news-details
വേദ ധ്യാനം

പിറകേ പോകുന്ന ദൈവം, പിറുപിറുക്കുന്ന മനുഷ്യര്‍

'പറക്കുന്ന വിശുദ്ധന്‍' എന്നു ഖ്യാതി നേടിയ ഫ്രാന്‍സിസ്കന്‍ സന്ന്യാസിയാണ് കുപ്പര്‍ത്തീനോയിലെ ജോസഫ്. അമേരിക്കന്‍ സംവിധായകനായ എഡ്വേര്‍ഡ് ദ്മൈത്രിക്Edward Dmytrik) ഈ ഫ്രാന്‍സിസ്കന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരൊന്നാന്തരം സിനിമ ചെയ്തിട്ടുണ്ട്: The Reluctant Saint. തല ഒട്ടും പ്രവര്‍ത്തിക്കാത്ത ആളാണ് ജോസഫ്. പക്ഷേ ഹൃദയം നന്നായി പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട് സെമിനാരിയില്‍ ഓരോ വര്‍ഷവും തള്ളിനീക്കുകയാണ്. പുരോഹിതനാകണമെങ്കില്‍ സുവിശേഷമൊക്കെ ലത്തീനില്‍ കാണാതെ പഠിക്കേണ്ടതുണ്ട്. ജോസഫിന്‍റെ തലയില്‍ ഒന്നും നില്‍ക്കില്ല. പിന്നെ, ആകെ അറിയാവുന്നത് കുഞ്ഞുന്നാളില്‍ അമ്മ എപ്പോഴും പറഞ്ഞുകൊടുത്തിരുന്ന മൂന്നു കഥകളാണ്: കാണാതെ പോയ ആട്, കാണാതെ പോയ നാണയം, ഇറങ്ങിപ്പോയ മകന്‍. മൂന്നും ലൂക്കാ 15-ലുള്ളതാണല്ലോ. ഇതല്ലാതെ വേറൊന്നും ജോസഫിനറിയില്ല.

അങ്ങനെയിരിക്കെ ആ ദിവസം വന്നുചേര്‍ന്നു. വൈദികപട്ടത്തിനു തൊട്ടുമുമ്പുള്ള ഓറല്‍ എക്സാമാണ് അന്ന്. ബിഷപ്പാണ് അതു നടത്തുന്നത്. ഇത്രനാളും  തനിക്കു പ്രൊമോഷന്‍ കിട്ടിയത് സെമിനാരി സ്റ്റാഫിന്‍റെ ഉദാരമനസ്സുകൊണ്ടാണെന്നു ജോസഫിനറിയാം. പക്ഷേ ബിഷപ്പിനു തന്നെ അറിയില്ലല്ലോ.  അതുകൊണ്ട് ഈ അവസാനപരീക്ഷയില്‍ താന്‍ തോറ്റുതൊപ്പിയിടാന്‍ പോകുകയാണെന്നു ജോസഫിനു നല്ല ഉറപ്പാണ്. കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞിട്ടാണ് അദ്ദേഹം ബിഷപ്പിന്‍റെയടുത്തേക്കു പോകുന്നത്. പക്ഷേ ബിഷപ്പു ഞെട്ടിച്ചുകളഞ്ഞു. അദ്ദേഹം ജോസഫിനോട് ലൂക്കാ 15  കാണാപ്പാഠം ചൊല്ലാന്‍ പറയുന്നു. കുഞ്ഞുന്നാള്‍ മുതല്‍ ജോസഫ് അതു വെള്ളംപോലെ ചൊല്ലുന്നതാണ്. അങ്ങനെ അയാള്‍ പരീക്ഷയില്‍ ജയിക്കുകയും വൈദികനാകുകയും ഒടുക്കം വിശുദ്ധനായിത്തീരുകയും ചെയ്യുന്നത്  സിനിമ സരസമായി കാണിക്കുന്നുണ്ട്.

ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടത് ലൂക്കാ 15 മാത്രമറിയാവുന്ന ഒരാള്‍ വിശുദ്ധനായിത്തീര്‍ന്നു എന്നതാണ്. അതിനര്‍ത്ഥം, ദൈവത്തെക്കുറിച്ചു പറയാവുന്നതിന്‍റെ കാതല്‍ ലൂക്കാ 15ലുണ്ട് എന്നതാണല്ലോ. മുഴുവന്‍ ബൈബിളും മറന്നാലും ലൂക്കാ 15 മറക്കരുതെന്നും 'സുവിശേഷങ്ങളിലെ സുവിശേഷമാണ് ലൂക്കാ 15' എന്നും മറ്റുമുള്ള നിരീക്ഷണങ്ങള്‍ കുറച്ചൊരു അതിശയോക്തി കലര്‍ന്നതാണെങ്കിലും പ്രസ്തുത ബൈബിള്‍ ഭാഗത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. നൂറാടില്‍ ഒന്നുപോയാലും പത്തുനാണയത്തില്‍ ഒന്നുപോയാലും രണ്ടു മക്കളില്‍ ഒന്നുപോയാലും പിടയുന്ന മനസ്സുമായി അലയുകയോ കാത്തിരിക്കുകയോ ചെയ്യുന്ന ഒരു ഇടയനോ അമ്മയോ അപ്പനോ കണക്കാണത്രേ ദൈവം. ഈ വാര്‍ത്തയല്ലെങ്കില്‍ മറ്റെന്താണ് നല്ല വാര്‍ത്ത?

ഫ്രാന്‍സിസിനെക്കുറിച്ച് ജി. കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത് യേശുവിനെ സംബന്ധിച്ചും അക്ഷരംപ്രതി ശരിയാണ്: "അവന്‍ ദൈവത്തിന്‍റെ ക്ഷമയായി ഉടനീളം സഞ്ചരിച്ചു." ദൈവം ക്ഷമിച്ചിരിക്കുന്നു, ദൈവം ക്ഷമിച്ചിരിക്കുന്നു എന്നതാണല്ലോ സുവിശേഷത്തിന്‍റെ മര്‍മ്മം.

തന്‍റെ പിതാവ് പരിധികളില്ലാതെ ക്ഷമിക്കുന്ന ദൈവമാണെന്നു യേശു ഏറ്റവും മൂര്‍ത്തമായി ആവിഷ്കരിച്ചതു തന്‍റെ ഭക്ഷണവേളകളിലാണ്. മത്തായി 9:10ലും ലൂക്കാ 22:14 - ലുമൊക്കെ നാം കാണുന്ന ഭക്ഷണവേളകളില്‍ യേശു ഭക്ഷണത്തിനായി 'ചാരിക്കിടന്നു' എന്നാണു ഗ്രീക്കുഭാഷയില്‍ എഴുതിയിരിക്കുന്നത്. അവരുടെ ഭക്ഷണം ഇരുന്നായിരുന്നില്ല, ചാരിക്കിടന്നായിരുന്നു. നിലത്തുനിന്ന് കുറച്ചുമാത്രം ഉയര്‍ന്നുനില്‍ക്കുന്ന ഭക്ഷണമേശയില്‍ കൈകള്‍ ഊന്നി, തറയില്‍ കിടന്നുകൊണ്ടായിരുന്നു യഹൂദര്‍ ഭക്ഷണം കഴിച്ചിരുന്നത്. (അതുകൊണ്ടാണ് ലൂക്കാ 7-ല്‍ കാണുന്ന പാപിനിയായ സ്ത്രീക്ക് യേശുവിന്‍റെ പാദത്തിനുപിറകില്‍ കരഞ്ഞുകൊണ്ടു നില്‍ക്കാനും കണ്ണീരുകൊണ്ട് പാദങ്ങള്‍ കഴുകാനും കഴിഞ്ഞത്. മേശക്കു കീഴെ ഒരു സ്ത്രീക്കു നില്‍ക്കാനാകില്ലല്ലോ. അപ്പോള്‍ നമ്മള്‍ സങ്കല്പിക്കുന്നതുപോലെ, യേശുവിന്‍റെ പാദങ്ങള്‍ ഭക്ഷണമേശയ്ക്കു കീഴിലായിരുന്നില്ല എന്നതു വ്യക്തം.) അങ്ങനെ ഭക്ഷണം ചാരിക്കിടന്നു കഴിച്ചിരുന്നതുകൊണ്ട് ഒരു നേരത്തെ ഭക്ഷണം രണ്ടും മൂന്നും മണിക്കൂര്‍ നീളുന്നതായിരുന്നത്രേ.

അക്കാലത്തെ സാധാരണക്കാരുടെ വീടുകള്‍ നന്നേ ചെറുതായിരുന്നു. കല്ലും മണ്ണും ചേര്‍ത്താണ് ഭിത്തിയുടെ നിര്‍മ്മാണം. സാധാരണ വീടുകള്‍ മിക്കവയും ഒറ്റ മുറി വീടുകളായിരിക്കും. ഇത്തരത്തിലുള്ള നാലഞ്ചുവീടുകളുടെ നടുക്ക് പൊതുവായ ഒരു അങ്കണം ഉണ്ടാവാം. (നമ്മുടെ നാലുകെട്ടിനെ ഒരു വിദൂരമാതൃകയായി സങ്കല്പിക്കാവുന്നതാണ്.) അവിടെയായിരിക്കും ഒരുമിച്ചുള്ള ഭക്ഷണം. അവിടെ യേശു ചാരിക്കിടന്ന് ഭക്ഷണം കഴിക്കുന്നത് സങ്കല്പിച്ചുനോക്കുക. അവന്‍റെ കൂടെ രണ്ടും മൂന്നും മണിക്കൂര്‍ ചാരിക്കിടന്ന് ഭക്ഷണം കഴിച്ചിരുന്നവര്‍ ചുങ്കക്കാരും പാപികളും ഓരത്തേക്കു മാറ്റിനിര്‍ത്തപ്പെട്ടവരുമായിരുന്നുവെന്ന് സുവിശേഷങ്ങളില്‍ പലയിടത്തു പരാമര്‍ശമുണ്ടല്ലോ. അക്കാലത്തെ ചരിത്രകാരനായിരുന്ന ഫ്ളാവിയൂസ് ജൊസേഫൂസ് യേശുവിന്‍റെ കാലത്ത് പല യേശുമാരുണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. (യഷൂവ എന്ന ഹെബ്രായപ്പേരിന്‍റെ -യഹോഷുവ എന്നു വിപുലീകരിച്ചും പറയും- ഇംഗ്ലീഷ് രൂപം ജോഷ്വായും മലയാളരൂപം യേശുവുമാണല്ലോ. ഈ പേര് യഹൂദരുടെ ഇടയില്‍ അനേകര്‍ക്കുണ്ടായിരുന്നു. ഏറ്റവും പ്രസിദ്ധന്‍ പഴയനിയമത്തിലെ ജോഷ്വ തന്നെ.'പ്രഭാഷകന്‍' എന്ന പുസ്തകത്തിന്‍റെ രചയിതാവ് സിറാക്കിന്‍റെ മകന്‍ യേശുവാണ്. എസ്ര 2: 2, 6, 36, 40; 3: 2, 8, 9; നെഹെമിയ 3: 19; 7:7; 12:1; 1 ദിനവൃത്താന്തം 24:11; 2 ദിനവൃത്താന്തം 31:15 തുടങ്ങി പലയിടങ്ങളിലും യഷൂവ എന്ന പേരുള്ളവരെക്കുറിച്ചു പരാമര്‍ശമുണ്ട്.) അതുകൊണ്ട് പല യേശുമാരില്‍ നസ്രത്തിലെ യേശുവിനെ അടയാളപ്പെടുത്താന്‍ അക്കാലം അയാള്‍ക്കുകൊടുത്ത അഡ്രസ് ഇതായിരുന്നു: ചുങ്കക്കാരുടെയും പാപികളുടെയും സുഹൃത്ത്. ഈ അഡ്രസ് അയാള്‍ക്കു ചാര്‍ത്തിക്കിട്ടിയത് മണിക്കൂറുകള്‍ നീളുന്ന ഊട്ടുമേശയിലെ സൗഹൃദങ്ങളില്‍ നിന്നായിരുന്നു.

സുവിശേഷത്തില്‍ പത്തോളം വിരുന്നുകളെക്കുറിച്ച് പരാമര്‍ശമുണ്ട്. ഈ സൗഹൃദകൂട്ടായ്മകളിലെ നിരന്തരസാന്നിധ്യമായിരുന്ന യേശുവിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുവേണം ലൂക്കാ 15 ലെ ഉപമകളെ നാം വായിക്കാന്‍. ഇവിടെ നാം പരിഗണിക്കുന്നത് പ്രസ്തുത അധ്യായത്തിലെ ആദ്യത്തെ രണ്ട് ഉപമകള്‍ മാത്രമാണ്.

കാണാതെ പോയ ആടും കാണാതെ പോയ നാണയവും

കാണാതെപോയ ആടിന്‍റെ ഉപമയിലും കാണാതെ പോയ നാണയത്തിന്‍റെ ഉപമയിലും എല്ലാ ക്രിയാപദങ്ങളുടെയും കര്‍ത്താവ് ഇടയനോ, സ്ത്രീയോ ആണ്. അപ്പോള്‍ ഉപമയിലെ പ്രധാനകഥാപാത്രം ഇടയനും സ്ത്രീയുമാണ്. ഇരുവരുടെയും സന്തോഷത്തെ ദൈവത്തിന്‍റെ സന്തോഷത്തോടാണല്ലോ താരതമ്യം ചെയ്തിരിക്കുന്നത്. അതിനര്‍ത്ഥം, ദൈവത്തെക്കുറിച്ചു പറയാന്‍ ഇടയനെയും സ്ത്രീയെയുമൊക്കെയാണ് യേശു ഉപയോഗിക്കുന്നത് എന്നാണല്ലോ.

യേശുവിന്‍റെ കാലത്തെ ആട്ടിടയരെക്കുറിച്ചുള്ള ധാരണകളറിയാന്‍ ചില യഹൂദഗ്രന്ഥങ്ങള്‍ പരിഗണിച്ചാല്‍ മതിയാകും. മറ്റുള്ളവരുടെ പുല്‍മേടുകളിലേക്ക് തങ്ങളുടെ ആട്ടിന്‍പറ്റങ്ങളെ മേയാനായി കയറ്റിവിടുന്നതുകൊണ്ട് ആട്ടിടയരെ കവര്‍ച്ചക്കാരായിട്ടാണ് മിഷ്നാഗ്രന്ഥം കാണുന്നത്. ബാബിലോണിയന്‍ താല്‍മുദ് പ്രകാരം, ചുങ്കക്കാരെപ്പോലെതന്നെ ആട്ടിടയരുടെയും സാക്ഷ്യം സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. മാനസാന്തരപ്പെടാന്‍ കഴിവില്ലാത്തവരാണ് ആട്ടിടയരെന്നും താല്‍മുദ് നിരീക്ഷിക്കുന്നുണ്ട്. എന്നിട്ടും യേശു തന്‍റെ അബ്ബായെക്കുറിച്ചു പറയാന്‍ അധഃകൃതനെന്നു കരുതപ്പെട്ട ആട്ടിടയനെയാണ് ഉപയോഗിക്കുന്നത്. ഒരു പുരോഹിതനെയോ നിയമജ്ഞനെയോ അവന്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.

ലൂക്കാ 15 ലെ കാണാതെപോയ ആടിന്‍റെ ഉപമ മത്തായി 18-ലും തോമസിന്‍റെ സുവിശേഷത്തിലും ചില വ്യത്യാസങ്ങളോടെ പ്രത്യക്ഷപ്പെടുന്നുണ്ട്. ലൂക്കാ 15ലെ ഉപമയിലൂടെ ആവിഷ്കൃതനായ ദൈവം മനുഷ്യന്‍റെ കുറവുകള്‍ കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവനല്ല, പിറകേ ചെന്ന് ആലയിലേക്കു കൂട്ടിക്കൊണ്ടുവരുന്ന ഇടയനാണ്. നാം പാപികളായിരിക്കേ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു; അങ്ങനെ നമ്മോടുള്ള തന്‍റെ സ്നേഹം ദൈവം പ്രകടിപ്പിച്ചുവെന്ന് റോമാ 5:8. എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയില്ലെന്നും പിതാവ് തനിക്കു നല്‍കിയവരില്‍ ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്തില്ലെന്നും യോഹ. 6: 37-38. ദൈവത്താല്‍ പരിധികളില്ലാതെ നാം സ്നേഹിക്കപ്പെടുന്നു എന്ന തിരിച്ചറിവ് നമുക്കുതന്നെയും മറ്റുള്ളവര്‍ക്കും കൂടുതല്‍ വില കൊടുക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതാണ്. നമുക്ക് നമ്മോടും കൂട്ടത്തിലുള്ളവരോടും കൂടുതല്‍ ആദരവുണ്ടാകും.  ഉപാധികളില്ലാതെ, ഇത്രമാത്രം ദൈവത്താല്‍ നാം സ്നേഹിക്കപ്പെടുന്നു എന്ന സത്യം നമ്മില്‍ വേരാഴ്ത്തുംതോറും നമ്മില്‍ നിറയുന്നത് നിലയ്ക്കാത്ത സന്തോഷമായിരിക്കും. അങ്ങനെയാണ് ക്രൈസ്തവികത ആനന്ദത്തിന്‍റെ കൂടി ജീവിതശൈലിയായിത്തീരുക.

ലൂക്കായിലെ ആട് കാണാതെപോയ ആടാണെങ്കില്‍ മത്തായിയിലെ ആട് വഴിതെറ്റിപ്പോയ ആടാണ്. ലൂക്കാ 15ലെ ഇടയനു സമനാണു ദൈവമെങ്കില്‍, ആ ഇടയന് ഓരോ ആടും വിലയുള്ളതാണെങ്കില്‍, വഴിതെറ്റിപ്പോയ ഓരോ ആടും വിലപ്പെട്ടതുതന്നെയാണ്. അതുകൊണ്ടുതന്നെ അത്തരം ആടിനെ തേടി സഭാംഗങ്ങള്‍ ഇറങ്ങിയേ പറ്റൂ - ഇതാണ് മത്തായിയുടെ സന്ദേശം. സഭയ്ക്കു പുറത്തുള്ളവരെ അന്വേഷിച്ചു പോകുന്ന അതേ ഗൗരവത്തോടെയും ഉത്സാഹത്തോടെയും വേണം സ്വന്തം കൂട്ടത്തില്‍നിന്നും ഇറങ്ങിപ്പോയവരെ തിരഞ്ഞുപിടിച്ച് തിരികെ കൊണ്ടുവരേണ്ടത്.

യേശുവിന്‍റെ കാലത്തുള്ള മതനേതൃത്വത്തിനെതിരായ പരോക്ഷവിമര്‍ശനം കൂടിയാണ് മത്തായിയിലെ ഉപമ. എസെക്കിയേല്‍ 34-ല്‍ ഇസ്രായേലിലെ ഇടയന്മാര്‍ക്കെതിരെയുള്ള ദൈവത്തിന്‍റെ കുറ്റാരോപണമുണ്ട്: "ദുര്‍ബലമായതിന് നിങ്ങള്‍ ശക്തി കൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെ കൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല."  യേശുവിന്‍റെ ഇടയസങ്കല്പം ഇതിന്‍റെ വിപരീത ധ്രുവത്തിലാണ്.

ഇടയന്‍ നൂറാമത്തെ ആടിനെ തേടിപ്പോയപ്പോള്‍ ബാക്കി തൊണ്ണൂറ്റൊന്‍പതിനും എന്തുപറ്റിയെന്ന രീതിയിലുള്ള ചിന്തകള്‍ ഉപമയുടെ മര്‍മ്മം കാണാതെ പോകുന്നതുകൊണ്ടു സംഭവിക്കുന്നതാണ്. ഒരു ഉപമയും അത് അനുവദിക്കുന്ന പരിധികള്‍ക്കപ്പുറത്തേയ്ക്ക് വലിച്ചുനീട്ടാന്‍ പാടുള്ളതല്ല. കാണാതെപോയ നാണയത്തിന്‍റെ ഉപമയിലെ സ്ത്രീ ബാക്കി ഒന്‍പതു നാണയങ്ങളും കളഞ്ഞുകുളിച്ചെന്നോ, ധൂര്‍ത്തപുത്രന്‍റെ ഉപമയിലെ പിതാവ് മൂത്തവനെ വേണ്ടെന്നു വച്ചെന്നോ നമുക്കു കരുതാനാകില്ലല്ലോ. അതേ രീതിയില്‍, ആടിന്‍റെ ഉപമയില്‍ നിന്ന് ഇടയന്‍ ബാക്കി 99 ആടുകളെ ഉപേക്ഷിച്ചുകളഞ്ഞുവെന്ന നിഗമനത്തില്‍ എത്താനാകില്ല. ഈ ഉപമയില്‍ തൊണ്ണൂറ്റൊന്‍പത് ആടുകളല്ല കേന്ദ്രകഥാപാത്രം. അതുകൊണ്ടുതന്നെ അവയെ ചുറ്റിപ്പറ്റിയുള്ള ചിന്തകള്‍ അസംഗതമാണ്.

ഒരേ ആശയം പങ്കുവയ്ക്കുന്ന ഇരട്ട ഉപമകള്‍ സുവിശേഷങ്ങളില്‍ നാം കാണുന്നുണ്ട്. കടുകുമണിയും പുളിമാവും (മത്താ. 13:31-33; ലൂക്കാ 13: 18-20), വയലിലെ നിധിയും രത്നവും(മത്താ. 13: 44-46) എന്നിവ ഉദാഹരണങ്ങളാണ്. ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന ഒരു പ്രത്യേകത, പുരുഷനെക്കുറിച്ചുള്ള ഒരു ഭാഗമുണ്ടെങ്കില്‍, പലപ്പോഴും തൊട്ടടുത്ത ഭാഗം സ്ത്രീയെക്കുറിച്ചായിരിക്കും. ഉദാഹരണത്തിന് സഖറിയായും എലിസബത്തും (1 : 6-7), ശിമയോനും അന്നായും (2;25-38) സറെപ്തായിലെ വിധവയും സിറിയക്കാരന്‍ നാമാനും (4: 26, 27), കഫര്‍ണാമിലെ ശതാധിപനും നായിനിലെ വിധവയും(7:1-17).

കാണാതെ പോയ ആടും കാണാതെ പോയ നാണയവും ഒരേ ആശയമാണല്ലോ മുന്നോട്ടുവയ്ക്കുന്നത്. ആദ്യത്തെ കഥയില്‍ യേശു ദൈവത്തെ ഇടയനോടാണ് ഉപമിക്കുന്നതെങ്കില്‍, രണ്ടാമത്തേതില്‍ ഒരു സ്ത്രീയോടാണ് ദൈവത്തെ ഉപമിക്കുന്നത്. നാണയം കിട്ടിക്കഴിയുമ്പോള്‍ ആ സ്ത്രീ വിളിച്ചുകൂട്ടുന്നവരെല്ലാം സ്ത്രീകളാണ് (ഗ്രീക്കുഭാഷയില്‍ സ്ത്രീലിംഗത്തിലാണ് കൂട്ടുകാരെയും അയല്‍വാസികളെയും കുറിച്ച് പറഞ്ഞിരിക്കുന്നത്).

അക്കാലത്തെ വീടുകളില്‍ കാര്യമായി വെളിച്ചം കടക്കുമായിരുന്നില്ല. തറകള്‍ മിക്കവയും കല്ലുപാകിയവയായിരുന്നു. അവയുടെ വിടവുകള്‍ക്കിടയില്‍ നാണയം വീണാല്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഉപമയിലെ സ്ത്രീ വിളക്കുകൊളുത്തി, വീട് അടിച്ചുവാരി, ഉത്സാഹത്തോടെ നാണയത്തെ അന്വേഷിക്കുന്നത്. ദൈവം ഇത്തരമൊരു സ്ത്രീ കണക്കെയാണ്. ഏശയ്യാ 66:13 ല്‍ യഹോവ പറയുന്നത്, അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും, നീ സാന്ത്വനം അനുഭവിക്കും എന്നാണ്. ഈ അമ്മത്വം തന്‍റെ ദൈവത്തിലുണ്ട് എന്നാണ് യേശുവിന്‍റെ ഉപമ പഠിപ്പിക്കുന്നത്.    

ഉപസംഹാരം

യേശു ഉത്ഘാടനം ചെയ്ത ദൈവരാജ്യത്തില്‍ പ്രവേശിച്ചവരും അതില്‍നിന്ന് പുറത്തായവരും ആരൊക്കെ എന്നതു നമ്മെ ഒരേ സമയം അത്ഭുതപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ ആസ്വദിക്കാതെ പോകുകയും ക്ഷണിക്കപ്പെടാത്തവര്‍ ആസ്വദിക്കുകയും ചെയ്ത ഒരു വിരുന്നൊരുക്കിയവന്‍റെ നിലപാടുകളുടെ സൗന്ദര്യവും വെല്ലുവിളിയും വ്യക്തവും ലളിതവുമായി പ്രതിപാദിക്കുന്നവയാണ് ലൂക്കാ 15-ലെ നാം പരിഗണിച്ച ഇരട്ട ഉപമകള്‍.

ദൈവത്തിന്‍റെ കാരുണ്യത്തോടൊപ്പം മനുഷ്യന്‍റെ പിറുപിറുപ്പും ലൂക്കാ 15 ന്‍റെ പിന്നാമ്പുറത്തുണ്ട്. ലൂക്കാ 15-ാം അധ്യായം തുടങ്ങുന്നത് ഇങ്ങനെയാണ്: "ചുങ്കക്കാരും പാപികളുമെല്ലാം അവന്‍റെ വാക്കുകള്‍ കേള്‍ക്കാന്‍ അടുത്തുവന്നുകൊണ്ടിരുന്നു. ഫരിസേയരും നിയമജ്ഞരും പിറുപിറുത്തു." ലൂക്കാ 15-ാം അദ്ധ്യായത്തിന്‍റെ ഒടുക്കം ധൂര്‍ത്തപുത്രനോട് അലിവുകാണിച്ച അപ്പനോട് മൂത്തപുത്രന്‍ പിറുപിറുക്കുന്നതായി നാം വീണ്ടും വായിക്കുന്നു. ചുരുക്കത്തില്‍ യേശുവിന്‍റെ കാരുണ്യത്തില്‍നിന്നും പുറത്തുപോകുന്നത് അത് അംഗീകരിക്കാത്തവരാണ്. എല്ലാ കല്പനകളും പാലിക്കുമ്പോഴും അവര്‍ സ്വയം യേശുവിന്‍റെ ദൈവരാജ്യത്തില്‍നിന്നും പുറത്താകുന്നു. ദൈവം സ്നേഹിക്കുന്നവരെ സ്നേഹിക്കാത്തവരുടെ അവസാനം പിറുപിറുപ്പായിരിക്കും.

You can share this post!

നല്ല സമരിയാക്കാരന്‍

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

ജപമാല മാസം

ഡോ. എം.ഏ. ബാബു
Related Posts