news-details
വേദ ധ്യാനം

നല്ല സമരിയാക്കാരന്‍

ലൂക്കായുടെ പത്താം അധ്യായത്തിലെ വിശ്വവിഖ്യാതമായ ഉപമയാണ് ഇവിടെ നാം പരിഗണിക്കുന്നത്.

ചില പശ്ചാത്തല വ്യത്താന്തങ്ങള്‍

ജറൂസലെമില്‍നിന്നു ജറീക്കോയിലേക്കു പോയ ഒരു യഹൂദനാണല്ലോ മുറിവേറ്റു വഴിയില്‍ കിടന്നത്. ജറുസലെം സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2600 അടി മുകളിലുള്ള സ്ഥലമാണ്. ജറീക്കോയാകട്ടെ ഏകദേശം 550 അടി സമുദ്രനിരപ്പില്‍നിന്ന് താഴെയുള്ള പ്രദേശവുമാണ്. ഈ രണ്ടു പ്രദേശങ്ങള്‍ക്കിടയിലുള്ള ദൂരം ഏകദേശം 18 മൈലാണ്. അപ്പോള്‍ ഓരോ മൈലിനും 191 അടി ചെരിവുള്ള കുത്തനെയുള്ള ഒരു റോഡിലാണ് ഉപമയിലെ സംഭവങ്ങള്‍ നടക്കുന്നത്. കൊള്ളക്കാര്‍ക്കും മറ്റും പല ഒളിസങ്കേതങ്ങളുമുള്ള, അപകടം എവിടെയും പതിയിരിക്കുന്ന ഒരു സഞ്ചാരപഥമായിരുന്നു അത്. വഴിയോരങ്ങളിലെ സത്രങ്ങളും സുരക്ഷിതമൊന്നുമായിരുന്നില്ല. എങ്കിലും രാത്രിവിശ്രമത്തിനു മറ്റിടങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് അവ മാത്രമായിരുന്നു യാത്രികരുടെ ശരണം. സമരിയാക്കാരന്‍ സത്രം സൂക്ഷിപ്പുകാരനെ ഏല്പിച്ച രണ്ടു ദനാറ, രണ്ടാഴ്ചത്തെ ചെലവിനു തികയുമായിരുന്നു.

സമരിയാക്കാര്‍ - ചില അവശ്യസൂചനകള്‍

ഉപമയിലെ പുരോഹിതരെക്കുറിച്ചും ലേവായനെക്കുറിച്ചും അധികം പറയേണ്ടതില്ലല്ലോ. ദേവാലയത്തെ ചുറ്റിപ്പറ്റി ജീവിതം കൊണ്ടുനടന്നവരാണ് ഇരുവരും. ആരായിരുന്നു  സമരിയാക്കാര്‍? സോളമന്‍റെ ഭരണശേഷം ബി. സി. 922-ല്‍ വടക്കും (ഇസ്രായേല്‍) തെക്കുമായി (യൂദാ) രാജ്യം വിഭജിക്കപ്പെടുന്നുണ്ട്. ബി.സി. 722-ല്‍ അസ്സീറിയക്കാര്‍ ഇസ്രായേലിനെ കീഴ്പ്പെടുത്തി,  ആ പ്രദേശം കോളനൈസ് ചെയ്യുന്നുണ്ട്. തുടര്‍ന്ന്, 2 രാജാ. 17:24-34ല്‍ വായിക്കുന്നതുപോലെ, അസ്സീറിയക്കാര്‍ ഇസ്രയേല്യരുമായി അടുത്ത ബന്ധം പുലര്‍ത്തി ഉടലെടുത്തവരാണ് സമരിയാക്കാര്‍. സ്വന്തം നാടിനെയും രക്തത്തെയും മലീമസമാക്കിയതുകൊണ്ട് സമരിയാക്കാരോട് യൂദാനിവാസികള്‍ക്ക് കടുത്ത പകയുണ്ടായിരുന്നു.

