ആബിദ് സൂര്‍ത്തി ഒരു വിചിത്ര മനുഷ്യനാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സാഹിത്യത്തിനുള്ള ദേശീയപുരസ്കാരം ഇന്ത്യന്‍ പ്രസിഡന്‍റില്‍നിന്നു സ്വീകരിക്കാന്‍ വേണ്ടി താടിക്കാരനായ ആ മനുഷ്യന്‍ ഡല്‍ഹിയിലേക്കു ക്ഷണിക്കപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് സവിനയം തിരസ്കരിച്ചു. 'സമയമില്ല' എന്നതായിരുന്നു അദ്ദേഹമതിനു പറഞ്ഞ കാരണം. അക്കാലത്ത് അദ്ദേഹം ഒരു നോവല്‍രചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. എന്നിട്ടും കഴിഞ്ഞ ഏഴുവര്‍ഷമായി, ഒരൊറ്റ ഞായറാഴ്ചപോലും മുടങ്ങാതെ, മുംബൈനഗരത്തിന്‍റെ പ്രാന്തപ്രദേശമായ മീരാറോഡിലുള്ള വീടുകള്‍ ഓരോന്നും കയറിയിറങ്ങാന്‍ അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. ഒരു പ്ലംബറുടെ അകമ്പടിയോടെ വീടുകള്‍ കയറിയിറങ്ങുന്നത് ഒരൊറ്റ കാര്യം പറയാനാണ്: "വെള്ളം ലീക്കാകുന്ന ടാപ്പുകള്‍ ഫ്രീയായി നന്നാക്കിക്കൊടുക്കപ്പെടും."
ആബിദ് പേരുകേട്ട ഒരു പെയിന്‍ററും എഴുത്തുകാരനാണ്. എണ്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എന്നാലും മറ്റേതു കഥയെക്കാളും അദ്ദേഹത്തെ സ്വാധീനിച്ചത് ഈ ഭൂമിയിലെ ജലദൗര്‍ലഭ്യം എന്ന നഗ്നസത്യമാണ്. "ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബുട്രോസ് ബുട്രോസ് ഘാലി നല്കിയ ഒരു അഭിമുഖം ഞാന്‍ ഒരിക്കല്‍ വായിക്കാനിടയായി," അദ്ദേഹം ഓര്‍മ്മിച്ചു തുടങ്ങുന്നു, "2025 ആകുമ്പോഴേക്കും നാല്പതില്‍ കൂടുതല്‍ രാജ്യങ്ങള്‍ ജലദൗര്‍ലഭ്യം നേരിടുമെന്നാണ് ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അതു ഞാന്‍ വായിച്ചപ്പോള്‍ ചേരിയിലെ എന്‍റെ ബാല്യകാലം ഓര്‍മ്മ വന്നു. ഓരോ ബക്കറ്റുവെള്ളത്തിനുവേണ്ടിയും അടിപിടി കൂടണമായിരുന്നു. ജലം ദുര്‍ലഭമാകുന്നതോടെ സംസ്കാരംതന്നെ നശിക്കുമെന്ന് അങ്ങനെയാണു ഞാന്‍ മനസ്സിലാക്കിയത്."
2007 ലെ ഒരു ദിനം ഒരു സുഹൃത്തിന്‍റെ വീട്ടിലിരിക്കേ വെള്ളം ലീക്കായിപ്പോകുന്ന ഒരു ടാപ്പ് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അത് സുഹൃത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഒരു പ്ലംബറെ വിളിക്കാന്‍ അയാള്‍ വിസമ്മതിക്കുകയായിരുന്നു. ഇത്രയും 'ചെറിയൊരു' കാര്യത്തിന് എന്തിനൊരു പ്ലംബറെ ബുദ്ധിമുട്ടിക്കുന്നു? മാത്രമല്ല, അഥവാ, അയാള്‍ വരികയാണെങ്കില്‍ കൈയില്‍നിന്നു നല്ല കാശും പോകും -ഇങ്ങനെയൊക്കെയാണ് അയാള്‍ അന്നു വാദിച്ചത്.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വര്‍ത്തമാനപത്രത്തില്‍ വന്ന ചില കണക്കുകള്‍ ആബിദിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു സെക്കന്‍റില്‍ ഒരു തുള്ളിയെന്ന നിരക്കില്‍ വെള്ളം ലീക്കാക്കുന്ന ടാപ്പുനിമിത്തം പ്രതിമാസം നഷ്ടപ്പെടുന്നത് ആയിരം ലിറ്റര്‍ വെള്ളമാണ്. അതു വായിച്ച നിമിഷം അദ്ദേഹത്തില്‍ ഒരാശയം പിറക്കുകയായിരുന്നു: എല്ലാ ഞായറാഴ്ചയും താന്‍ ഒരു പ്ലംബറെയും കൂട്ടി ഓരോ ഫ്ളാറ്റു കയറിയിറങ്ങി, ലീക്കായ ടാപ്പുകള്‍ കാശു വാങ്ങാതെ നന്നാക്കിക്കൊടുക്കും.
സര്‍ഗാത്മകതയുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ആളുകളുടെ ആദരവ് അദ്ദേഹത്തിനു ധാരാളം ലഭിച്ചിരുന്നു. പക്ഷേ കാശിന്‍റെ കാര്യത്തില്‍ അവര്‍ ലുബ്ധു കാണിച്ചു. അതുകൊണ്ട് തന്‍റെ ആശയം പ്രവൃത്തിപഥത്തിലെത്തിക്കാന്‍ അദ്ദേഹം നേരിട്ട ഏറ്റവും വലിയ തടസ്സം സാമ്പത്തികപരമായിരുന്നു. "പക്ഷേ, നിങ്ങള്‍ക്കു മഹത്തായ ഒരു ആശയം ഉണ്ടെങ്കില്‍ പ്രകൃതി അതു നിവര്‍ത്തിച്ചുകൊള്ളും, " അദ്ദേഹം പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ഒരറിയിപ്പു കിട്ടുന്നു: അദ്ദേഹം ഹിന്ദി സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ക്ക് ഉത്തര്‍പ്രദേശിലെ ഹിന്ദിസാഹിത്യ സന്‍സ്ഥാന്‍, ഒരു ലക്ഷം രൂപ പരിതോഷികം നല്കുന്നു. അങ്ങനെ, 2007 ലെ -ആഗോളതലത്തില്‍ വെള്ളത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട വര്‍ഷം- ഒരു ഞായറാഴ്ച അദ്ദേഹം ഒരു പ്ലംബറെയും കൂട്ടി അയല്‍പക്കങ്ങളിലേക്കു പോയിത്തുടങ്ങി.
ആദ്യനാളുകളില്‍ അദ്ദേഹം ചെയ്തിരുന്നത്, വാഷറുകള്‍ മൊത്തവില്പനകടയില്‍നിന്നു വാങ്ങി, അവ ടാപ്പുകളില്‍ പിടിപ്പിക്കുക എന്നതായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ സന്നദ്ധസംഘടന ഡ്രോപ് ഡെഡ്(Drop Dead) പിറവിയെടുത്തു. അതിന് ഒരു മുദ്രാവാക്യവും അദ്ദേഹം മെനഞ്ഞെടുത്തു:Save every Drop... or Drop Dead (ഓരോ തുള്ളി ജലവും സംരക്ഷിക്കൂ... ഇല്ലെങ്കില്‍ ദാഹിച്ചു മരിച്ചു വീഴൂ..)
ആബിദിന്‍റെ ഡ്രോപ് ഡെഡ് സംഘം മൂന്നുപേര്‍ ചേര്‍ന്നതാണ്: ആബിദ്, റിയാസ് എന്ന പ്ലംബര്‍, തേജ്പാല്‍ എന്ന സന്നദ്ധപ്രവര്‍ത്തക. ഓരോ ഞായറാഴ്ചയും ഈ മൂവര്‍സംഘം ഒരു ഫ്ളാറ്റു തെരഞ്ഞെടുത്ത്, അതിന്‍റെ ഹൗസിംഗ് സൊസൈറ്റിയുടെ അനുവാദം നേടിയെടുത്തിട്ട്, തങ്ങളുടെ പണിയിലേക്കു പ്രവേശിക്കും. തലേദിവസം തേജ്പാല്‍ തങ്ങളുടെ ദൗത്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്തും ലിഫ്റ്റുകളിലും ഫ്ളാറ്റുകളുടെ പ്രധാനകവാടത്തിലും മറ്റും പോസ്റ്ററുകള്‍ ഒട്ടിച്ചും വരാന്‍പോകുന്ന വന്‍ജലദൗര്‍ലഭ്യത്തെക്കുറിച്ചു മുന്നറിയിപ്പു നല്കും. ഞായറാഴ്ച വൈകുന്നേരത്തോടെ, ആ ഫ്ളാറ്റിലെ ഒരൊറ്റ ടാപ്പുപോലും വെള്ളം ലീക്കാക്കി കളയുന്നില്ലെന്ന് അവര്‍ ഉറപ്പുവരുത്തിയിരിക്കും.
ഈ സംരംഭം ആരംഭിച്ച ആദ്യവര്‍ഷംതന്നെ അവര്‍ 1533 വീടുകള്‍ സന്ദര്‍ശിക്കുകയും 400 ടാപ്പുകള്‍ ശരിയാക്കിക്കൊടുക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സാവധാനം ഈ വാര്‍ത്ത പലയിടത്തേക്കും പരന്നുതുടങ്ങി.
അക്കാലത്ത് സംവിധായകന്‍ ശേഖര്‍ കപൂര്‍ വെള്ളം എങ്ങനെ സംരക്ഷിക്കാം എന്നതിനെ സംബന്ധിച്ച് ഒരു ചിത്രം നിര്‍മിച്ചുവരികയായിരുന്നു. ആബിദിനെക്കുറിച്ചു കേട്ട അദ്ദേഹം 2008 മാര്‍ച്ചില്‍ തന്‍റെ വെബ്സൈറ്റില്‍ രേഖപ്പെടുത്തി: "ആബിദ് സൂര്‍ത്തി, നിങ്ങളെന്തായിരിക്കുന്നുവോ അതിനു നന്ദി. താങ്കളെപ്പോലുള്ളവര്‍ ഈ മണ്ണില്‍ ഇനിയുമുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോകുന്നു. ഞങ്ങളോട് ഇടയ്ക്കിടെ സംസാരിക്കുക. ഞങ്ങള്‍ക്കു പ്രചോദനമേകുക. ശേഖര്‍."
പ്രാദേശിക പത്രങ്ങളിലൊക്കെ ഡ്രോപ് ഡെഡിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ, നന്ദിനിറഞ്ഞ ഇ-മെയിലുകളുടെയും സന്ദേശങ്ങളുടെയും ഒരു പ്രവാഹമായിരുന്നു. പ്രസിദ്ധ ഹിന്ദിനടന്‍ ഷാരൂഖാന്‍റെ ഹൃദയസ്പര്‍ശിയായ സന്ദേശം പ്രത്യേകം പ്രസ്താവ്യമാണ്. "മാലാഖമാരുടെ നഗരം" എന്ന തലക്കെട്ടില്‍ ആബിദിനെക്കുറിച്ചുവന്ന പത്രറിപ്പോര്‍ട്ട് വായിച്ചിട്ട് ഷാരൂഖാന്‍ അദ്ദേഹത്തിന് എഴുതി: "താങ്കള്‍ ചെയ്യുന്ന കാര്യം വായിച്ചപ്പോള്‍ എന്‍റെ അപ്പന്‍ ചെയ്തിരുന്ന ചെറിയ ചില 'വലിയ' കാര്യങ്ങള്‍ കണക്കെയാണു തോന്നിയത്. കുട്ടിക്കാലത്ത് താങ്കളുടെ ബഹാദുര്‍ എന്ന ചിത്രകഥ വായിച്ച് ഒരുപാടു സന്തോഷിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്നു ഞാന്‍ കുട്ടികളുടെ അപ്പനാണ്. എന്നിട്ടും ടാപ്പു നന്നാക്കിക്കൊടുക്കുന്ന താങ്കളുടെ കഥ വായിച്ച് പണ്ടുതോന്നിയ അതേ സന്തോഷം തോന്നുന്നു. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. പിന്നെ ഒരു കാര്യം, പത്രവാര്‍ത്ത വായിച്ചതിനുശേഷം ഇപ്പോള്‍ ഞാന്‍ മാലാഖമാരില്‍ വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു."
2010 ലെ സി.എന്‍.എന്‍-ഐ.ബി.എന്‍ "Be The Change" സമ്മാനത്തിന് ആബിദ് സൂര്‍ത്തിയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. വെയിലെന്നോ മഴയെന്നോ നോക്കാതെ അദ്ദേഹം നടത്തുന്ന വീടുസന്ദര്‍ശനങ്ങളെ അനുധാവനം ചെയ്യാന്‍വേണ്ടി അതേ വര്‍ഷം ബെര്‍ലിനില്‍നിന്ന് ഒരു ചാനല്‍സംഘവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
ആബിദിന്‍റെ പ്രസ്ഥാനം എത്രയളവു ജലം സംരക്ഷിച്ചു എന്നതു കൃത്യമായി പറയുക ബുദ്ധിമുട്ടുള്ള സംഗതിയാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഞായറാഴ്ചകളില്‍ രാവിലെ വീടുകളില്‍ചെന്ന് അദ്ദേഹം മണിയടിച്ചില്ലായിരുന്നെങ്കില്‍ ആ ടാപ്പുകള്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ വെള്ളം നഷ്ടപ്പെടുത്തിക്കൊണ്ടേയിരുന്നേനെ. നാളിതുവരെ ഏറ്റവും ചുരുങ്ങിയത് 55 ലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും അദ്ദേഹം സംരക്ഷിച്ചിട്ടുണ്ടാകണമെന്നു നമുക്കു കണക്കാക്കാവുന്നതേയുള്ളൂ.
ആബിദിന്‍റെ സംസ്ഥാനം കഴിഞ്ഞ 40 വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റം കൊടിയ വരള്‍ച്ച ഈ വര്‍ഷം നേരിട്ടുകൊണ്ടിരിക്കുകയാണ്. മാസങ്ങള്‍ക്കുമുമ്പേ, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വെള്ളം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്കിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാരൊക്കെ വരള്‍ച്ചാദുരിതാശ്വാസത്തിനായി ദശലക്ഷക്കണക്കിനു ഡോളറുകളാണ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് വളരെ ലളിതവും വളരെ ചെലവു കുറഞ്ഞതുമായ തന്‍റെ പ്രശ്നപരിഹാരരീതിയുമായി ആബിദ് മുന്നോട്ടു പോകുന്നത്.
ഏഴു വര്‍ഷങ്ങള്‍ക്കുശേഷവും ഇന്നും ഞായറാഴ്ചകളില്‍ അദ്ദേഹം മീരാറോഡിലെ വീടുകളില്‍ച്ചെന്ന് ബെല്ലടിക്കും. അദ്ദേഹം പറയുന്നു: "ആര്‍ക്കും തന്‍റെ സ്വന്തം സ്ഥലത്ത് വെള്ളം സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാനാവും. അതാണു ഈ ആശയത്തിന്‍റെ ഏറ്റവും സുന്ദരമായ വശം. ഒരു ഓഫീസോ കാര്യമായ സാമ്പത്തിക സഹായമോ ഇല്ലാതെ ഈ പ്രസ്ഥാനം ഏതൊരാള്‍ക്കും നടത്തിക്കൊണ്ടുപോകാവുന്നതേയുള്ളൂ. അതിലും പ്രധാനപ്പെട്ട മറ്റൊരുകാര്യമുണ്ട്: നമ്മുടെ കാര്യങ്ങള്‍ നിശ്ചയിക്കാനുള്ള കരുത്ത് നമുക്കുതന്നെ തിരിച്ചുലഭിക്കുന്നു."