കുരിശില്‍
കുരിശില്‍ മരിക്കുകയായിരുന്നു അവന്‍
ഒരാശുപത്രിക്കിടക്കയില്‍
അവന്‍റെയരികില്‍ നിന്നിരുന്നു
ഏകാകിത
കദനങ്ങള്‍ക്കൊണ്ട്
അടച്ചുപൂട്ടിയ ചുണ്ടുകള്‍
കെട്ടിയിട്ട കാലടികള്‍
ദൈവമേ എന്‍റെ ദൈവമേ
നീയെന്നെക്കൈവിട്ടതെന്തേ
ഒരാകസ്മിക നിശബ്ദത
എല്ലാം നടന്നുകഴിഞ്ഞു
ഒരു മനുഷ്യനും
ദൈവത്തിനുമിടയില്‍
നടക്കേണ്ടേതെല്ലാം.
(കാമിയെന്‍സ്കയുടെ അവസാനത്തെ കവിത: മരിക്കുന്നതിനു മൂന്നു ദിവസം മുമ്പെഴുതിയത്)
ഒരു പ്രാര്‍ത്ഥന
ഒരു തീപ്പൊരിയില്‍നിന്ന് ഒരു മണ്‍തരിയില്‍ നിന്നെന്നെ വീണ്ടും സൃഷ്ടിച്ചാലും
എന്‍റെ പറുദീസയില്‍ വീണ്ടും മരങ്ങള്‍ നട്ടുവളര്‍ത്തിയാലും
എന്‍റെ തലയ്ക്കുമേല്‍ ആകാശം വീണ്ടും നല്കിയാലും
എന്‍റെ യുക്തികൊണ്ടെനിക്കു നിന്നെ നിഷേധിക്കാനായി
എന്‍റെ കണ്ണീരു കൊണ്ടെനിക്കു നിന്നെ വിളിച്ചുവരുത്താനായി
എന്‍റെ ചുണ്ടുകള്‍കൊണ്ടു പ്രണയംപോലെ നിന്നെ കണ്ടെത്താനായി.
മനസ്സാക്ഷി
നിങ്ങളോടൊപ്പം നിങ്ങളല്ലാതാരുമില്ല
ഇതു സത്യമേയല്ല.
ഒരു കോടതി അങ്ങനെത്തന്നെ നിങ്ങളോടൊപ്പമുണ്ട്
ഒരു പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമൊക്കെയായി
അവര്‍ നിങ്ങളെച്ചൊല്ലി വഴക്കടിക്കുന്നു.
അപരാധി നിരപരാധി
അപരാധി പ്രോസിക്യൂട്ടര്‍ പറയുന്നു.
നിങ്ങളതു സമ്മതിച്ചു കൊടുക്കുന്നു.
നിങ്ങളതില്‍ അസ്വാഭാവികത കാണുന്നില്ല.
അതേസമയം പ്രതിഭാഗം വക്കീലിനു പറയാനുള്ളതിലും
ന്യായം നിങ്ങള്‍ കാണുന്നുണ്ട്.
നിങ്ങളുടെ തല ആ ഭാഗത്തേക്കും ഈ ഭാഗത്തേക്കും തിരിയുകയാണ്
തന്നെക്കുറിച്ചെന്തു കരുതണമെന്ന്
നിങ്ങളൊരാള്‍ക്കേ അറിയാതുള്ളൂ.
നിങ്ങള്‍ സ്വയം മരണശിക്ഷ വിധിക്കുന്നു
എന്നിട്ടതു നടപ്പാക്കുന്നതു നീട്ടിവയ്ക്കുകയും ചെയ്യുന്നു
ഒടുവില്‍ ഈ മനഃസാക്ഷിക്കളി നിങ്ങള്‍ക്കു മടുക്കുകയാണ്
നിങ്ങള്‍ ഉറങ്ങുന്നു.
കാലത്തെഴുന്നേല്ക്കുമ്പോള്‍
ദൈവം നിങ്ങള്‍ക്കാത്മാവു മടക്കിത്തരും
കേടുപാടുകള്‍ തീര്‍ത്തും അലക്കിവെളുപ്പിച്ചും.
നമുക്കാശിക്കാം
കിട്ടുന്നതു മറ്റൊരാളുടേതാവില്ലെന്ന്.