സമരിയാക്കാര്‍ പഞ്ചഗ്രന്ഥി മാത്രം അംഗീകരിച്ചിരുന്നവരും ഗെരിസിംമലയിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചിരുന്നവരുമായിരുന്നു. വിപ്രവാസാനന്തര(ബി. സി. 587) യൂദായില്‍ ജറുസലെം ദേവാലയം പുനരുദ്ധരിക്കാന്‍ ശ്രമങ്ങള്‍ നടന്നപ്പോള്‍ സമരിയാക്കാര്‍ അതിനു വലിയ തടസ്സമുണ്ടാക്കിയെന്ന് എസ്രാ-നെഹമിയാ പുസ്തകങ്ങളില്‍ നിന്നു നമുക്കു മനസ്സിലാകും. അന്ത്യോകസ് എപ്പിഫാനസ് എന്ന വിജാതീയരാജാവിന്‍റെ യഹൂദവേട്ടയാടലിനും ചൂഷണത്തിനും എതിരായിട്ടാണല്ലോ മക്കബായന്‍ വിപ്ലവം അരങ്ങേറുന്നത്. എന്നാല്‍ സമരിയാക്കാര്‍ എപ്പിഫാനസിനോടു ചങ്ങാത്തം പുലര്‍ത്താനാണു നോക്കിയത്. ഗെരിസിംമലയിലെ തങ്ങളുടെ ദേവാലയത്തെ ഗ്രീക്കുദൈവമായ സേവൂസിന്‍റെ ക്ഷേത്രമെന്ന് സമരിയാക്കാര്‍ പേരുമാറ്റം നടത്തിയെന്നു 2 മക്കബായര്‍ 6:2ലും ഫ്ളാവിയൂസ് ജൊസേഫുസിന്‍റെ ചരിത്രത്തിലും നാം വായിക്കുന്നുണ്ട്. എ. ഡി. 9-ലെ പെസഹാത്തിരുനാളിന് സമരിയാക്കാര്‍ ജറൂസലെം ദേവാലയത്തില്‍ എല്ലുകള്‍ വിതറി, അവിടം അശുദ്ധമാക്കിയെന്നും ജൊസേഫുസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നൂറ്റാണ്ടുകളായി നിലനിന്ന ഈ കുടിപ്പകയുടെ പ്രതിധ്വനികള്‍ പഴയനിയമത്തിലും ഇതര യഹൂദഗ്രന്ഥങ്ങളിലും നമുക്കു കേള്‍ക്കാനാകും. ചില ഉദാഹരണങ്ങള്‍:

(a) പ്രഭാഷകന്‍ 50:25-26:- "രണ്ടു ജനതകള്‍ നിമിത്തം ഞാന്‍ ക്ലേശിക്കുന്നു, മൂന്നാമത്തേത് ജനതയേയല്ല. സെയിര്‍ മലയില്‍ വസിക്കുന്നവരും ഫിലിസ്ത്യരും ഷെക്കെമിലെ മൂഢജനതയും." സെയിര്‍ മേഖലയില്‍ താമസിച്ചിരുന്നവര്‍ ഏദോമ്യരായിരുന്നു. സമരിയാക്കാരുടെ ഗെരിസിം ദേവാലയത്തിനു സമീപത്തുള്ള ഒരു പ്രധാനപട്ടണമായിരുന്നു ഷെക്കം. അപ്പോള്‍, ഒരു ജനതയെന്നുപോലും പ്രഭാഷകന്‍റെ പുസ്തകം ഗണിക്കാത്ത മൂഢന്മാരായിരുന്നത്രേ സമരിയാക്കാര്‍.

(b)  യഹൂദഗ്രന്ഥമായ മിഷ്നായില്‍ പറയുന്നത് സമരിയാക്കാരി പെണ്‍കുട്ടികള്‍ക്കു പിള്ളത്തൊട്ടില്‍ തൊട്ട് മാസമുറ തുടങ്ങുമെന്നും അതുകൊണ്ട് അവര്‍ അശുദ്ധരാണെന്നുമാണ്! സമരിയാക്കാരുടെ നിഴല്‍ വീണാല്‍പോലും അശുദ്ധിയുണ്ടാകുമെന്ന് ബാബിലോണിയന്‍ താല്‍മുദില്‍ പറയുന്നു. സമരിയാക്കാരുടെ ഭക്ഷണം കഴിക്കുന്നത് പന്നിമാംസം കഴിക്കുന്നതിനു തുല്യമാണെന്നു പറയുന്ന മിഷ്നാപാഠവും സമരിയാക്കാരനെ കൊല്ലുന്ന യഹൂദനു വധശിക്ഷ നല്കാന്‍ പാടില്ലെന്ന താല്‍മുദ് പാഠവും ഉണ്ട്.

സമരിയാക്കാരോടുള്ള യഹൂദരുടെ പൊതുവികാരം എന്തായിരുന്നുവെന്ന് ഇവയില്‍നിന്നൊക്കെ വ്യക്തമാണല്ലോ.

മൃതദേഹത്തെ സ്പര്‍ശിക്കുന്നത് അശുദ്ധമോ?

വഴിയരുകില്‍ അര്‍ധപ്രാണനായി കിടന്നവനെ(ലൂക്കാ 10:30) കണ്ടപ്പോള്‍ മരിച്ചവനായി പുരോഹിതനും ലേവായനും ധരിച്ചുവെന്നും മൃതദേഹസംബന്ധിയായ ചില പഴയനിയമ പഠിപ്പിക്കലുകള്‍ കൊണ്ടാണ് അവര്‍ ഇരുവരും വഴിമാറിപ്പോയതെന്നും പൊതുവെ ഒരു വ്യാഖ്യാനമുണ്ട്. "അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്ധ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനു ... മായവന്‍ ... ശവശരീരങ്ങള്‍, സ്വന്തം മാതാവിന്‍റെയോ പിതാവിന്‍റെയോ തന്നെയായാലും, സ്പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്ധനാക്കുകയോ അരുത്" (ലേവ്യര്‍ 21: 10-11). സമാനമായ കാഴ്ചപ്പാടുകള്‍ ലേവ്യര്‍ 22-ലും എസെക്കിയേല്‍ 44-ലും നമുക്കു കാണാനാകും. അതേസമയം തോബിത്തിന്‍റെ പുസ്തകം മൃതദേഹം മറവുചെയ്യുന്നത്  ഒരു പുണ്യകര്‍മ്മമായിട്ടാണു പരിഗണിക്കുന്നത്(തോബിത്ത് 1:16-19). ഇത്തരം വിരുദ്ധ അഭിപ്രായങ്ങള്‍ ഉള്ളതുകൊണ്ട് മൃതദേഹത്തെ സംബന്ധിച്ച പഴയനിയമ നിലപാട് ഏതെന്ന് അസന്ദിഗ്ദ്ധമായി പറയുക വയ്യ.

ഉപമയിലെ മുറിവേറ്റവനെ കണ്ട ഓരോരുത്തരുടെയും പ്രതികരണം ശ്രദ്ധിക്കേണ്ടതാണ്: പുരോഹിതന്‍ മറുവശത്തുകൂടെ കടന്നുപോകുന്നു; ലേവായന്‍ അതുവഴി കടന്നുപോകുന്നു; സമരിയാക്കാരനാകട്ടെ അവിടേയ്ക്കു കടന്നുചെല്ലുന്നു. ശുദ്ധി-അശുദ്ധിയെക്കുറിച്ചുള്ള ചിന്തകളേക്കാള്‍ കൊള്ളക്കാരുടെ ആക്രമണത്തെക്കുറിച്ചുള്ള ഭയമാകാം പുരോഹിതനിലും ലേവായനിലും നിറഞ്ഞത്. മുറിവേറ്റവന്‍റെ കാഴ്ച തങ്ങളെക്കുറിച്ചുള്ള ആകുലത അവരില്‍ നിറയ്ക്കുകയാണ്; എന്നാല്‍ അതേ കാഴ്ച മുറിവേറ്റവനെക്കുറിച്ചുള്ള ആകുലതയാണ് സമരിയാക്കാരനില്‍ നിറയ്ക്കുന്നത്.

ഉപമയുടെ പശ്ചാത്തലം

സുപ്രധാന കല്പനകള്‍ ഏതെന്നു കൃത്യമായി യേശു പഠിപ്പിക്കുന്നതായിട്ടാണു മര്‍ക്കോസ് 12-ലും മത്തായി 22-ലും നാം കാണുന്നത്. അവ, ദൈവത്തെ സര്‍വോപരി സ്നേഹിക്കുക, അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുക എന്നിവയാണല്ലോ. എന്നാല്‍ ലൂക്കായില്‍ നാം മറ്റൊന്നാണു കാണുന്നത്. നല്ല സമരിയാക്കാരന്‍റെ ഉപമയ്ക്കു തൊട്ടുമുമ്പാണ് ഈ കല്പനകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവ പക്ഷേ പറയുന്നത് യേശുവല്ല, ഒരു നിയമപണ്ഡിതനാണ്(ലൂക്കാ 10:25-27). യേശു പഠിപ്പിച്ചുവെന്നു മര്‍ക്കോസും മത്തായിയും രേഖപ്പെടുത്തിയ കല്പനകള്‍ ഒരു നിയമപണ്ഡിതനെക്കൊണ്ടു ലൂക്കാ പറയിപ്പിച്ചതാണെന്നു കരുതുന്നതില്‍ വലിയ സാംഗത്യമില്ല, തെളിവുകളുമില്ല. മര്‍ക്കോസും മത്തായിയും ഒരേ  സന്ദര്‍ഭത്തെക്കുറിച്ചു പറയുമ്പോള്‍ ലൂക്കാ മറ്റൊന്നിനെക്കുറിച്ചാണു പറയുന്നതെന്നു കരുതുന്നതാണ് കൂടുതല്‍ യുക്തിഭദ്രം.

ദൈവത്തെ സര്‍വശക്തിയോടെ സ്നേഹിക്കണമെന്ന കല്പന നിയമാവര്‍ത്തനം 6:4-9 ലാണുള്ളത്. അയല്‍ക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണമെന്നതു ലേവ്യര്‍ 19:18ലും. ഇവ  രണ്ടും ഒരുമിച്ചു ചേര്‍ത്ത് സുപ്രധാന കല്പനകളായി പഠിപ്പിക്കുന്ന രീതി റബ്ബിനിക് എഴുത്തുകളില്‍ നമുക്കു കാണാനാകും. അതിനര്‍ത്ഥം, യേശുവല്ല ഈ സുപ്രധാനകല്പനകളുടെ ഉപജ്ഞാതാവ് എന്നതാണല്ലോ. അവ അന്നത്തെ റബ്ബിനിക് പാരമ്പര്യത്തിന്‍റെ ഭാഗമാണ്. അതിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ള ഒരാളായിരുന്നിരിക്കണം യേശുവുമായി സംസാരിക്കുന്ന നിയമപണ്ഡിതന്‍. അങ്ങനെയാകണം യേശുവിന്‍റെ ശിഷ്യനല്ലാതിരിക്കെത്തന്നെ യേശു പഠിപ്പിച്ച അതേ കാര്യം അദ്ദേഹവും പറയുന്നത്. ദൈവത്തെയും അയല്ക്കാരനെയും സ്നേഹിക്കുന്നതാണ് നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും കേന്ദ്രപ്രമേയമെന്ന് യേശുവും ശിഷ്യഗണവും മാത്രമല്ല, യഹൂദസമൂഹം മുഴുവനും അംഗീകരിച്ചിരുന്നു എന്ന് ഇവയില്‍ നിന്നൊക്കെ വ്യക്തമാണല്ലോ.

പക്ഷേ പ്രശ്നം ഈ അയല്ക്കാരന്‍ ആരെന്നുള്ളതാണ്. സമരിയാക്കാരനെ അയല്ക്കാരനായി ഗണിക്കാനാകുമോ? അവരോടുള്ള യഹൂദന്മാരുടെ നിലപാട് മുകളില്‍ ഒന്നു സൂചിപ്പിച്ചതാണ്. ആ സൂചനകളോട് ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കട്ടെ. നിന്‍റെ അയല്ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്ന ലേവ്യ. 19:18- ലെ വാക്യത്തെ എങ്ങനെ പ്രയോഗതലത്തില്‍ കൊണ്ടുവരാമെന്ന് അക്കാലത്തെ ഒരു റബ്ബി നാഥാന്‍ വിശദീകരിക്കുന്നുണ്ട്: "നിന്‍റെ ജനതയെപ്പോലെ പെരുമാറുന്ന ഒരാളാണെങ്കില്‍ നീ അവനെ സ്നേഹിക്കണം; അങ്ങനെയല്ലെങ്കില്‍ അവനെ സ്നേഹിക്കാന്‍ പാടുള്ളതല്ല." പ്രഭാഷകന്‍റെ പുസ്തകം(12:7) നല്ലവനെ മാത്രമേ സഹായിക്കാവൂ എന്നും പാപിയെ സഹായിക്കരുതെന്നും നിഷ്കര്‍ഷിക്കുന്നതാണ്. ചുരുക്കത്തില്‍, യേശുവിന്‍റെ കാലം അയല്ക്കാരന് കൃത്യമായ നിര്‍വചനം നല്കി, സ്നേഹത്തിന് അതിര്‍വരമ്പുകള്‍  പണിതുയര്‍ത്തിയിരുന്നു എന്നു വ്യക്തം. ഇതിന്‍റെ പശ്ചാത്തലത്തിലാണ് യേശുവിന്‍റെ ഉപമയുടെ ആഴവും മിഴിവും നമുക്കു വ്യക്തമാകുന്നത്.

