മരങ്ങള്‍
തെങ്ങും കവുങ്ങും
എല്ലായിടത്തുമുണ്ടാകും
അന്യോന്യം നോക്കിയും
കിന്നാരം പറഞ്ഞും.
മാവ്
മുറ്റത്ത് തന്നെ
ഗര്‍വ്വോടെ നില്‍ക്കും
വിമോചനം വിപ്ലവം
എന്നൊക്കെപ്പറഞ്ഞ്.
അതിനടുത്താണ്
നാരകം
കായ്ക്കില്ല പൂക്കില്ല
എന്നാലും
ആരുമൊന്നും മിണ്ടൂല
മൂപ്പര്‍ക്ക് മൂക്കത്താണ് ശുണ്ഠി.
അടുക്കള ഭാഗത്ത്
പുളിയും പുളിഞ്ചിയും
എപ്പോഴും എന്തെങ്കിലും
തിന്നാന്‍ വേണം
പിന്നെ
ഒന്നും രണ്ടും പറഞ്ഞ്
വഴക്കിടും
അവറ്റകളോട്
മിണ്ടാതിരിക്കാന്‍ പറയും
അയണി
തനിക്കുള്ളത് കൂടി
അങ്ങ് കൊടുക്കും,
ഇഷ്ടം പോലെ സ്നേഹവും.
തൊടീലോട്ടിറങ്ങണ
വഴീലാണ്
അമ്മൂമ്മ പ്ലാവ്
പഴയ പഴയ കഥകള്‍ പറയും
പറഞ്ഞുപറഞ്ഞ് കരയും.
പക്ഷേ
എത്രപ്പെട്ടെന്നാണ്
എല്ലാവരും പോയ് മറഞ്ഞത്!
ഇപ്പോള്‍
കാണുന്നിടത്തെല്ലാം
ടൈ കെട്ടി
യൂണിഫോമിട്ട്
റബ്ബര്‍ക്കിടാങ്ങള്‍
എപ്പോഴും
ചിണുങ്ങിച്ചിണുങ്ങി...
നമുക്കിടയില്‍
നമുക്കിടയില്‍
അന്ധരായ
മനുഷ്യര്‍
പാര്‍ക്കുന്ന
വീടുകളുണ്ട്.
അന്ധരായ
കുട്ടികള്‍
കളിച്ച് നടക്കുന്ന
വഴികളുണ്ട്.
അന്ധരായ
വൃദ്ധര്‍
ഉരുവിടുന്ന
പ്രാര്‍ത്ഥനകളുണ്ട്.
നീ വിശ്വസിക്കുമോ
നമുക്കിടയില്‍
നമ്മളിതുവരെയും
കണ്ടെത്തിയിട്ടില്ലാത്ത
സ്നേഹമുണ്ട്...
പട്ടം
ആദ്യം
കണ്ടപ്പോള്‍
പാടത്ത് പാട്ട്പാടി
ഒരുപക്ഷിയെപ്പോലെ
പിന്നെ
കുന്നത്ത്
നൃത്തം ചെയ്ത്
ഒരു തുമ്പിയെപ്പോലെ
ഒടുവില്‍
പൊങ്ങിപ്പറക്കാനോ
നിലത്തിറങ്ങാനോ
കഴിയാതെ
ഒരു പുളിങ്കൊമ്പില്‍
കടംകയറിയ
കണാരേട്ടനെപ്പോലെ..
കുന്ന്
അവര്‍
മഞ്ഞ മണ്ണുമാന്തി
യന്ത്രങ്ങളില്‍ കയറി വരുന്നു.
കറുത്തവനെപോലെ
മുസല്‍മാനെപോലെ
ദളിതനെപോലെ
ഞാനും
അസ്തിത്വമില്ലാത്തവനാവുന്നു.