ഇന്‍ഡ്യന്‍ വാര്‍ദ്ധക്യം സ്ത്രീപക്ഷത്തു നിന്ന്...
മുഖമില്ലാത്ത ഒരുവള്‍,
സദാ പിറകെയെന്ന് മകന്‍ ഉറക്കത്തിലും ചുളിഞ്ഞു...
അമ്മേ, അതു നീയോ... എന്നു കൊത്തിയാട്ടി,
അവന്‍ ഉയരങ്ങള്‍ പറന്നുകയറി.
നീരാളിക്കൈകളുടെ വലക്കൂടില്‍, ആരുടെയോ
തടവിലാണെപ്പോഴുമെന്ന് മകള്‍ പിറുപിറുത്തു.
അമ്മേ നിങ്ങളോ?... എന്ന് അരിശപ്പെട്ട്
അവള്‍ പിന്നാക്കം ചുവടളന്നു..
ഏകമന്ത്രം ജപിച്ച്, ഒരു മായാവിനി
നൂറ്റാണ്ടുകളായി, അടിമപ്പെടുത്തിയതാണെന്ന്,
പുരുഷന്‍ ചരടറുത്തപ്പോള്‍,
കടപറിയാഞ്ഞത് വിറങ്ങലിപ്പിനാല്‍ തന്നെ.
ജീര്‍ണ്ണവസ്ത്രമെന്ന കുടുക്കഴിച്ചു,
പാതിയില്‍ ഉപേക്ഷിച്ചവര്‍ക്കായിനി
ആയുര്‍വ്രതം നോല്‍ക്കേണ്ടതുണ്ട്.
കൗമാരപ്പകുതിയില്‍ തുടങ്ങി,
അവരെ നമ്പി ഞെരിഞ്ഞു ചത്ത, വികാരങ്ങളുടെ
കല്ലറയില്‍, തിരിവെയ്ക്കേണ്ടതുണ്ട്.
അതു കഴിഞ്ഞാല്‍ പിന്നെ,
സമ്പൂര്‍ണ്ണ ഇന്ത്യന്‍ വൃദ്ധയായി...
നിമിഷത്തെ മുപ്പതു നെടുവീര്‍പ്പുകളാലളന്ന്,
ശരശയ്യമേല്‍ ഉത്തരായനം കാത്തുകിടക്കാം.
വിശ്വാസം
അന്ധവിശ്വാസിയാണോ നിങ്ങള്‍?
അങ്ങിനെയെങ്കില്‍
പറഞ്ഞുവെച്ചപോലെ
എടുത്തുചാടിയിരിക്കും ഒരു കരിമ്പൂച്ച
യാത്രയില്‍ കുറുകെ.
നിശ്ചയമായും
ഒഴിഞ്ഞകുടമോ, മണ്‍വെട്ടിയോ,
മാരകായുധമോ ഏറ്റി
ഒരാള്‍ എതിരില്‍ നില്ക്കും.
ക്ഷുരകന്‍, ഒറ്റ ബ്രാഹ്മണന്‍
പ്രേതകാഹളം നേര്‍ന്ന കൊടിച്ചി
തെക്കുഭാഗത്തെ നത്ത്
ശകുനപ്പിഴയുടെ വംശപരമ്പര
അണിയൊപ്പിച്ച് നിവര്‍ന്നു നില്ക്കും.
ശേഷികെട്ട തുകല്‍വാദ്യം
തൊണ്ടയില്‍ കുടുങ്ങി മിടിക്കും.
വിധി പഴകി
പ്രാചീനമായ അടരില്‍
മടക്കിവെയ്ക്കും ജീവിതം.
ദൈവം
കുരിശില്‍ തറയ്ക്കപ്പെട്ട
ഒരു യേശു മാത്രം
ദൈവപുത്രനെന്നറിയപ്പെട്ടു.
ജ്ഞാനോദയമുണ്ടായവരില്‍
ഒരൊറ്റ ബുദ്ധന്‍
പ്രമുഖപ്പെട്ടതുപോലെ...!
മുപ്പത്തിമുക്കോടി
ദേവകളെ താങ്ങി
ഒരു മതത്തിന്‍റെ നടുവൊടിഞ്ഞു!
പടച്ചവനിലും മഹത്വമേറിയ
പ്രവാചകന്മാരോ?
അഗ്നി, ഭൂമി, സൂര്യന്‍,
മരം, മണല്‍ത്തരി, കാലം.
മൂര്‍ത്തികള്‍ക്കൊപ്പം
കുമിയുന്നു മതം...!
ദൈവം, മതം, ജാതി ഒന്ന്
എന്നു ചൊല്ലിത്തന്ന മനുഷ്യനേയും
കുരുക്കി
ജാതിപിടിത്തക്കാര്...!
ദൈവമേ, യഥാര്‍ത്ഥത്തില്‍
അവിടുന്ന് ആരെന്നത്,
ഇവരറിയുന്നില്ലല്ലോ?...
ചവപ്പശ
ഇളംമധുരത്തില്‍
പെപ്പര്‍മിന്‍ഡ് സുഖത്തില്‍
പൊതിയഴിച്ച് വായിലിട്ട
ച്യൂയിംഗം കണക്കെ ജീവിതം-
വായനീളെ തെന്നി തെന്നി.
ഒറ്റ വിരലാലെ തൂത്തെറിയും
കുടിച്ചു വറ്റിച്ച ലഹരിയും
വലിച്ചു തീര്‍ത്ത സായാഹ്നവും
ഇടുക്കുകളിലെ ക്ളാവും
പോടിലെ ദുസ്സഹഗന്ധവും.
ചവച്ചേയിരിക്കും നാം
ഇനിപ്പു വറ്റിയിട്ടും,
കവിള്‍ കഴച്ചും, ഇട കടഞ്ഞും,
തുപ്പിക്കളയില്ല ചുനപ്പരുവമായാലും,
അള്ളിപ്പതിഞ്ഞിരിക്കും, ചിലര്‍ക്കു മേല്‍,
ചുണ്ടിലൊട്ടിയ ചവപ്പശ മാതിരി.