news-details
മറ്റുലേഖനങ്ങൾ

ഷാവേസിൻ്റെ അഭാവം

മരണമെന്നത് ഒരു അഭാവമാണ്. ഭൂമിയില്‍ ചരിച്ചിരുന്ന ഒരാള്‍ ഇല്ലാതാകുന്നു. ഈ അഭാവം നമ്മിലേക്കു വ്യാപിക്കുന്നത് ആ വ്യക്തിയുടെ പ്രവര്‍ത്തനങ്ങളുടെ സ്വഭാവമനുസരിച്ചാണ്. ചിലര്‍ മണ്‍മറയുമ്പോള്‍ നമുക്കു ശൂന്യത  അനുഭവപ്പെടും. പകരംവയ്ക്കാനാവാത്ത ചില വ്യക്തിത്വങ്ങള്‍ ചരിത്രത്തിന്‍റെ വഴിത്താരകളിലൂടെ നടന്നുനീങ്ങാറുണ്ട്. അവരുടെ ചരിത്രദൗത്യം നിറവേറ്റി തിരോഭവിക്കുമ്പോഴും അവര്‍ ഭൂമിയില്‍ അവശേഷിപ്പിച്ച അലകള്‍ സ്പന്ദിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് അഞ്ചിന് മരണത്തിനു കീഴടങ്ങിയ ഹ്യൂഗോ ഷാവേസ് എന്ന ഭരണാധിപന്‍ ഒരു ദര്‍ശനം നമ്മുടെ മുന്നില്‍ നീര്‍ത്തിട്ട ചരിത്രപുരുഷനാണ്. ലാറ്റിനമേരിക്കക്കു മാത്രമല്ല, മൂന്നാം ലോകരാജ്യങ്ങള്‍ക്കെല്ലാം പ്രതീക്ഷ നല്‍കിയ ഷാവേസ് സോഷ്യലിസത്തിന്‍റെ വക്താവായിരുന്നു.

ലോകചരിത്രം പരിശോധിക്കുമ്പോള്‍ സോവിയറ്റ് യൂണിയന്‍റെ പതനത്തിനുശേഷമുള്ള കാലത്തെ പ്രത്യേകം പരിഗണിക്കേണ്ടിവരും. ഏകധ്രുവലോകവും അമേരിക്കന്‍ ആധിപത്യവും ഈ ഭൂമിയെത്തന്നെ മാറ്റിമറിച്ച രണ്ടുദശകങ്ങളാണ് നാം പിന്നിട്ടത്. ആഗോളീകരണവും നവ-ഉദാരീകരണവും യുദ്ധങ്ങളും കൂട്ടക്കൊലകളും വ്യാപിപ്പിച്ച് പ്രകൃതിവിഭവങ്ങളും അധികാരവും ലക്ഷ്യമാക്കി മുതലാളിത്തം നടത്തിയ പടയോട്ടങ്ങള്‍ ലോകത്തെ ഇരുട്ടിലേക്കു നയിച്ചു. പുത്തന്‍ സാമ്പത്തികശാസ്ത്രം കുത്തകകളെ താലോലിക്കുന്നതാണ്. ഭരണകൂടങ്ങളെപ്പോലും ശക്തമായി നിയന്ത്രിക്കാന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്കു സാധിക്കുന്നു. മഹാഭൂരിപക്ഷത്തെ ഒഴിവാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ് ലോകത്തെ തകിടംമറിച്ചത്. ആഗോളീകരണത്തിനും ഉദാരീകരണത്തിനും കൃത്യമായ രാഷ്ട്രീയമുണ്ട്. ജനാധിപത്യമെന്നും മറ്റും ഘോഷിക്കുന്നവര്‍ ഏകധ്രുവലോകം സൃഷ്ടിക്കാന്‍ യുദ്ധങ്ങളും ഭീകരതയും വളര്‍ത്തുന്നത് നാം കണ്ടു.

ആഗോളീകരണത്തിന്‍റെ, നവ-ഉദാരീകരണത്തിന്‍റെ ഭവിഷ്യത്തുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ ജനതയാണ് ലാറ്റിനമേരിക്കന്‍ നാടുകളിലുള്ളത്. പുത്തന്‍സാമ്പത്തിക നയത്തിന്‍റെ പരീക്ഷണശാലയായിരുന്നു ഈ നാടുകള്‍. ഏകാധിപതികളെയും പാവ ഗവണ്‍മെന്‍റുകളെയും വാഴിച്ച് ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഗവണ്‍മെന്‍റുകളെ അട്ടിമറിച്ച് (അലന്‍ഡെയെ അട്ടിമറിച്ചത് ഉദാഹരണം) കുത്തകകളെ ഏജന്‍റുമാരായി നിയമിച്ച് അമേരിക്കന്‍ ഭരണകൂടം പയറ്റിയ കുതന്ത്രങ്ങള്‍ നിരവധിയാണ്. സാമ്പത്തിക അസ്ഥിരതയും വിലക്കയറ്റവും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും മൂലം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഏറെ ദുരന്തങ്ങള്‍ അനുഭവിച്ചു. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലും രാഷ്ട്രീയത്തിലും മറ്റു മേഖലകളിലും ഇത് വലിയ വ്യതിയാനങ്ങള്‍ സൃഷ്ടിച്ചു. 1990- നുശേഷം ഈ രാജ്യങ്ങള്‍ ദിശ മാറി ചിന്തിക്കാന്‍ തുടങ്ങി. അമേരിക്കന്‍ സാമ്രാജ്യതാത്പര്യങ്ങളെ വെല്ലുവിളിക്കുന്ന രാഷ്ട്രീയം അവിടെ ഉയര്‍ന്നുവരാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ് 1998-ല്‍ ഹ്യൂഗോ ഷാവേസ് വെനിസ്വേലയില്‍ അധികാരത്തിലെത്തുന്നത്. ദരിദ്രരെ തിരിഞ്ഞുനോക്കാതെ ഭരണകൂടങ്ങളും ബഹുരാഷ്ട്രകുത്തകകളും ചൂഷണം ചെയ്ത് അസമത്വത്തിന്‍റെ കൊടുമുടികള്‍ നിലനിന്ന രാജ്യത്തിന്‍റെ അധിപനായി അദ്ദേഹം എത്തിയത് അനേകം വെല്ലുവിളികള്‍ നേരിട്ടാണ്. വിദ്യാഭ്യാസം, ആരോഗ്യം, പ്രകൃതിവിഭവങ്ങളുടെ നിയന്ത്രണം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം എന്നിങ്ങനെ ഭിന്നതലങ്ങളില്‍ അദ്ദേഹം കൊണ്ടുവന്ന പരിഷ്കരണങ്ങള്‍ രാജ്യത്തെ കുറെയെല്ലാം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിച്ചു. പരിമിതികളേറെയാണെങ്കിലും  ലാറ്റിനമേരിക്കന്‍ മുന്നേറ്റത്തിന് ശക്തമായ നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയില്‍ ഷാവേസിന് ഉയര്‍ന്ന സ്ഥാനമുണ്ട്. സാമ്രാജ്യത്ത ആധിപത്യത്തെ 'എണ്ണയുടെ രാഷ്ട്രീയം' ഉയര്‍ത്തി അദ്ദേഹം വെല്ലുവിളിച്ചു. "ഇതു വേറിട്ട വെനിസ്വേലയാണ്; ഇവിടെ ഭൂതകാലത്തിന്‍റെ പിടിയില്‍നിന്നു സ്വയം മോചിപ്പിക്കാന്‍ കഴിയുമെന്ന് അധഃസ്ഥിതര്‍ക്കറിയാം. ഇതു വേറിട്ടൊരു ലാറ്റിനമേരിക്കയാണ്" എന്നു പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഷാവേസിന്‍റെ കുട്ടിക്കാലം ഏറെ ദരിദ്രമായിരുന്നു. പലതരത്തിലുള്ള ജോലികള്‍ ചെയ്തുവളര്‍ന്ന അദ്ദേഹം 17-ാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. "ഞാന്‍ സമുദ്രത്തെ ഉഴുതുമറിച്ചിരിക്കുന്നു" എന്നു പ്രഖ്യാപിച്ച  'സിമോണ്‍ ബൊളിവാര്‍' ഷാവേസിന് വഴികാട്ടിയായി. 'ബൊളിവാറിയന്‍' വഴിയിലൂടെയാണ് അദ്ദേഹം നടന്നു നീങ്ങിയത്. സമൃദ്ധമായ എണ്ണ നിക്ഷേപവും പ്രകൃതിവിഭവങ്ങളുമുണ്ടെങ്കിലും ജനങ്ങള്‍ ദരിദ്രരായി കഴിയേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പഠിച്ചു. 'ഓരോ ശതാബ്ദത്തിലും ഒരിക്കല്‍ ജനങ്ങള്‍ ഉണരുമ്പോള്‍ ബോളിവാര്‍ ഉണരുന്നു' എന്നു മനസ്സിലാക്കിയ അദ്ദേഹം പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഇത് അദ്ദേഹത്തെ തടവറയിലെത്തിച്ചു. "ആ കാലത്ത് ഞാന്‍ കുറെയേറെ കാര്യങ്ങള്‍ മനസ്സിലാക്കി. ജയില്‍ ഒരുതരം വിദ്യാലയമാണ്. ഉരുക്കുപോലെ ഉറച്ച ഇച്ഛാശക്തിയുണ്ടാകും. നമ്മുടെ വിശ്വാസങ്ങള്‍ ദൃഢമാകും. കാഴ്ചപ്പാടില്‍ വ്യക്തതയുണ്ടാകും" എന്നാണ് അക്കാലത്തെക്കുറിച്ച് ഷാവേസ് പറയുന്നത്. ജയിലിലെ ഇരുണ്ട മുറിയിലിരുന്ന് അതുവരെ പഠിച്ച കാര്യങ്ങള്‍  അദ്ദേഹം മനസ്സിലുറപ്പിച്ചു. "ബൊളിവാറിന്‍റെ പ്രത്യയശാസ്ത്രം വേരുറച്ചു. ബൊളിവാര്‍ വെറുമൊരു മനുഷ്യനല്ല, ബൊളിവാര്‍ ഒരാശയമാണ്. കേവലമൊരു സിദ്ധാന്തത്തിനുപരിയായി രാഷ്ട്രീയം, സമൂഹം, നീതി ഇവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ ഒരാശയപ്രപഞ്ചമാണ് ബൊളിവാര്‍" എന്ന് ഷാവേസ് തിരിച്ചറിഞ്ഞു.

സാമ്രാജ്യത്വവിരോധിയായ ബൊളിവാറിന്‍റെ ആശയങ്ങള്‍ ഷാവേസിനു മുമ്പില്‍ പുതിയ വഴി തുറന്നു. ബഹുധ്രുവലോകത്തെക്കുറിച്ചുള്ള ബൊളിവാറിന്‍റെ കാഴ്ചപ്പാടുകള്‍ ഏകധ്രുവലോക സങ്കല്പത്തെ പ്രതിരോധിക്കുന്നതിന് ഷാവേസ് പ്രയോജനപ്പെടുത്തി.

തന്‍റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആത്മവിശ്വാസവും പ്രായോഗികപദ്ധതികളും അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തംനാട്ടിലെ സമ്പന്നരുടെയും കുത്തകകളുടെയും സാമ്രാജ്യത്വശക്തികളുടെയും പ്രതിരോധങ്ങളെ വകവയ്ക്കാതെ സാധാരണജനങ്ങള്‍ക്കുവേണ്ടി ഷാവേസ് പ്രവര്‍ത്തിച്ചു. "അച്ഛന്‍വഴി എന്‍റെ രക്തത്തില്‍ സ്വദേശത്തിന്‍റെയും ആഫ്രിക്കയുടെയും കലര്‍പ്പുണ്ട്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. സ്വദേശീയത എന്നാല്‍ എനിക്കു നമ്മുടെ നാടിന്‍റെയും ജനങ്ങളുടെയും ആഴമുള്ള പ്രാമാണികമായ വേരുകളുടെ ഭാഗമാവുക എന്നാണര്‍ത്ഥം" എന്നദ്ദേഹം പറയുമ്പോള്‍ സ്വന്തം നാടിനോടുള്ള പ്രതിജ്ഞാബദ്ധത മനസ്സിലാക്കാം. "ഒരു പൊതു നീരുറവയില്‍നിന്ന് വെള്ളം കുടിക്കുന്ന, പൊതുവായ സാമൂഹ്യലക്ഷ്യമുള്ളവര്‍ക്കു മാത്രമേ ഒരു ജനതയെന്നോ രാഷ്ട്രമെന്നോ അവകാശപ്പെടാന്‍ കഴിയൂ" എന്ന വീക്ഷണത്തില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് സ്വന്തം നാടിനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഷാവേസ് പരിശ്രമിച്ചത്.

ഷാവേസ് അധികാരത്തിലെത്തിയപ്പോള്‍ പല വെല്ലുവിളികളും നേരിടേണ്ടിവന്നു. "ഒരു പുതിയ വെനിസ്വേലയ്ക്കു രൂപം കൊടുക്കുവാന്‍ പരിവര്‍ത്തനോന്മുഖവും ഇതുവരെ തടഞ്ഞുവെച്ചിരുന്നതുമായ ഊര്‍ജ്ജത്തെ കെട്ടഴിച്ചുവിടാന്‍ കഴിവുള്ള ഒരു വിപ്ലവകാരിയായ അസംബ്ലിയാണു നാം സൃഷ്ടിക്കേണ്ടത്" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അടിസ്ഥാനതലങ്ങളില്‍നിന്ന് മാറ്റമാരംഭിക്കണമെന്ന് അദ്ദേഹം കരുതി. "ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താനാണ് ബൊളിവാര്‍ പദ്ധതി രൂപീകരിച്ചത്" എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം എന്നിങ്ങനെയുള്ള  അടിസ്ഥാനാവശ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. നവഉദാരീകരണം ശ്രദ്ധിക്കാത്ത തലങ്ങളാണിത്. ഉള്ളവന്‍റെ പക്ഷത്തുനിന്ന് നോട്ടം മാറ്റി അടിസ്ഥാനവര്‍ഗങ്ങളിലേക്ക് നോട്ടം എത്തിച്ചു എന്നതാണ് ഷാവേസിന്‍റെ യത്നങ്ങളുടെ പ്രത്യേകത. ഏതു വിഷമകരമായ ചുറ്റുപാടിലും തളരാത്ത പക്വമായ അവബോധമാണ് ഷാവേസിനുണ്ടായിരുന്നത്.

നവഉദാരീകരണത്തിന്‍റെ ചതിക്കുഴികള്‍ ഷാവേസ് തിരിച്ചറിഞ്ഞു. എല്ലാ അടിസ്ഥാനമേഖലകളെയും അതു തകര്‍ത്തിരുന്നു. 'നവഉദാരീകരണത്തിന്‍റെ മറ്റൊരു സൂത്രപ്പണിയാണ് അവരുടെ വികേന്ദ്രീകരണം' എന്ന് അദ്ദേഹം മനസ്സിലാക്കി. സ്വകാര്യവല്‍ക്കരണത്തിന്‍റെ ഭീഷണമുഖമായ അഴിമതി അദ്ദേഹം കണ്ടു. "എല്ലാം സ്വകാര്യവത്കരിക്കപ്പെട്ടു; ജീവിതം തന്നെയും സ്വകാര്യവത്കരിക്കപ്പെട്ടു" എന്ന് അദ്ദേഹം പറയുന്നു. ഇതിനിടയില്‍ കൂടി സാധാരണക്കാരന്‍റെ ജീവിതം വഴുതിപ്പോകുന്നത് അദ്ദേഹം അറിഞ്ഞു. "പ്രവര്‍ത്തനം, തുടര്‍ പ്രവര്‍ത്തനം, ക്ഷമ, പിന്നെയും ക്ഷമ, സ്ഥിരപരിശ്രമം, ഭരിക്കാനുള്ള ദൃഢനിശ്ചയം" എന്ന ബൊളിവാറിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ചുരുവിട്ട് അദ്ദേഹം മുന്നേറി. ഭൂരിപക്ഷം ജനങ്ങളും അദ്ദേഹത്തിനു  നല്‍കിയ പിന്തുണ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനവിജയംം വിളിച്ചോതുന്നു. അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായിരുന്ന മുന്‍ഭരണാധികാരികള്‍ ഭരിക്കുന്നതിലുപരി ഉപചാരകവൃന്ദത്തെപ്പോലെ ഒറ്റുകൊടുപ്പ് നടത്തി തകര്‍ത്ത വെനിസ്വേലയെ പുനര്‍നിര്‍മ്മിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്.

ഷാവേസിന്‍റെ എടുത്തുപറയേണ്ട പ്രത്യേകത അദ്ദേഹത്തിനു ജനങ്ങളുമായുള്ള ആത്മബന്ധമാണ്. "ജനങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍നിന്നുമാണ് ഇത്തരം പദ്ധതികള്‍ ജനിക്കുന്നത്. ജനങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമുണ്ട്. ജനസമ്പര്‍ക്കത്തിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. ജനമധ്യത്തില്‍ പോയി അവര്‍ പറയുന്നതു കേള്‍ക്കുന്നതും അവരുടെ എഴുത്തുകള്‍ വായിക്കുന്നതും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്; സര്‍വോപരി അവരോടു സംസാരിക്കേണ്ട കാര്യമുണ്ട്. അരനിമിഷമെങ്കിലും ആരുടെയെങ്കിലും കൈപിടിച്ചുകൊണ്ടു സംസാരിക്കുന്നതു പ്രധാനപ്പെട്ട കാര്യമാണ്." ഇങ്ങനെ സാധാരണക്കാരന്‍റെ കരംപിടിച്ചു സംസാരിക്കുന്നുവെന്നതാണ് ഷാവേസിന് മനുഷ്യഹൃദയത്തില്‍ സ്ഥാനം നേടിക്കൊടുത്ത പ്രത്യേകത. വരേണ്യവര്‍ഗ്ഗത്തിന്‍റെ, കുത്തകകളുടെ കരംപിടിക്കുന്ന സാമ്രാജ്യവാദികള്‍ക്കെതിരെയഉള്ള ശക്തിയായി ഷാവേസ് ഉയര്‍ന്നുനില്‍ക്കുന്നതും ഈ തനിമകൊണ്ടാണ്. ഒട്ടേറെ പരിമിതകിളുണ്ടെങ്കിലും ഷാവേസിന്‍റെ മുന്നേറ്റം വലിയൊരു പ്രതീക്ഷയാണ് ലാറ്റിനമേരിക്കയും മൂന്നാംലോകരാജ്യത്തിനും നല്‍കിയത് എന്നത് നിസ്തര്‍ക്കമാണ്.

യു. എന്‍. പൊതുസഭയില്‍ ഷാവേസ് നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയാണ്. അതില്‍ സാമ്രാജ്യത്വത്തെ അദ്ദേഹം കണക്കറ്റ് പരിഹസിക്കുന്നു. "അമേരിക്കന്‍ സാമ്രാജ്യത്വം മനുഷ്യവര്‍ഗ്ഗത്തിനുതന്നെ ഭീഷണിയാണ്. അത് നമുക്ക് തലയ്ക്കുമേല്‍ നില്‍ക്കുന്ന ഡമോക്ലിസിന്‍റെ  വാളാണ്" എന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. അമേരിക്കയുടെ സാമ്രാജ്യത്വ പദ്ധതികളെ (American Empire Project) അദ്ദേഹം തുറന്നു കാണിക്കുന്നു. 'ചെകുത്താന്‍ ശക്തി' എന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഷാവേസ് വിളിക്കുന്നത്. ലോകത്തിന്‍റെ അധിപന്‍, അവകാശി എന്ന നിലയിലുള്ള അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സംസാരത്തെ അദ്ദേഹം പുച്ഛിക്കുന്നു. "പിശാചിന്‍റെ വിഭവങ്ങളാണ് അവര്‍ വിതരണം ചെയ്യുന്നത്" എന്നാണ് ഷാവേസിന്‍റെ പക്ഷം. "അവരുടെ ആധിപത്യത്തെ അനുവദിക്കാനാവില്ല. ആ ഏകാധിപത്യത്തെ നാം വെല്ലുവിളിക്കണം" എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ജനാധിപത്യത്തെക്കുറിച്ചുള്ള വാഗ്ധോരണികളെ ഷാവേസ് വിമര്‍ശിക്കുന്നു. "അവരുടെ ജനാധിപത്യ മാതൃക വ്യാജവും വരേണ്യ ന്യൂനപക്ഷത്തെ പരിഗണിക്കുന്നതുമാണ്. അവര്‍ അവതരിപ്പിക്കുന്ന ജനാധിപത്യം ആയുധംകൊണ്ടും ബോംബുകള്‍കൊണ്ടും അഗ്നിവര്‍ഷിക്കുന്ന മറ്റായുധങ്ങള്‍ കൊണ്ടും നിര്‍മ്മിക്കുന്നതാണ്." ഇറാക്ക്, അഫ്ഗാനിസ്ഥാന്‍, വിയറ്റ്നാം... എത്ര ഉദാഹരണങ്ങളാണ് നമുക്കു മുന്നിലുള്ളത്! "എന്തുതരത്തിലുള്ള ജനാധിപത്യമാണ് ആയുധങ്ങള്‍ക്കൊണ്ട് നിങ്ങള്‍ സൃഷ്ടിക്കുന്നത്?" എന്ന ചോദ്യമാണ് ഷാവേസ് ഉന്നയിക്കുന്നത്. ഈ സാമ്രാജ്യത്വത്തിനെതിരെയാണ് ഏവരും ഉയര്‍ന്നുനില്‍ക്കുന്നത്. "എല്ലാ മനുഷ്യനും എഴുന്നേറ്റു നില്‍ക്കുന്നു" എന്ന് ഷാവേസ് പ്രസ്താവിക്കുന്നു. അത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ, അനീതിക്കെതിരെ, ബഹുമാന്യതയ്ക്കും സമത്വത്തിനും ഐക്യത്തിനും വേണ്ടിയുള്ളതാണ്.

പുതിയൊരുദയം സ്വപ്നം കണ്ട നേതാവാണ് ഷാവേസ്. 'പുതിയൊരു യുഗം ഉദിക്കുന്നു' എന്നതാണ് അദ്ദേഹത്തിന്‍റെ സ്വപ്നം. ഈ യുഗത്തില്‍നിന്ന് പുതിയൊരു ഹൃദയം ജനിക്കും. അത് സാമ്രാജ്യത്വത്തിനും നവ ഉദാരീകരണത്തിനും പകരമുള്ള പുതിയൊരു ദര്‍ശനം വാഗ്ദാനം ചെയ്യുന്നു. "നാം ലോകത്തിന്‍റെ ഭാവിയെ നിര്‍വചിക്കേണ്ടിയിരിക്കുന്നു. പ്രഭാതം എല്ലായിടത്തും ഉണരുന്നു. ആഫ്രിക്ക, യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ എല്ലായിടത്തും മാറ്റങ്ങളുണ്ടാകുന്നു. ഞാന്‍ പ്രതീക്ഷാനിര്‍ഭരമായ ഈ കാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു" എന്നാണ് അദ്ദേഹം പ്രസ്തവിച്ചത്. നവലോകക്രമത്തെ സ്വപ്നം കണ്ട ഷാവേസ് മുന്നില്‍ കാണുന്നത് ഇതാണ്!"  "We want ideas to save our planet, to save the planet from the imperialist threat. And hopefully in this very century, in not too long a time, we will see this, we will see this new era and for our children and our grandchildren a world of peace based on the fundamental principles of the United Nations, but a renewed United Nations.''

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts