news-details
കവിത

കവിത - പശു, വിനയചന്ദ്രന്‍

പശു
അവളുടെ പശുവും ഒരു നല്ല മൃഗമായിരുന്നു.
എല്ലാവര്‍ക്കും പാലും ചാണകവും തന്നു.
അമ്പോറ്റിക്കും കാക്കത്തമ്പുരാട്ടിക്കും
ചങ്ങാത്തം പങ്കിട്ടുകൊടുത്തു
അവളെ പ്രേമിച്ച ജയിംസ്
പശുവിനേയും പ്രേമിച്ചില്ല.
അവന്‍ അതിനെ ഇറച്ചിവെട്ടുകാരനു വിറ്റു
അതില്‍ ഒരു പങ്കുവാങ്ങി വറുത്തുതിന്നു
അവള്‍ക്ക് ജയിംസിനോടും പ്രേമമായിരുന്നു.

കടവ്
.........
ഇതു ഗംഗയല്ല
പുഴയില്‍ മീന്‍ ചത്തുപൊങ്ങുന്നു.
ഓരങ്ങളില്‍ തെങ്ങുകള്‍ കാറ്റുപിടിച്ച് ഉണങ്ങിനില്‍ക്കുന്നു
വര്‍ത്തമാനം ചീഞ്ഞു പുകയുന്നു
ഈ ചങ്ങാടവും ദ്രവിച്ചിരിക്കുന്നു.
എന്‍റെ ഏട്ടിനുള്ളില്‍ ബാങ്കിലെ ജപ്തിനോട്ടീസ്,
ഇല്ലാത്ത മണ്ണെണ്ണ, കിട്ടാനില്ലാത്ത പാഠപുസ്തകങ്ങള്‍,
ചുറ്റും കോലാഹലം
ചങ്ങാടം കരയ്ക്കടുക്കുന്നു.
ദുബായ്-മസ്ക്കറ്റ് പ്രതാപങ്ങള്‍ വില
പറയുന്ന നമ്മുടെ ഗ്രാമം.
വഴിവക്കില്‍ കൂട്ടം കൂടി
ചന്തപ്പെണ്ണുങ്ങളെ കമന്‍റടിക്കുന്ന ഈ ചെറുപ്പക്കാര്‍
എന്നെ അറിയില്ല,
ഈ പുതിയ വലിയ വീടുകളും കാവല്‍ നായ്ക്കളും
എന്നെ അറിയില്ല
അമ്പലത്തിനും പള്ളിക്കും പുതിയ മതിലുകള്‍.
ഓരോ ജാതിക്കും യുവജനവിഭാഗം.
പഴയ വായനശാല അനാഥമായി
അടഞ്ഞു കിടക്കുന്നു.
നമ്മുടെ പറമ്പിലെ പശു
ഭ്രാന്തുപിടിച്ച് എന്നെ തുറിച്ചുനോക്കുന്നു.
അനിയത്തി,
വിളക്കിന്‍റെ നിഴലില്‍
നമ്മള്‍ അപരിചിതരെപ്പോലെ
മിഴിച്ചു നില്‍ക്കുന്നു.
നിന്‍റെ മകന്‍ ഇംഗ്ലീഷ് കരണ്ടുകരണ്ട്
ഇപ്പോഴേ കണ്ണട വെച്ചിരിക്കുന്നു
ഇതിന് നിനക്ക് ഒന്നും പറയാനില്ല.
തിരിച്ചു പോകാനുള്ള തിടുക്കത്തിനുവേണ്ടി
ഞാന്‍ ഈ പഴയകട്ടിലില്‍ ചായുന്നു.
നാളെ നീ ഉണരുന്നതിനുമുമ്പേ
ചങ്ങാടം എന്‍റെ കാലിലെ പൊടിവീണ് വികലമാവും.

സ്കെച്ച് ടോണ്‍

ഒന്ന്:
ഇപ്പോള്‍ നാട്ടില്‍ അണുകുടുംബങ്ങള്‍
വൃദ്ധരെ പ്രസവിക്കുന്നു.
അവരുടെ സ്വാഭാവികമൃത്യു
ആത്മഹത്യ:
കൗമാരം, യൗവനം, മൊബൈല്‍ മോര്‍ച്ചറി,
-പോസ്റ്റ്മാര്‍ട്ടം നിര്‍ബന്ധമാകയാല്‍
മിടുക്കില്ലാത്ത ഡോക്ടര്‍മാരുടെ
തൊഴിലില്ലായ്മ പരിഹരിക്കുന്നു.

രണ്ട്:
അദ്ദേഹം പേരുകേട്ട
ശസ്ത്രക്രിയാ വിദഗ്ധനാണ്:
നൂറില്‍ ഒന്ന് ശരിയാകാറുണ്ട്.
ദരിദ്രരുടെ കാര്യങ്ങള്‍ക്കുള്ള തുക
ലയണ്‍സ് ക്ലബുവഴി
സംഭാവനയായി സ്വീകരിക്കും.

ബിരുദധാരികള്‍
നമ്മുടെ പാഠപുസ്തകങ്ങളില്‍
രാജാക്കന്മാര്‍ പഴയ പ്രൗഢിയില്‍ത്തന്നെ ജീവിക്കുന്നു,
അവരെ ഛര്‍ദ്ദിച്ച് ഛര്‍ദ്ദിച്ച്
അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്നു
അകത്തേക്കു വരുന്ന കുട്ടികള്‍
കൊമ്പും വാലും കിളുര്‍ത്ത്
പുറത്തേക്കു പോകുന്നു
പുതിയ രാജാക്കന്മാര്‍ക്ക്
വെപ്പാട്ടികളും കണക്കപ്പിള്ളമാരും
പെരുകുന്നു.
നമ്മുടെ ഈ രാജ്യവും
മന്തുപോലെ പെരുകുന്നു.

കവിത മനസ്സിലാകാത്തവരോട്

നിങ്ങള്‍ തനിയെ തീ കത്തിക്കുക.
നിങ്ങളറിയാത്ത വഴിപോക്കന്
ഒരുകപ്പു കാപ്പികൊടുക്കുക.
ഇളവെയിലുകൊള്ളുന്ന പൂച്ചയെ നോക്കി
വെറുതേയിരിക്കുക.
നിങ്ങളുടെ മടിയിലെ പുസ്തകം വലിച്ചെറിഞ്ഞ്
പരുന്തു വട്ടം ചുറ്റുന്നതു നോക്കുക.
ഒരുചെടി നട്ടുനനച്ചുവളര്‍ത്തി
ആദ്യത്തെ പൂവിരിയുന്നതുകാണാന്‍
അയല്‍ക്കാരിയെയും വിളിക്കുക.
വസന്തത്തില്‍ മലകയറുക.
വെളുത്തപക്ഷത്തില്‍
മുക്കുവരോടൊത്ത് കടലില്‍ പോവുക.
മുത്തശ്ശിയുടെ പ്രസാദത്തിന്‍റെയും
കാമുകിയുടെ ഗന്ധത്തിന്‍റെയും
സന്ദര്‍ഭമെഴുതി സ്വാരസ്യം വ്യക്തമാക്കാതിരിക്കുക.
സുഹൃത്തിന്‍റെ മരണംകഴികെ
പെരുമഴയില്‍ ഒറ്റയ്ക്കു നടന്നുപോവുക
ആശുപത്രിയില്‍ പാണന്‍റെ ശ്വാസം വീണ്ടുകിട്ടുവാന്‍
ഏഴുപകലും രാവും നോറ്റിരിക്കുക.
ചിട്ടിയും കോഴിത്തീറ്റയും കളഞ്ഞ്
അമ്മയുടെ അടുത്തിരുന്ന്
ആദിത്യനെയും ഗരുഡനെയും ധ്യാനിക്കുക.
വാക്കിന്‍റെമുമ്പില്‍ ബ്രഹ്മാവിനെപ്പോലെ വിനയനാകുക
ആണ്ടിലൊരിക്കല്‍
മൂകനായി ഊരുചുറ്റുക.
കല്ലില്‍കൊത്തിയെടുത്ത സൂര്യരഥം കാണുക.
കറുത്തപക്ഷിയുടെ ഭൈരവി കേള്‍ക്കുക.
കുട്ടിക്കാലത്തെ ഇടവഴികള്‍ ഓര്‍ക്കുക:
സൂര്യകിരണം പിടിച്ചുവരുന്ന
ഈ കുഞ്ഞുങ്ങളുടെ മുമ്പില്‍ മുട്ടുകുത്തുക.
അവധിയെടുത്ത് സ്വപ്നം കാണുക.
കണ്ണാടി നിരുപകനെ ഏല്പിച്ച്
നദിയില്‍ നക്ഷത്രം നിറയുന്നതു നോക്കുക.

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

വിശുദ്ധ കുരിശ്

ജയന്‍ കെ. ഭരണങ്ങാനം
Related Posts