ഇന്ത്യയിലെ മുഖ്യധാര ദിനപത്രങ്ങളും മാസികകളും ഈ ദിവസങ്ങളില്‍ ബൗദ്ധിക ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള വാശിയിലാണെന്ന് തോന്നുന്നു. conclave എന്നോ conference എന്നോ ഒക്കെ പല പേരുകളില്‍ സംഘടിപ്പിക്കപ്പെടുന്ന ഈ അരങ്ങുകള്‍ തികച്ചും ബുദ്ധിപരമായ ചര്‍ച്ചകള്‍ നടക്കുന്ന ഒന്നായി കാഴ്ചവയ്ക്കാന്‍ ഇതിന്‍റെ സംഘാടകര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. പക്ഷേ ഈ ചര്‍ച്ചായോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പുകഞ്ഞ തലയുടെ പകുതി ഫലം പോലും പരിപാടികളില്‍ കാണുന്നില്ല എന്നതാണ് വാസ്തവം. വലിയ ധൂര്‍ത്തിന്‍റെ പിന്‍ബലത്തില്‍ അരങ്ങേറുന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഓരോ വ്യക്തികളും കാണികളുടെ കൈയടിക്ക് വേണ്ടി തകര്‍ന്നാടുന്ന നടീനടന്മാര്‍ ആകുമ്പോള്‍ ഇതിലെ അവതാരകര്‍ കുറച്ചുകൂടി മെച്ചപ്പെട്ട നടീനടന്മാരാകാന്‍ പയറ്റിനോക്കുകയാണ്.
ചര്‍ച്ചകള്‍ക്ക് അതിന്‍റേതായ ഒരു 'ഗും' കിട്ടണമെങ്കില്‍ രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് തുടങ്ങിയ മേഖലകളില്‍ അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടവര്‍ കൂടിയേ തീരു. ഇവരോടൊപ്പം ഒരു പൊതുപ്രവര്‍ത്തകനും കൂടി പ്രത്യക്ഷപ്പെടുമ്പോള്‍ സംഗതിയ്ക്ക് ഒരു മൂല്യപരിവേഷവും ലഭിക്കുന്നു. ഇനി ചര്‍ച്ചകള്‍ക്കിടയില്‍ ഏതെങ്കിലും ബോളിവുഡ് താരത്തെപ്പറ്റിയുള്ള ഒരു പരദൂഷണവും കൂടി ആയാല്‍ എല്ലാം പൂര്‍ത്തിയായി. ഈ ചര്‍ച്ചകളിലെയെല്ലാം പ്രേക്ഷകര്‍ സമൂഹത്തിന്‍റെ മുഖ്യധാരാ ശ്രേണിയില്‍ പെടുന്ന രാഷ്ട്രീയത്തിന്‍റെയും മാധ്യമങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും ഭാഗത്തുനിന്നുള്ള പ്രമുഖരാണ് എന്നകാര്യം പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവരുടെ ജോലിയാകട്ടെ തയ്യാറാക്കി വച്ചിരിക്കുന്ന തിരക്കഥ അനുസരിച്ചുള്ള ചോദ്യശരങ്ങള്‍ വര്‍ഷിച്ച് കേന്ദ്ര കഥാപാത്രത്തില്‍നിന്നും ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കുക എന്നതും. പങ്കെടുക്കുന്ന എല്ലാവരും തന്നെ ഗൗരവ പ്രകൃതക്കാര്‍. ധരിച്ചിരിക്കുന്ന വേഷം തികച്ചും മാന്യം.
ഭീമമായ തുക ചിലവഴിച്ച് സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന നല്ല തിരക്കഥയുള്ള നാടകം എന്നല്ലാതെ മറ്റെന്താണ് ഇവയെ വിളിക്കുക.? ചര്‍ച്ചകളുടെ ഗുണം കണക്കിലാക്കണമെങ്കില്‍ എന്തിന് ഈ അരങ്ങുകള്‍ സംഘടിപ്പിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം പറയണം.
പുതുചിന്തകള്‍ കൊണ്ടുവരാനും കൈമാറാനും ചര്‍ച്ച ചെയ്യാനും ഒരു പൊതുവേദി ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യം എന്ന് ഒറ്റനോട്ടത്തില്‍ നമുക്ക് പറയാം. എന്നാല്‍ അങ്ങനെ ഒന്നാണെങ്കില്‍ ചര്‍ച്ചകള്‍ കഴിയുമ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നതും മനസ്സാക്ഷിയെ മുറിവേല്‍പ്പിക്കുന്നതുമായ പുതിയ കാഴ്ചകള്‍ നമ്മെ വേട്ടയാടാന്‍ ആരംഭിക്കണം.
ഈ ചര്‍ച്ചകളില്‍ എന്താണ് നടക്കുന്നത്? പുതിയതോ, ചിന്തയെ പ്രക്ഷുപ്തമാക്കുന്ന തരത്തിലുള്ളതോ, ജീവിതത്തെ മാറ്റി മറിക്കാന്‍ ഉതകുന്നതോ, ഏറ്റവും കുറഞ്ഞ പക്ഷം സ്വന്തം ജീവിതത്തെപറ്റി ഒന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആയ ഒന്നും തന്നെ ഇവിടെ സംഭവിക്കുന്നില്ല. ഇത് വെറും വാചക കസര്‍ത്തുകള്‍. അതിനപ്പുറം ഇവ ഒന്നുമല്ല, ഇവയില്‍ ഒന്നുമില്ല. പലപ്പോഴും ഈ ചര്‍ച്ചകള്‍ക്ക് അതിന്‍റെ കാമ്പ് നഷ്ടപ്പെടുന്നുണ്ട്. ഇനി ഗൗരവപ്രധാനമായ എന്തെങ്കിലും ഈ ചര്‍ച്ചകളില്‍ കടന്നുവന്നാല്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.
ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ ചിലവഴിക്കുന്ന തുകയുടെ കാര്യം വിസ്മരിക്കാവുന്ന ഒന്നല്ല. സ്വകാര്യ വ്യക്തിയുടെ പണം ധൂര്‍ത്തടിക്കുന്നതിന് നമ്മള്‍ എന്തിന് വിഷമിക്കണം എന്ന മറുചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഈ അരങ്ങുകള്‍ തന്നെയാണ് പൊതുഖജനാവില്‍ നിന്ന് പണം ധൂര്‍ത്തിടിക്കുന്നതിനെതിരെ കൊടിയും പിടിച്ച് ആദ്യം നടുത്തളത്തില്‍ ഇറങ്ങുന്നത് എന്ന കാര്യം മറക്കരുത്.
പലപ്പോഴും വലിയ കോര്‍പ്പറേറ്റ് കമ്പനികളുടെ സഹായത്തോടെ അരങ്ങേറുന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ കമ്പനി വഴി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്നവരും അവരുടെ ഏജന്‍റുമാരുമായിരിക്കും. ഇങ്ങനെ വരുമ്പോള്‍ ചിന്തകളില്‍ പോലും മായം കലര്‍ത്തപ്പെടുന്നു.
എന്തുകൊണ്ട് ഈ ചര്‍ച്ചകളില്‍, ചര്‍ച്ച ചെയ്യപ്പെടുന്ന സാധാരണക്കാര്‍ ഉള്‍പ്പെടുന്നില്ല? ഈ ചര്‍ച്ചകളില്‍ നിന്ന് ഉരിത്തിരിയുന്ന വിജ്ഞാനം സാധാരണക്കാരുടെ ഗ്രഹണശക്തിക്ക് അതീതമായതിനാലാണോ?
പൊതുജനങ്ങള്‍ക്ക് രണ്ട് ജോലി മാത്രമേ ഉള്ളു എന്ന് തോന്നി പോകുന്നു. ഒന്ന്, അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി ചര്‍ച്ചകള്‍ക്ക് ഒരു വിഷയം ഉണ്ടാക്കുക. രണ്ട്, ഇങ്ങനെ ചര്‍ച്ചകളുടെ ഭാഗമായി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് വീണ്ടും വീണ്ടും അവിടെ വരാന്‍ ഉള്ള അവസരം കിട്ടാന്‍ അവര്‍ക്ക് വേണ്ടി വോട്ടുകുത്തുക.
പലപ്പോഴും ഈ അരങ്ങുകള്‍ വളരെ സൗകര്യപൂര്‍വ്വം അതിന്‍റെ അടിസ്ഥാനത്തില്‍ നില്‍ക്കുന്ന വ്യക്തികളെ മറക്കുന്നു. ശരിക്കും ആരാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്? പൊതുജനങ്ങള്‍ അല്ലേ? പക്ഷെ പങ്കെടുക്കുന്നവരോ സമൂഹത്തിന്‍റെ മുഖ്യധാരാ ശ്രേണിയില്‍ നിന്നുള്ളവരും. കാരണം പൊതുജനങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചകള്‍ക്ക് മാര്‍ക്കറ്റ് വാല്യു കുറവായിരിക്കും. അത് കവര്‍ ചെയ്യാന്‍ ചാനലുകള്‍ ഉണ്ടായെന്ന് വരില്ല. എന്തെന്നാല്‍ ഇവയുടെയൊക്കെ അടിസ്ഥാനമായി നില്‍ക്കുന്നത് പണമാണ്.
എന്തെങ്കിലും പുതുമയും വ്യത്യസ്തതയും പ്രതീക്ഷിച്ച് ഈ ചര്‍ച്ചയ്ക്ക് മുമ്പില്‍ ചടഞ്ഞുകൂടുന്നവര്‍ തികച്ചും നിരാശരായാണ് പുറത്ത് വരുന്നത്. നമുക്ക് വേണ്ടത് 'ഗൗരവം' ജനിപ്പിക്കുന്ന ചര്‍ച്ചകള്‍ മാത്രമാണ്. ഇത്തരം ചര്‍ച്ചകള്‍ നമ്മുടെ ചിന്താഗതിയെ തന്നെ വഴിമാറ്റി വിടുന്ന കാണികളുള്ള പ്രകടനങ്ങളാണ്. അരങ്ങുകള്‍ അവയ്ക്ക് പിന്നിലുള്ള ഗൂഢലക്ഷ്യങ്ങള്‍ ഇല്ലാതാക്കണം. അപ്പോള്‍ പങ്കെടുക്കുന്ന പ്രേക്ഷകരുടെ മേന്മ വര്‍ദ്ധിക്കും. ഇതോടൊപ്പം കര്‍ഷകനും ആശാരിക്കും കൊല്ലനും വേലക്കാരനും സംസാരിക്കാനുള്ള വേദികള്‍ ഉണ്ടാകണം. അവര്‍ അവിടെ സംവദിക്കുന്നത് അവരെപോലുള്ള അനേകരോടായിരിക്കും. നമ്മുടെ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമൂഹം ഒന്നാകണമെങ്കില്‍ ഇങ്ങനെ ഒരു മാറ്റം കൂടിയേ തീരൂ.