മുംബൈയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ലോകവിവരങ്ങളുടെ കലവറകളാണ് എന്നു പറയാം. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ളവരാണ് അവര്‍. ചിലര്‍ വലിയ ദേഷ്യക്കാരും മറ്റു ചിലര്‍ നിശ്ശബ്ദരും. എന്നാലും ഏറിയ കൂറും വലിയ വാചകമടിക്കാരാണ്, പറ്റിയ ഒരു ചോദ്യം നാം ചോദിച്ചാല്‍ മതി.
കഴിഞ്ഞ രണ്ടു ദിവസങ്ങളായിട്ട്, ജീവിതവീക്ഷണങ്ങള്‍, മൂല്യങ്ങള്‍, രാഷ്ട്രീയം ഇവയെപ്പറ്റിയെല്ലാമുള്ള അവരുടെ സാമാന്യജ്ഞാനം ഞാന്‍ കേട്ടുകൊണ്ടിരിക്കുയായിരുന്നു.
മുംബൈയുടെ പ്രാന്തപ്രദേശമായ വസായിയില്‍ നിന്നുള്ള ചെറുപ്പക്കാരനായ ഒരു ടാക്സിഡ്രൈവര്‍ പറഞ്ഞത് ഇങ്ങനെയാണ്. ഒരു ഹിന്ദു ബ്രാഹ്മിന്‍ ആയിരുന്ന അയാള്‍ യേശുക്രിസ്തുവിനെ അതിയായി സ്നേഹിക്കുന്നു. ഇതെപ്പറ്റി കൂടുതല്‍ സംസാരിച്ചു തുടങ്ങും മുന്‍പേ അയാള്‍ മറ്റൊരു പ്രവചനം നടത്തി. "നരേന്ദ്രമോഡി തന്നെ ഇത്തവണ വിജയിക്കും." "മോഡിക്ക് നിങ്ങള്‍ വോട്ട് ചെയ്യുമോ.." ഞാന്‍ ചോദിച്ചു.. "എന്നില്ല" അയാള്‍ മറുപടി നല്‍കി. "പിന്നെ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.." "അരവിന്ദ് കേജ്രിവാള്‍" മറുപടി ഉടനെത്തി. "എന്തുകൊണ്ട്.." ഞാന്‍ വീണ്ടും ചോദിച്ചു. അയാള്‍ പറഞ്ഞത് ഇപ്രകാരമാണ്; താന്‍ കേജ്രിവാളിന്‍റെ അഭിമുഖങ്ങള്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. അതിലൂടെ അദ്ദേഹം നല്ലവനും വിശ്വസ്തനുമായ വ്യക്തിയാണെന്നു മനസ്സിലായി. അതിലുപരി അദ്ദേഹം വിദ്യാസമ്പന്നനും യോഗ്യനും നല്ല ഉദ്യോഗമുണ്ടായിരുന്നിട്ടും അത് അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ക്കായി ത്യജിച്ചവനുമാണ്. ഇത്തരക്കാരെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിനാവശ്യം എന്നതില്‍ അയാള്‍ക്ക് സംശയമേ ഇല്ല. അതുപോലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നനും ശക്തനുമായ ഒരാള്‍ക്കെതിരെ നില്‍ക്കാനുള്ള ധൈര്യം കാട്ടിയ ഏക മനുഷ്യനാണ് കേജ്രിവാള്‍ എന്നും ആ ചെറുപ്പക്കാരന്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടാമതായി ഞാന്‍ പറയുന്നത് ഒരു തമിഴനെക്കുറിച്ചാണ്. 35 വര്‍ഷമായി അയാള്‍ മുംബൈയില്‍ ജീവിക്കുന്നു. എല്ലാ ദിവസവും ഒരു ജനകീയ തമിഴ് ദിനപ്പത്രം മുടങ്ങാതെ വായിക്കുന്നുണ്ട്. മുംബൈയിലാണ് ഏറെനാളായി വാസം എങ്കിലും തമിഴ് രാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ ഒരു വീക്ഷണം അദ്ദേഹത്തിന് ഉണ്ടായിരുന്നു. 'അമ്മ' എല്ലാ വോട്ടുകളും തൂത്തുവാരും എന്നതില്‍ അയാള്‍ക്ക് സംശയമേയില്ല. കാരണം അവര്‍ പാവങ്ങളെ പരിപാലിക്കുന്നു. മാത്രവുമല്ല, ഹിന്ദു, മുസ്ലിം, ദലിത്, ക്രൈസ്തവര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അവര്‍ കാണിക്കുന്നുമില്ല.
പെണ്‍കുഞ്ഞുങ്ങളോട് താല്പര്യമില്ലാത്ത കുടുംബങ്ങളെ അവര്‍ വളരെയേറെ ഉദ്ബോധിപ്പിക്കുന്നുണ്ട് എന്നതാണ് ഏറ്റവും പ്രാധനം, അയാള്‍ തുടര്‍ന്നു. പെണ്‍കുഞ്ഞുങ്ങളുടെ പരിരക്ഷണത്തെ പ്രോത്സാഹിപ്പിക്കും വിധമുള്ള വിവിധ പദ്ധതികള്‍ അവര്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിനെപ്പറ്റി അയാള്‍ വിവരിച്ചു. ഒപ്പം പെണ്‍ ശിശുഹത്യകളെപ്പറ്റിയുള്ള ഗ്രാഫിക്കലായ ഒരു വിശദീകരണവും അയാള്‍ നല്‍കി. തന്നെയുമല്ല പെണ്‍കുട്ടികള്‍ കൂടുതല്‍ വിലയുള്ളവരായി കണക്കാക്കപ്പെടാന്‍ അവരുടെ പേരില്‍ നല്‍കപ്പെടുന്ന സാമ്പത്തിക ആനുകൂല്യങ്ങളുടെയും മുഴുവന്‍ ക്രെഡിറ്റും 'അമ്മ' യ്ക്കു തന്നെ.
ഇവര്‍, രണ്ടു ഓട്ടോ ഡ്രൈവര്‍മാരും പറഞ്ഞത് അഴിമതിയെക്കുറിച്ചും അതുപോലെ, പാവപ്പെട്ടവരെ സഹായിക്കാനും ശിശുഹത്യ നിയന്ത്രിക്കാനും സഹായകരമായ പദ്ധതികളെക്കുറിച്ചും ആണ്. 'അഴിമതി' ഇലക്ഷന്‍ സംസാരങ്ങളുടെ ഒരു ഭാഗമാണല്ലോ. സംസ്ഥാനമോ രാജ്യമോ ഭരിക്കുന്ന എല്ലാ പാര്‍ട്ടികളും പാവങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതികളെക്കുറിച്ച് പറയാറുമുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് നേരെ താഴേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളുടെ നിരക്കിനെക്കുറിച്ച് എന്താണ് നമുക്ക് പറയാനുള്ളത്?
ലോകത്തിലെ ഏറ്റവും വലിയ സാമ്പിള്‍ സര്‍വേ എന്നു വിശേഷിപ്പിക്കപ്പെട്ട, സെന്‍സസ് ഓഫ് ഇന്ത്യ നടത്തിയ വാര്‍ഷിക ആരോഗ്യസര്‍വ്വേ ഫലം ഈയിടെ പ്രസിദ്ധീകരിച്ചു. 20.94 ദശലക്ഷം ആള്‍ക്കാരെയും 9 സംസ്ഥാനങ്ങളിലെ 284 ജില്ലകളില്‍പ്പെട്ട 4.32 ദശലക്ഷം കുടുംബങ്ങളെയും ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ സര്‍വ്വേയില്‍ ശ്രദ്ധേയമായ പല വിവരങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ശിശുമരണങ്ങളുടെയും പ്രസവസമയത്തെ മരണങ്ങളുടെയും നിരക്ക്, ആണ്‍-പെണ്‍ ലിംഗാനുപാതം - ജനനസമയത്തെയും 0 മുതല്‍ 4 വയസ്സുവരെയുള്ള ശിശുക്കളുടെയും - ഇവ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നു.
സര്‍വ്വേഫലം അനുസരിച്ച് 284 ജില്ലകളില്‍ 84 ലും സ്ത്രീകളുടെ നിരക്ക് വളരെയേറെ താഴേയ്ക്ക് പോയിട്ടുണ്ട്. ഉത്തരാഖണ്ഡിലെ പിതോരാഗര്‍ഗ് പോലെയുള്ളയിടങ്ങളില്‍ ഈ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 767 പെണ്‍കുട്ടികള്‍ എന്ന നിലയിലായി താഴ്ന്നു. ഇത് വ്യക്തമാക്കുന്നത് ലിംഗനിര്‍ണ്ണയവും പെണ്‍ഭ്രൂണഹത്യയും തടയാനുള്ള നിയമങ്ങള്‍ വേണ്ടവണ്ണം നടപ്പിലാകുന്നില്ല എന്ന ദുഃഖകരമായ വസ്തുതയാണ്.
ഒപ്പം വേദനാകരമായ മറ്റൊരു സംഗതി 0 മുതല്‍ 4 വയസ്സുവരെയുള്ള കുട്ടികളിലെ ആണ്‍-പെണ്‍ ലിംഗാനുപാതം ആണ്. ഇത് 127 ജില്ലകളിലെ കണക്കില്‍ വ്യക്തമാണ്. 46 ജില്ലകളില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമായി കാണാം. ഏറ്റവും താഴ്ന്ന നിരക്ക് രാജസ്ഥാനിലും ഉയര്‍ന്ന നിരക്ക് ഛത്തിസ്ഗഡിലും ആണ്. ഈ പ്രായത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ നിരക്ക് ഇത്ര കുറയാനുള്ള ഏകകാരണം ജനനശേഷം പെണ്‍കുട്ടികളെ ഇല്ലാതാക്കിക്കളയുന്നതു തന്നെയാണ്. ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളുടെ എണ്ണം ഏറെ താഴ്ന്നു പോകുന്നതിന് ഇതല്ലാതെ മറ്റൊരു കാരണവും കണ്ടെത്താനാവില്ല. ഗ്രാമപ്രദേശങ്ങളിലേക്കാള്‍ നഗരങ്ങളിലാണ് കുട്ടികളിലെ ആണ്‍പെണ്‍ അനുപാതം വളരെയേറെ വ്യത്യാസപ്പെട്ടു കാണുന്നത്. ഉയര്‍ന്ന വരുമാനവും സാങ്കേതിക വിദ്യയുടെ സംലഭ്യതയും തന്നെ ഇതിനു പ്രധാന കാരണം. ഉദാഹരണമായി ജാര്‍ഖണ്ഡിലെ ഗ്രാമങ്ങളില്‍ പെണ്‍കുട്ടികളുടെ നിരക്ക് 1000 ആണ്‍കുട്ടികള്‍ക്ക് 961 ഉം നഗരങ്ങളില്‍ അത് 903 ഉം ആയിരിക്കുന്നു.
ഈ ഇലക്ഷന്‍ കാലത്ത് വാക്പടുക്കളായ നേതാക്കളോരോരുത്തരും സ്ത്രീശാക്തീകരണത്തിന്‍റെ ആവശ്യകതയെപ്പറ്റി ഘോരഘോരം പ്രഘോഷിക്കുമ്പോള്‍ സ്ത്രീസമൂഹം എണ്ണത്തിന്‍റെ കാര്യത്തില്‍ താഴേയ്ക്കുള്ള ഒരു പ്രയാണത്തിലാണ്; അങ്ങനെ ഈ വാചാലതയെല്ലാം അര്‍ത്ഥശൂന്യമെന്ന് തെളിയിക്കപ്പെടുന്നു. പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കേണ്ടന്നും ജനിച്ചു പോയാല്‍തന്നെ യൗവനത്തോളമെത്താന്‍ പാടില്ലെന്നുമുള്ള ചില ചിന്താഗതികളെ നമുക്ക് തിരുത്തിക്കുറിക്കാനായില്ലെങ്കില്‍, ചില ദുഷ് ചെയ്തികളെ ആട്ടിയകറ്റാനായില്ലങ്കില്‍ ഇതിന്‍റെ പരിണതഫലം ഏറെ ഭീകരമായിരിക്കും.