news-details
ധ്യാനം

അസ്വസ്ഥതകളുടെ നടുവിലായിരുന്നു ക്രിസ്തുവിന്‍റെ ജനനം. ഗബ്രിയേല്‍ ദൂതന്‍ മംഗളവാര്‍ത്ത കൊടുത്തപ്പോള്‍ മറിയം അസ്വസ്ഥയായി. സ്വപ്നത്തില്‍ ദൂതന്‍ സംസാരിച്ചപ്പോള്‍ യൗസേപ്പ് അസ്വസ്ഥനായി. പക്ഷേ അവരെല്ലാം അസ്വസ്ഥതകളുടെ നടുവില്‍ ആമ്മേന്‍ പറഞ്ഞു. അപ്പോള്‍ ക്രിസ്തു പിറന്നു. എല്ലാം സ്വസ്ഥമായിരിക്കുന്ന ഒരവസ്ഥ നമ്മള്‍ പ്രതീക്ഷിക്കരുത്. ഒരുപിടി അസ്വസ്ഥതകളുടെ നടുവിലാണ് നാം ജീവിക്കുന്നത്. അവിടെയെല്ലാം ദൈവഹിതം കണ്ടെത്തി ജീവിക്കുന്നവരുടെ ഹൃദയങ്ങളില്‍ ക്രിസ്തു ജനിക്കും. അവരുടെ അനുദിന പ്രവൃത്തികളില്‍ ക്രിസ്തുവിന്‍റെ മുഖം തെളിഞ്ഞുവരും!

"ബ്രേക്ക് ദ ചെയിന്‍" എന്നതായിരുന്നു കോവിഡ് കാലത്തെ ഓര്‍മ്മപ്പെടുത്തല്‍. ഈ പ്രവൃത്തി ചുറ്റുപാടുകളുമായുള്ള ബന്ധത്തില്‍ മാത്രമല്ല നമ്മുടെ ചിന്തകളിലും പ്രവൃത്തികളും സംജാതമാകണം. ഇന്നലെവരെ പുലര്‍ത്തിക്കൊണ്ടു വന്ന മനോഭാവങ്ങളെ ബ്രേക്ക് ചെയ്യണം. സംസാര രീതികളില്‍ മാറ്റം വരുത്തണം. സമ്പൂര്‍ണ്ണമായ പരിവര്‍ത്തനം ജീവിതത്തില്‍ വരുമ്പോള്‍ ക്രിസ്തു ജനിക്കും.

ലൂക്കാ സുവിശേഷം 1-ാമദ്ധ്യായത്തില്‍ 39 മുതല്‍ 45 വരെയുള്ള വാക്യങ്ങളില്‍ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്ന ഭാഗം വിവരിക്കുന്നുണ്ട്. മറിയത്തിന്‍റെ അഭിവാദ്യം കേട്ടപ്പോള്‍ എലിസബത്തിന്‍റെ ഉദരത്തിലെ ശിശു സന്തോഷംകൊണ്ടു തുള്ളിച്ചാടി. നമ്മുടെയൊക്കെ സംസാരത്തെക്കുറിച്ചു നാം ചിന്തിക്കണം. എന്‍റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അപരനില്‍ സന്തോഷം ജനിക്കാറുണ്ടോ. മറ്റുള്ളവരെ കോപിപ്പിക്കുന്ന, വികാരങ്ങളെ മുറിപ്പെടുത്തുന്ന സംസാരമാണോ എന്നില്‍ നിന്നും വരുന്നത്? ഇവിടെ ബ്രേക്ക് ദ ചെയിന്‍. വാക്കുകളിലും സംസാരരീതിയിലും ഒരു പരിവര്‍ത്തനം ആവശ്യമില്ലേ?

നമ്മുടെ കൂടിക്കാഴ്ചകള്‍ വിശുദ്ധമാകണം. മദ്യാപാനത്തിന്‍റെയും പുകവലിയുടെയും ചൂതുകളിയുടെയും അടിമകളായവര്‍ നടത്തുന്ന കൂടിക്കാഴ്ചകളുണ്ട്. പരദൂഷണത്തിന്‍റെയും സ്വഭാവഹത്യയുടെയും ശൈലിയു ള്ളവര്‍ നടത്തുന്ന കൂടിക്കാഴ്ചകളുമുണ്ട്. ഇങ്ങനെയുള്ള ബന്ധങ്ങളുടെ ചങ്ങല പൊട്ടിക്കണം. നമ്മുടെ കൂടിക്കാ ഴ്ചകള്‍ വിശുദ്ധമാകണം. സംസാരരീതികള്‍ വിശുദ്ധ മാകണം. എല്ലാ ഇടപെടലുകളിലും വിശുദ്ധി വേണം. വിശുദ്ധി എന്നത് ഒരാള്‍ എത്തിയ സ്ഥലമല്ല പിന്നെയോ എത്താന്‍ ആഗ്രഹിക്കുന്ന സ്ഥലമാണ്. മറിയത്തിന്‍റെയും എലിസബത്തിന്‍റെയും കൂടിക്കാഴ്ച വിശുദ്ധമായിരുന്നു. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവര്‍ വിശുദ്ധരെന്ന് അറിയപ്പെടുന്നു. സ്നേഹത്തിന്‍റെയും വിശുദ്ധിയുടെയും പശ്ചാത്തലമുള്ള കൂടിക്കാഴ്ചകളില്‍ ക്രിസ്തു ജന്മമെടുക്കും.

