ഇന്ത്യയുടെ സുപ്രീം കോടതി 2013 ഏപ്രില്‍ 1ന് സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചത് അനേകായിരം രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഒന്നാണ്. സ്വിറ്റ്സര്‍ലന്‍റിലെ ഔഷധനിര്‍മാണകമ്പനിയായ 'നൊവാര്‍ട്ടിസ്', 'ഗ്ലിവെക്' എന്ന് പേരുള്ള അര്‍ബുദഔഷധത്തിന് പേറ്റന്‍റ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി നടത്തിവരുന്ന നിയമയുദ്ധത്തിന് പരിസമാപ്തികുറിച്ചുകൊണ്ട് സുപ്രീംകോടതി അവരുടെ ആവശ്യം തള്ളുകയാണ് ചെയ്തത്. ബഹുരാഷ്ട്ര ഔഷധനിര്‍മാണ ഭീമന്മാരില്‍ ഒന്നായ നൊവാര്‍ട്ടിസിന് മാത്രമല്ല, ഇന്ത്യയുടെ വിപുലമായ കമ്പോളം ചൂഷണം ചെയ്ത് കൊള്ളലാഭമുണ്ടാക്കുന്ന ഒട്ടേറെ പടിഞ്ഞാറന്‍ ഔഷധനിര്‍മാണ കമ്പനികള്‍ക്ക് ലഭിക്കുന്ന ഒരു പ്രഹരമാണ് ഈ വിധി. പടിഞ്ഞാറന്‍ കമ്പനികള്‍ അവരുടെ മരുന്നുകള്‍ വിവിധ ബ്രാന്‍ഡുനാമങ്ങളില്‍ വിറ്റ് അമിതമായ വില ഈടാക്കുമ്പോള്‍ ഇന്ത്യയിലെ മരുന്നുകമ്പനികള്‍ അതേ മരുന്നുകള്‍ ജനറിക് നാമങ്ങളില്‍തന്നെ ഉത്പാദിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തടയുവാനാണ് വിദേശകമ്പനികളുടെ ശ്രമം. ഈ ശ്രമത്തിന് സുപ്രീംകോടതിയുടെ പുതിയ വിധി തടയിടുകയാണ്. ഇന്ത്യന്‍ മരുന്നുകമ്പനികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഒട്ടേറെ ആശ്വസിപ്പിക്കുന്ന ഒരു വിധിയാണിത്.
പ്രക്രിയാപേറ്റന്‍റുകളും ജനറിക് മരുന്നുകളും
ലോകവ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വ്യാപാരവ്യവസ്ഥകള്‍ (Trade Related Intelluctual Property Rights-TRIPS) നടപ്പിലാകുന്നതിന് മുന്‍പ് ഇന്ത്യയില്‍ ഔഷധനിര്‍മാണരംഗത്ത് നിലനിന്നിരുന്നത് പ്രക്രിയാ പേറ്റന്‍റ് (process patent) സംവിധാനമായിരുന്നു. മിക്ക രാജ്യങ്ങളിലും ഉല്‍പന്ന പേറ്റന്‍റുകള്‍ (product patents) നിലനിന്നിരുന്നതിനാല്‍ ഏതെങ്കിലും ഒരു പുതിയ മരുന്ന് ആരെങ്കിലും ഗവേഷണം ചെയ്ത് കണ്ടുപിടിച്ചാല്‍, അത് മാര്‍ക്കറ്റില്‍ ഇറക്കുന്ന കമ്പനിക്ക് ഏറെക്കാലം ആ മരുന്ന് തോന്നിയ വില ഈടാക്കിക്കൊണ്ട് പൂര്‍ണമായും തങ്ങളുടേത് മാത്രമായ വ്യവസ്ഥകളില്‍ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സൗകര്യമുണ്ടായിരുന്നു. ഔഷധരംഗത്ത് പുതിയ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇതെന്നായിരുന്നു കമ്പനികളുടെ അവകാശവാദം. ഇതിനെ അവഗണിച്ചുകൊണ്ട്, ലോകത്തെവിടെയും ഒരു പുതിയ ഔഷധത്തിന് ഏതെങ്കിലും കമ്പനി പേറ്റന്‍റ് അവകാശക്കുത്തക സംരക്ഷിച്ചുനിര്‍ത്തിയാല്‍പോലും വ്യത്യസ്തമായ മറ്റൊരു ഉത്പാദനപ്രക്രിയയിലൂടെ അതേ മരുന്ന് ഇന്ത്യയില്‍ സ്വതന്ത്രമായി നിര്‍മിച്ചെടുക്കാന്‍ പ്രക്രിയാപേറ്റന്‍റ് സഹായകമായിരുന്നു. എവിടെ ഒരു പുതിയ മരുന്ന് കണ്ടെത്തിയാലും അതിന്‍റെ പ്രയോജനം ഇന്ത്യയിലെ രോഗികള്‍ക്കുകൂടി ചുരുങ്ങിയ കാലംകൊണ്ടുതന്നെ ലഭിക്കുവാന്‍ ഇതുവഴി സാധിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ലോകവ്യാപാരസംഘടനാചട്ടങ്ങള്‍ നടപ്പിലാക്കുകയും പ്രക്രിയാപേറ്റന്‍റ് ചട്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തതോടെ ബഹുഭൂരിപക്ഷം വരുന്ന രോഗികളെ മരുന്നുകമ്പനികളുടെ ക്രൂരമായ ചൂഷണത്തിന് തുറന്നിടുകയായിരുന്നു. ഔഷധവില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു. തൊണ്ണൂറുകള്‍ക്കുശേഷം ഔഷധവില നിയന്ത്രണത്തിനുള്ള ബാധ്യതകളും, അവശ്യമരുന്നുനിര്‍മ്മിതിക്കുള്ള നിഷ്കര്‍ഷകളും സര്‍ക്കാര്‍ ഉപേക്ഷിച്ചു. അതോടെ മരുന്നുകമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ പൂര്‍വ്വാധികം ഉത്സാഹത്തോടെ അമിതലാഭമെടുത്ത് ഇന്ത്യന്‍ കമ്പോളത്തില്‍ വിറ്റുതുടങ്ങി. ഏതെങ്കിലുമൊരു മരുന്നിന്‍റെ പേറ്റന്‍റ് കാലാവധി അവസാനിക്കാറാകുമ്പോള്‍, അതിലേതെങ്കിലുമൊരു പുതിയ തന്മാത്ര, അല്ലെങ്കില്‍ ലവണം തുടങ്ങിയവ കൂട്ടിച്ചേര്‍ത്ത് പേറ്റന്‍റ് കാലാവധി പിന്നെയും നീട്ടിവാങ്ങുക എന്ന തന്ത്രമായിരുന്നു മിക്ക കമ്പനികളും ഇവിടെ അനുവര്‍ത്തിക്കാന്‍ ശ്രമിച്ചത്. ഇതിന്‍റെയെല്ലാം ഫലമായി സാധാരണമനുഷ്യര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിധത്തില്‍ ഔഷധവില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നു. അന്താരാഷ്ട്രവ്യാപാരസംഘടനയുടെ ബൗദ്ധികസ്വത്തവകാശനിയമം അംഗീകരിച്ച ഇന്ത്യയ്ക്ക്, അതിന്‍റെ രാഷ്ട്രാന്തരീയവ്യാപാരസാധ്യതകള്‍ പാലിക്കാതെ നിവൃത്തിയില്ലെന്ന സ്ഥിതി വന്നു. പോരാത്തതിന്, യൂറോപ്യന്‍ യൂനിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ മിക്കതും ബൗദ്ധികസ്വത്തവകാശനിയമം കര്‍ശനമായി പാലിക്കാന്‍ വികസ്വരരാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, വിദേശമരുന്നുകളുടെ ഔഷധവിലക്കാര്യത്തില്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്ന എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് വളരെ പ്രയാസം നേരിടുന്ന സ്ഥിതി വന്നു. ചില ഇന്ത്യന്‍ കമ്പനികള്‍ ജനറിക് നാമങ്ങളില്‍ ഏതാനും മരുന്നുകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നതുമൂലം സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യവിതരണത്തിന് ഈ മരുന്നുകള്‍ ശേഖരിക്കുകയാണ് പൊതുജനാരോഗ്യവകുപ്പുകള്‍ ചെയ്യുന്നത്. ഭൂരിഭാഗം രോഗികളും സ്വന്തം കയ്യില്‍ നിന്ന് കാശുകൊടുത്ത് സ്വകാര്യ ആരോഗ്യശുശ്രൂഷാസംവിധാനങ്ങളെ തേടിപ്പോകുമ്പോള്‍ ദുര്‍വഹമായ ഒഷധവില അവര്‍ക്ക് കൂനിന്മേല്‍ കുരു പോലെ ആയിത്തീരുന്നു. നൊവാര്‍ടിസിനെതിരായ പുതിയ വിധി ഈ പശ്ചാത്തലത്തില്‍, അത്തരം രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഒന്നായിത്തീരുന്നു.
നൊവാര്‍ടിസിന്‍റെ ഗ്ലിവെക്
ഗ്ലിവെക് എന്ന മരുന്നിന്‍റെ ഉല്‍പാദന-വിതരണാവകാശം പൂര്‍ണമായും നൊവാര്‍ടിസിനായിരിക്കണമെന്നും ഇന്ത്യന്‍ കമ്പനികള്‍ ഈ ഔഷധം ഉല്‍പാദിപ്പിക്കുന്നത് തടയണമെന്നുമായിരുന്നു കമ്പനി പേറ്റന്‍റ് ഓഫീസിലും തുടര്‍ന്ന് കോടതികളിലും ഉന്നയിച്ച ആവശ്യം. 2007ല്‍ത്തന്നെ ചെന്നൈ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. 2009ല്‍ കമ്പനി ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയുടെ ഉത്തരവ് ശരി വെക്കുകയാണ് ചെയ്തത്.
രക്താര്‍ബുദം, ചര്‍മാര്‍ബുദം, ഉദരാര്‍ബുദം തുടങ്ങിയ ചില കാന്‍സറുകള്‍ക്ക് ചില ഘട്ടങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഔഷധമാണ് ഇന്ത്യയില്‍ ഗ്ലിവെക്. ഇമാറ്റിനിബ് മെസിലേറ്റ് എന്ന രാസനാമമുള്ള മരുന്നാണ് ഗ്ലിവെക് (Glivec) എന്ന പേരില്‍ വില്‍ക്കപ്പെടുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നൊവാര്‍ടിസ് ഇതേ മരുന്ന് ഗ്ലീവെക് (Gleevec) എന്ന പേരിലാണ് വില്‍ക്കുന്നത്. ജനറിക് നാമമുപയോഗിച്ച് സിപ്ല, റാന്‍ബാക്സി, നാറ്റ്കൊ എന്നീ കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ മരുന്ന് ഒരു രോഗിക്ക് ഒരു മാസം ഉപയോഗിക്കുന്നതിന് ഏതാണ്ട് ഇരുപതിനായിരം രൂപ ചെലവ് വരും; അതായത് ഒരു വര്‍ഷത്തേക്ക് രണ്ടുലക്ഷത്തി നാല്‍പതിനായിരം രൂപ. എന്നാല്‍ നൊവാര്‍ടിസിന്‍റെ ഗ്ലിവെക് എന്ന പേരിലള്ള ഈ മരുന്നുപയോഗിക്കുന്നവര്‍ ഒരു വര്‍ഷം ഇതിന്‍റെ ഏതാണ്ട് പന്ത്രണ്ട് മടങ്ങ് അതായത് മുപ്പത് ലക്ഷം രൂപ മുടക്കേണ്ടിവരുന്നു. ഈ മരുന്നിന്‍റെ ദീര്‍ഘകാല ഉപയോഗത്തിനുശേഷം അത് ഫലപ്രദമല്ലാതായിത്തീരുകയും, ഡസാറ്റനിബ് (dasatanib) എന്ന മരുന്നിലേക്ക് അടുത്ത ചികിത്സാഘട്ടത്തില്‍ മാറുകയും ചെയ്യേണ്ടിവരും. ബ്രിസ്റ്റള്‍ മെയേഴ്സ് സ്ക്വിബ് (ബി.എം.എസ്.) എന്ന ബഹുരാഷ്ട്രകമ്പനി സ്പ്രൈസല്‍ എന്ന പേരില്‍ വില്‍ക്കുന്ന ഈ മരുന്നിന് ഒരാള്‍ക്ക് പ്രതിവര്‍ഷം ചെലവ് പതിനെട്ടുലക്ഷം രൂപ. എന്നാല്‍ നാറ്റ്കൊ നമ്മുടെ രാജ്യത്ത് തന്നെ ജനറിക് നാമത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇതേ മരുന്നിന് 1.1ലക്ഷം രൂപ മാത്രമേ ഒരു വര്‍ഷം വേണ്ടിവരൂ. ജനറിക് നാമത്തിലുള്ള മരുന്നിന്‍റെ വിലയുടെ പതിനെട്ട് മടങ്ങ് വരും ബ്രാന്‍റ് നാമത്തിലുള്ള മരുന്നിന്‍റെ വില. ജനറിക് നാമത്തില്‍ ഈ മരുന്ന് വിപണിയിലിറക്കിയത് ബൗദ്ധികസ്വത്തവകാശലംഘനമാണെന്ന് വാദിച്ചുകൊണ്ട് ബി.എം.എസ്., നാറ്റ്കൊയ്ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. മരുന്നുകമ്പനിയുടെ നിഷ്ഠൂരമായ വിപണനതന്ത്രങ്ങള്‍ എന്നും വികസ്വരരാജ്യങ്ങളിലെ രോഗികള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധത്തില്‍ ചികിത്സ ചെലവേറിയതാക്കുകയും, ഫലത്തില്‍ ചികിത്സ നിഷേധിക്കുന്ന അവസ്ഥയിലെത്തിക്കുകയും ചെയ്ത പാരമ്പര്യം നേരത്തേ തന്നെ നിലവിലുണ്ട്. ലോകവ്യാപാരസംഘടനയുടെ നിബന്ധനകള്‍കൂടി മരുന്നുകമ്പനികളുടെ സഹായത്തിനെത്തിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്.
'പുതിയ' മരരുന്നുകളെ പേറ്റന്‍റ് അവകാശത്തിലൂടെ സംരക്ഷിക്കാന്‍ വ്യവസ്ഥയുണ്ട്. പുതിയ എന്തെങ്കിലും രാസസംയുക്തങ്ങളോ മറ്റോ കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള മരുന്നിനെ പുതിയതായി അവതരിപ്പിച്ച് പേറ്റന്‍റ് തുടര്‍ന്നും നേടാനുള്ള ശ്രമം കമ്പനികള്‍ നടത്താറുണ്ട്. നൊവാര്‍ടിസ് നടത്തിയതും അത്തരമൊരു ശ്രമം തന്നെയാണ്. ഗ്ലിവെക്കിന്‍റെ പേറ്റന്‍റവകാശം ഇനി 20 വര്‍ഷത്തേക്കുകൂടി നീട്ടിക്കിട്ടുവാനായിരുന്നു അവര്‍ ശ്രമിച്ചത്. ഇമാറ്റിനിബ് മെസിലേറ്റിന്‍റെ ബീറ്റാ ക്രിസ്റ്റലൈന്‍ രൂപമാണ് പുതിയ പേറ്റന്‍റിനായി 2006ല്‍ ചെന്നൈയിലെ ഇന്ത്യന്‍ പേറ്റന്‍റ് അപ്പലേറ്റ് ബോര്‍ഡില്‍ (IPAB) നൊവാര്‍ടിസ് സമര്‍പ്പിച്ചത്. ഇത് 'പുതിയ' ഒരു മരുന്നല്ലെന്നും, 1970 മുതല്‍ ഇവിടെ ഉണ്ടായിരുന്ന മരുന്നാണെന്നും കൂടുതല്‍ മെച്ചപ്പെട്ട എന്തെങ്കിലും ചികിത്സാഫലപ്രാപ്തി പുതിയ സംയുക്തം കൂടി കൂട്ടിച്ചേര്‍ത്ത മരുന്നിന് ഉണ്ടെന്നതിന് തെളിവുകളൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി, ഐ.പി.എ.ബി. നൊവാര്‍ടിസിന്‍റെ അപേക്ഷ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ നിയമപ്രകാരം, 'എന്നും പുതുക്കല്‍' (evergreening) എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ പഴയ മരുന്നുകളില്‍ ചില നിസ്സാരമാറ്റങ്ങള്‍ വരുത്തി തുടര്‍ന്ന് 'പുതിയ' ഒരു മരുന്നായി പേറ്റന്‍റ് ചെയ്യുന്ന ഏര്‍പ്പാട് വിലക്കിയിട്ടുണ്ട്. സുപ്രീംകോടതി നിരീക്ഷിച്ചത് 'ഗ്ലിവെക്' ഒരു 'പുതിയ' മരുന്നിന്‍റെ 'പുതുമ' അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത മരുന്നാണ് എന്നാണ്. ഇത് നൊവാര്‍ടിസിനെ മാത്രമല്ല ബെയര്‍ ഉല്‍പ്പെടെയുള്ള മരുന്നുകമ്പനികളെക്കൂടി ബാധിക്കുന്ന ഒരു തീരുമാനമാണ്. രോഗികളുടെ ജീവന്‍ വച്ച് വിലപേശുകയാണ് ജീവന്‍രക്ഷാമരുന്നുകള്‍ക്ക് അന്യായവില ഈടാക്കുന്നതിലൂടെ ഔഷധക്കമ്പനികള്‍ ചെയ്യുന്നത്.
കമ്പനികള്‍ പ്രതിഷേധിക്കുന്നു
സ്വാഭാവികമായും നൊവാര്‍ടിസ് ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്രമരുന്നുകമ്പനികള്‍ വലിയ പ്രതിഷേധസ്വരങ്ങളുയര്‍ത്തുന്നുണ്ട്. നൊവാര്‍ടിസിന്‍റെ പ്രതിനിധി വ്യാപാരവ്യവസായമന്ത്രി ആനന്ദ്ശര്‍മയെ കാണാന്‍ നിശ്ചയിച്ചിട്ടുണ്ട് (ഇന്ത്യയില്‍ വ്യാപാരവ്യവസായവകുപ്പാണ്, ആരോഗ്യവകുപ്പല്ല ഔഷധനിര്‍മാണവിതരണപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത്!). ഇന്ത്യയില്‍ മരുന്നുകമ്പനികള്‍ പുതുതായി സാമ്പത്തികനിക്ഷേപം നടത്താന്‍ മടിക്കുമെന്നും, പുതിയതായി കണ്ടെത്തിയ മരുന്നുകളുടെ പ്രയോജനം ഇനി ഇന്ത്യയില്‍ ലഭിക്കാതെ വരുമെന്നും, ഗവേഷണങ്ങള്‍ക്ക് ഇനി അധികം മുതല്‍മുടക്കുകയില്ലെന്നും ഇതൊക്കെ ഇന്ത്യയുടെ ആരോഗ്യരംഗത്ത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഒക്കെ വിവിധ കമ്പനികളുടെ വക്താക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. പെട്ടെന്ന് ഇതൊക്കെ ശരിയാണെന്ന് ചിലര്‍ക്കെങ്കിലും തോന്നാനിടയുണ്ട്. എന്നാല്‍ വസ്തുത എന്തെന്ന് പരിശോധിക്കുമ്പോള്‍ ഈ ഭീഷണികളുടെ പൊള്ളത്തരം ബോദ്ധ്യപ്പെടും. പ്രതിവര്‍ഷം ശരാശരി 17 ലക്ഷം രൂപയാണ് ആഗോളതലത്തില്‍ നൊവാര്‍ടിസ് ഗവേഷണത്തിനായി ചെലവിടുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇതിന്‍റെ 800ല്‍ ഒരംശം-തുച്ഛമായ 0.2%-മാത്രമാണ് അവര്‍ ഗവേഷണത്തിന് ചെലവിടുന്നത്. ഏറ്റവുമധികം ജനസംഖ്യയും ആനുപാതികമായി രോഗികളുമുള്ള ഇന്ത്യയില്‍ ഇത്രയും തുച്ഛമായ തുക 'ഔഷധഗവേഷണ'ത്തിന് വകയിരുത്തുന്ന നൊവാര്‍ടിസിന്‍റെ 'ഗവേഷണതാല്‍പര്യം' അപാരം തന്നെ! പതിനാറായിരത്തോളം രോഗികള്‍ മാത്രമാണ് ഇന്ത്യയില്‍ ഗ്ലിവെക് ഉപയോഗിക്കുന്നത് എന്നും എന്നാല്‍ 3 ലക്ഷത്തോളം രോഗികള്‍ വിലകുറഞ്ഞ ജനറിക് മരുന്നുപയോഗിക്കുകയാണെന്നും അതുമൂലം തങ്ങള്‍ക്ക് വലിയ സാമ്പത്തികനഷ്ടമുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍, യാഥാര്‍ത്ഥ്യം എന്താണ്? ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം നൊവാര്‍ടിസിന് ഇന്ത്യയില്‍ അവരുടെ വാര്‍ഷികവിനിമയം 708 കോടി രൂപയുടേതാണ്; നികുതി കഴിച്ചുള്ള അറ്റാദായം 146 കോടി രൂപയും. നൊവാര്‍ടിസ് പറയുന്നത് ഇന്ത്യ നടത്തുന്നത് ബൗദ്ധികസ്വത്തവകാശലംഘനമാണെന്നും അത് ആഗോളതലത്തിലുള്ള കരാറുകളുടെ നിഷേധമാണെന്നും ഒക്കെയാണ്. ഗ്ലിവെക്കിന് ബൗദ്ധികസ്വത്തവകാശസംരക്ഷണം നിഷേധിച്ചുകൊണ്ട് പേറ്റന്‍റ് കണ്‍ട്രോളര്‍ എടുത്ത തീരുമാനം സുപ്രീംകോടതി വിധിയില്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. ഡ്രഗ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ വിധി സ്വാഗതം ചെയ്തിട്ടുണ്ട്: "ദരിദ്രരോഗികള്‍ക്കനുകൂലമായ ഒരു നിര്‍ണായകവിധി" എന്നാണവര്‍ അതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ പേറ്റന്‍റ് നിയമം ബൗദ്ധികസ്വത്തവകാശവ്യവസ്ഥകളിന്മേലുള്ള കരാറിന്‍റെ ബാധ്യതകള്‍ക്ക് അനുസൃതമായിട്ടുള്ളത് തന്നെയാണെന്ന് വ്യവസായമന്ത്രി പറയുന്നു.
സര്‍ക്കാര്‍ രോഗികളോടൊപ്പമോ കമ്പനികള്‍ക്കൊപ്പമോ?
"ജനറിക് മരുന്നിന് പ്രതിമാസം 8800 രൂപ വേണ്ടസ്ഥാനത്ത് ബെയറിന്‍റെ മരുന്നുപയോഗിച്ചാല്‍ 2.8ലക്ഷം രൂപ വേണ്ടിവരും. വില കുറയ്ക്കാനുള്ള ശ്രമമൊന്നും കമ്പനികള്‍ നടത്തുന്നില്ല." ജസ്റ്റിസ് പ്രഭാ ശ്രീദേവന്‍ ചൂണ്ടിക്കാട്ടുന്നു.
"തികച്ചും ആദര്‍ശാത്മകമായ ഒരവസ്ഥയില്‍ അറിവ് എന്നത് എല്ലാവര്‍ക്കും സ്വന്തമായിരിക്കണം; പക്ഷെ നാം ജീവിക്കുന്നത് ആദര്‍ശാത്മകമായ ഒരു ലോകത്തല്ലല്ലോ.... ബൗദ്ധികസ്വത്തവകാശങ്ങള്‍ സാമൂഹ്യക്ഷേമവും, കണ്ടുപിടുത്തക്കാരന്‍റെ അവകാശങ്ങളും തമ്മില്‍ പൊരുത്തപ്പെടുന്ന ഒരു സന്തുലനം കൈവരിക്കണം. അറിവിനെ നിയന്ത്രിക്കുവാനുള്ള അവകാശവും പ്രതിസന്ധികള്‍ ഒഴിവാക്കാനും മറ്റുമായി അതുപയോഗിക്കാനുള്ള അവകാശവും തമ്മില്‍ സംഘര്‍ഷമുണ്ടാവാം.... പുതിയ ഔഷധങ്ങള്‍ കണ്ടെത്തിയാല്‍ ചികിത്സിക്കാന്‍ പറ്റാത്തതെന്ന് കരുതിയിരുന്ന രോഗങ്ങള്‍ മാറ്റാന്‍ കഴിയും. കണ്ടുപിടിച്ചവര്‍ക്കു മാത്രമേ അവ (സാമ്പത്തികമായി) പ്രയോജനപ്പെടുത്താവൂ എന്നുവന്നാല്‍, അതിന്‍റെ ലഭ്യതയും ന്യായമായ വിലയ്ക്ക് വാങ്ങാനാവുന്ന അവസ്ഥയും ഇല്ലാതാവും. പേറ്റന്‍റ് നിയമവ്യവസ്ഥകളില്‍ വേണ്ട സന്തുലനവും ക്രമീകരണങ്ങളും നടത്തുകയാണ് വേണ്ടത്." ഐ.പി.എ.ബി.യുടെ ചെയര്‍പേഴ്സണ്‍ ജ. പ്രഭാ ശ്രീദേവന്‍ പറയുന്നു.
"ഔഷധം വികസിപ്പിച്ചെടുക്കാന്‍ മുതല്‍മുടക്കിയ കമ്പനികള്‍ക്ക് അവരുടെ നിക്ഷേപത്തിന് മേല്‍ ലാഭമുണ്ടാവണം; എന്നാല്‍ അമിതവില ഈടാക്കിയും വില്‍ക്കാനുള്ള അവകാശം കുത്തകയാക്കിവെച്ചും വ്യവസ്ഥകള്‍ ദുരുപയോഗപ്പെടുത്തണം എന്ന് ഇതിന് അര്‍ത്ഥമില്ല." പ്രശസ്ത കാന്‍സര്‍ രോഗവിദഗ്ദ്ധനും ഇമാറ്റിനിബ് എന്ന മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞനുമായ ബ്രയാന്‍ ഡക്കര്‍ ചൂണ്ടിക്കാട്ടുന്നു. മരുന്നിന്‍റെ ആവശ്യം രോഗികള്‍ക്കാണ്; അവയില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ ദരിദ്രരുമാണ്; താങ്ങാനാവാത്ത വിലയ്ക്ക് മരുന്ന് കിട്ടുന്നത് കിട്ടാത്തതിനു സമമാണ്. അതിനാല്‍ നൊവാര്‍ടിസിന്‍റെയോ, അതുപോലുള്ള മറ്റു കമ്പനികളുടെയോ ലാഭത്തിനുള്ള ആര്‍ത്തി അര്‍ഹരായവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതില്‍ കലാശിക്കരുത്. സുപ്രീംകോടതിയുടെ വിധി ഈ ഒരു സന്ദേശം ഉള്‍ക്കൊള്ളുന്നുണ്ട്. എങ്കിലും ഇന്ത്യയിലെ വ്യവസായമന്ത്രി ആനന്ദ് ശര്‍മ, നൊവാര്‍ടിസിന്‍റെ കണ്‍ട്രി മാനേജര്‍മാരില്‍ ഒരാളായ ക്രിസ്റ്റഫര്‍ സ്നൂക്കിനെ ജനീവയില്‍ ബൗദ്ധികസ്വത്തവകാശവുമായി ബന്ധപ്പട്ട നിക്ഷേപകരുടെ വട്ടമേശ സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ട്. നൊവാര്‍ടിസ് ഇന്ത്യയുടെ ചെയര്‍മാനും സ്നൂക്കാണ്. അന്താരാഷ്ട്രതലയോഗത്തില്‍ ഇന്ത്യ എന്തു തീരുമാനിക്കുമെന്ന് കണ്ടറിയാം. ഇന്ത്യയിലെ ദരിദ്രരോഗികളുടെ താല്‍പര്യങ്ങള്‍ക്കനുകൂലമായിരിക്കുമോ അതോ ആഗോളമരുന്നുകമ്പനികളുടെ വ്യാപാരതാല്‍പര്യങ്ങള്‍ക്കനുകൂലമായിരിക്കുമോ ഇന്ത്യയുടെ നിലപാട് എന്നതിനനുസരിച്ചായിരിക്കും, സുപ്രീംകോടതി വിധിയുടെ യഥാര്‍ത്ഥപ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കുക.