ജീവിതം നിര്‍വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു സമസ്യയാണ്. അതു പൂരിപ്പിക്കാനുള്ള ശ്രമമാണ് ഓരോ ജീവിതവും. എന്താണ് ജീവിതം? ഈ ചോദ്യത്തിനു മുമ്പില്‍ നാം സന്ദേഹികളായി നിന്നുപോകുന്നു. ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്കു കടക്കുമ്പോള്‍ കാര്യങ്ങള്‍ കുറേക്കൂടി സങ്കീര്‍ണ്ണവും അതാര്യവുമാകുന്നു. മനുഷ്യവംശം ഭൂമിയില്‍ ജനിച്ചുവീണ നിമിഷം മുതല്‍ ഈ അന്വേഷണം തുടരുന്നു. ആന്തരികവും ബാഹ്യവും ഭൗതികവും ആത്മീയവുമായ ആരായലുകള്‍ ജീവിതത്തെക്കുറിച്ച് നാം നടത്തുന്നു. ആത്മീയദര്‍ശനങ്ങളും ഭൗതികവീക്ഷണങ്ങളും ജീവിതത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ ജീവിതത്തെപ്പറ്റി ഒന്നും ആലോചിക്കാതെ ഒഴുകിനീങ്ങുന്നവരാണ് കൂടുതലും. ഈ സംശയാസ്പദസാഹചര്യങ്ങളില്‍ നില്‍ക്കുമ്പോള്‍ ചിന്താശേഷിയുള്ളവര്‍ വീണ്ടും വീണ്ടും അര്‍ത്ഥാന്വേഷണത്തില്‍ മുഴുകുന്നു. ഇന്നത്തെക്കാലം, ഉത്തരാധുനികമെന്നു വിശേഷിപ്പിക്കുന്ന അവസ്ഥ ജീവിതത്തെക്കുറിച്ച് നിവര്‍ത്തിയിടുന്ന ധാരണകള്‍ എന്താണെന്നു കൂടി നാം അന്വേഷിക്കണം. വിപണിയുടെ സര്‍വാധിപത്യത്തിന്‍കീഴില്‍ ജീവിതത്തെക്കുറിച്ചുള്ള മുന്‍ധാരണകള്‍ കടപുഴകി വീഴുന്നു. നവമുതലാളിത്തത്തിന്‍റെ നീരാളിക്കൈകള്‍, വര്‍ണശബളമായ പ്രലോഭനങ്ങളിലൂടെ നാമറിയാതെ നമ്മില്‍ കടന്നുകയറുന്നു. നമ്മുടെ ആത്മാവിനെ കവര്‍ന്നെടുത്ത്, ചണ്ടിയാക്കുന്ന പ്രക്രിയ എങ്ങും അരങ്ങേറുന്നു. 'കടന്നുപോകുന്ന നിഴല്‍ മാത്രമായി ജീവിതം' മാറുന്നത് സ്വത്വശൂന്യതയുടെ ഈ അന്തരാളഘട്ടത്തിലാണ്.
നാം കല്പിച്ചുകൊടുക്കുന്ന പരിധിയില്‍നിന്ന് വഴുതിമാറി സീമാതീതമായ വിശാലതയിലേയ്ക്ക് ജീവിതത്തിന്‍റെ പൊരുളുകള്‍ വ്യാപിക്കുന്നു. സാന്ദ്രമായ അര്‍ത്ഥവ്യാപ്തികള്‍ വന്നു ചൂഴുമ്പോഴും ജീവിതം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഏവരും. ജനനം മുതല്‍ മരണംവരെയുള്ള പ്രയാണമാണ് ജീവിതമെങ്കില്‍ അതില്‍നിന്ന് എന്തര്‍ത്ഥമാണ് നാം നിര്‍ധാരണം ചെയ്യേണ്ടത്? 'ഇരുളില്‍നിന്ന് ഇരുളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍, അല്പകാലം വെളിച്ചത്തിന്‍റെ ലോകത്തിലുള്ള ചിറകടിയാണ് ജീവിത'മെങ്കില്‍ എന്താണതിന്‍റെ മൂല്യം? നാം എന്താണ് ലക്ഷ്യമാക്കേണ്ടത്? ജീവിതം സുന്ദരമാക്കാന്‍ എന്തെല്ലാമാണ് നാം അനുഷ്ഠിക്കേണ്ടത്? ഇപ്പോള്‍ നാം ജീവിക്കുന്നത് യഥാര്‍ത്ഥജീവിതമാണോ? ഇങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്. ഇത്തരം അന്വേഷണങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമായ ജീവിതത്തിന്‍റെ സമീപം നമ്മെ കൊണ്ടെത്തിച്ചേക്കാം.
ജീവിതം എന്നതുകൊണ്ട് മനുഷ്യജീവിതം മാത്രമല്ല നാം അര്‍ത്ഥമാക്കേണ്ടത്. ഈ പ്രപഞ്ചത്തിന്‍റെയും സര്‍വചരാചരങ്ങളുടെയും ജീവിതത്തോടു ചേര്‍ത്തു മാത്രമേ മനുഷ്യജീവിതത്തെ കണ്ടെത്താന്‍ സാധിക്കൂ. ഓരോന്നിന്‍റെയും വാഴ്വ് നമ്മുടെ ജീവിതവുമായി അത്രമേല്‍ ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു. ന്യൂനീകരണത്തിന്‍റെ കാലത്ത് അര്‍ത്ഥശോഷണം സംഭവിച്ചത് ഇത്തരം സമഗ്രധാരണകള്‍ക്കുകൂടിയാണ്.
'അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍' എന്ന് കുറിക്കുന്ന കുമാരനാശാന്‍ ഈ പൊരുളിലേക്കാണ് നമ്മെ നയിക്കുന്നത്. സ്വജീവിതം ധന്യമാകുന്നത് അന്യജീവനുകള്‍ക്ക് നന്മയായി ഭവിക്കുമ്പോഴാണ്. അന്യനിലേക്കു വ്യാപിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. മറ്റു മനുഷ്യരിലേക്ക്, പ്രകൃതിയിലേക്ക്, ജീവജാലങ്ങളിലേക്ക് പാലം പണിയുമ്പോള്‍ ജീവിതം അര്‍ത്ഥസാന്ദ്രമായ പ്രഭാവലയമുള്ളതായിത്തീരും. എന്നാല്‍ പുതിയ കാലം ജീവിതത്തെപ്പറ്റി മറ്റൊരു കാഴ്ചപ്പാടാണ് നമുക്കു മുന്‍പില്‍ ആവിഷ്കരിക്കുന്നത്. സ്വന്തം ജീവിതം, വിജയം ആണ് പ്രധാനമെന്ന് വര്‍ത്തമാനകാലം ഘോഷിക്കുന്നു. സ്വത്വമല്ല, ആസ്തി പ്രധാനമാകുന്ന കാലം. നീയാരാണ് എന്നല്ല, നിനക്കെന്തുണ്ട് എന്നു ചോദിക്കുന്ന ഭൗതികമാത്രവാദത്തിന്‍റെ ഇരുള്‍കാലം. 'അന്യന്‍ നരകമാകുന്നു' എന്ന ചിന്തയിലെത്തുന്നത് നിരങ്കുശമായ മാത്സര്യത്തിന്‍റെ അവസ്ഥയിലാണ്. വിവേകത്തിന്‍റെ സ്ഥാനത്ത് അവാച്യമായ തൃഷ്ണയുടെ ശക്തി നയിക്കുമ്പോള്‍ സമൂഹം എന്ന സങ്കല്പത്തിന് ക്ഷതം സംഭവിക്കുന്നു. അന്യോന്യം കൂട്ടിയിണക്കുന്ന ബന്ധങ്ങളുടെ ഊടുംപാവും ദൃഢമല്ലാതാകുമ്പോള്‍, നാം ആള്‍ക്കൂട്ടമായി മാറുന്നു. ആള്‍ക്കൂട്ടത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍ സ്വത്വവും ജീവിതവും അസ്തിത്വവും വിനഷ്ടമാകുന്നു. അപ്പോള്‍ മനുഷ്യര്‍ മുഖമില്ലാത്ത ഒപ്പുകളാകുന്നു. മനുഷ്യാസ്തിത്വത്തെ പരിമിതപ്പെടുത്തുന്ന, ന്യൂനീകരിക്കുന്ന നാഗരികതയാണ് ഇന്നു നിലനില്‍ക്കുന്നത്. ഭൗതികജീവിതത്തിലെ അതിജീവിനമെന്ന ഏകലക്ഷ്യത്തിലേക്ക് ജീവിതം ചുരുങ്ങുന്നു. ശരീരമാത്രജീവിയായി മാറുന്ന മനുഷ്യന്‍ ഭൗതികവിജയത്തിനുവേണ്ടി ആത്മാവ് നഷ്ടപ്പെടുത്തുന്നു. ഏകമുഖമായ യാത്രയായി ജീവിതം മാറുന്നു. ഏകമാനമനുഷ്യന്‍റെ പ്രയാണം ജീവിതമെന്നു വിളിക്കാന്‍ കഴിയാത്ത അതിജീവനം മാത്രമാകുന്നു. ജീവിതത്തില്‍നിന്ന് ലാഭകരമല്ലാത്തതെല്ലാം ചോര്‍ത്തിക്കളയുന്ന സംസ്കാരം നമ്മെ പരക്കംപായിക്കുന്നു. ജീവിതം ഓട്ടമത്സരമായി മാറുമ്പോള്‍ വിജയവും തോല്‍വിയും മാത്രം മനസ്സില്‍... നാം വാരിക്കൂട്ടുന്ന സമ്പത്ത് നമ്മെ വിജയിപ്പിക്കുമെന്ന ധാരണ ഏവരിലും പടരുന്നു. ചിരഞ്ജീവികളെന്നപോലെയാണ് നാം പ്രകൃതിയെയും മനുഷ്യനെയും ചൂഷണം ചെയ്യുന്നത്. എത്രയോ തലമുറകള്‍ക്കുവേണ്ടിയുള്ള വിഭവങ്ങളാണ് നാം ആര്‍ത്തിയോടെ വാരിയെടുക്കുന്നത്. ടി.ജെ.എസ്. ജോര്‍ജ് 'ഒറ്റയാന്‍' എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ' ഏറ്റവും ലളിതമായ വാക്ക് നാം ഉച്ചരിക്കാതെ പോകുന്നു'. 'മതി' എന്നതാണ് ആ വാക്ക്; ഒരിക്കലും നാം പറയാത്ത വാക്ക്. ഇത്രയൊക്കെ മതി, ഇത്രവേഗം വേണ്ട എന്നെല്ലാം പറയാന്‍ കഴിയുന്നവര്‍ക്കു മാത്രമേ യഥാര്‍ത്ഥ സന്തോഷവും സമാധാനവും സൃഷ്ടിക്കാനാവൂ.
നാം ജീവിക്കുന്നത് നമ്മുടെ ജീവിതമല്ല. കുട്ടിക്കാലം മുതല്‍ നാം കേള്‍ക്കുന്നത് 'മറ്റുള്ളവരെപ്പോലെയാകുക' എന്നാണ്. ഏതെങ്കിലും രംഗത്ത് വിജയിച്ചവരെ ചൂണ്ടിക്കാട്ടി സമൂഹം വിജയിക്കാന്‍ ആഹ്വാനം ചെയ്യുന്നു. അങ്ങനെ മറ്റുള്ളവരുടെ വഴി നമുക്കുമുന്നില്‍ തെളിയുന്നു. സ്വന്തം വഴി കണ്ടെത്താതെ നാം മറ്റാരോ ആയി ജീവിക്കുന്നു. സ്വന്തം ജീവിതം അന്യമാകുന്നവന്‍റെ സ്വത്വം ആധികാരികമല്ല. ഏവരെയും ശരാശരിക്കാരാക്കുന്ന പ്രക്രിയയാണ് സാമൂഹ്യസ്ഥാപനങ്ങള്‍ നടപ്പിലാക്കുന്നത്. സ്വന്തം ജീവിതം ജീവിക്കാനുള്ള സ്വാതന്ത്ര്യവും ആത്മവിശ്വാസവും നേടിയെടുത്താല്‍ മാത്രമേ ആധികാരികസ്വത്വങ്ങള്‍ രൂപമെടുക്കൂ. റിച്ചാര്‍ഡ് ബാച്ചിന്‍റെ 'ജൊനാഥന്‍ ലിവിങ്സ്റ്റണ്‍ എന്ന കടല്‍ക്കാക്ക' എന്ന വിഖ്യാതകൃതിയിലെ ജൊനാഥന്‍ നമ്മെ പഠിപ്പിക്കുന്നത് ഈ ദര്‍ശനമാണ്. സ്വന്തം ജീവിതത്തിന്‍റെ സാധ്യതകള്‍ അന്വേഷിച്ച ജൊനാഥന്‍ തീറ്റതേടാന്‍ മാത്രം പറക്കുന്ന മറ്റു കടല്‍കാക്കകളില്‍നിന്ന് ഭിന്നനാണ്. സ്വന്തം ജീവിതത്തിന്‍റെ അര്‍ത്ഥം സ്വയം കണ്ടെത്തുന്നതിന്‍റെ വെല്ലുവിളികളും സന്ത്രാസങ്ങളും അവന്‍ നേരിട്ടു. ആരെയും മാതൃകയാക്കാതെ, ആത്മാവിന്‍റെ സ്വരം ശ്രവിച്ച് സഞ്ചരിച്ച ജൊനാഥന്‍ "തങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ട പ്രവൃത്തി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുകയെന്നതാണ് ജീവിതത്തില്‍ പ്രധാനം" എന്നു കണ്ടെത്തി. അങ്ങനെ അവന്‍ സ്വത്വസാധ്യതകള്‍ വിപുലമാക്കി. സ്വാതന്ത്ര്യമില്ലാത്തിടത്ത് വളര്‍ച്ചയില്ല, മൗലികതയില്ല. അടിമത്തം മനസ്സില്‍ പേറുന്നവര്‍ക്ക് സര്‍ഗാത്മകവികാസം അസാധ്യമാണ്. മതത്തിന്‍റെ, രാഷ്ട്രീയത്തിന്‍റെ, പ്രത്യയശാസ്ത്രത്തിന്‍റെയെല്ലാം നുകങ്ങള്‍ക്കു കീഴില്‍ അടിമത്തമനുഭവിക്കുന്നവര്‍ക്ക് ജീവിതം അര്‍ത്ഥശൂന്യമായ കടന്നുപോകല്‍ മാത്രമാണ്. കാലത്തിന്‍റെ ചുവരില്‍ തനതുമുദ്ര പതിപ്പിക്കുന്നവര്‍ സ്വാതന്ത്ര്യത്തിന്‍റെ ആകാശം കണ്ടെത്തിയവരാണ്. ഭൗതികവും മാനസികവും ആത്മീയവുമായ സ്വാതന്ത്ര്യമാണ് മനുഷ്യസാധ്യതകളെ പൂര്‍ണ്ണമായി വികസിപ്പിക്കുന്നത്. "അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തിലേക്കും സത്യത്തിലേക്കുമാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്" എന്നു ജൊനാഥന്‍ പറയുന്നത് സര്‍ഗാത്മകന്യൂനപക്ഷം മാത്രമേ കേള്‍ക്കുന്നുള്ളൂ. ബാക്കിയുള്ളവര്‍ക്ക് അടിമത്തം ഒരനുഗ്രഹമാണ്. സ്വന്തം ജീവിതം കണ്ടെത്താന്‍ അവര്‍ക്കു ഭയമാണ്. അങ്ങനെയാണ്, എഡ്വേഡോ ഗലിയാനോ വിശേഷിപ്പിക്കുന്ന 'വന്ധ്യതയുടെ സംസ്കാരം' ഇവിടെ പടരുന്നത്. സ്വത്വനഷ്ടം സംഭവിച്ചവരെക്കുറിച്ച് ഗലിയാനോ കുറിക്കുന്നതിപ്രകാരമാണ്:“You can’t walk with your own legs. You are not able to think with your own head. You cannot feel with your own heart, and so you are obliged to buy legs, heart, mind outside as import products. This is our worst enemy, I think”. സ്വന്തം കാലില്‍ നടക്കാത്തവന്, സ്വന്തം ശിരസ്സുകൊണ്ട് ചിന്തിക്കാത്തവന്, സ്വന്തം ഹൃദയം കൊണ്ട് അനുഭവിക്കാത്തവന് എങ്ങനെ സ്വന്തം ജീവിതം കണ്ടെത്താന്‍ കഴിയും? " നമ്മുടെ ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കേണ്ടത് നാം തന്നെയാണ്. അസ്തിത്വമുണ്ടായിരിക്കുക എന്നുപറഞ്ഞാല്‍ നിങ്ങളുടെതന്നെ ജീവിതത്തെ സൃഷ്ടിക്കുക എന്നാണ്"- 'സോഫിയുടെ ലോകത്തില്‍' ജസ്റ്റിന്‍ ഗാര്‍ഡ്നര്‍ എഴുതുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. നാം തന്നെയാണ് നമ്മുടെ ജീവിതത്തിന് അര്‍ത്ഥം പകരേണ്ടത്. അതാണ് നമ്മുടെ ജീവിതദൗത്യം. ഓരോരുത്തര്‍ക്കും കണ്ടെത്തേണ്ടത് ഓരോ ജീവിതമാണ്. ഒന്നു മറ്റൊന്നിനു പകരമാകുന്നില്ല. മറ്റാര്‍ക്കും നമുക്കുവേണ്ടി അന്വേഷണം നടത്താനാവില്ല. 'നീ തന്നെ നിനക്കു വിളക്കാകുക' എന്ന തഥാഗത നിര്‍ദ്ദേശത്തിന്‍റെ അര്‍ത്ഥം ഇതാണ്.
ടി.വി.ചന്ദ്രന്‍റെ പുതിയ സിനിമയാണ് 'ഭൂമിയുടെ അവകാശികള്‍'. അതിലെ ഒരു കഥാപാത്രം മനുഷ്യസമൂഹത്തെ 'നോണ്‍', 'അണ്‍നോണ്‍' എന്നു വിഭജിക്കുന്നു. എല്ലാം വെട്ടിപ്പിടിച്ച് ഭൗതികജീവിതവിജയത്തില്‍ മാത്രം വ്യഗ്രതപൂണ്ടിരിക്കുന്നവര്‍ 'നോണ്‍'. അത്തരം നേട്ടങ്ങളില്‍ നിന്നും വിജയങ്ങളില്‍ നിന്നും മാറിനടക്കുന്നവരാണ് 'അണ്‍നോണ്‍'. 'നോണ്‍' ആയിട്ടുള്ളവരില്‍ നിന്ന് നമുക്കൊന്നും പഠിക്കാനില്ല എന്നാണ് സംവിധായകന്‍ സൂചിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ തോല്‍വി തെരഞ്ഞെടുക്കുന്നവരില്‍ നിന്നാണ് നമുക്കു ചിലതു പഠിക്കാനുള്ളത്. ഇതു ജീവിതത്തെക്കുറിച്ചു തന്നെയുള്ള കാഴ്ചപ്പാടിന്‍റെ ഭാഗമാണ്. ജീവിതത്തെപ്പറ്റിയുള്ള ദര്‍ശനത്തിലെ വൈകല്യമാണ് നാമിന്നു കാണുന്ന പ്രശ്നങ്ങള്‍ക്കു കാരണമെന്നു സാമാന്യമായി പറയാം. യുദ്ധങ്ങളും അസ്വാസ്ഥ്യങ്ങളും അസമാധാനവും വിതച്ച് വലിയ ദുരന്തങ്ങള്‍ കൊയ്യുന്നത് 'നോണ്‍' ആയിട്ടുള്ളവരാണ്. 'അണ്‍നോണാ'യിട്ടുള്ളവര്‍ മാറിനില്‍ക്കുന്നു. അവര്‍ വേഗം കുറഞ്ഞവരാണ്. സുസ്ഥിരദര്‍ശനമാണ് അവര്‍ക്കു പിന്‍ബലം. അവര്‍ എല്ലാറ്റിനെയും ചേര്‍ത്തുനിര്‍ത്തുന്നവരാണ്. ശരിയായ ജീവിതദര്‍ശനത്തിലേക്കു നയിക്കുക എന്ന ദൗത്യമാണ് എല്ലാ സാമൂഹ്യസ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടത്.
മതവും രാഷ്ട്രീയവും ശാസ്ത്രവുമെല്ലാം ഏകമുഖമായി സഞ്ചരിക്കുകയാണ്. അവ പ്രസരിപ്പിക്കുന്ന ജീവിതദര്‍ശനം നിഷേധാത്മകമാകുമ്പോള്‍ സമൂഹവും അന്ധകാരയുഗത്തിലേക്കു കടക്കും. "ജീവിതം അര്‍പ്പണമാണ്, സേവനമാണ്, ദൈവസ്നേഹത്തിന്‍റെ ചെക്ക് മാറ്റിയെടുക്കേണ്ടത് അയല്‍ക്കാരനോടുള്ള സ്നേഹത്തിലാണ്" എന്ന വിളിച്ചുപറയുന്ന ഷീലാ കാസിഡി പുതിയൊരു അവബോധമാണ് പകര്‍ന്നുനല്കുന്നത്. ' അവബോധത്തിന്‍റെ ക്ഷീണകാല'ത്താണ് നാം ജീവിക്കുന്നത് എന്നതാണ് സത്യം. പുതിയൊരവബോധത്തിന്‍റെ ആവശ്യം നാം തിരിച്ചറിയുന്നു. ഈ ലോകത്തിന്‍റെ ഗതിയെ ജീവിതാവബോധത്തോടു കൂട്ടിയിണക്കുന്നതിലൂടെ ചിലതെല്ലാം തിരിച്ചെടുക്കാന്‍ കഴിഞ്ഞേക്കും.
ആത്മനവീകരണത്തിന്‍റെ സംസ്കാരത്തിലേക്കു നാം പ്രവേശിക്കേണ്ടതുണ്ട്. സത്താശൂന്യമായ അതിജീവനം അനിത്യമാണ്. അതില്‍നിന്ന് നിത്യമായ പൊരുളുകള്‍ അകന്നുപോകുന്നു. "ജീവിതം ഒരു വസ്തുവല്ല. രൂപം നല്‍കപ്പെടേണ്ട ഒരു സാധനവുമല്ല. അറിയണമെങ്കില്‍ പറയാം; ആത്മനവീകരണത്തിന്‍റെ തത്ത്വമാണത്. അതു തുടരെ നവീകരിക്കുകയും പുനര്‍നിര്‍മ്മിക്കുകയും മാറുകയും രൂപാന്തരപ്പെടുകയും ചെയ്യുന്നു" എന്ന് ബോറിസ് പാസ്റ്റര്‍നിക്ക് (ഡോ. ഷിവാഗോ) പറയുന്നത് ജീവിതമെന്ന പ്രക്രിയയെക്കുറിച്ചാണ്. നിരന്തരമായ ആത്മനവീകരണത്തിലൂടെ നവീകരിക്കുന്ന, പുനര്‍നിര്‍മ്മിക്കപ്പെടുന്നതാണ് ജീവിതം. ഓരോ കാലത്തിനും സ്വന്തം ജീവിതവും ലക്ഷ്യവുമുണ്ടാകണം. കാലത്തിന്‍റെ വീഥിയിലൂടെയുള്ള സര്‍ഗ്ഗാത്മകയാത്രയായി ജീവിതം മാറുന്നത് നവീകരണപ്രക്രിയയിലൂടെയാണ്. അതൊരവസ്ഥയല്ല, ആയിത്തീരലാണ്. നേരത്തെ തയ്യാറാക്കിയ ഉത്തരങ്ങള്‍ ഇവിടെ അസ്ഥാനത്താണ്. അത്തരം ഉത്തരങ്ങളുടെ വിതരണക്കാരെ ഒഴിവാക്കുകയാണ് അടിമയാകാതിരിക്കാനുള്ള വഴി. "ഇച്ഛാപൂര്‍വ്വമായ തെരഞ്ഞെടുപ്പിലൂടെ നിരവധി സാധ്യതകള്‍ക്കിടയില്‍ നിന്നും തന്‍റെ കര്‍മ്മപഥം കണ്ടെത്തേണ്ടതിന്‍റെ അനിവാര്യതയാണ് മനുഷ്യന് മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നും സവിശേഷത നല്കുന്നത്" (ഐന്‍ റാന്‍റ്). ഇച്ഛാപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സ്വത്വബോധമുള്ളവര്‍ക്കേ സാധിക്കൂ. ഈ കണ്ടെത്തലാണ് സ്വന്തം കര്‍മ്മപഥം നിര്‍ണ്ണയിക്കുന്നത്. നാം കണ്ടെത്തുന്നതാണ് നമ്മുടെ ജീവിതം എന്ന ബോധ്യം നമ്മെ ആധികാരികസ്വത്വത്തിന്നുടമകളാക്കുന്നു. അപ്പോള്‍ ജീവിതം സാധ്യതകളുടെ പൂവിടലായി മാറുന്നു.
അനുബന്ധം
“The purpose of the life is to be defeated by greater and greater things”- Rainer Maria Rilke.