ഉപമയുടെ സന്ദേശം

(a)യേശുവിനോടു നിയമജ്ഞന്‍റെ ചോദ്യം ആരാണ് എന്‍റെ അയല്ക്കാരന്‍ എന്നതാണല്ലോ. അയാള്‍ തേടുന്നത് അയല്ക്കാരന് ഒരു നിര്‍വ്വചനമാണ്. ആ നിര്‍വ്വചനത്തില്‍പ്പെടാത്ത ആരും അയല്ക്കാരനാകില്ലല്ലോ. ഈ ചോദ്യത്തിന് ഉത്തരമായിട്ടാണ് യേശു ഉപമ പറയുന്നത്. ഉപമയ്ക്കൊടുക്കം യേശുവിന്‍റെ മറുചോദ്യം മൂവരില്‍ ആരാണ് മുറിവേറ്റവന് അയല്ക്കാരനായിത്തീര്‍ന്നത് എന്നാണ്. തുടര്‍ന്ന് അവന്‍ പഠിപ്പിക്കുന്നു: "നീയും പോയി അതുപോലെ ചെയ്യുക." "ആരാണ് എന്‍റെ അയല്ക്കാരന്‍" എന്ന ചോദ്യത്തിനുത്തരം ഒരു മറുചോദ്യമാണ്: "നിനക്ക് അയല്ക്കാരനാകാന്‍ കഴിയുമോ?" നിയമജ്ഞന്‍റെ ചോദ്യം അയല്ക്കാരനെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോള്‍, യേശുവിന്‍റെ മറുചോദ്യം അത്തരം നിര്‍വ്വചനങ്ങളെ നിഷേധിക്കുകയാണ്. നിയമജ്ഞന്‍റെ ചോദ്യം സ്നേഹത്തിന് അതിര്‍വരമ്പുകള്‍ പണിയുമ്പോള്‍ യേശുവിന്‍റെ മറുചോദ്യം അവയെ ഉല്ലംഘിക്കുകയാണ്. നിയമജ്ഞന്‍റെ ചോദ്യം ചിലരെ അകത്തും ചിലരെ പുറത്തുമാക്കുമ്പോള്‍, യേശുവിന്‍റെ മറുചോദ്യം സകലരെയും അകത്താക്കുന്ന അയല്ക്കാരനാകാന്‍ നിനക്കാകുമോ എന്നാണ്. ഏഴു തവണയാണോ ക്ഷമിക്കേണ്ടത് എന്നു ചോദിച്ച് ക്ഷമക്ക്  പത്രോസ് പരിധിയിടാന്‍ ശ്രമിക്കുമ്പോള്‍ അത്തരം പരിധികളെ യേശു എടുത്തുകളഞ്ഞ അതേ പാറ്റേണിലാണ് ഇവിടെയും ഉത്തരം. അയല്ക്കാരന്‍ നിര്‍വ്വചിക്കപ്പെടേണ്ട ഒരാളേയല്ല. കാതലായ ചോദ്യം ഇതാണ്: "ആര്‍ക്കൊക്കെ അയല്ക്കാരനാകാന്‍ നിനക്കു മനസ്സുണ്ട്?"

(b) ഒരു യഹൂദപശ്ചാത്തലത്തിലാണല്ലോ ഉപമ അവതരിപ്പിക്കപ്പെടുന്നത്. ചോദ്യകര്‍ത്താവ് യഹൂദന്‍, മറുപടി നല്കുന്നയാള്‍ യഹൂദന്‍, ചുറ്റും നിന്നു കേള്‍ക്കുന്നവരെല്ലാം യഹൂദര്‍, കഥയിലെ എല്ലാ കഥാപാത്രങ്ങളും യഹൂദര്‍, പക്ഷേ മാതൃക ഒരു സമരിയാക്കാരന്‍! പുരോഹിതനും ലേവായനും ശേഷം കേള്‍വിക്കാര്‍ ന്യായമായും പ്രതീക്ഷിച്ചിരിക്കാന്‍ സാധ്യതയുള്ള കഥാപാത്രം ഒരു സാധാരണ യഹൂദനെയാകണം. എന്നിട്ടും സമരിയാക്കാരനെ യേശു കൊണ്ടുവരുന്നത് വളരെ ബോധപൂര്‍വമാണ്. ഈ ഉപമ നാം വായിക്കുന്നത് ലൂക്കാ 10-ാം അധ്യായത്തിലാണല്ലോ. അതിനു തൊട്ടുമുമ്പുള്ള അധ്യായത്തില്‍(9:51-56) യേശുവിനെ സമരിയാക്കാരുടെ ഗ്രാമം തിരസ്കരിച്ചതായും ആ ഗ്രാമത്തെ തീയിട്ടു നശിപ്പിക്കാന്‍ യാക്കോബും യോഹന്നാനും ആഗ്രഹിച്ചതായും നാം വായിക്കുന്നുണ്ട്. തന്നെ തിരസ്കരിച്ച ഒരാളെത്തന്നെ യേശു മാതൃകാ കഥാപാത്രമായി അവതരിപ്പിക്കുമ്പോള്‍, മനുഷ്യമനസ്സിലെ എല്ലാ മതിലുകളെയും തൂത്തെറിയാനുള്ള ക്ഷണം തന്നെയാണത്.

യഹൂദചരിത്രത്തില്‍, സമരിയാക്കാരുമായുള്ള പകയുടെ കഥകളും സംഭവങ്ങളും എത്ര വേണമെങ്കിലുമുണ്ട്. അതിന് ഒരൊറ്റ അപവാദം 2 ദിനവൃത്താന്തം 28: 8-15ല്‍ നാം കാണുന്നുണ്ട്. വടക്കുഭാഗത്തുള്ള സമരിയാക്കാര്‍ തെക്കുഭാഗത്തുള്ള തടവിലാക്കപ്പെട്ട യൂദാനിവാസികളോട് എത്ര കരുണയോടെയാണ് ഇടപെട്ടതെന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്: "പ്രത്യേകം നിയുക്തരായ ആളുകള്‍ തടവുകാരെ ഏറ്റെടുത്തു; കൊള്ളമുതലില്‍നിന്ന് ആവശ്യമായവ എടുത്തു നഗ്നരായവരെ ഉടുപ്പിച്ചു; ചെരിപ്പു ധരിപ്പിച്ചു; അവര്‍ക്കു ഭക്ഷണപാനീയങ്ങള്‍ നല്കി;  തൈലം പൂശി; തളര്‍ന്നവനെ കഴുതപ്പുറത്തു കയറ്റി. അങ്ങനെ ... ജറീക്കോയില്‍ അവരുടെ സഹോദരരുടെ അടുത്തെത്തിച്ചു. അനന്തരം, അവര്‍ സമരിയായിലേക്കു മടങ്ങി." ഈ സമരിയാക്കാര്‍ ചെയ്തതും ഉപമയിലെ സമരിയാക്കാരന്‍ ചെയ്യുന്നതും ഏകദേശം ഒന്നാണെന്നതു വ്യക്തമാണല്ലോ. അതിനര്‍ത്ഥം, തനിക്കു നേരിട്ട തിരസ്കരണത്തിന്‍റെ കയ്പല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിലെ ഒരേടിന്‍റെ മധുരമാണ് യേശു കേള്‍വിക്കാരില്‍ നിറയ്ക്കാന്‍ ശ്രമിച്ചത് എന്നാണല്ലോ.

അങ്ങനെ ഈ ഉപമ നമ്മുടെ കാലത്തോട് ചിലതൊക്കെ പറയുന്നുണ്ട്. ഇതരമതസ്ഥര്‍ ക്രിസ്ത്യാനികളോടു ചെയ്തുകൂട്ടിയ നൂറുകണക്കിനു സംഭവങ്ങള്‍ നാമിന്നു സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പങ്കുവയ്ക്കുന്നുണ്ട്. അവരില്‍നിന്നൊക്കെ നമുക്കു ലഭിച്ച നല്ല കാര്യങ്ങളുടെ ഓര്‍മ്മകള്‍ എന്തുകൊണ്ടോ നമുക്കിടയില്‍ ഇടം കിട്ടാതെപോകുന്നു. ഭീകരവാദിയായ ഒരു ഇസ്ലാംമതവിശ്വാസിയെക്കുറിച്ചും വര്‍ഗീയവാദിയായ ഒരു ഹൈന്ദവനെക്കുറിച്ചും വാളെടുക്കുന്ന കമ്യൂണിസ്റ്റിനെക്കുറിച്ചും പറയാന്‍ നാം കാണിക്കുന്ന ആവേശം പ്രളയകാലത്ത് തന്‍റെ തുണിക്കടയിലെ തുണികള്‍ വെറുതെ വാരിക്കൊടുത്ത നൗഷാദിനെക്കുറിച്ചും 'നിത്യവിശുദ്ധയാം കന്യാമറിയമേ' എന്ന പാട്ട് കംപോസ് ചെയ്ത ദേവരാജന്‍ മാസ്റ്ററെക്കുറിച്ചും ഇവിടത്തെ ദുര്‍ഗന്ധത്തെ അകറ്റാനായി ഇളംകാറ്റായി വീശിക്കൊണ്ടിരിക്കുന്ന ഇളയിടം മാഷിനെക്കുറിച്ചും പറയാന്‍ നാം കാണിക്കുന്നില്ല. നല്ല സമരിയാക്കാരന്‍റെ കഥ പറഞ്ഞ യേശുവിന്‍റെ ശിഷ്യഗണത്തിന് നല്ല മുസ്ലീമിന്‍റെയും നല്ല ഹിന്ദുവിന്‍റെയും നല്ല കമ്യൂണിസ്റ്റിന്‍റെയും കഥകള്‍ എങ്ങനെ പറയാതിരിക്കാനാവും! മതിലുകളെ തൂത്തെറിയുന്ന അയല്ക്കാരനാകാതെ അവന്‍ വാഗ്ദാനം ചെയ്ത നിത്യജീവന്‍റെ അവകാശിയാകാന്‍ ഒരു ക്രിസ്തുശിഷ്യനും സാധിക്കുകയില്ല.

(c) "നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം" എന്ന നിയമജ്ഞന്‍റെ ചോദ്യത്തെ തുടര്‍ന്നാണല്ലോ നല്ല സമരിയാക്കാരന്‍റെ ഉപമ യേശു പറയുന്നത്. ഇത്തരം ചോദ്യങ്ങളോടുള്ള നമ്മുടെ സാധാരണ മറുപടി "യേശുവില്‍ വിശ്വസിക്കുക; നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും" എന്ന രീതിയിലുള്ളതാണല്ലോ. തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന ജനത്തിന്‍റെ ചോദ്യത്തിന് സ്നാപകയോഹന്നാന്‍ കൊടുത്ത മറുപടി ലൂക്കായിലുണ്ട്: "രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ളവനും അങ്ങനെ ചെയ്യട്ടെ"(ലൂക്കാ 3:11). ഇതേ മാതൃകയിലാണ് നിയമജ്ഞനും യേശു മറുപടി നല്കിയത്. വിശ്വാസസത്യങ്ങളോടു കാണിക്കുന്ന ആവേശം കാരുണ്യത്തിന്‍റെ പ്രവൃത്തികളില്‍ ഇല്ലെങ്കില്‍ അതു ക്രൈസ്തവികതയല്ലെന്ന് ഈ ഉപമ നിസ്സംശയം സ്ഥാപിക്കുന്നു. 

You can share this post!

ബൈബിള്‍ വ്യാഖ്യാനം - ഒരു ലഘുചരിത്രം

ഷാജി കരിംപ്ലാനില്‍
അടുത്ത രചന

വി. ഗ്രന്ഥം സ്വവര്‍ഗാനുരാഗികളോട് എന്തു പറയുന്നു?

ഷാജി കരിംപ്ലാനില്‍
Related Posts