പനിക്കാലം
ഇടയ്ക്കൊന്നു
പനിച്ചു കിടക്കണം.
അപ്പോഴറിയാം;
ചാരത്തിന്‍റെ മണമുള്ള
വിരലുകളായി നെറ്റിയില്‍
സ്നേഹം പൂക്കുന്നത്.
ചാരുകസേരയിലെ
കനമുള്ള മൗനം
താക്കീതുകളായി
അഴിഞ്ഞു വീഴുന്നത്.
ആവിപറക്കുന്ന വാത്സല്യം
തൊട്ടു നോക്കുന്നത്
സങ്കടം വാരിപ്പൂതപ്പിക്കുന്ന
കൈകള്‍ ചേര്‍ത്തു പിടിക്കുന്നത്.
മഴവില്ലുകള്‍ക്ക് പിറകില്‍
ഒളിച്ചിരുന്നൊരാള്‍
സുഖം തിരക്കുന്നത്.
മുറിഞ്ഞു പോകുന്ന
സ്വപ്നങ്ങള്‍
വല നെയ്യുന്നത്.
പേ പിടിച്ച
തീവണ്ടിയായി
സമയം കൂകിപ്പായുന്നത്.
നിറയുന്ന പുഴകളായി
പൊള്ളുന്ന ഓര്‍മ്മകള്‍
ഇണ ചേരുന്നത്.
തുറന്നിട്ട
ഒറ്റജനലില്‍
രാപ്പക്ഷി വന്നിരിക്കുന്നത്.
നക്ഷത്രങ്ങള്‍ ഇല്ലാത്ത വാനം
വന്നു കൈനീട്ടുന്നത്.
ഇടയ്ക്കൊന്നു
പനിച്ചു കിടക്കണം
അപ്പോഴറിയാം.
ഉമ്മറം
അളവെടുക്കാതെ
തുന്നിയ കുപ്പായം
അലക്കിയലക്കി
നരച്ചുപോയ ആകാശം
പൊട്ടിയ കുടുക്കുകളില്‍
ഒതുങ്ങാത്ത തുളകള്‍
അയയില്‍ മരിച്ചു കിടക്കുന്ന
ഓര്‍മ്മകള്‍
ഇസ്തിരിയില്‍ നിവരാത്ത
ചുളിവുകള്‍
മുടന്തി നീങ്ങുന്ന
കലണ്ടര്‍
മുഴച്ചു നില്ക്കുന്ന
തുന്നിക്കൂട്ടലുകള്‍
തോരാ കണ്ണീരുപോലെ
മഴ
ഒരു ദിവസം പൊടുന്നനെ
പഴന്തുണിയാകും
എല്ലാ നിറംകെട്ട
കിനാവുകളും
പിന്നിട്ട വഴികളൊക്കെ
മാഞ്ഞുപോയേക്കാം
പിന്നെ അതില്‍ ചവിട്ടി
ചളി തുടയ്ക്കട്ടെ കാലം.
അയ
സങ്കടങ്ങളെല്ലാം
സോപ്പ് നനച്ചു
അലക്കുകല്ലില്‍
തല്ലിച്ചതച്ചു
മുക്കിപ്പിഴിഞ്ഞു
അയയില്‍
ഉണക്കാനിട്ടിരിക്കുകയാണ്
അവള്‍.
വീട്
സ്നേഹം
കൊണ്ടായിരുന്നു മേല്ക്കൂര.
വേനലിലും മഴയിലും
പായലിലും പൂപ്പലിലും
ചോര്‍ന്നു തുടങ്ങിയപ്പോളാണ്
വെറുപ്പു കൊണ്ട്
രണ്ടാം നില പണിതത്
ഇപ്പോഴൊട്ടും ചോരുന്നില്ല.
സ്നേഹം
ജീവിതത്തിന്‍റെ
ഈ അവസാന ഓവറില്‍
നീയെനിക്ക്
എത്ര റണ്‍ വഴങ്ങുമെന്ന്
ആരോടൊക്കെ
വാതു വച്ചിട്ടുണ്ട്?
നീ ഉയര്‍ത്തുന്ന
ഓരോ തൂവാലയും
ഓരോ പതറി നോട്ടവും
ആര്‍ക്കൊക്കെയുള്ള
അടയാളങ്ങളാണ്?
വ്യവഹാരം
കോടതി വരാന്ത.
പത്തുമണി.
ഓടിക്കിതച്ചെത്തിയ
ഓട്ടോ റിക്ഷയില്‍ നിന്ന്
രണ്ടുപേര്‍.
അവര്‍ക്കപ്പോള്‍
വിവാഹം കഴിക്കണം.
കോടതി വരാന്ത
പന്ത്രണ്ടു മണി
വിവാഹമോചനത്തിന്
എത്തിയ യുവതിയുടെ കുഞ്ഞ്
കൂട്ടില്‍ നിക്കുന്ന
അച്ഛനു നേരെ ചാടുന്നു
കോടതി വരാന്ത
അഞ്ചുമണി
സ്വത്ത് തര്‍ക്കം തീരാതെ
കൂടെപ്പിറപ്പുകള്‍
പല്ലിറുമ്മി
പെരുവഴിയിലേക്ക്
ഒന്നിക്കുന്നു.
തുലാഭാരം
ജീവിതത്തിന്‍റെ
തുലാസ്സില്‍
പലപ്പോഴും
അളവുകള്‍ കൃത്യമല്ലാതെ വരുന്നു.
കടപ്പാടിന്‍റെ
തൂക്കത്തിന്
ജന്മം മുഴുവന്‍
എടുത്തു വച്ചിട്ടും അനക്കമില്ല.
സൗഹൃദത്തിന്‍റെ
തട്ടിന് വച്ച
ഹൃദയം പൊള്ള.
പ്രണയത്തിന്‍റെ
തട്ട് എന്നും
നിറയാതെ നിറയാതെ
എത്രമേല്‍
പിണങ്ങിയിട്ടും
ഒരളവും
കൃത്യമല്ലെന്നറിഞ്ഞിട്ടും
ഇന്നും ഈ തുലാസ്സില്‍
തൂക്കി നോക്കിയിരിക്കുന്നു
ചത്ത് മലച്ച കണ്ണുകള്‍.
വന്യം
കേട്ടതൊക്കെ
നുണയാണ്
കാട്ടില്‍ ഒരു സിംഹം ഇല്ല
അവിടെ ഒരു രാജാവില്ല
കൗശലക്കാരനായ
കുറുക്കന്‍ മന്ത്രിയില്ല
ചതിച്ചു വീഴ്ത്തുന്ന
ഇര പിടിയന്മാരില്ല
കാട്ടില്‍ വിശപ്പിന്
ഒരര്‍ത്ഥം മാത്രം
കാട്ടിലെ നീതിയുടെ
കണ്ണുകള്‍, പുറത്തേക്കു
തുറന്നു തന്നെയാണ്...
കാട്ടില്‍ രക്തസാക്ഷികളില്ല
വിഴുപ്പു ചുമക്കുന്ന
പ്രതിഷ്ഠകള്‍ ഇല്ല,
നാറിത്തുടങ്ങിയ
കൊടികള്‍ ഇല്ല,
ചങ്ങലകളോ
കാരാഗൃഹങ്ങളോ ഇല്ല...
കാടിനൊറ്റ മുഖം മാത്രം.
നാട്ടിലിപ്പോഴും
രാജാക്കന്മാരുണ്ട്.
രാജാപ്പാര്‍ട്ടിന്
സേവയോതുന്ന
തേവാരങ്ങളുണ്ട്.
അന്തപ്പുരങ്ങളില്‍
എന്തൊക്കെയോ
ചീഞ്ഞു നാറുന്നുണ്ട്
തെരുവിലെ പകലില്‍
ചോരയുടെ
പിഞ്ചു ചാലുണ്ട്
രാത്രികളില്‍
ഒറ്റിക്കൊടുക്കലിന്‍റെ
സിംഹാസനങ്ങള്‍ ഉണ്ട്
കൊലവിളിക്കുന്ന
മുഖം മൂടികള്‍ ഉണ്ട്
കാടിനെ നാടാക്കിയവരേ
നാടിനെ കാടാക്കേണ്ട
കാലം അസ്തമിച്ചിരിക്കുന്നു
ചിന്ത കൊണ്ടെങ്കിലും
വല്ലപ്പോഴുമൊന്നു
കാടു കയറുക
പുഴ വീട്
ഗേറ്റില്‍
കെട്ടിത്തൂക്കിയിട്ടുണ്ട്
റിവര്‍ വ്യൂ
എന്ന ബോര്‍ഡ്
മുറ്റത്ത്
പാകിയ വെള്ളാരം കല്ലുകളില്‍
ഒരൊഴുക്കിന്‍റെ മര്‍മരം
ചുമരില്‍
നിലത്ത്
മേല്‍ക്കൂരയില്‍
ഒരു പുഴയുടെ കരച്ചില്‍.
അടുക്കളയിലേക്ക്
കുളിമുറിയിലേക്ക്
അവളുടെ
ഹൃദയരക്തം
അലച്ചിലായി
കുഴലില്‍ എത്തുന്നു...
സ്വീകരണ മുറിയില്‍
പതിച്ചു വച്ചിട്ടുണ്ട്
മദാലസയായ
അവളുടെ യൗവ്വനം.
എല്ലാ പുഴകളും
ഇപ്പോള്‍ വീടുകളിലാണ് താമസം
ഓരോ വീടും ഓരോ കടവിന്‍റെ
സ്മൃതികുടീരങ്ങള്‍.
നമ്മളോ
എല്ലാ വിസര്‍ജ്യങ്ങളും
പുഴയിലേക്ക്
കൊടുത്തയക്കുന്നു.
തലയില്‍ മുണ്ടിട്ടും
അല്ലാതെയും
നട്ടുച്ചയ്ക്കും
രാപ്പാതിരയ്ക്കും
മാറി മാറി....