്യത്തിന് ചെല്ലുന്ന സാധാരണ ജനങ്ങളോട്, ഇനി പഴയ രീതിയില്‍ കാര്യങ്ങള്‍ നടക്കില്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മൂലം ചില നിയന്ത്രണങ്ങളുണ്ടാവും എന്ന തരത്തിലുള്ള മുന്നറിയിപ്പ് കൂടി നല്‍കി തുടങ്ങിയതോടെ ആകെ ആശങ്കകളായി എന്നതാണ് സത്യം.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമൂഹത്തിന്‍റെ അടിത്തട്ടിലേക്ക് ചര്‍ച്ചക്ക് വരുന്നതിനു മുമ്പേ തെറ്റിദ്ധരിക്കപ്പെട്ടു കഴിഞ്ഞു. ഇതിനെ മറികടക്കാന്‍ അടിത്തട്ടില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടക്കണം. എന്നാല്‍ ആ ചര്‍ച്ചകളില്‍ ഗാഡ്ഗില്‍ റിപ്പോട്ടിനെപ്പറ്റി സംസാരിക്കേണ്ടത് ശീതികരിച്ച കാറില്‍ വന്നിറങ്ങുന്ന അക്കാഡമിക് ബുദ്ധിജീവികളാവരുത്. പട്ടണവാസികളായ അത്തരം വിദഗ്ദധര്‍മാരുടെ സുഖജീവിതത്തിന് തങ്ങള്‍ മലയോരങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ജീവിക്കണോ എന്ന ചിന്തയെ അത് സാധാരണ ജനങ്ങളിലുണ്ടാവുകയുള്ളൂ. ആക്ടിവിസ്റ്റുകളും കര്‍ഷകരും സാമൂഹിക സംഘടനാ പ്രവര്‍ത്തകരും തുറന്നമനസ്സോടെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുന്‍വിധികളില്ലാതെ ചര്‍ച്ചകള്‍ നടത്തട്ടെ. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിനായി തയ്യാറാക്കപ്പെട്ട ഗാഡ്ഗില്‍ ശുപാര്‍ഷകളില്‍ എന്തെങ്കിലും കര്‍ഷകവിരുദ്ധമായി ഉണ്ടെന്ന് വ്യക്തമാക്കപ്പെട്ടാല്‍, അതുമൂലം നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് മാന്യമായ പരിഹാരം കിട്ടേണ്ടതിനെപ്പറ്റി അഭിപ്രായരൂപീകരണം നടത്താനും അടിത്തട്ടിലെ ചര്‍ച്ചകള്‍ സഹായിക്കും. ഇത്തരത്തിലുള്ള ജനാധിപത്യപരമായ ഇടപെടലുകള്‍ക്ക് പകരം സംശയത്തിന്‍റെയും ഭീതിയിലുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നത് കര്‍ഷക ജനതയുടെ തന്നെ നിലനില്‍പ്പ് അപകടത്തിലാക്കുകയേകര്‍ഷകരുടെ അജ്ഞത മുതലെടുക്കുന്നു

(ജോര്‍ജ് മുല്ലക്കര, കുട്ടനാടന്‍ കര്‍ഷക സംഘടന വക്താവ്)

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെയുള്ള എതിര്‍പ്പുകളുടെ അടിസ്ഥാനം പ്രധാനമായും മൂന്ന് കാര്യങ്ങള്‍ മൂലമാണ്. ഒന്നാമത്തെ കാര്യം അത് വനം കയ്യേറ്റക്കാരുടെ താല്പര്യങ്ങള്‍ക്കെതിരാണ്. രണ്ടാമതായി അത് അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. മൂന്നാമതായി ഖനനലോബിക്ക് നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഈ മൂന്ന് താല്പര്യങ്ങളുമായി നിലകൊള്ളുന്നവര്‍ കര്‍ഷകരെ മറയാക്കി എതിര്‍പ്പുകളുമായി മുന്നോട്ടു വരുന്നു.

വനം കയ്യേറ്റക്കാരും ഖനന-ടൂറിസം ലോബിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കരാറുകാരും എങ്ങനെ കര്‍ഷകരാവും? 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അസ്ഥിരമാക്കും, വീട്വയ്ക്കാനുള്ള നിര്‍മ്മാണസാമഗ്രികള്‍ പോലുമിനി കിട്ടാതാവും, അത്യാവശ്യത്തിന് റോഡ് നിര്‍മ്മിക്കാന്‍ പോലുമിനിയാവില്ല, എന്തു നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെങ്കിലും ഇനി പരിസ്ഥിതി ആഘാതപഠനം വേണ്ടിവരും തുടങ്ങിയ അടിസ്ഥാനമില്ലാത്ത പേടിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടാണ് കര്‍ഷകരെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ അണിനിരത്തിയിരിക്കുന്നത്. ഇത് വഞ്ചനയാണ്, നിര്‍ഭാഗ്യകരമാണ്.

യഥാര്‍ത്ഥത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മാത്രമാണ്. ശുപാര്‍ശകള്‍ സ്വീകരിക്കണമോ തള്ളിക്കളയണമോ എന്നത് രാഷ്ട്രീയ തീരുമാനങ്ങളെ അടിസ്ഥാനമാക്കി ഇനി നിശ്ചയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. പശ്ചമഘട്ടത്തിന്‍റെ സംരക്ഷണം എന്നത് ആ മേഖലയുടെ മാത്രം സംരക്ഷണത്തിനല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വര്‍ദ്ധിച്ചുവരുന്ന കുടിവെള്ളക്ഷാമത്തിന്‍റെയും കാലാവസ്ഥാ മാറ്റത്തിന്‍റെയും മറ്റും പശ്ചാത്തലത്തില്‍ പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണം എന്നത് മറ്റ് മേഖലകളുടെയും സംരക്ഷണത്തിന് അനിവാര്യമാണ്. ഉദാഹരണത്തിന് കേരളത്തിന്‍റെ ഇടനാടന്‍ മേഖലകളില്‍ പോലുമിന്ന് ഒരു വെള്ള ഭീക്ഷണിയുമുണ്ട്. കാരണം മറ്റൊന്നുമല്ല; പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന നദികളിലെല്ലാം നീരൊഴുക്ക് കുറയുകയോ ഇല്ലാതാവുകയോ ചെയ്തപ്പോള്‍ ശുദ്ധജലത്തിന്‍റെ തള്ളല്‍ കടലിലേക്ക് കുറയുകയും കടലില്‍ നിന്ന് ഉപ്പുവെള്ളം ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള നിരവധി പാരിസ്ഥിതിക വെല്ലുവിളികളാണ് പശ്ചിമഘട്ടത്തിന്‍റെ നാശം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇക്കാരണങ്ങളാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. അതിനെതിരെയുള്ള നീക്കങ്ങളുടെ പിന്നിലെ നിക്ഷിപ്ത താല്പര്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?
(പി.ജെ. സെബാസ്റ്റ്യന്‍, മാങ്കുളം ജൈവകര്‍ഷക സമിതി പ്രസിഡന്‍റ്)

ഒരു ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ കോടി കണക്കിന് ജനങ്ങളെ ബാധിക്കുന്ന, അവരുടേയും വരും തലമുറയുടെയും ഭാവിക്കുവേണ്ടിയാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പഠനറിപ്പോര്‍ട്ട് ഉണ്ടാക്കി സമര്‍പ്പിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടിന്‍റെ പഠനവിഷയങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജനങ്ങളെ നേരില്‍ കാണുകയും അഭിപ്രായം ആരായുകയും ആ പ്രദേശം നേരില്‍ കണ്ട് ബോധ്യപ്പെടുകയും ചെയ്യേണ്ടിയിരുന്നെങ്കിലും ഗാഡ്ഗില്‍ക്കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ അതുണ്ടായില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണല്ലോ മുഖ്യസ്ഥാനം. പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തിന്  എന്നു പറയുന്ന കാര്യങ്ങള്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല മറിച്ച് ആ പ്രദേശത്തെ വന്യമൃഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണെന്ന് വിശദമായ പഠനത്തില്‍ കാണാന്‍ കഴിയും.

പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി നിയമങ്ങളും പഠനങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. ഒന്നും നടപ്പാകുന്നില്ലെന്നു മാത്രം. നല്ലൊരു ജൈവനയം അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കാത്തത് നിയമത്തിന്‍റെ അപര്യാപ്തത മൂലമല്ലല്ലോ? ഏത് നിയമം നിലവിലുണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുത്താനുള്ള ആര്‍ജ്ജവം ഭരണാധികാരികള്‍ക്കുണ്ടെങ്കിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടൂ. രാസവളങ്ങളുടെയും, രാസ കീടനാശിനികളുടെയും ഉപയോഗം ജൈവകൃഷി നടപ്പിലാക്കുന്നതോടുകൂടി അവസാനിപ്പിക്കാവുന്നതാണ്. കര്‍ഷനെ മറന്നുകൊണ്ടുള്ള ഒരു വികസന പ്രവര്‍ത്തനവും രാജ്യത്തിന് ഭൂഷണമല്ല. കണക്കില്ലാത്ത ബഹുനില കെട്ടിടങ്ങളുടെ വര്‍ദ്ധനവും ആഢംബപ്രിയരുടെ വാഹനം വാങ്ങിക്കൂട്ടലുമെല്ലാം പാരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. അത് പശ്ചിമഘട്ടത്തിലായാലും മറ്റു പ്രദേശങ്ങളിലായാലും എല്ലാം ശരി തന്നെ. അതിനൊക്കെ നിയമനിയന്ത്രണം ആവശ്യമാണ്.

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts