ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള യുദ്ധപ്രഖ്യാപനങ്ങള്‍ കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ ഈ വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിനെപ്പറ്റി കുറെയെങ്കിലും ജനങ്ങള്‍ അറിഞ്ഞത്. ജനങ്ങളുടെ സഹകരണവും പങ്കാളിത്തവും ഇല്ലാതെ പശ്ചിമഘട്ട സംരക്ഷണം അസാധ്യമാണെന്നിരിക്കെ അധികമാരും അറിയാതെ ഒരു പഠനവും റിപ്പോര്‍ട്ട് സമര്‍പ്പണവും ഒരു വര്‍ഷത്തോളം ആ റിപ്പോര്‍ട്ട് പുഴ്ത്തിവയ്ക്കലും നടന്നതുവഴി ആര്‍ക്കാണ് പ്രയോജനമുണ്ടായെതെന്നറിയില്ല. വൈകിയാണെങ്കിലും, വിവാദങ്ങളുയര്‍ത്തിക്കൊണ്ടാണെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളെപ്പറ്റി നാലാള്‍ അറിയാനിടയായത് വളരെ നന്നായി.
ഗാഡ്ഗില്‍കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ രണ്ടുകാര്യങ്ങള്‍ വ്യക്തമാവും. ജനജീവിതത്തിന് ഗുണകരമായ കാര്യങ്ങളാണെങ്കില്‍പ്പോലും അവ യാഥാര്‍ത്ഥ്യ ബോധത്തോടെയും പക്വതയോടെയും പ്രായോഗികനയതന്ത്രജ്ഞതയോടെയും അവതരിപ്പിച്ചില്ലെങ്കില്‍ ജനങ്ങളതിനെ സംശയത്തോടെ വീക്ഷിച്ചെന്നുവരാമെന്നതാണ് ഒരു കാര്യം. സാധാരണജനങ്ങളെ എത്ര അനായാസമായി സ്ഥാപിതതാത്പര്യക്കാര്‍ക്ക് അവരുടെ ലക്ഷ്യപ്രാപ്തിക്കായി കരുക്കളാക്കാനാവും എന്നതാണ് രണ്ടാമത്തെ കാര്യം.
ജനാധിപത്യത്തില്‍ പത്ത് വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ ശേഷിയുള്ള വ്യക്തികളും സംഘടനകളുമൊക്കെ അധികാരകേന്ദ്രങ്ങളാണ്. അതുപോലെ ഭരണകൂട നടപടികള്‍ക്കുള്ള ന്യായങ്ങള്‍ ചമയ്ക്കുന്ന വിദഗ്ദ്ധ സമിതികളും അധികാരകേന്ദ്രങ്ങള്‍ തന്നെയാണ്. സാധാരണയായി ആദ്യത്തെക്കൂട്ടര്‍ ജനങ്ങളെ ഉപയോഗിക്കുന്നവരും രണ്ടാമത്തെക്കൂട്ടര്‍ ജനങ്ങളെ അവഗണിക്കുന്നവരുമാണ്. ഗാഡ്ഗില്‍റിപ്പോര്‍ട്ട് വിവാദത്തില്‍ ആദ്യം സൂചിപ്പിച്ച വിധത്തിലുള്ള ചില അധികാരകേന്ദ്രങ്ങള്‍ ആണ് ജനങ്ങളെ ഇളക്കിവിട്ടുകൊണ്ട് രണ്ടാമത്തെ ഗണത്തില്‍പ്പെട്ട അധികാരകേന്ദ്രത്തിന്‍റെ ശുപാര്‍ശകള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുന്നത്. രണ്ടാമത്തെ കൂട്ടരുടെ ചില വീഴ്ചകളാണ് ആദ്യത്തെക്കൂട്ടര്‍ തങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. 'മലയോരത്ത് ഇനി ഒരു ചുവട് കപ്പ നടാന്‍പോലുമാകില്ല' എന്ന വിലാപംതന്നെ ആദ്യത്തെ കൂട്ടരുടെ യുദ്ധതന്ത്രം വെളിവാക്കുന്നതായിരുന്നു.
