news-details
കവിത

ചിലതൊക്കെ അങ്ങനെയാണ്

ചിലത് അങ്ങനെയാണ്
ചില ഇടങ്ങള്‍ അങ്ങനെയാണ്
മറ്റിടങ്ങളെ അതോര്‍മ്മിപ്പിക്കും!
തന്നിലേക്ക് ചാഞ്ഞ മിഴികളിലൂടെ
ഉള്ളിലേക്ക് ചരിഞ്ഞ ശിഖരങ്ങളിലൂടെ
വിരലുകളുടെ ഉത്കണ്ഠകളില്‍നിന്ന്
തെന്നിപ്പറന്ന തുമ്പികളിലൂടെ...
ചില ഇടങ്ങള്‍ അങ്ങനെയാണ്!

ചില വസ്ത്രങ്ങള്‍ അങ്ങനെയാണ്!
ചുവന്നു കിടന്ന് കൊല്ലപ്പെട്ടവനില്‍
മിഴി തുറക്കും.
പച്ചയായി ഇറച്ചിയില്‍തൊട്ട് പൊള്ളലിന്‍റെ നീറ്റലാവും.
മഴപോലെ നനഞ്ഞലിഞ്ഞ്
ഉള്ളവയവങ്ങളില്‍ ഉരുവമാകും.
ചില വസ്ത്രങ്ങള്‍ അങ്ങനെയാണ്
ഉടുക്കാനില്ലാത്തവനില്‍
നഗ്നത കൊത്തിവെക്കും!

ചില മരങ്ങള്‍ അങ്ങനെയാണ്!
കൊന്നകള്‍,
മഞ്ഞ പരവതാനിയില്‍നിന്ന്
വാന്‍ഗോഗിന്‍റെ വിരലുകളെ
തൊട്ടിലാട്ടും.
പ്ലാവുകള്‍,
വസൂരി മുലകള്‍ ചുരത്തി
കഷ്ടകാലത്തിലേക്ക് പ്രാണനൂറ്റും.
മാവുകള്‍,
വൈലോപ്പിള്ളിയില്‍ ചുന ചുരത്തി
സന്ധ്യയുടെ നാലുമണിപ്പൂമണത്തിലേക്ക്
ഒതുങ്ങി നില്‍ക്കും.
തെങ്ങുകള്‍,
കയറിവരാന്‍ ആരുമില്ലാത്ത
ഒറ്റയടിപ്പാതയുടെ ഏകാന്തതയിലേക്ക്
എത്തിനോക്കും.
ചില പക്ഷികള്‍ അങ്ങനെയാണ്!
കാക്കകള്‍,
കുടയെടുക്കാന്‍ മറന്ന ഈറയില്‍
തെങ്ങോലകളുടെ തുഞ്ചത്ത്
ഊയലാടി മഴ നനയും, പിന്നെ
കുടവാങ്ങാന്‍ പോയി തിരിച്ചുവരാന്‍ മറന്ന
ഒരാളുടെ ബലിയുരുളകളിലേക്ക്
ഈറനോടെ കൂപ്പുകുത്തും.
മീന്‍കോരിക്കിളികള്‍,
വയലില്‍ നിറഞ്ഞ മഴവെള്ളത്തിനു മീതെ
ഉന്നംപിടിച്ച്
ഓര്‍മ്മകള്‍ ഉറഞ്ഞുപോയ ഒരു
ഹൃദയംപോലെ നിശ്ചലമായി നില്‍ക്കും.
ചെമ്പോത്തുകള്‍,
കാശി തേടിപ്പോയ
മുത്തച്ഛന്‍റെ കാവിമുണ്ട്
കുരുമുളക് വള്ളികളില്‍ തൂക്കിയിടും.
ചില ശബ്ദങ്ങള്‍ അങ്ങനെയാണ്!
അമ്മ വിളിക്കുകയാണെന്ന് തോന്നും.
തുളസിച്ചെടികളിലൂടെ,
അതിനു കീഴെ കൊളുത്തിയ
ഒറ്റ നെയ്ത്തിരിയെ ഉലച്ച്,
ഒരുകാറ്റ് പാഞ്ഞ് പോയതാവാം!
ഉറിയില്‍ നിന്നൊരു മണ്‍കലം
ഉറ തെറ്റി വീണതാണെന്ന് തോന്നാം.
പെണ്‍കുട്ടികളിലാരോ കിണറിന്‍റെ
ആഴമളന്നതാവാം!
ചില വീടുകള്‍ അങ്ങനെയാണ്!
അടുപ്പിലുമേറെ അമ്മ എരിയും
കിണറിലുമേറെ കണ്ണ് നിറയും
വാക്കിലുമേറെ മൗനം പറയും!
എന്നിട്ടും മരിച്ചവരുടെ പാര്‍പ്പിടങ്ങളെ നാം
വീടുകള്‍ എന്നുതന്നെ വിളിക്കുന്നു.
ചിലപ്പോള്‍ വീടുകള്‍ക്ക്
മക്കളുടെ പേരുകളിട്ട്
നാം മാപ്പ് സാക്ഷികളാവാറുണ്ട്!
ശരിക്കും ഒന്നും അതേപോലെയല്ല
മറ്റെങ്ങനെയൊക്കെയോ ആണ്!
എന്‍റെ വിരലുകള്‍ പോലെയല്ല
കണ്ണുകള്‍ പോലെയല്ല
ചുണ്ടുകള്‍ പോലെയല്ല
ചിന്തകള്‍ പോലെയുമോ
ഹൃദയം പോലെയുമോ
അല്ല ഞാന്‍!
എല്ലാംകൂടിച്ചേര്‍ന്ന ഒരു നാല്‍ക്കവലയെ
ഒറ്റപ്പേരിട്ട് വിളിച്ച്
സ്വന്തം ശരീരത്തിന്‍റെ
ആദികോശങ്ങളില്‍നിന്നു തുടങ്ങുന്നു
നിരവധി ഭ്രാന്തുകളുടെ
ഏകോപനം!

You can share this post!

വേട്ടയാടപ്പെടുന്ന കടലിന്‍റെ മക്കള്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts