ഒന്ന്: കാടും വീടും
പണ്ട്
കാടൊരു വീടായിരുന്നു.
ഇന്ന്,
കാടില്ല
പകരം
വീടുകള്‍ക്കൊണ്ടൊരു കാട്.
അതില്‍നിറയെ
കാടുപോലുള്ള വീട്.
അവിടെ
കാട്ടുനീതി
കാട്ടുഭരണം
കാട്ടുജീവിതങ്ങള്‍.
കാടും
വീടും
അന്യമാകുന്നു.
രണ്ട്: ദൂരം
ഭൂമി
വളര്‍ന്ന്
വിസ്തീര്‍ണം വര്‍ദ്ധിക്കുന്നില്ലൊട്ടും.
ലോകം
ഒരു ചിപ്പിലേക്കു ചുരുങ്ങി
കണ്‍മുമ്പിലുണ്ടുതാനും.
എന്നിട്ടും
എത്ര പെട്ടെന്നാണ്
വ്യക്തികള്‍ക്കിടയിലെ
സുഹൃത്തുക്കള്‍ക്കിടയിലെ
ബന്ധുക്കള്‍ക്കിടയിലെ
അയല്‍പക്കങ്ങള്‍ക്കിടയിലെ
ദൂരം
വളര്‍ന്ന് വളര്‍ന്ന്
പ്രകാശവര്‍ഷങ്ങളുടെ
അകലമാവുന്നത്.
മൂന്ന്: പുറന്തോട്
പുറന്തോട്
പൊട്ടിച്ചെറിഞ്ഞ്
എന്നില്‍ നിന്നും
പുറത്തിറങ്ങി
നിന്നിലെ
നിന്നെ തൊടുമ്പോള്‍
ഞാനും ഒരു
ക്രിസ്തു
ഗാന്ധി
മദര്‍തെരേസ
ലിങ്കണ്‍
പക്ഷേ
ഹാ കഷ്ടം!
നോക്കി നില്‍ക്കെ
പുറന്തോടിന്
കട്ടി കൂടിക്കൂടി
എന്നിലെ ഞാന്‍
നിന്നു ഞെരുങ്ങുന്നീ
വിചിത്രഭൂവില്‍.
കലമ്പുന്ന കവിതകള്‍ (ഫ്രാങ്ക്ളിന്‍ പണൂര്‍)
വിശ്രമം
കരിഞ്ഞുണങ്ങിയ പൂജാപുഷ്പങ്ങളും
പണിതീരാത്ത സ്വപ്നങ്ങളുംകൊണ്ട്
വാര്‍ത്തെടുത്ത
വര്‍ത്തമാനത്തിന്‍റെ അടിക്കല്ലുകളിലൊന്നില്‍
ഒരു യാത്രികന്‍ തളര്‍ന്നിരുന്നു.
വിചാരം
ഇനിയുമെത്ര തലമുറ കാക്കകളെയൂട്ടണം
ഞാനീ ചേറുപുരണ്ട ബലിച്ചോറ്!
വിരോധം
പിതൃക്കളുടെ മോചനച്ചോറുണ്ട്
തടിച്ചുരുണ്ട ബലിക്കാക്കകളും
ഊട്ടിയൂട്ടി ശോഷിച്ചുപോയ
തറവാടും പാഴ്ജന്മങ്ങളും
ഇനി
നൊമ്പരം പെയ്ത ഓര്‍മ്മകള്‍.
വിളി
അഴുകാതെ ശേഷിച്ച അസ്ഥികള്‍ കൂടി
പാണ്ടിത്തൂമ്പയില്‍ കോരിയെറിയവേ
അകലെനിന്നടുക്കുന്ന കാലനക്കങ്ങളുടെ മുഴക്കം
ഏറിവരുന്നുണ്ടായിരുന്നു.