എന്താണ് ഗാഡ്ഗില്‍ കമ്മിറ്റിക്ക് പറ്റിയ വീഴ്ചകള്‍ എന്ന് വിലയിരുത്തിക്കൊണ്ട് ഗാഡ്ഗില്‍ വിരുദ്ധരുടെ താത്പര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വിശദമാക്കാനാവും. പശ്ചിമഘട്ട സംരക്ഷണകാര്യത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യംചെയ്യാന്‍ സാമാന്യബോധമുള്ള ആര്‍ക്കുമാവില്ല. എന്നാല്‍ ഉദ്ദേശശുദ്ധിയോടെ പറയുന്ന എല്ലാ കാര്യങ്ങള്‍ക്കും അനുകൂല ഫലങ്ങളുണ്ടാവണമെന്നില്ല. ഉദ്ദേശശുദ്ധിയോടെ ആണെങ്കിലും എങ്ങനെ കാര്യങ്ങള്‍ പറയുന്നു എന്നത് എന്തു പറയുന്നു എന്നതുപോലെ പ്രധാപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടല്ലാതെ ഒരു ഭരണകൂടനടപടികള്‍കൊണ്ടും പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്താനാകില്ല എന്ന സത്യം നിരന്തരം ഓര്‍ത്തുകൊണ്ടാകണമായിരുന്നു ശുപാര്‍ശകള്‍ക്ക് രൂപംനല്‍കാന്‍. രാസകൃഷിയില്‍ നിന്ന് ജൈവകൃഷിയിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതു സംബന്ധിച്ച് സൂചിപ്പിച്ചപ്പോള്‍ പുലര്‍ത്തിയ പക്വതയും നയതന്ത്രജ്ഞതയും മറ്റ് പല ശുപാര്‍ശകളുടെ കാര്യത്തില്‍ ഉണ്ടായില്ല എന്ന് വ്യക്തമാണ്. ഉദാഹരണത്തിന്, പരിസ്ഥിതി ലോലപ്രദേശങ്ങളെ താലൂക്കടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിച്ചത് തികഞ്ഞ വിഡ്ഢിത്തമായിപ്പോയി. കാരണം ഒരു താലൂക്കിന്‍റെ ചില മേഖലകളില്‍ മാത്രമാവും പരിസ്ഥിതി ലോലത സംബന്ധിച്ച മാനദണ്ഡങ്ങള്‍ ബാധകമാവുന്നത്. എന്നാല്‍ മുഴുവന്‍ താലൂക്കിനെയും പരിസ്ഥിതി ലോലമായി ചൂണ്ടിക്കാണിച്ചപ്പോള്‍ ജനങ്ങളില്‍ വ്യാപകമായി ആശങ്കകളുണ്ടായത് സ്വാഭാവികമാണ്. പരിസ്ഥിതിലോലതയുടെ തീവ്രതയനുസരിച്ച് മൂന്നു മേഖലകളായി പശ്ചിമഘട്ടത്തെ തിരിക്കുന്നതിന്‍റെ മാനദണ്ഡങ്ങള്‍ പറയുകയും, ആ മാനദണ്ഡമനുസരിച്ച് ഓരോ പ്രദേശത്തെയും ഏതു മേഖലയിലുള്‍പ്പെടുത്തണമെന്ന് ജനാധിപത്യപരമായും സുതാര്യമായും നിശ്ചയിക്കുന്നതിനുള്ള ഒരു സംവിധാനത്തെക്കുറിച്ചുള്ള നിര്‍ദ്ദേശം വയ്ക്കുകയുമാണ് ചെയ്തിരുന്നതെങ്കില്‍ ഏതു സ്ഥാപിതതാത്പര്യക്കാര്‍ വിചാരിച്ചാലും വ്യാപകമായി ജനങ്ങളില്‍ വലിയ ആശങ്കകളുണ്ടാക്കാന്‍ കഴിയുമായിരുന്നില്ല.
മുപ്പത് ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍ പാടില്ലായെന്ന നിര്‍ദ്ദേശവും മറുപക്ഷത്തിന്‍റെ കൈയില്‍ മൂര്‍ച്ചയുള്ള ആയുധം നല്‍കലായിപ്പോയി. മണ്ണിനെ അറിയുന്ന ഒരു കര്‍ഷകനും, മതിയായ മണ്ണ്-ജല സംരക്ഷണ മുന്‍കരുതലുകളില്ലാതെ ചരിവ് ഭൂമിയില്‍ തന്നാണ്ടുകൃഷി തുടര്‍ച്ചയായി ചെയ്യില്ല. കയ്യാലകള്‍ വച്ചും പുതയിട്ടും മറ്റുമാണ് ശരിയായ കര്‍ഷകര്‍ തന്നാണ്ടു കൃഷികള്‍ ചരിവ് പ്രദേശങ്ങളില്‍ ചെയ്യാറുള്ളത്. സ്ഥലം കരാറിനെടുത്ത് കൃഷി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധവയ്ക്കാറില്ല എന്നത് നേര്. ഇക്കാര്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്ലാതെ ചരിവ് പ്രദേശങ്ങളില്‍ തന്നാണ്ടു കൃഷികള്‍ ചെയ്യരുതെന്ന് പറയുകയും മണ്ണ്-ജലസംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ കര്‍ഷകര്‍ക്ക് മതിയായ സാമ്പത്തിക സഹായം നല്‍കണമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ കാര്യം ചൂണ്ടിക്കാണിച്ച് കര്‍ഷകരെ ചൂടുപിടിപ്പിക്കാനാര്‍ക്കുമാവുമായിരുന്നില്ല. ചരിവ് ഭൂമിയില്‍ കയ്യാലകള്‍വച്ച് തട്ടുകളായി തിരിച്ചും പുതയിട്ടും വര്‍ഷങ്ങളായി തന്നാണ്ടുകൃഷികളായ കപ്പയും ചേനയും ചേമ്പുമെല്ലാം കൃഷി ചെയ്യുന്ന ഒരു കര്‍ഷകനാണ് ഞാന്‍. ഈ കുറിപ്പ് തയ്യാറാക്കുന്ന ദിവസങ്ങളില്‍ കുറച്ചുസ്ഥലം കൂടി കയ്യാലവച്ച് തന്നാണ്ടുകൃഷിക്കായി തയ്യാറാക്കിക്കൊണ്ടിരിക്കയാണ് എന്നുകൂടി സൂചിപ്പിക്കട്ടെ. ഏത് വിദഗ്ദ്ധ സമിതിയെക്കാളും ആധികാരികതയോടെയാണ് ഞാനിത് പറയുന്നതെന്ന് വ്യക്തം.
വന്യമൃഗങ്ങളുടെ സഞ്ചാരപാത സംബന്ധിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അവ്യക്തമായ പരാമര്‍ശങ്ങളും ജനങ്ങളുടെ ആശങ്ക പെരുപ്പിക്കാന്‍ തത്പരകക്ഷികള്‍ക്ക് ഏറെ സഹായകരമായി എന്നു പറയാതിരിക്കാനാവില്ല. ഏതേത് വനമേഖലകള്‍ തമ്മിലാണ് സഞ്ചാരപാതകള്‍ കൊണ്ട് ബന്ധിപ്പിക്കേണ്ടതെന്നും അതിന് എത്രമാത്രം സ്ഥലം വേണ്ടിവരുമെന്നും, അതിനായി ഒഴിപ്പിക്കേണ്ടിവരുന്ന കൃഷിഭൂമിയില്‍നിന്ന് ബാക്കി കൃഷി മേഖലയെ ഏതുവിധത്തില്‍ വേര്‍തിരിച്ചുനിര്‍ത്തി സംരക്ഷിക്കാമെന്നും മറ്റും കൃത്യമായി പറഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. കൂടാതെ ഇക്കാര്യത്തിനായി കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് സൂചിപ്പിക്കുകയും ഇത്തരം നടപടികള്‍ക്കൊണ്ട് ഇന്നുള്ള കൃഷിഭൂമികളിലെ വന്യമൃഗ ശല്യങ്ങള്‍ ഗണ്യമായി കുറയ്ക്കാനാവുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കില്‍ ഈ വിഷയം മുന്‍നിര്‍ത്തിയുണ്ടായ കര്‍ഷക ഭീതി ഒഴിവാക്കാനാവുമായിരുന്നു.
ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകളിലുള്ള പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അതോറിറ്റി രൂപീകരണം സംബന്ധിച്ചും അവ്യക്തകളുണ്ട്. ആ അതോറിറ്റിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായുള്ള ബന്ധവും അധികാര വേര്‍തിരിവുകളും എങ്ങനെയെന്ന് വ്യക്തമാക്കാതിരുന്നതിനാല്‍, തങ്ങളുടെ തലയ്ക്കുമുകളില്‍ തൂങ്ങുന്ന മറ്റൊരു വാളാണ് ഈ അതോറിറ്റികളെന്ന ധാരണ ജനങ്ങളിലുണ്ടായി.
ഇതിനെല്ലാമുപരിയായി ഗാഡ്ഗില്‍ കമ്മിറ്റി അതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പായി ജനകീയതലത്തിലുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന വിമര്‍ശനം അടിസ്ഥാനമുള്ളതുതന്നെയാണ്. ഞങ്ങള്‍ വിദഗ്ദ്ധ സമിതിക്കാര്‍, ഈ വിഷയത്തില്‍ വൈദഗ്ദ്ധ്യമില്ലാത്ത സാധാരണ ജനങ്ങളും പ്രസ്ഥാനങ്ങളുമായി എന്തിന് ചര്‍ച്ച നടത്തണം എന്ന ബൗദ്ധിക ധിക്കാരമായിരുന്നോ സമിതിക്കുണ്ടായിരുന്നതെന്നറിയില്ല. ജനങ്ങളുമായി കാര്യമായ ബന്ധമില്ലാത്തതു നിമിത്തമാണ് മുകളില്‍ സൂചിപ്പിച്ച പല അവ്യക്തതകളും അപര്യാപ്തതകളും അബദ്ധങ്ങളും സമിതിയുടെ ശുപാര്‍ശകളില്‍ വന്നുപെട്ടത്. മതിയായ സമയമെടുത്ത് ജനകീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി കാര്യങ്ങള്‍ പഠിച്ചിരുന്നുവെങ്കില്‍ പല പോരായ്മകളും ഒഴിവാക്കാനാവുമായിരുന്നു എന്നു മാത്രമല്ല, സമിതി ഏകപക്ഷീയമായി കാര്യങ്ങള്‍ നിശ്ചയിച്ചു എന്ന ആരോപണവും ഉണ്ടാകുമായിരുന്നില്ല. ജനാധിപത്യത്തില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ വീഴ്ചവരുത്തുന്നത് ഗൗരവമുള്ളകാര്യം തന്നെയാണ്.
വിദഗ്ദ്ധ സമിതിയുടെ മേല്‍ സൂചിപ്പിച്ച പോരായ്മകള്‍ തുറന്നുകൊടുത്ത സാധ്യതകള്‍ അതിവിദഗ്ദ്ധമായി മുതലെടുത്തുകൊണ്ടാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും ചില സ്ഥാപിതതാത്പര്യക്കാര്‍ സമിതി റിപ്പോര്‍ട്ടിനെതിരെ കരുക്കള്‍ നീക്കിയത്. ആരാണീ സ്ഥാപിത താത്പര്യക്കാര്‍? പശ്ചിമഘട്ടത്തിലെ മണ്ണിനും പാറക്കെട്ടുകള്‍ക്കും മേല്‍ കഴുകന്‍കണ്ണുകളുമായി വട്ടമിട്ടു പറക്കുന്ന ഖനനലോബികള്‍, പശ്ചിമഘട്ടത്തിന്‍റെ പ്രകൃതിസൗന്ദര്യവും ചില പ്രദേശങ്ങളിലെ കുളിരും തളിരും വിറ്റുകാശാക്കാന്‍ തുനിഞ്ഞിറങ്ങിയിട്ടുള്ള ടൂറിസം മാഫിയകള്‍, വല്ലാതെ "വികസി"ച്ചിട്ടില്ലാത്ത മലയോരങ്ങളില്‍ "അടിസ്ഥാന സൗകര്യ വികസന" മെത്തിച്ച് ലാഭം കൊയ്യാന്‍ രംഗത്തുള്ള കണ്‍സ്ട്രക്ഷന്‍ ലോബികള്‍, പശ്ചമഘട്ട മലയോരങ്ങളിലെ വനഭൂമിയിലെ മരങ്ങളെ കൊതിയോടെ നോക്കുന്ന കൊള്ളസംഘങ്ങള്‍ ഇവരെല്ലാം പിന്‍സീറ്റിലിരുന്ന് കര്‍ഷക രക്ഷയ്ക്കായുള്ള കുരുക്ഷേത്രയുദ്ധത്തിലെ തേര് തെളിക്കുകയാണ്. പ്രത്യക്ഷത്തില്‍ തേര് തെളിക്കുന്നത് മതനേതാക്കന്മാരും അണികളുമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള കോലാഹലങ്ങളുടെ പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്ന ആരോപണം ഉത്തമബോധ്യത്തോടെയാണ് ഉന്നയിക്കുന്നത്. ഗാഡ്ഗില്‍ വിരുദ്ധരുടെ നിലപാടുകള്‍ തന്നെയാണ് ഈ ബോധ്യത്തിനാധാരം.
ഈ ലേഖനത്തിന്‍റെ ആദ്യഭാഗത്ത് സൂചിപ്പിച്ചതുപോലുള്ള പിഴവുകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും ദീര്‍ഘവീക്ഷണത്തോടെയുള്ള ഒട്ടേറെ നല്ല ശുപാര്‍ശകളും അതിലുണ്ട് എന്നംഗീകരിക്കാന്‍ റിപ്പോര്‍ട്ടിനെതിരെ ഒച്ചവയ്ക്കുന്നവര്‍ സന്നദ്ധമാവുന്നില്ല എന്നിടത്താണ് സ്ഥാപിത താത്പര്യ ലോബിയുടെ സാന്നിദ്ധ്യം മണക്കുന്നത്. ഉദാഹരണത്തിന് പശ്ചിമഘട്ടത്തിലെ അനധികൃത ഖനനങ്ങള്‍ ഉടനെ നിര്‍ത്തലാക്കണം, ഖനന പ്രവര്‍ത്തനങ്ങള്‍ക്കുതന്നെ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്, ടൂറിസം-റിസോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടണം തുടങ്ങിയ ശുപാര്‍ശകള്‍ എങ്ങനെ കര്‍ഷക വിരുദ്ധമാവും? ഒട്ടേറെ മേഖലകളിലെ സാധാരണ ജനങ്ങള്‍ക്ക് കടുത്ത ദുരിതം വിതയ്ക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് 'കമാ'യെന്നൊരക്ഷരം ഉരിയാടാന്‍ ഗാഡ്ഗില്‍ വിരുദ്ധര്‍ എന്തേ തയ്യാറാവാത്തത്? ലോകവ്യാപകമായിത്തന്നെ രാസകൃഷിയില്‍നിന്ന് ജൈവകൃഷിയിലേക്ക് പരിവര്‍ത്തനം വന്നു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ജൈവകൃഷിയിലേക്ക് മാറുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം കൊടുക്കണമെന്നു പറയുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രായോഗികമല്ലെന്ന് പറയുന്നതില്‍ തെളിഞ്ഞുവരുന്നത് "മറ്റു പലതു"മല്ലെ? പശ്ചിമഘട്ടത്തില്‍ത്തന്നെ ആയിരക്കണക്കിന് കര്‍ഷകര്‍ വിജയകരമായി ജൈവകൃഷി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ അപ്രായോഗികത വാദമുയര്‍ത്തുന്നത് സമിതി റിപ്പോര്‍ട്ട് അപ്പാടെ കര്‍ഷക വിരുദ്ധമാണെന്ന് സ്ഥാപിക്കാനുള്ള വെമ്പലിലല്ലെ? അതുപോലെ തന്നെ കേരളസര്‍ക്കാര്‍ തന്നെ അനുമതി നിഷേധിച്ചിരിക്കുന്ന ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ജാഗ്രതാനിര്‍ദേശവും കര്‍ഷവിരുദ്ധമാണത്രെ! ഭാവിയില്‍ കര്‍ഷക ജനതയെ ഏതാനും ബഹുരാഷ്ട്ര ഭീമന്‍മാരുടെ കാല്‍ക്കലേക്ക് വിത്തുകള്‍ക്കായി നയിക്കുന്ന സാങ്കേതിക വീര്യകെണി എന്നും ദൈവ സൃഷ്ടിയായ പ്രകൃതിയിലെ സസ്യജാലങ്ങളുടെ തനിമയില്‍ സാങ്കേതിക വിദ്യക്കുപയോഗിച്ച് നടത്തുന്ന മലിനീകരണം എന്ന കാര്യജ്ഞാനമുള്ളവര്‍ വിശേഷിപ്പിക്കുന്ന ജനിതകമാറ്റ വിദ്യയ്ക്കെതിരായ ശുപാര്‍ശകളിലെ സൂഷ്മത അംഗീകരിക്കാനാവാത്തവര്‍ക്ക് എന്ത് സാമൂഹിക പ്രതബദ്ധതയാണുള്ളത്? പല കത്തോലിക്കാ രൂപതകളിലെയും സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ വഴി ജൈവകൃഷി പ്രചരണവും മറ്റും നടത്തുന്നതിനിടയിലാണ് ചില സഭാമാധ്യമങ്ങളും ഇതിന്‍റെ അപ്രായോഗികതയെക്കുറിച്ച് പ്രബോധിപ്പിക്കുന്നതെന്ന കൗതുകവുമുണ്ട്. കര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായേക്കാമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന നിര്‍ദ്ദേശങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്നോ കൂടുതല്‍ വ്യക്തതകള്‍ ഉണ്ടാവണമെന്നോ ആവശ്യപ്പെട്ടത് മനസ്സിലാക്കാം; എന്നാല്‍ അതല്ല ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കയണമെന്നവാദം പശ്ചിമഘട്ട മേഖലകളില്‍ ഇനി ജനിക്കാനിരിക്കുന്ന തലമുറകളെ മറന്നുകൊണ്ടുള്ളതും കച്ചവടതാല്പര്യങ്ങള്‍ മാത്രമുള്ള ലോബികളെ മാത്രം ഓര്‍ത്തുകൊണ്ടുള്ളതുമാണ്. പൊതുവില്‍ അഴിമതിക്കാര്‍ എന്ന് മുദ്രകുത്തപ്പെടുന്ന രാഷ്ട്രീയകക്ഷികള്‍പോലും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയണമെന്നാവശ്യപ്പെടുത്തില്ലെന്നോര്‍ക്കണം. ഭരണ-പ്രതിപക്ഷ കക്ഷികള്‍ പറയുന്നത് ചില ഭേദഗതികളോടെയെ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനാവൂ എന്നു മാത്രമാണ്.
ശാസ്ത്രീയതയോ സാമൂഹിക പ്രതിബദ്ധതയോ ദീര്‍ഘവീക്ഷണമോ ഇല്ലാത്ത കെടുന്യായങ്ങള്‍ ഉന്നയിച്ചു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയണമെന്ന ആവശ്യവുമായി ചിലര്‍ എന്തിനാണിത്ര വീറോടെ പൊരുതുന്നത് എന്നാണ് മനസ്സിലാകാത്തത്. സ്വതന്ത്രമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടുള്ളവരും അഭിപ്രായരൂപീകരണം നടത്തിയിട്ടുള്ളവരുമായ അനേകമാളുകള്‍ ഇവിടെയുണ്ട്. അവരുടെ നിലപാടുകള്‍ കൂടി അന്വേഷിക്കേണ്ടതല്ലേ? എന്തായാലും ഗാഡ്ഗില്‍ വിവാദം കേരളത്തിലെ പൊതുസമൂഹത്തില്‍, പ്രത്യേകിച്ചും കത്തോലിക്കാസഭയുടെ മുഖം വികൃതമാക്കി എന്ന സത്യം, രാജാവ് നഗ്നനാണ് എന്നു പറഞ്ഞ കുട്ടിയെപോലെ ഇവിടെ വിളിച്ചുപറയാന്‍ ഞാനാഗ്രഹിക്കുന്നു.
ഓര്‍ക്കുക; സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും രാഷ്ട്രീയക്കാരന്‍റേയും മാധ്യമങ്ങളുടെയും താത്പര്യങ്ങളേക്കാള്‍ വലുതാണ് പശ്ചിമഘട്ടത്തിന്‍റെ മലമടക്കുകളില്‍ ഇപ്പോഴുള്ളവരും ഇനി ജനിക്കാനിരിക്കുന്നവരുമായ സാധാരണ ജനങ്ങളുടെ നിലനില്പ് എന്നോര്‍ക്കുക - സമീപഭാവിയില്‍ കുടിവെള്ളമില്ലാതെ അവിടെനിന്ന് കൂട്ടപ്പാലായനം നടത്തേണ്ടിവരുമ്പോള്‍ നിങ്ങള്‍ പ്രൊഫ. മാധവ് ഗാഡ്ഗിലിനെ ഓര്‍ക്കും.
പ്രകൃതിനാശത്തിന്‍റെ കെടുതികള്‍ക്ക് ഏറെ ബാധിക്കുക സമൂഹത്തിലെ ദുര്‍ബ്ബല ജനവിഭാഗങ്ങളെയാകും. അപ്പോഴും സമ്പന്നര്‍ക്കുമുമ്പില്‍ പുതിയ സാധ്യതകള്‍ ഉയര്‍ന്നുവരും. നിങ്ങള്‍ ഇവരില്‍ ആരോടൊപ്പമാണ് നിലകൊള്ളുന്നത് എന്നതുതന്നെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള നിലപാടിലും പ്രതിഫലിക്കുന്നത്.
തെറ്റുതിരുത്തലും അനുരഞ്ജനവും ഇക്കാര്യത്തിലും വേണം.
ജനങ്ങളോട് തെറ്റുതിരുത്തലിനെക്കുറിച്ചും അനുരഞ്ജനത്തെക്കുറിച്ചും പറയുന്നവര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്‍റെ കാര്യത്തില്‍ അറിഞ്ഞോ അറിയാതെയോ പറ്റിയ തെറ്റ് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം കാണിക്കണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടും പരിസ്ഥിതി വിവേകമുള്ളവരോടുമുള്ള ശത്രുത അവസാനിപ്പിക്കണം. 1977 വരെയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള കേരളസര്‍ക്കാരിന്‍റെ വളരെ മുമ്പെയുള്ള തീരുമാനം നടപ്പിലാക്കാത്തതില്‍ ഇടങ്കോലിടുന്ന പരിസ്ഥിതിപ്രവര്‍ത്തകരും നിലപാട് മാറ്റണം. പാരിസ്ഥിതികമായ ചില ശരികേടുകള്‍ ചില ഘട്ടങ്ങളില്‍ സാമൂഹികമായ ശരികളായി മാറുമെന്ന കാര്യം പരിസ്ഥിതി പ്രവര്‍ത്തകരുമോര്‍ക്കണം. 1977 വരെയുള്ള കുടിയേറ്റങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തില്‍ സാമൂഹികമായ ശരിയുണ്ട്. ഇങ്ങനെ, നിലപാടുകളില്‍ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അനുരഞ്ജനമില്ലെങ്കില്‍ തര്‍ക്കങ്ങളും വിവാദങ്ങളും തുടരുകയും പശ്ചിമഘട്ടത്തിന്‍റെ നാശത്തിന്‍റെ വേഗത കൂടുകയും ചെയ്യും. നമുക്ക് തര്‍ക്കങ്ങള്‍ മാത്രം പോരല്ലോ, നിലനില്‍ക്കണ്ടെ?