ലൂക്കാ 1/45 ല്‍ എലിസബത്ത് മറിയത്തെ നോക്കി പറഞ്ഞു "കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ച നീ ഭാഗ്യവതി". ദൃഢമായ വിശ്വാസമുള്ളവരുടെ ജീവിതത്തില്‍ ക്രിസ്തു ജനിക്കും. പ്രതിസന്ധികളുടെ നടുവില്‍ പ്രത്യാശയോടെ കാത്തിരിക്കുന്നതാണ് വിശ്വാസം. ഹെബ്രായ ലേഖനം 11 ല്‍ 1-2 വാക്യങ്ങളില്‍ വിശ്വാസത്തിന്‍റെ നിര്‍വ്വചനം കൊടുത്തിരിക്കുന്നു. "പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് വിശ്വാസം". പ്രളയത്തിന്‍റെ മണിക്കൂറുകളില്‍ പെട്ടക ത്തിന്‍റെ വാതില്‍ ദൈവം തുറന്നു കൊള്ളുമെന്ന് പ്രതീ ക്ഷിച്ചു നോഹ കാത്തിരുന്നു. ഉല്‍പ്പത്തി 7/16 ല്‍ 'യഹോവാ വാതില്‍ അടച്ചു' എന്നെഴുതിയിരിക്കുന്നു. വാതില്‍ അടച്ചവന്‍ തന്നെ അതു തുറക്കുമെന്ന പ്രതീക്ഷയില്‍ നോഹ കാത്തിരുന്നു. വിശ്വാസത്തിന്‍റെ ആ കാത്തിരിപ്പിന്‍റെ അവസാനം യഹോവാ വാതില്‍ തുറന്നു. മങ്ങിപ്പോയ വിശ്വാസത്തെ തിളക്കമുള്ളതാക്കുക. തിളങ്ങുന്ന വിശ്വാസമുള്ള വിശ്വാസിയില്‍ ക്രിസ്തു പിറക്കും. അതാണല്ലോ മറിയത്തില്‍ സംഭവിച്ചത്.
അത്ഭുതനക്ഷത്രത്തെക്കുറിച്ച് ബൈബിളില്‍ പറയുന്നുണ്ട്. പ്രകാശമായ ക്രിസ്തു പുല്‍ത്തൊഴുത്തില്‍ ജനിച്ചപ്പോള്‍ ആകാശത്ത് നക്ഷത്രം ഉദിച്ചു. പ്രകാശമായ ക്രിസ്തു കുരിശില്‍ മരിച്ചപ്പോള്‍ ആകാശത്തില്‍ സൂര്യന്‍ അസ്തമിച്ചു. ക്രിസ്തുവിന്‍റെ സാന്നിധ്യമുള്ള ജീവി തങ്ങള്‍ പ്രകാശിക്കും. ക്രിസ്തു ഇവിടെയുണ്ട് എന്നാണ് നക്ഷത്രംപറയുന്നത്. രവീന്ദ്രനാഥ ടാഗോര്‍ ഇങ്ങനെ പറയുന്നു. "പ്രകാശം മുമ്പില്‍ നിന്നാല്‍ നിഴല്‍ പിറകി ലാകും. പ്രകാശം പിന്നില്‍ നിന്നാല്‍ നിഴല്‍ മുമ്പിലാകും. എന്നാല്‍ പ്രകാശം ഉള്ളിലാണെങ്കില്‍ നീയുമില്ല നിഴലുമില്ല'. എന്‍റെയുള്ളില്‍ ക്രിസ്തു പ്രകാശമായി ജ്വലിക്കണം. ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നതെന്ന് പൗലോസിനെപ്പോലെ പറയുവാന്‍ നമുക്കു കഴിയണം. നക്ഷത്രം തൂക്കിയാലുമില്ലെങ്കിലും, കേക്ക് മുറിച്ചാലുമില്ലെങ്കിലും ക്രിസ്തു എന്നില്‍ പിറക്കണം.

സമൂഹത്തില്‍ സ്വാധീനമില്ലാത്തവരെ യേശു തന്‍റെ സുഹൃത്തുക്കളാക്കി. സ്വാധീനമുള്ള മനുഷ്യനില്‍ ആശ്രയിക്കാതെ ദൈവത്തില്‍ സമ്പൂര്‍ണ്ണമായി അവന്‍ ആശ്രയിച്ചു. ആ ആശ്രയബോധം അവനെ അതുല്യ നാക്കി. നിസ്സഹായരിലും നിസ്സാരപ്പെട്ടവരിലും ഉണ്ണിയേ ശുവിനെ നമുക്കു കാണാം. പുല്‍ക്കൂടിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ ഈ ക്രിസ്തുമസ് ചിന്തകള്‍ നമ്മെ ബലപ്പെടുത്തട്ടെ.

You can share this post!

യാക്കോബിന്‍റെ പ്രവൃത്തികള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
അടുത്ത രചന

ദൈവരാജ്യം ബലപ്രയോഗത്തിലൂടെ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts