news-details
മറ്റുലേഖനങ്ങൾ

മലപോലെ നിന്നവളെ സംരക്ഷിക്കണം

ഒരു യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകന്‍ മൈക്കിനുമുമ്പില്‍ പ്രസംഗിക്കുന്നവനോ ഉപവാസവും ധര്‍ണ്ണയും നടത്തി പ്രകൃതിക്കുവേണ്ടി സമരം ചെയ്യുന്നവനോ അല്ല, മറിച്ച്, പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് മണ്ണ്, ജല, ജൈവസംരക്ഷണത്തിന് നാശം വരാത്ത വിധത്തില്‍, ആര്‍ജ്ജിച്ച പൈതൃകജ്ഞാനത്തോടെ കൃഷിചെയ്യുന്ന കര്‍ഷകനും കാട്ടിലെ കാട്ടാളനും കടലിലെ മുക്കുവനുമൊക്കെയാണ്. കാരണം, അവര്‍ ജീവിക്കുന്നത് പ്രകൃതിയുടെ നിയമങ്ങളെയും കാലാവസ്ഥയെയും, ജൈവവൈവിധ്യങ്ങളുടെ പരിപാലനത്തെയും സാമൂഹിക ജീവിതത്തെയും അതിന്‍റെ നിലനില്‍പ്പിനെയും അടിസ്ഥാനമാക്കിയാണ്. പ്രകൃതിയുടെ നിലനില്‍പ്പിനുവേണ്ടിയാണ് അവര്‍, ലാഭ-നഷ്ടങ്ങള്‍ കണക്കുകൂട്ടാതെ ഭൂമിയില്‍ പണികളെടുക്കുന്നത്.

ആനയുടെയും കാട്ടുപോത്തിന്‍റെയും ചൂരറിഞ്ഞ് കാട്ടില്‍ കയറിയ ആദിവാസിക്കും കടലിന്‍റെ മണവും കാറ്റും നിറവും നോക്കി മീന്‍പിടിക്കാന്‍ ഇറങ്ങിയ മുക്കുവനും മലയാള മാസത്തിലെ നാളുകള്‍ നോക്കി, ദിക്കും ആകാശവും നോക്കി, പഴമൊഴികള്‍ ഓര്‍മ്മിച്ചും കൃഷി ചെയ്യാനിറങ്ങിയ കര്‍ഷകനും ഇന്ന് പ്രകൃതിയുടെ കാലാവസ്ഥയെ തിരിച്ചറിയാന്‍ കഴിയുന്നില്ല.

അതിജീവിക്കാന്‍ മലയാളികള്‍ അന്യരാജ്യങ്ങളിലേക്ക് പോകുന്നതുപോലെ, 3000 അടി ഉയരത്തില്‍ അതിജീവിക്കുന്ന സസ്യമൃഗാദികള്‍ 1000 അടി താഴേക്ക് ഇറങ്ങിവരുവാനും 1000 അടിയിലുള്ളവ തിരികെ പോകുവാനും ആവശ്യമായ ജനിതകമാറ്റങ്ങള്‍ പ്രകൃതി സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍, അത് അതിജീവനത്തിനു വേണ്ടിയുള്ള സമര്‍ത്ഥന്മാരുടെ ആദ്യശ്രമങ്ങളാണെന്ന് പ്രകൃതി വിളിച്ചു പറയുന്നത് കേള്‍ക്കാന്‍ ആരുണ്ട് ?

മേടം പത്തിലെ കാര്‍ത്തിക ഞാറ്റുവേലയ്ക്ക് നൂല്‍പോലെ പെയ്യുന്ന മഴയ്ക്ക് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുവാന്‍ കാത്തിരിക്കുന്ന കര്‍ഷകന് മീനത്തിലെ ചൂടും ഉണക്കുമാണ് നേരിടേണ്ടിവരുന്നത്. ഇടവത്തിലെ തിരുവാതിര ഞാറ്റുവേലയ്ക്ക് കുരുമുളക് കൃഷിക്ക് തണ്ട് കുഴിച്ചിടുവാനും കുംഭത്തില്‍ ചേന നടുവാനും കാലാവസ്ഥയ്ക്ക് അനുസരിച്ച് നടുവാനൊരുകാലം, കൊയ്യുവാനൊരുകാലം, പരിപാലിക്കുവാനൊരുകാലം  നിശ്ചയിച്ച് പഴമൊഴിയിലൂടെ കൈമറിഞ്ഞുവന്ന നൂറ്റാണ്ടുകളുടെ കണ്ടെത്തലുകളാണ് കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തെറ്റിത്തുടങ്ങിയിരിക്കുന്നത്. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും കേരളത്തിന്‍റെ മലയോര മേഖലകളിലും കൃഷിചെയ്യുന്ന ക്യാരറ്റ്, കാബേജ്, കോളിഫ്ളവര്‍ തുടങ്ങി ഒട്ടനേകം സസ്യങ്ങള്‍ കേരളത്തിലെവിടെയും വളര്‍ന്നുവരുന്നത് പഴയ കര്‍ഷകര്‍ അത്ഭുതത്തോടെ നോക്കിക്കാണുന്നു.

മേടം ഒന്നിന് പൂക്കുന്ന വിഷുക്കൊന്നയും ദിവസം പറഞ്ഞ് കൂടുകൂട്ടുന്ന ദേശാടനപ്പക്ഷികളും ഇണചേരുന്ന മൃഗങ്ങളും മഴയും കാറ്റുമെല്ലാം തോന്ന്യാസം കാട്ടിത്തുടങ്ങി. കര്‍ക്കടകത്തിലെ കാലവര്‍ഷം ചിങ്ങത്തിലും വൃശ്ചികത്തിലെ ചന്നല്‍മഴ തുലാമാസത്തിലും പെയ്തൊഴിയുന്നു. കഴിഞ്ഞ വര്‍ഷം കാലവര്‍ഷക്കെടുതികളാണ് ഓണത്തെ വരവേറ്റത്. വിളവെടുക്കുവാന്‍ ഓണത്തിന് പാടങ്ങളില്ലാതെ പോയി. നാടുകാണാനെത്തിയ മാവേലിക്ക് ഓലക്കുടയ്ക്ക് പകരം പോപ്പിക്കുട ചൂടേണ്ടിവന്നു. പൂക്കളെല്ലാം മഴ തല്ലിത്തകര്‍ത്തു. കാലാവസ്ഥാവ്യതിയാനം കേരളത്തിന്‍റെ കാര്‍ഷിക-സാംസ്കാരിക പൈതൃകങ്ങളെത്തന്നെ തകര്‍ത്തു തുടങ്ങിയിരിക്കുന്നു. എന്തുകൊണ്ട് ? എങ്ങനെ?

മനുഷ്യന്‍ കാട്ടില്‍ വേട്ടയാടി നടന്നകാലം മുതലുള്ള അറിവുകള്‍, പ്രകൃതിയെയും കാലാവസ്ഥയെയും ആരാധിച്ചും വണങ്ങിയും ആവശ്യമുള്ളതിന്‍റെ വിത്തുകള്‍ ശേഖരിച്ച് കൃഷി ചെയ്ത്, കാട്ടില്‍ പ്രകൃതി അതിനെ എങ്ങനെ പരിപാലിച്ചോ അത് കണ്ടറിഞ്ഞ് മഴയില്ലാത്തപ്പോള്‍ വെള്ളമൊഴിച്ചുകൊടുത്ത്, മഴയുടെ വരവ് മുന്‍കൂട്ടിയറിഞ്ഞ് വിത്തുവിതച്ച്, ചപ്പും ചാണകവും കൂട്ടിയിട്ട് വളമുണ്ടാക്കി കൃഷി ചെയ്ത് അന്നന്നത്തെ ആഹാരം സ്വന്തം പുരയിടത്തില്‍ ലഭ്യമാക്കിയ സംസ്കാരമാണ് അഗ്രികള്‍ച്ചര്‍. ഞാറ്റുവേലകളും പത്താമുദയവും കുംഭഭരണിയും വിഷുവും ഓണവും അമാവാസിയും പൗര്‍ണ്ണമിയും അതിന്‍റെ ഇളംപക്കവും എല്ലാമെല്ലാം ആ സംസ്കാരത്തിന്‍റെ ആചാരങ്ങളാണ്. ആ സംസ്കാരം തകരുകയെന്നാല്‍ കേരളത്തിലെ പരിസ്ഥിതിയും കാലാവസ്ഥയും തകരുകയെന്നാണ്. ആ ആചാരങ്ങള്‍ നിന്നുപോവുകയെന്നാല്‍ മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് വേറിട്ട് ജീവിക്കുവാന്‍ തുടങ്ങിയെന്നാണ്.

കൈകഴുകുവാനും കുളിക്കുവാനും പാത്രം കഴുകുവാനുമെടുത്ത വെള്ളം ശേഖരിച്ച് വച്ച് കക്കൂസ് കഴുകുവാനും ചെടികള്‍ നനയ്ക്കുവാനും ഉപയോഗിക്കുന്ന ജനങ്ങള്‍ ഇന്ത്യയിലുണ്ട്. മേല്‍പ്പറഞ്ഞ വെള്ളം ഫില്‍റ്റര്‍ ചെയ്ത് വീണ്ടും ഉപയോഗിക്കുന്നവരും ഇവിടെയുണ്ട്. പാല്‍ വാങ്ങിക്കും പോലെ വിലകൊടുത്ത് ലിറ്റര്‍ കണക്കിന് വെള്ളം വാങ്ങുന്ന സാഹചര്യം കേരളത്തിലും ഇന്ത്യയിലും നിലനില്‍ക്കുമ്പോഴും മണ്ണ് ജലസംരക്ഷണ പദ്ധതികളെയും കാലാവസ്ഥയെയും അട്ടിമറിക്കുന്ന വികസന നയമാണ് കേരളത്തില്‍ ഉടലെടുത്തു വരുന്നത്. ഇവ നശിപ്പിക്കുന്നത, വിലകൊടുത്ത് വാങ്ങുന്ന പിശുക്കുകാട്ടി പുനരുപയോഗിക്കുന്ന ശുദ്ധജലത്തിന്‍റെ ഭൂഗര്‍ഭജലസ്രോതസ്സുകളെയാണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തികളില്‍ സമുദ്രനിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള മലകളടക്കം ആറ് പഞ്ചായത്തുകളിലായി 100-ഓളം പ്രോജക്ടുകള്‍ക്കുവേണ്ടി ഏകദേശം 2000 ഏക്കര്‍ മലകളാണ് ഖനനമാഫിയ പാറമടകള്‍ക്കും ക്രഷറിനും വേണ്ടി വാങ്ങിക്കൂട്ടിയിരിക്കുന്നത്. പുതിയ റെയില്‍വേ പ്രോജക്ടുകള്‍ക്കും കടല്‍ ഭിത്തി നിര്‍മ്മാണം, തുറമുഖനിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ് ബില്‍ഡിംഗ്, എമേര്‍ജിംഗ് കേരള പ്രോജക്ടുകള്‍, ഗതാഗത സൗകര്യം തുടങ്ങിയ വികസനപദ്ധതികള്‍ക്കും വേണ്ടി മാനദണ്ഡങ്ങളില്ലാതെ മലകള്‍ പൊട്ടിച്ചുമാറ്റുവാന്‍ കേരളം തയ്യാറെടുക്കുന്നു.

കോടികള്‍ മുതല്‍മുടക്കുള്ളതും വലിയ രാഷ്ട്രീയ സ്വാധീനമുള്ളതുമായ ഈ ഖനനപദ്ധതികള്‍ക്കുവേണ്ടി പഞ്ചായത്ത് രാജ് നിയമവും ഭരണസമിതികളും മൈനിംഗ്, പരിസ്ഥിതി, പൊല്യൂഷന്‍, ജീയോളജി, എക്സ്പ്ലോസീവ് നിയമങ്ങളെല്ലാം വഴി മാറ്റിക്കൊടുക്കുമ്പോള്‍ കേരളത്തിന്‍റെ നല്ലൊരുഭാഗവും, പാറമടകളില്‍ നിന്നുള്ള സ്ഫോടനത്തില്‍ നടുങ്ങുകയും ഒരു മനുഷ്യായുസ്സിന്‍റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ച് കേറിക്കിടക്കാനുള്ള സ്വന്തം വീട് എന്ന യാഥാര്‍ത്ഥ്യത്തിനും സ്വപ്നത്തിനും വിള്ളലുകളേല്‍ക്കുകയും ചെയ്യുന്നു.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരു സമാന്തര സര്‍ക്കാര്‍ സംവിധാനം ഇവിടെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. പാറഖനനത്തിന് ആവശ്യമുള്ള 5 പ്രധാനപ്പെട്ട ലൈസന്‍സുകളും  അതു നേടുവാന്‍ ആവശ്യമായ 12 ഓളം നിരാക്ഷേപപത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും പൊതുജനമറിയാതെ വിലയ്ക്കുവാങ്ങാന്‍ ഇവിടെക്കഴിയുന്നു. ഗൂഗിള്‍ എര്‍ത്തിന്‍റെ ഉപഗ്രഹചിത്രവും പണവുമുണ്ടെങ്കില്‍ സ്ഥലപരിശോധന പോലും കൂടാതെ പരിസ്ഥിതി ആഘാത പഠനറിപ്പോര്‍ട്ട് പശ്ചിമഘട്ടപ്രദേശത്തോ പരിസ്ഥിതി ദുര്‍ബലപ്രദേശത്തോ ആഘാതമില്ലാതെ ലഭ്യമാകും.
നിയന്ത്രണമില്ലാത്ത ഉഗ്രസ്ഫോടത്തിനെതിരെയും  ചീറിപ്പായുന്ന ടിപ്പറുകള്‍ക്കും മലിനീകരണങ്ങള്‍ക്കുമെതിരെയും പരിസ്ഥിതി, കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി പരിസ്ഥിതി ആഘാതപഠനങ്ങളും ജനരോഷവും കോടതി വിധികളുമെത്തിയപ്പോള്‍ യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസനവിരോധികളായി, അവരോട് പാറയ്ക്കുപകരം വികസനത്തിനുവേണ്ടി എന്ത് എന്നതിന് ബദല്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുവാന്‍ ആവശ്യപ്പെടുന്ന നയമാണ് സര്‍ക്കാരും ഖനനമാഫിയായും മുന്നോട്ടു വച്ചിരിക്കുന്നത്.

വികസിത രാഷ്ട്രങ്ങള്‍ സുഖാന്വേഷികളും വികസ്വര രാഷ്ട്രങ്ങള്‍ ക്ഷേമാന്വേഷികളുമാണ്. വികസിത രാജ്യങ്ങളിലെ വികസനപദ്ധതികളാല്‍ നശിപ്പിക്കപ്പെട്ട ഭൂമിക്ക് സന്തുലിതാവസ്ഥ നല്‍കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കാര്‍ബണ്‍ ക്രഡിറ്റ് പോലുള്ള പദ്ധതികളുമായി വികസ്വര രാജ്യങ്ങളെ പ്രേരിപ്പിക്കുന്നു. നാഗരികര്‍ എപ്പോഴും സുഖലോലുപതയ്ക്ക് ഗ്രാമത്തെ സ്നേഹിക്കുകയും ഗ്രാമീണര്‍ വ്യാമോഹങ്ങള്‍ക്കുവേണ്ടി നഗരത്തെ സ്നേഹിക്കുകയും ചെയ്യുന്ന വിരോധാഭാസമാണ് ഇവിടത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണം. മരുപ്പച്ച കാണുന്നവര്‍ എന്നും നിലനില്‍പ്പുകളെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.

കേരളീയന്‍റെ അഹമ്മതിയാണ് ഒരു പരിധിവരെ  ഖനനമാഫിയകളുടെ വിളനിലം. കേരളത്തിലെ 30% വീടുകള്‍ ജനവാസമില്ലാതെ വെറുതേ കിടക്കുന്നു. പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മതസംഘടനകള്‍ക്കുമെല്ലാം മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ അധിക വേനല്‍ക്കാലവസതികളുണ്ട്. പട്ടിക്കും കോഴിക്കും മുയലുകള്‍ക്കുമെല്ലാം അവയുടെ കൂടുകള്‍ക്ക് സ്ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ കണക്കുകളുണ്ട്. പക്ഷേ, മലയാളികളുടെ വീടുകള്‍ താമസസൗകര്യത്തിനുമപ്പുറത്ത് പ്രൗഢിയും പണക്കൊഴുപ്പും കാണിക്കുവാനുള്ള വേദിയാണ്. പാശ്ചാത്യരാഷ്ട്രങ്ങള്‍ 100 സ്ക്വയര്‍ഫീറ്റില്‍ എങ്ങനെ ജീവിക്കാമെന്ന് പരീക്ഷിക്കുമ്പോള്‍ 10,000 സ്ക്വയര്‍ഫീറ്റ് കെട്ടിടം പണക്കൊഴുപ്പു കാണിക്കുവാന്‍ വെറുതേ പണിതു കാണിക്കുന്ന അഹങ്കാരമാണ് മലയാളികളുടേത്. നമ്മളൊന്ന്, നമുക്കൊന്ന് സിദ്ധാന്തപ്രകാരം അണുകുടുംബങ്ങളാകുന്ന മലയാളികള്‍ക്ക് മൂന്നുപേര്‍ക്ക് ഒരു വീട് എന്നത് തന്നെ ഭീകരാവസ്ഥയാണ്. അവിടെ ഒന്നില്‍ക്കൂടുതല്‍ വീടുകള്‍ ഒരാള്‍തന്നെ നിര്‍മ്മിക്കുന്ന അവസ്ഥ അതിലെത്ര ഭീകരമായിരിക്കും.

യഥാര്‍ത്ഥത്തില്‍ നമ്മള്‍ തിരിച്ചറിയേണ്ട ഒരുകാര്യം ഒരു വീട് നിര്‍മ്മിക്കുവാന്‍ അതിന്‍റെ 90 ശതമാനം നിര്‍മ്മാണവസ്തുക്കള്‍ക്കുവേണ്ടി പാറകളെ, മലകളെ ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളതാണ്. കമ്പിയും കുറച്ച് തടിയുമൊഴിച്ചാല്‍ പാറമണല്‍, കല്ല്, ഹോളോബ്രിക്സ്, സിമന്‍റ്, മിറ്റല്‍, മാര്‍ബിള്‍, ഗ്രാനൈറ്റ് ഇവയെല്ലാം മലനിരകളെ കവര്‍ന്നെടുത്തു കൊണ്ടാണ്. 30 വര്‍ഷം ആയുസ്സു പറയുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വീണ്ടും പൊളിച്ചു മാറ്റുമ്പോള്‍ കോണ്‍ക്രീറ്റ് മാലിന്യം തള്ളുവാന്‍ നെല്‍പ്പാടങ്ങളെ ആശ്രയിക്കുന്ന ഭൂമാഫിയായും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 30 മുതല്‍ 50 വരെ വര്‍ഷത്തേക്ക് വേണ്ടി മാത്രമാണ് പുനഃസ്ഥാപിക്കാന്‍ പറ്റാത്ത മലനിരകളെ ഇന്ന് നശിപ്പിക്കുന്നത്. ഇങ്ങനെ നശിപ്പിക്കപ്പെടുന്ന പാറകള്‍ പുനരുപയോഗിക്കാന്‍ കഴിയാത്ത വിധം ഒരു മനുഷ്യായുസ്സിന് മുമ്പേ കോണ്‍ക്രീറ്റ് മാലിന്യങ്ങളായി മാറുകയും ചെയ്യുന്നു. പ്രകൃതി ആയിരം വര്‍ഷം കൊണ്ടാണ് ഭൂമിയില്‍ ഒരു സെന്‍റീമീറ്റര്‍ കനത്തില്‍ പാറപൊടിച്ച് മണ്ണ് നിക്ഷേപിക്കുന്നത്. പക്ഷേ, മനുഷ്യന്‍ അത് വര്‍ഷത്തില്‍ ഒരടിയുയര്‍ത്തുവാനുള്ള  ശ്രമത്തിലാണ്. എല്ലാം ഒഴുകിയെത്തുന്ന  സാഗരത്തില്‍ അടിഞ്ഞു കൂടുന്ന മണ്ണ് കടലിന്‍റെ ജലനിരപ്പ് ഉയര്‍ത്തുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

1957 ല്‍ പാസാക്കിയ കേന്ദ്ര ആക്ടിലെ ചട്ടങ്ങള്‍ കൈത്തമിര് അടിച്ച് ഉണ്ടാക്കുന്ന കുഴികളില്‍ വെടിമരുന്ന് നിറച്ച് ദോഷകരമല്ലാത്ത സ്ഫോടനങ്ങള്‍ നടത്തുന്നതിനുള്ളതായിരുന്നു. പക്ഷേ, ഇന്ന് ജാക്ക് ആമറും  ബ്രേക്കറും പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് 20 മുതല്‍ 900 അടിയിലേറെ താഴ്ചയില്‍ പാറകള്‍ പൊട്ടിക്കുന്നു. ഇലക്ട്രിക്ക് കേപ്പും ബോംബ് സ്ഫോടനത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയും പ്രയോഗിച്ച് പാറപൊട്ടിക്കുമ്പോള്‍ 1.5 കി.മീ. ദൂരെ വരെ കമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ഉഗ്രസ്ഫോടനങ്ങളാണ് ലാഭം മുന്‍നിര്‍ത്തി ഖനനമാഫിയ നടത്തുന്നത്. 1.5 റിക്ടര്‍ സ്കെയില്‍ വരെ ഭൂകമ്പമുണ്ടാക്കുന്ന സ്ഫോടനങ്ങളില്‍ പുതുതായി പണിയുന്ന വീടുകള്‍ക്കും പഴയവീടുകള്‍ക്കും ഉപരി, മനുഷ്യന്‍റെ ജീവനും സ്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഘാതമുണ്ടാക്കുന്നു. നിയമങ്ങള്‍ വഴിമാറുമ്പോള്‍ വികസനപ്രവര്‍ത്തനങ്ങള്‍ ചിലരുടെ സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമാകുന്നു.

മരങ്ങളും സസ്യജാലങ്ങളും നശിപ്പിച്ച് മണ്ണുമാറ്റി പാറപൊട്ടിച്ചെടുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയാണ്. തുറന്ന പാറകള്‍ മാത്രം പൊട്ടിക്കുവാനും 20 അടിയില്‍ മാത്രം ഖനനം ചെയ്യുവാനും നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഖനനമാഫിയ പൊട്ടിച്ചെടുക്കുന്നത് 200-ഉം 400-ഉം അടി താഴ്ചയിലുള്ള പാറകളാണ്. ഓരോ മലനിരയും പരിപാലിക്കുന്ന ഒരു നീര്‍ത്തടവും നീരൊഴുക്കുമുണ്ട്. അവിടുത്തെ സസ്യജാലങ്ങള്‍ വേരുകളില്‍ സൂക്ഷിക്കുന്ന ജലസ്രോതസ്സുമുണ്ട്. മഴവെള്ളമൊഴുകി കടലിലെത്തുന്നതിനുള്ള കാലതാമസമാണ് ഭൂഗര്‍ഭജലസ്രോതസ്സിന്‍റെ കാതല്‍. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും സസ്യവൈവിധ്യങ്ങളുടെ പ്രതിരോധം മൂലവും മഴവെള്ളത്തിന്‍റെ കുത്തൊഴുക്ക് മിനിറ്റുകള്‍ വൈകിക്കുമ്പോള്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നത് മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്ക് 365 ദിവസവും വേണ്ടിവരുന്ന ഭൂഗര്‍ഭജലസ്രോതസ്സുകളാണ്. അവിടെ മലനിരകളെ നഗ്നയാക്കി പാറകള്‍ പൊട്ടിച്ചുമാറ്റുമ്പോള്‍, തടഞ്ഞുനിര്‍ത്തപ്പെടേണ്ട മേഘങ്ങളും  കാറ്റും മഴയും കാലാവസ്ഥയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍ഷകന്‍റെ കണക്കുകളും തെറ്റിച്ചു തുടങ്ങും. അവ സംഭവിച്ചുതുടങ്ങിയിരിക്കുന്നു.

ആയുര്‍വേദത്തില്‍ പരാമര്‍ശിച്ചിട്ടുള്ള 90% ഔഷധങ്ങളും വളരുന്നത് പശ്ചിമഘട്ടത്തിലാണ്. അഥവാ 100 % ഔഷധവും പ്രദാനം ചെയ്യുവാന്‍ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് കഴിയുന്നു. ക്രഷര്‍ പാറമട യൂണിറ്റില്‍ നിന്നുയരുന്ന പാറപ്പൊടി ഈ സസ്യങ്ങളുടെ കൂമ്പുകളില്‍ അടിഞ്ഞ് വളര്‍ച്ച മുരടിക്കുക, മനുഷ്യന്‍റെയും മൃഗങ്ങളുടെയും ശ്വാസകോശങ്ങളില്‍ അടിഞ്ഞ് ആരോഗ്യപ്രശ്നം ഉണ്ടാക്കുക എന്നിവ പരിണത ഫലങ്ങളാണ്. ഈ പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മറ്റിയുടെ ശുപാര്‍ശകളെ നഖശിഖാന്തം എതിര്‍ക്കുന്ന സര്‍ക്കാര്‍ നയത്തിന് ഈ മലകളെ വ്യവസായവത്കരിച്ച് നശിപ്പിക്കുന്നതിനുള്ള ഗൂഢസംഘങ്ങളുടെ തലയണമന്ത്രങ്ങളുടെ പ്രേരണയുണ്ട്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ടി ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ മേഖലകളിലേക്ക് കുടിയേറാന്‍ പ്രോത്സാഹിപ്പിച്ച സര്‍ക്കാരിന് ഇന്ന് അവര്‍ക്ക് എതിര് നില്‍ക്കേണ്ടിവരുന്നത് ആ പ്രദേശം വ്യവസായികവത്കരിക്കപ്പെട്ടു തുടങ്ങി എന്നതിനാലാണ്. ഭൂമിയെയും പരിസ്ഥിതിയെയും അതേപടി നിലനിര്‍ത്തി കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്തിരുന്ന ചെറുകിട കര്‍ഷകര്‍ ഒരിക്കലും ആ പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടവരല്ല. പക്ഷേ തദ്ദേശവാസികളല്ലാത്തവര്‍ പ്ലാന്‍റേഷന്‍റെ പേരിലും റിസോര്‍ട്ടുകളുടെ പേരിലും പാറഖനനത്തിന്‍റെ പേരിലും ഈ പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കടക്കുമ്പോള്‍ ചെറുക്കുവാന്‍ തദ്ദേശവാസികള്‍ക്കോ സര്‍ക്കാരിനോ കഴിയുന്നില്ല. തദ്ദേശവാസികള്‍ക്ക് അനുയോജ്യമായ സാഹചര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ അവരെത്തന്നെയും ഗ്രാമസഭ പോലുള്ള ജനകീയ സംവിധാനങ്ങളെയും അധികാരപ്പെടുത്തുന്ന തരത്തിലുള്ള ശുപാര്‍ശകളാണ് ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പതിറ്റാണ്ടുകളായി കൃഷിചെയ്തു ജീവിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് പട്ടയം നല്‍കാത്തത് മാത്രമാണ് തദ്ദേശവാസികളുടെ എതിര്‍പ്പിന് കാരണം. കാട് ആദിവാസികള്‍ക്കവകാശപ്പെട്ടതെന്നപോലെ, കടല്‍ മുക്കവനവകാശപ്പെട്ടതെന്നപോലെ കൃഷിഭൂമി കര്‍ഷകന് അവകാശപ്പെട്ടതാണ്. കാരണം കൃഷി ഒരു സംസ്കാരമാണ്. പക്ഷേ വ്യവസായ വത്കരിക്കപ്പെട്ട കൃഷികളോ കൃഷി ഇതരപ്രവര്‍ത്തനങ്ങളോ നിബന്ധനയോടെ മാത്രമേ ഈ മേഖലകളില്‍ നടത്താന്‍ പാടുള്ളുവെന്ന നിര്‍ദ്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ ഭീതിപ്പെടുത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇത് അന്താരാഷ്ട്രതലത്തിലുള്ള ചില രഹസ്യ അജണ്ടകളുടെ ഭാഗമാണെന്നും കേരളം മുഴുവന്‍ വനഭൂമിയാക്കി മാറ്റി ജനങ്ങളെ ഇവിടെനിന്ന് പുറത്താക്കുമെന്നും അവര്‍ പ്രചരിപ്പിക്കുന്നു.

മൂന്നാറിലേക്ക് അതിക്രമിച്ചു കയറുന്ന റിസോര്‍ട്ട് മാഫിയായും ഭൂമാഫിയായും, അനിയന്ത്രിതമായ തോതില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും  മണ്ണെടുത്ത് പ്രകൃതിയുടെ രൂപത്തിനു തന്നെ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നു. അതേപോലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും നൂറുകണക്കിന് ഏക്കര്‍ ഭൂമി വാങ്ങിക്കൂട്ടി മരങ്ങളും സസ്യവൈവിധ്യങ്ങളും മണ്ണും നശിപ്പിച്ച് കോരി മാറ്റി പാറഖനനം ചെയ്തെടുക്കുമ്പോള്‍ അവിടെ കൃഷി ചെയ്തു ജീവിക്കുന്ന, കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ചെറുകിട കര്‍ഷകരുടെ കണക്കുകൂട്ടലുകളാണ് തെറ്റിപ്പോകുന്നുത്. നൂറ്റാണ്ടുകളായി പ്രകൃതിയുടെ സ്ഥായിയായ രൂപത്തിന് മാറ്റം വരുത്തപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന കാലാവസ്ഥാ മാറ്റം വ്യവസായവത്കരിക്കപ്പെടുന്ന പോളിമര്‍ഗ്രീന്‍ ഹൗസുകളിലേക്കും ജനിതകമാറ്റം വരുത്തിയ കൃഷി ഉത്പന്നങ്ങളിലേക്കും ഷണ്ഡത്വമുള്ള വിത്തുകളിലേക്കും കര്‍ഷകരെ വലിച്ചിഴയ്ക്കുന്നു. പരാഗണത്തിനും ജീര്‍ണ്ണിക്കലിനും വിത്തുകളുടെ വിതരണത്തിനും ചെടികളുടെ വളര്‍ച്ചയ്ക്കും പൂവിടുന്നതിനും കായ്ക്കുന്നതിനും പ്രകൃതിയുടെ ചാക്രിക സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന അവസ്ഥ. പ്രകൃതിയുടെ സംവിധാനങ്ങളില്ലെങ്കിലും മണ്ണില്ലെങ്കിലും  കൃഷിചെയ്യുമെന്ന മനുഷ്യന്‍റെ ധാര്‍ഷ്ട്യം, അതാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളോട് ഇവര്‍ കാട്ടുന്നത്. 30 സെക്കന്‍റ് മാത്രം ആയുസ്സുള്ള സൂക്ഷ്മജീവികള്‍ തിന്ന് വളമാക്കുന്ന പൊഴിഞ്ഞ ഇലകളും മണ്ണുഴുതു മറിക്കുന്ന മണ്ണിരകളും പരാഗണം നടത്തുന്ന പൂമ്പാറ്റകളും തേനീച്ചയും കുരുവികളും വിത്ത് വിതരണം ചെയ്യുന്ന പക്ഷിമൃഗാദികളും പ്രകൃതിയും സംരക്ഷിക്കാനുള്ള ബാദ്ധ്യത ഈ ജന്മത്തില്‍ മാത്രം ജീവിക്കാനിറങ്ങിയ, ലാഭത്തിനും സാമ്പത്തിക അധീശത്വത്തിനും സുഖലോലുപതയ്ക്കും മാത്രം മൂന്‍തൂക്കം കൊടുക്കുന്നവര്‍ക്കും അവര്‍ക്ക് ഓശാന പാടുന്നവര്‍ക്കും ഇല്ല. ഇവിടെ തദ്ദേശവാസികള്‍ പൈതൃകമായി സംരക്ഷിച്ച് കൃഷിചെയ്തുവരുന്ന കൃഷിഭൂമിയുടെയും അവിടെ അവരെ ആശ്രയിച്ചും പ്രകൃതിയെ ആശ്രയിച്ചും കഴിയുന്ന സര്‍വ്വചരാചരങ്ങളുടെയും സ്വൈരജീവിതത്തിന് എന്തൊക്കെ പാടില്ലായെന്ന് ഗ്രാമസഭയും ജനകീയക്കൂട്ടായ്മയും തീരുമാനിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ എന്തിനെതിരെയാണ് പ്രവര്‍ത്തിക്കുന്നത്?

റോഡ്, കെട്ടിടം, റെയില്‍വേ എന്നുവേണ്ട ഏതൊരു നിര്‍മ്മാണപ്രവര്‍ത്തനത്തിനും പ്രധാനമായും ഉപയോഗിക്കുന്നത് മലനിരകളെയാണ്. ഈ നിര്‍മ്മാണങ്ങള്‍ ആയുസ്സെത്തി കാലഹരണപ്പെട്ടു കഴിയുമ്പോള്‍ അവ പുനര്‍നിര്‍മ്മിക്കാന്‍ പഴയതൊന്നും ഉപയോഗിക്കുവാനും കഴിയുന്നില്ല. തറ കെട്ടുവാനുള്ള കല്ലും ഭിത്തി നിര്‍മ്മിക്കുവാനുള്ള കട്ടകളും മേല്‍ക്കൂര വാര്‍ക്കുവാനുള്ള മിറ്റലും സിമന്‍റും ഭിത്തി തേക്കാനുള്ള പാറമണലും തറയിടുവാനുള്ള മാര്‍ബിളും ഗ്രാനൈറ്റുമെല്ലാം പാറയുടെ വകഭേദങ്ങള്‍ തന്നെയാണ്. എന്തുകൊണ്ട് പുനരുപയോഗിക്കപ്പെടാവുന്ന വിധത്തില്‍ ഒറ്റത്തവണ മാത്രം പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിയമനിര്‍മ്മാണത്തിലേക്ക് നമ്മള്‍ ചെന്നെത്തുന്നില്ല? നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ചതും ഇന്നും നിലനില്‍ക്കുന്നതുമായ അമ്പലങ്ങളും ആരാധനാലയങ്ങളും കൊട്ടാരങ്ങളും കല്ല് കീറിയെടുത്ത് നിര്‍മ്മിച്ചവയാണ്. പുതിയ സാങ്കേതിക വിദ്യകളില്‍ മനുഷ്യാധ്വാനം ഇല്ലാതെ തന്നെ ഇപ്പോള്‍ അത് സാധിക്കുകയും ചെയ്യും. ഹോളോബ്രിക്സ്, അല്ലെങ്കില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ക്കു പകരം പാറ സ്ഫോടനമില്ലാതെ കീറിയെടുക്കുന്നുവെങ്കില്‍ ഇപ്പോഴത്തെ നിര്‍മ്മാണങ്ങള്‍ പുതുക്കിപ്പണിയുന്ന വരുംതലമുറയ്ക്കും ഇതേ കല്ലുകള്‍ തന്നെ ഉപയോഗിക്കുവാന്‍ കഴിയും. ജീവിക്കാനാവശ്യമുള്ള സ്ഥലത്ത് പരിമിതമായ വീടുകള്‍ പണിയുക, വര്‍ഷത്തില്‍ മൂന്നുതവണ അറ്റകുറ്റപ്പണികള്‍ നടത്തുന്ന റോഡുകള്‍ക്ക് ആയുസ്സ് കൂട്ടാന്‍ നല്‍കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക, തോടുകള്‍ക്കും പുഴകള്‍ക്കും ഈറ്റയും ഇല്ലിയും നട്ട് ജൈവഭിത്തികള്‍ നിര്‍മ്മിക്കുക, വീടുകള്‍ നിര്‍മ്മിക്കുവാന്‍ പാറയെ മാത്രം ആശ്രയിക്കാതെ ഭിത്തി-മേല്‍ക്കൂര നിര്‍മ്മാണത്തിന് പുതിയ സാങ്കേതിക വിദ്യകളും വസ്തുക്കളും  ഉപയോഗിക്കുക തുടങ്ങി ഒട്ടനേകം കാര്യങ്ങളിലൂടെ മലനിരകളെ സംരക്ഷിച്ചു നിര്‍ത്താം.

ഒരു മരം വെട്ടിയാല്‍ പത്ത് മരങ്ങള്‍ വച്ച് പിടിപ്പിച്ച് നമുക്ക് പരിഹാരം കാണാന്‍ കഴിയും. പക്ഷേ ഒരു മല നശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അത് പുനര്‍നിര്‍മ്മിക്കാന്‍ ഒരിക്കലും കഴിയില്ല. തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ കെട്ടിടനിര്‍മ്മാണത്തിനും മറ്റ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന നല്ല മരങ്ങള്‍ വച്ചുപിടിപ്പിച്ച് ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തിയെടുക്കണം. ടൂറിസത്തിനുവേണ്ടി പ്രകൃതിയില്‍ മാറ്റം വരുത്തുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുകയും കേരളത്തിന് ദൈവം വരദാനമായിത്തന്ന യഥാര്‍ത്ഥ ദൃശ്യഭംഗിയും കാലാവസ്ഥയും പ്രകൃതിക്കനുസരിച്ച് ആസ്വദിക്കാനുള്ള സംവിധാനം നടപ്പില്‍ വരുത്തുകയും വേണം.

മണ്ണില്‍ ജീവിക്കാനുള്ള മനുഷ്യന്‍റെ അവകാശം വരും തലമുറയ്ക്കുമുണ്ട്. പുനര്‍നിര്‍മ്മിക്കുവാന്‍ കഴിയാത്ത ഒന്നിനെ നശിപ്പിക്കുവാന്‍ മനുഷ്യന്‍ ശ്രമിക്കുന്നത് അവന്‍റെ തന്നെ നാശത്തിനാണ് കാരണമാവുക.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന വിശേഷണമുള്ള കേരളത്തില്‍ ശരിയായ ഒരു ടൂറിസം പ്രോജക്ട് നടപ്പിലാക്കിയിട്ടുണ്ടോ? പരിസ്ഥിതി പഠനങ്ങളോ മാസ്റ്റര്‍ പ്ലാനുകളോ കേരളത്തിലെ യാതൊരു ടൂറിസ്റ്റ് കേന്ദ്രത്തിനു വേണ്ടിയും തയ്യാറാക്കപ്പെട്ടിട്ടില്ല.

ആര്‍ക്കും അതിക്രമിച്ചു കയറുവാനും കൈവശം വയ്ക്കുവാനും റിസോര്‍ട്ടുകള്‍ പണിയുവാനും വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ടൂറിസം പദ്ധതികള്‍ ആവിഷ്കരിക്കുവാനും ഇവിടെ സാധിക്കും. പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പ്രകൃതിയുടെ സൗന്ദര്യം സ്വാഭാവികമായി നിലനിര്‍ത്തി ദൃശ്യഭംഗിയെയും കാലാവസ്ഥയെയും മുന്‍നിര്‍ത്തിയാണ് ടൂറിസം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഇവിടെ, വാഗമണ്ണിലെ സ്വാഭാവികമായ മൊട്ടക്കുന്നുകളിലൂടെ ജെ.സി.ബി ഉപയോഗിച്ച് കീറിമുറിച്ച് വഴി ഉണ്ടാക്കുന്നത് പലരുടെയും കൈവശത്തിലിരിക്കുന്ന റിസോര്‍ട്ടുകളിലേക്കാണ്. മൂന്നാറിലും മറ്റും വലിയ കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മ്മിച്ച്, ഒരു രാത്രി മദ്യപിച്ച് അന്തിയുറങ്ങുവാനുള്ള പാക്കേജുകള്‍ മാത്രമായി ടൂറിസത്തെ കാണുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഈ പ്രദേശങ്ങളിലെ തണുപ്പ് കുറഞ്ഞു. ദൃശ്യഭംഗിക്ക് ഏറ്റവും കാതലായ കുന്നിന്‍പ്രദേശങ്ങള്‍ വിലയ്ക്കുവാങ്ങി അവിടെ മലകള്‍ ഇടിച്ചുനിരത്തി സ്കൂളുകളും കോളേജുകളും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടായിരുന്നുവെങ്കില്‍, അവിടെ നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകളുണ്ടായിരുന്നുവെങ്കില്‍ ഇത് സംഭവിക്കുകയില്ലായിരുന്നു.

വാഗമണ്ണിലെ, പുല്ലുമാത്രം വളരുന്ന മൊട്ടക്കുന്നുകളില്‍ കാറ്റും തണുപ്പും ശുദ്ധവായുവും ആസ്വദിച്ച് പ്രകൃതിയുടെ മടിത്തട്ടില്‍ ഇത്തിരിനേരം ഇരിക്കുവാന്‍, സല്ലപിക്കുവാന്‍ വരുന്നവര്‍ക്ക് വേണ്ടിയായിരിക്കണം കേരളത്തിലെ ടൂറിസം. മറിച്ച്, ഈ മൊട്ടക്കുന്നുകളെ നിരത്തി പുറത്തുനിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിക്കുന്ന പുല്ലില്‍ ഗോള്‍ഫ് കോര്‍ട്ട് പണിയുന്നതിനുള്ള പദ്ധതികളിലേക്കാവരുത്. നഗരത്തിലെ ഹൗസിംഗ് കോളനിപോലെ വാഗമണ്ണിലും മൂന്നാറിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുവാനും റിസോര്‍ട്ടുകള്‍ പണിയുവാനുമുള്ള ഇന്നത്തെ മലയാളിയുടെ വ്യഗ്രത കേരളത്തിന്‍റെ കാലാവസ്ഥയെയും ടൂറിസത്തെയും പ്രതികൂലമായി ബാധിക്കും.

പാറഖനനത്തിലെ അശാസ്ത്രീയത

50 വര്‍ഷം മുമ്പ് എഴുതപ്പെട്ട മെറ്റാഫിറസ് ആക്ട് പ്രകാരം ഇന്ന് ഖനനം നിയന്ത്രിക്കുമ്പോഴുള്ള അശാസ്ത്രീയത ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിലെ സ്ഫോടനം നടത്തുന്ന ക്വാറിയില്‍നിന്ന് ജനവാസമേഖലയിലേക്കുള്ള ദൂരം ശ്രദ്ധിക്കുക:
കര്‍ണ്ണാടകം - 200 മീ.
തമിഴ്നാട് - 300 മീ.
മഹാരാഷ്ട്ര - 500 മീ.
ഗോവ - 200 മീ.
കേരളം - 50 മീ.
ഏറ്റവും ജനസാന്ദ്രതയുള്ള കേരളത്തില്‍ 50 മീറ്റര്‍ മാത്രമാണ് ദൂരപരിധി. ഇത് കൈത്തമിരടിച്ച് വെടിമരുന്ന് നിറച്ച് പാറപൊട്ടിച്ചിരുന്ന കാലത്തെ നിയമമാണ്. സമുദ്രനിരപ്പില്‍ 0-8000 അടിവരെ ഒരേ നിയമമാണ് അവലംബിക്കുന്നത്. 20 അടി താഴ്ചയില്‍ തട്ടുതട്ടായി പാറഖനനം നടത്തണമെന്ന് നിയമമിരിക്കെ കേരളത്തിലെ ക്വാറികളില്‍ 200-400 അടിവരെ ഖനനം നടത്തുന്നു.

പാറമടകളില്‍ മലിനീകരണ ബോര്‍ഡ് അനുവദിച്ചിരിക്കുന്ന 55 റയ ശബ്ദത്തിനുമുകളിലാണ് ബ്രേക്കറിന്‍റെയും സ്ഫോടനത്തിന്‍റെയും മറ്റ് പ്രവര്‍ത്തനങ്ങളുടെയും ശബ്ദത്തിന്‍റെ അളവ്. കേരളത്തില്‍ പുഴകളില്‍ നിന്ന് മണല്‍ വാരാന്‍ നിയന്ത്രണങ്ങളുണ്ട്, പാടത്ത് മണ്ണിട്ട് നികത്താന്‍ നിയന്ത്രണങ്ങളുണ്ട്. പക്ഷേ, പാറയുടെ ഉപയോഗത്തിനോ ഖനനത്തിനോ കേരളത്തില്‍ നിയന്ത്രണങ്ങളില്ലാതെ പോകുന്നു. കേരളത്തില്‍ എത്രപാറമടകള്‍ നടക്കുന്നുവെന്നോ അവിടെ എത്രടണ്‍ കല്ല് പൊട്ടിച്ചെടുക്കുന്നെന്നോ സര്‍ക്കാരിന് കണക്കുകളില്ല; പഞ്ചായത്തിനു പോലുമില്ല.

മുമ്പ് കേരളത്തില്‍ കോട്ടയം ജില്ലയില്‍ കടപ്ലാമറ്റം പഞ്ചായത്തിലെ 5 വാര്‍ഡുകളിലായി 37 പാറമടകളാണ് ഉണ്ടായിരുന്നത്. 300 മീറ്റര്‍ അപകടമേഖലയുടെ നിയമം പാലിച്ചാല്‍ ഈ അഞ്ചു വാര്‍ഡുകളിലെയും ആബാലവൃദ്ധം ജനങ്ങളും, കാലത്ത് 6 മുതല്‍ വൈകിട്ട് 6 വരെ അന്യപഞ്ചായത്തിലേക്ക് മാറിത്താമസിക്കേണ്ടിവരും. അവിടെ അപകട മരണങ്ങള്‍ പതിവായപ്പോള്‍ ജനങ്ങള്‍ കോടതിയെ സമീപിച്ച് അനുബന്ധനിയമങ്ങളെ ചോദ്യം ചെയ്തപ്പോള്‍ മുഴുവന്‍ പാറമടകളും അവിടെ നിര്‍ത്തിവയ്ക്കേണ്ടി വന്നു എന്നത,് നിയമവിരുദ്ധമായാണ് കേരളത്തിലെ മുഴുവന്‍ പാറമടകളും പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണ്.

വികസപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളില്ലായെന്നപേരില്‍ ജനജീവിതത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാതെ ഖനനചട്ടങ്ങള്‍ തിരുത്തിയെഴുതാനും സര്‍ക്കാര്‍ ഉത്തരവുകളിറക്കുവാനും ഒരു സമാന്തര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ 2146 പാറമടകള്‍ക്ക് അംഗീകാരം കൊടുത്തുവെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറയുമ്പോഴും 5000-ല്‍ അധികം മടകള്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ചുവെന്നത് ഒരു സത്യമാണ്. പാറഖനനത്തിലൂടെ എത്ര വരുമാനമുണ്ടെന്നോ  എത്രത്തോളം പാറ ഖനനം ചെയ്യപ്പെട്ടിട്ടുണ്ടെന്നോ കണക്കുകള്‍ വ്യക്തമാക്കാന്‍ സര്‍ക്കാരിന് നിയമസഭയില്‍ പോലും  കഴിഞ്ഞില്ലായെന്നത് അപമാനകരമാണ്.

859 പേര്‍ ഒരു ച.കി.മീറ്ററില്‍ ജീവിക്കുന്ന കേരളത്തില്‍ അത്രത്തോളം സ്ഥലത്ത് പത്തിലധികം പാറമടകള്‍ സ്ഥിതിചെയ്യുന്ന അവസ്ഥയും 50 മീറ്ററിനുള്ളില്‍ ജനവാസമില്ലെങ്കില്‍ പാറമടയ്ക്ക് അനുമതികൊടുക്കാമെന്ന നിയമഭേദഗതിയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. 6 മീറ്ററില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തുകയോ സ്ഫോടനവസ്തു ഉപയോഗിക്കുകയോ 50 തൊഴിലാളികളില്‍ക്കൂടുതല്‍ പണിയെടുക്കുകയോ ചെയ്യുന്നുവെങ്കില്‍ കേന്ദ്ര മൈന്‍സ് ആക്ടിന്‍റെ ചട്ടങ്ങള്‍ ബാധകമാണ്. 3 വര്‍ഷത്തില്‍ കൂടുതല്‍ ഖനനത്തിനുള്ള പെര്‍മിറ്റ് അനുവദിക്കാന്‍ പാടില്ലായെന്നതും അതിനുശേഷം ലീസ് ആവശ്യമാണെന്നതും നടപ്പിലാക്കപ്പെടാത്ത നിയമങ്ങളായി ഇന്നും തുടരുന്നു. ഒരു പാറമടയ്ക്ക് ചുറ്റുമുള്ള ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഇന്ത്യയില്‍ 'പബ്ലിക് ലയബിലിറ്റി ഇന്‍ഷ്വറന്‍സ് ആക്ട് 1991' എന്നൊരു നിയമമുണ്ടെന്നുള്ളത്കേരളത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത ഒന്നാണ്.

ദേശീയതൊഴിലുറപ്പു പദ്ധതി, ഹരിയാലി, പശ്ചിമഘട്ട വികസനപദ്ധതി തുടങ്ങി മണ്ണ്-ജലസംരക്ഷണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപ ചെലവിട്ടാണ് കേരളത്തിലെ നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ മുന്നോട്ടുപോകുന്നത്. വളരെപ്പെട്ടെന്ന് മഴവെള്ളം ഒലിച്ചിറങ്ങിപ്പോകുന്ന മലനിരകളെ കേന്ദ്രീകരിച്ചാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍, പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് ഖനനത്തിനുവേണ്ടി നശിപ്പിക്കപ്പെടുന്നത്.

ഓരോ ക്വാറിക്കും ആ പ്രദേശത്ത് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്നും ഒരു കി.മീ ചുറ്റളവില്‍ ഒരു പാറമടയേ പാടുള്ളുവെന്നും 45 ഡിഗ്രിയില്‍ കൂടുതല്‍ ചെങ്കുത്തായ പ്രദേശങ്ങളിലും മലമുകളിലും ഖനനം പാടില്ലായെന്നുമുള്ള നിയമങ്ങളും നിബന്ധനകളും നിലവിലുണ്ട് എന്നതല്ലാതെ നടപ്പിലാക്കപ്പെടുന്നില്ല. പാറപൊട്ടിച്ചുണ്ടാകുന്ന വലിയ ഗര്‍ത്തങ്ങള്‍ മണ്ണിട്ടു മൂടി കൃഷിയോഗ്യമാക്കി മാറ്റുവാനും കുടിവെള്ള സ്രോതസ്സുകളാക്കുവാനും നിയമിരിക്കെ കേരളത്തില്‍ ഒരു ക്വാറി ഉടമയും അതിന് തയ്യാറാവുന്നില്ല. എന്തിന്, അപകടങ്ങളുണ്ടാകാതിരിക്കാന്‍ ഗര്‍ത്തങ്ങള്‍ക്ക് വേലികെട്ടിത്തിരിക്കുവാന്‍ പോലും അവര്‍ തയ്യാറല്ല.

ഇത്തരത്തിലുള്ള അശാസ്ത്രീയമായ ഖനനം കേരളത്തിന്‍റെ കാലാവസ്ഥയെയും കര്‍ഷകന്‍റെ കൃഷിക്കണക്കുകളെയും തെറ്റിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യാപരമായ വികസനനയങ്ങള്‍ക്ക് മാറ്റമുണ്ടാവേണ്ടതുണ്ട്. മലകളുടെ സംരക്ഷണത്തിനുവേണ്ടി ശബ്ദിക്കുന്നവരെ വികസനവിരോധികളെന്നു മുദ്രകുത്താതെ 'മലപോലെ നിന്ന്' മലകളെ സംരക്ഷിക്കുക. കാരണം നാളെ ജനിക്കുവാനിരിക്കുന്ന ഒരു കുഞ്ഞിന് ഇന്നുവന്ന് സമരം ചെയ്യുവാന്‍ കഴിയില്ല. ഇന്ന് ചെയ്യേണ്ട ഒരു കാര്യം നാളെ 'ചെയ്യേണ്ടതായിരുന്നു' വെന്ന് ചിന്തിച്ചിട്ടും കാര്യമില്ല. 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts