പിതാവിന്‍റെ ഏകജാതനായ യേശുവിന്‍റെ സാന്നിദ്ധ്യം ചരിത്രത്തെ മാറ്റിമറിച്ചു. ദൈവത്തെ 'പിതാവെ' എന്നു വിളിച്ചുകൊണ്ട് പുത്രന്‍റെ അതുല്യത അവിടുന്ന് വെളിപ്പെടുത്തി തന്നു. യേശു ജനനത്താലും ശിഷ്യര്‍ ദത്തെടുക്കപ്പെട്ടതാലും ദൈവപുത്രരായിത്തീര്‍ന്നു. യേശുവിനെ മാത്രം ദൈവപുത്രനെന്നും മറ്റുള്ളവരെ ദൈവമക്കളെന്നും വിളിക്കുന്നു. "ഞാന്‍ ആകുന്നവന്‍ ആകുന്നു" എന്ന് മോശയോടു പറഞ്ഞ ദൈവത്തിന്‍റെ അതേ ശബ്ദം യേശുവില്‍ മുഴങ്ങിക്കേള്‍ക്കുന്നു. "ഞാന്‍ വാതിലാണെന്നും ഞാന്‍ ഇടയനാണെന്നും വഴിയാണെന്നും സത്യമാണെന്നും ജീവനാണെന്നും" ഒക്കെ പ്രഖ്യാപിച്ചു കൊണ്ടു യേശു തന്‍റെ അനന്യതയും അതുല്യതയും പ്രഖ്യാപിച്ചു. മത്തായിയും മര്‍ക്കോസും ലൂക്കായുമൊക്കെ നമ്മളെങ്ങനെ ദൈവത്തെ സ്നേഹിക്കണമെന്നു പഠിപ്പിക്കുമ്പോള്‍ യോഹന്നാന്‍ശ്ലീഹാ ദൈവം നമ്മെയെങ്ങനെ സ്നേഹിക്കുന്നുവെന്ന് യേശുവിലൂടെ കാണിക്കുന്നു. "തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ. 3/16).
ക്രിസ്തു മനുഷ്യര്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ട കാലം മുതല്‍ വിവിധങ്ങളായ സമീപനങ്ങളാണ് അവനു നേരെയുണ്ടായത്. ദൈവത്തിന്‍റെ കടന്നുവരവിനെ ശക്തമായി എതിര്‍ക്കുന്ന അന്ധകാരത്തിന്‍റെ ശക്തിയെ നാം കാണുന്നു. പ്രകാശമായ ദൈവത്തെ ഉള്‍ക്കൊള്ളുവാന്‍ അന്ധകാരത്തിനു കഴിയുമായിരുന്നില്ല. ഇന്നും അന്ധകാരത്തിന്‍റെ ശക്തികള്‍ യേശുവിനെ എതിര്‍ത്തുകൊണ്ടിരിക്കുന്നു. മിഷന്‍രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കൊന്നൊടുക്കിയും ഭയപ്പെടുത്തിയും ക്രിസ്തുസന്ദേശത്തെ തളര്‍ത്തുവാന്‍ ശ്രമിക്കുന്നവരുണ്ട്. യോഹന്നാന്‍ 1/9 ല്‍ യേശുവിനെ അറിയാതെ പോകുന്നവരെക്കുറിച്ചു പറയുന്നുണ്ട്. ഇന്നും യേശുവിനെ അറിയാതെ പോകുന്ന ധാരാളംപേരില്ലേ? കര്‍ത്താവും രക്ഷകനുമായവന്‍ യേശുവാണെന്നറിയാതെ ജീവിതത്തില്‍ ഭാരം വഹിക്കുന്നവരുണ്ട്. അവനെ അറിഞ്ഞവര്‍ ആ അറിവ് പങ്കുവെയ്ക്കാത്തതിനാല്‍ യേശു അറിയപ്പെടാതെ പോകുന്നു. യേശു ദൈവപുത്രനാണെന്നറിഞ്ഞിട്ടും മനപ്പൂര്‍വ്വം അവനെ തള്ളിപ്പറയുന്നവരുമുണ്ട്. അവനെ അറിഞ്ഞിട്ടും സ്വീകരിക്കാത്തവരെക്കുറിച്ചു യോഹന്നാന്‍ പറയുന്നുണ്ട്. സഭയുടെ കൗദാശിക ജീവിതത്തിലൂടെ കടന്നുപോകുന്ന ചില വ്യക്തികള്‍പ്പോലും അവന്‍റെ കര്‍ത്തൃത്വം ജീവിതത്തില്‍ ഏറ്റുപറയാത്തതുപോലെ ജീവിക്കുന്ന അവസ്ഥയാണിത്.
യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് യോഹന്നാന്‍റെ സുവിശേഷം 1-ാമദ്ധ്യായത്തില്‍ 12 മുതല്‍ 16 വരെ വാക്യങ്ങളില്‍ നാം കാണുന്നു. യേശുവിനെ സ്വീകരിച്ചവര്‍ക്ക് ദൈവമക്കളാകുവാനുള്ള ഭാഗ്യം ലഭിച്ചു. പിതാവിന്‍റെ ഏകജാതന്‍റെ മഹത്ത്വം കാണുന്നവിധം അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെട്ടു. ദൈവത്തിന്‍റെ പൂര്‍ണ്ണതയില്‍ നിന്ന് കൃപയ്ക്ക് മേല്‍ കൃപ സ്വീകരിക്കുന്ന അവസ്ഥയിലേക്ക് അവര്‍ വളര്‍ന്നു. പൈതലായ യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചപ്പോള്‍ വയോധികനായ ശിമയോന്‍ പറഞ്ഞു: "അനേകരുടെ ഉയര്‍ച്ചയ്ക്കും താഴ്ചയ്ക്കുമായി വെയ്ക്കപ്പെട്ട അടയാളമാണിവന്‍" ഒരു കാര്യത്തില്‍ നമുക്കുറപ്പുണ്ട്: യേശുവിനെ സ്വീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാം. അവനെ അവഹേളിക്കാം പരിഹസിക്കാം. ആറാം തിരുമുറിവും അന്ത്യപ്രലോഭനവും യേശുവിന്‍റെ മേല്‍ ആരോപിക്കാം. വികലമായ വ്യക്തിത്വമുള്ളവര്‍ അവരുടെ വികാരങ്ങളെയും ഭാവനകളെയും ഏറ്റവും വിശുദ്ധിയുള്ളവരില്‍പ്പോലും ആരോപിക്കും. പക്ഷേ യേശുവിനെ ആര്‍ക്കും അവഗണിക്കാനാവില്ല. യേശു 33 വര്‍ഷം ഈ ഭൂമിയിലൂടെ നടന്നുകഴിഞ്ഞപ്പോള്‍ പഴയതു പോലല്ലാതായി ലോകം. വഴിയോരങ്ങളില്‍ പുഴുവിനെപ്പോലെ ചീഞ്ഞളിഞ്ഞ ശരീരവുമായി കിടന്നവര്‍ക്കും ചികിത്സാ കേന്ദ്രങ്ങളുണ്ടായി. ആരോരുമില്ലാത്ത അനാഥര്‍ക്ക് അഭയ മന്ദിരങ്ങളൊരുങ്ങി. ഉന്നതകുലജാതര്‍ക്കും സമ്പന്നര്‍ക്കും മാത്രം ലഭ്യമായ വിദ്യാഭ്യാസം ഏറ്റവും അവഗണിക്കപ്പെട്ടവര്‍ക്കും സ്വന്തമാക്കാനായി. അതേ, യേശുവിന്‍റെ വരവില്‍ ലോകം പുതിയതായിത്തീര്‍ന്നു.