news-details
മറ്റുലേഖനങ്ങൾ

ഫ്രാൻസിസ് പാപ്പാ ഉയർത്തുന്ന ആത്മീയ വെല്ലുവിളി

ഹൃദ്യമായ പുതുമകളോടെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പത്രോസിന്‍റെ ഇരുനൂറ്ററുപത്താറാമത്തെ പിന്‍ഗാമിയായി സ്ഥാനമേറ്റെടുത്തിരിക്കുന്നു. യൂറോപ്പിനു പുറത്തുനിന്നുള്ള പാപ്പായെന്നതും ആദ്യത്തെ ഈശോസഭക്കാരന്‍ മാര്‍പാപ്പ എന്നതും ഫ്രാന്‍സിസ് നാമധാരിയായ ആദ്യത്തെ വലിയ മുക്കുവന്‍ എന്നതുമൊക്കെ പുതുമകളില്‍പ്പെടുന്നു. ഈ പുതുമകള്‍ക്കൊപ്പം അനൗപചാരികമായ അദ്ദേഹത്തിന്‍റെ രീതികളും അനേകരെ അദ്ദേഹത്തിലേക്കാകര്‍ഷിക്കുന്നുണ്ട്. ലോകം അതീവതാത്പര്യത്തോടെ പുതിയ പാപ്പായെ സ്വീകരിക്കുന്നതായിട്ടാണ് കാണുന്നത്. സഭയില്‍ നവീകരണം നടക്കാനുണ്ട്; പുതിയ പാപ്പാ അതിനായി ശ്രമിക്കും എന്ന പ്രതീക്ഷയാകണം അദ്ദേഹത്തിനു കിട്ടുന്ന സ്വീകാര്യതയുടെ ആന്തരിക കാരണം.

ഏതൊരു പുതിയ പാപ്പായും സ്വയം നവീകരിക്കാനായി സഭ മുന്നോട്ടുവയ്ക്കുന്ന പുതിയ കാല്ചുവടാണ്. ഈ അര്‍ത്ഥത്തില്‍ ഫ്രാന്‍സിസ് പാപ്പാ കൊണ്ടുവരുന്ന പുതുമകള്‍ വെറും കൗതുകവാര്‍ത്ത കളായി മാറാതെ അവയെ സഭാജീവിതത്തിന്‍റെ ഘടനകളിലേക്കും ചൈതന്യത്തിലേയ്ക്കും നാം സന്നിവേശിപ്പിക്കേണ്ടതുണ്ട്. പരക്കെ ആവേശമുണ ര്‍ത്തുന്ന ഈ പാപ്പ സഭയ്ക്ക് ഒരു ആത്മീയവെല്ലു വിളിയാണ്. അതായത്, ഫ്രാന്‍സിസ് പാപ്പ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ സാക്ഷാത്കരിക്കുക എന്നതാണ് സഭ നേരിടുന്ന പുതിയ വെല്ലുവിളി. സഭ ഇതു ചെയ്യുന്നില്ലെങ്കില്‍ മാര്‍പാപ്പയെ നാം ഒരു വിഗ്രഹമാക്കി ലഘൂകരിച്ചുകളയും. എല്ലാ നവീകരണ വാദികളും ഈ വിപത്ത് നേരിട്ടിട്ടുണ്ട്, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയടക്കം.

ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തിപ്പിടിക്കുന്ന സന്ദേശങ്ങള്‍ അവഗണിച്ച് അദ്ദേഹത്തില്‍ ശ്രദ്ധകേന്ദ്രീ കരിക്കുന്നത് ജേര്‍ണലിസ്റ്റിക് ശൈലിമാത്രമാണ്; സഭാത്മകരീതിയല്ലത്. ഈ പ്രലോഭനം സഭയ്ക്കു ണ്ടാകാം. പാപ്പാ നല്കുന്ന സന്ദേശത്തെ പ്രായേണ അവഗണിക്കുകയും അദ്ദേഹത്തിന്‍റെ ഷൂസിന്‍റെ നിറം, മാല, മോതിരം എന്നിവയെക്കുറിച്ചുള്ള വര്‍ണ്ണനകളില്‍ അഭിരമിക്കുകയും ചെയ്യുന്ന സമൂഹം പാപ്പായെ ഒരു വിഗ്രഹമാക്കുകയും അദ്ദേഹത്തിന്‍റെ ശുശ്രൂഷാദൗത്യം വിട്ടുകളയുകയും ചെയ്യുകയാണ്.

പുതിയ പാപ്പായ്ക്ക് മാധ്യമലോകം നല്കുന്ന ശ്രദ്ധയില്‍ സഭ മതിമറക്കാന്‍ പാടില്ല. മാധ്യമശ്രദ്ധക്ക് പല കാരണങ്ങളുണ്ട്. അടിസ്ഥാനമില്ലാതെ സഭയെ വേട്ടയാടി വാര്‍ത്തകള്‍ സൃഷ്ടിച്ച മാധ്യമങ്ങളും പുതിയ പാപ്പായെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കൊടുക്കുന്നുണ്ട്. പാപ്പാ ഒരു സന്ദേശവാഹകന്‍ മാത്രമാണ്; സന്ദേശമല്ല. സന്ദേശം ക്രിസ്തുവാണ്. ക്രിസ്തുവും രണ്ടാം ക്രിസ്തു എന്നറിയപ്പെട്ട വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുമുള്ള സഭയിലേ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു വിലയുള്ളൂ. മാധ്യമങ്ങള്‍ ഇതറിയണമെന്നില്ല. പക്ഷേ വിശ്വാസസമൂഹങ്ങള്‍ ഇതറിയണം. പാപ്പാ സാക്ഷാത്ക്കരിക്കുന്നത് ക്രിസ്തുവിന്‍റെ ലാളിത്യമാണ്. അദ്ദേഹം പ്രകടിപ്പിക്കുന്നത് ക്രിസ്തു ആവശ്യപ്പെട്ട എളിമയാണ്. അതിനാല്‍ ക്രിസ്തുവിനോടും അവന്‍റെ സന്ദേശ ത്തോടും ബന്ധപ്പെടുത്താതെ പാപ്പായുടെ പ്രബോധനങ്ങളെയും ശൈലികളെയും അവതരിപ്പിക്കുന്നത് പാപ്പായെ വിഗ്രഹവത്കരിക്കലാണ്.  

പരമാചാര്യസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പട്ട ഉടനെ ഫ്രാന്‍സിസ് പാപ്പാ നടത്തിയ ചെറിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. അനൗപചാരികമെന്ന മട്ടില്‍ തുടങ്ങിയ പ്രസംഗം കരുതലോടെ തെരഞ്ഞെടുത്ത വാക്കുകളിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കി. ജനകീയമായി ഗുഡീവനിംഗ് പറഞ്ഞ് ആരംഭിക്കുകയും ശുഭരാത്രിയും നല്ല ഉറക്കവും നേര്‍ന്നുകൊണ്ട് അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. പാപ്പാ സാധാരണ മനുഷ്യടെ രീതിയില്‍ സംസാരിച്ചത് സഭയ്ക്കുള്ള സന്ദേശംകൂടിയാണ്. സഭ ജനങ്ങളുടെ ഭാഷയില്‍ സുവിശേഷസന്ദേശം പറയണമെന്നും മനുഷ്യര്‍ക്ക് പ്രബോധനം കൊടുത്തുപോയാല്‍ പോരാ, അവരോട് സംവദിക്കണമെന്നുമാണ് പാപ്പാ തന്‍റെ പ്രവൃത്തി യിലൂടെ പഠിപ്പിച്ചത്. വ്യത്യസ്തമായ തലങ്ങളിലാണെങ്കിലും സഭയിലെ എല്ലാ പ്രബോധകര്‍ക്കും -മെത്രാന്മാര്‍ക്കും വൈദികര്‍ക്കും മതാദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും- ബാധകമായ വെല്ലുവിളിയാണിത്.

പാപ്പാ നല്കുന്ന സുവിശേഷസന്ദേശങ്ങള്‍ അനുവര്‍ത്തിക്കുമ്പോഴാണ് സഭ അദ്ദേഹത്തിന്‍റെ ശുശ്രൂഷയെ യഥാര്‍ത്ഥത്തില്‍ വിലമതിക്കുന്നത്. എന്നാല്‍ അദ്ദേഹം നല്കുന്ന സുവിശേഷസന്ദേശം നിര്‍വീര്യമാക്കുന്ന നടപടികളും കാണാനുണ്ട്. പരിസ്ഥിതി സംരക്ഷിക്കണമെന്ന് ആഹ്വാനംചെയ്ത പാപ്പായുടെ പടം പരിസ്ഥിതിവിരുദ്ധമായ ഫ്ളെക്സ് ബോര്‍ഡുകളില്‍ നിരത്തുന്ന വൈരുദ്ധ്യം നമ്മുടെ തെരുവുകളില്‍ കാണാം. സ്വജീവിതത്തില്‍ ലാളിത്യവുമായി കാര്യമായ ബന്ധമില്ലാത്തവരും (ഈ പ്രയോഗത്തിലെ വിധിസൂചന പൊറുക്കുക) മാര്‍പാപ്പയുടെ ലളിതജീവിതശൈലിയെ പുകഴ്ത്തുന്നത് വൈരുദ്ധ്യമാണ്. സഭ പാവങ്ങളുടെ സഭയാകണം എന്ന് പാപ്പാ ആഹ്വാനം ചെയ്തു. എന്നാല്‍ പാവപ്പെട്ടവരോട് കൂടുതല്‍ അലിവുകാണിക്കാതെ സഭയ്ക്ക് ഈ സന്ദേശം ആത്മാര്‍ത്ഥതയോടെ ആവര്‍ത്തിക്കാനാവുകയില്ല. എങ്കിലും സ്വയം നവീകരിക്കാനുള്ള ആഗ്രഹമുള്ളിടത്തോളം ഫ്രാന്‍സിസ് പാപ്പാ മുന്നോട്ടുവയ്ക്കുന്ന ആദര്‍ശങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കാന്‍ സഭാസമൂഹത്തിന് അവകാശമുണ്ട്.

ഫ്രാന്‍സിസ് പാപ്പ തന്‍റെ ആദ്യസന്ദേശത്തില്‍ ലോകത്തോടായി പറഞ്ഞു, 'നമുക്ക് ഒന്നിച്ച് സഞ്ചരിക്കാം.' സഭയിലും ലോകത്തിലും അദ്ദേഹം സ്വയം അടയാളപ്പെടുത്തുന്നത് സഞ്ചാരി എന്ന നിലയ്ക്കാണ് എന്നു തോന്നുന്നു. അര്‍ജന്‍റീനയില്‍നിന്നു വലിയദൂരം സഞ്ചരിച്ച് റോമിന്‍റെ മെത്രാനായിത്തീര്‍ന്ന അദ്ദേഹം സ്വയം അങ്ങനെ സങ്കല്പിക്കുന്നതില്‍ അദ്ഭുതമില്ല. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയെ തീര്‍ത്ഥാടകയായി മനസ്സിലാക്കിയെങ്കില്‍ പാപ്പാ തന്നെ സഭയിലൊരു സഹസഞ്ചാരിയായി അവതരിപ്പിക്കുന്നത് യുക്തമാണ്. അദ്ദേഹം സഭയില്‍ വെറുമൊരു അധികാരകേന്ദ്രമല്ല, ഉള്‍വലിഞ്ഞ മിണ്ടാമുനിയുമല്ല. വിശ്വാസത്തിലും സാഹോദര്യത്തിലും സഭാസമൂഹത്തോടൊപ്പം സഞ്ചരിക്കുന്ന ഒരാള്‍. സഭയുടെ മുമ്പില്‍നിന്ന് സഭാസമൂഹത്തിനൊപ്പം സഞ്ചരിക്കുന്ന നേതാവ്. ശ്രേഷ്ഠമായ നേതൃസങ്കല്പമാണിത്.

തന്‍റെ പരമാചാര്യശുശ്രൂഷയുടെ ആദ്യദിന ങ്ങളിലൊന്നും ഫ്രാന്‍സിസ് പാപ്പ തന്നെത്തന്നെ മാര്‍പാപ്പ എന്നുڔവിശേഷിപ്പിച്ചിട്ടില്ല. റോമിന്‍റെ മെത്രാന്‍ എന്നാണദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സഭാന്തര ബന്ധങ്ങളില്‍ അതീവപ്രാധാന്യമുള്ള സംഗതിയാണിത്. റോമിന്‍റെ മെത്രാന്‍ എന്നു പറയുന്നതും മാര്‍പാപ്പ എന്നു പറയുന്നതും ഫലത്തില്‍ ഒന്നാണെങ്കിലും ആദ്യത്തെ പ്രയോഗം മെത്രാന്മാരുടെ സംഘാത്മകതയും സഭകള്‍ തമ്മിലുള്ള തുല്യതയും മിഴിവോടെ വ്യക്തമാക്കു ന്നതാണ്. പോപ്പെന്ന പേരാകട്ടെ, പത്രോസിന്‍റെ പിന്‍ഗാമിയുടെ പ്രാഥമികസ്ഥാനം വ്യക്തമാക്കുന്നതുമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ സുവര്‍ണ്ണജൂബിലി വര്‍ഷത്തില്‍ കൗണ്‍സിലിന്‍റെ സഭാദര്‍ശനം സഭാതലവന്‍ തിരിച്ചുപിടിക്കുന്നതിന്‍റെ നാന്ദിയായി ഇതിനെ കണക്കാക്കാം. അദ്ദേഹത്തിന്‍റെ സഭാനവീകരണശ്രമങ്ങളുടെ തുടക്കം മാത്രമാകട്ടെ ഇത്. നമുക്കാശിക്കാം. വിശ്വാസികളോട് അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ്. ഏറ്റവും പ്രാഥമികമായ സഭാനവീകരണപ്രവൃത്തി സഭാസമൂഹത്തിനും സഭാനേതൃത്വത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ശരിയാംവണ്ണം പ്രാര്‍ത്ഥിക്കാത്ത സമൂഹത്തില്‍ ശ്രേഷ്ഠരായ നേതാക്കള്‍ പെട്ടെന്ന് വിഗ്രഹങ്ങളും അങ്ങനെയല്ലാത്തവര്‍ വില്ലന്മാരുമായി മാറും. സഭാസമൂഹത്തിലെ പ്രാര്‍ത്ഥനാരാഹിത്യത്തിന്‍റെ ഇരയായി ഫ്രാന്‍സിസ് പാപ്പാ മാറിക്കൂടാ

You can share this post!

വീണുപോയവര്‍

സഖേര്‍
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts