news-details
മറ്റുലേഖനങ്ങൾ

നാട്ടില്‍ ഇപ്പോള്‍ എന്തൊക്കെ പുകിലുകളാണ് നടക്കുന്നത്. പരസ്യമായി ചുംബിക്കണമെന്ന് ഒരു കൂട്ടര്‍. അതിന് സമ്മതിക്കില്ല എന്ന് വേറെ ഒരു കൂട്ടര്‍. ഇനി വേറെ ഒരു കൂട്ടരാകട്ടെ ചുംബിക്കുന്നവര്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന നിലപാടിലാണ്. ഇതെല്ലാം കാണാനും കേള്‍ക്കാനും മൊബൈല്‍ഫോണില്‍ പകര്‍ത്തി wats app ലും  facebook ലും പോസ്റ്ററടിച്ച് ലൈക്ക് നേടാന്‍ കുറെ മിതവാദികളും.

ചുംബനം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്‍റെ ജീവിതത്തെ പിടിച്ച് കുലുക്കിയ എന്‍റെ ആദ്യത്തെ ചുംബനം ആണ്. ക്രിസ്തുവിനെ അറിയുന്നതിന് മുന്‍പ് ഞാന്‍ ഏറ്റവും കൂടുതല്‍ വെറുത്തിരുന്നത് കുഷ്ഠരോഗികളെ ആയിരുന്നു. അവരെ കാണുന്ന മാത്രയില്‍ അവരില്‍നിന്ന് ഞാന്‍ എന്നും ഓടിരക്ഷപ്പെട്ടിരുന്നു. പൊട്ടി ഒലിക്കുന്ന ചുണ്ടുകളും പാതിയറ്റ ശരീരാവയവങ്ങളും ഒക്കെയായി ഉള്ള അവര്‍ എന്നും എനിക്ക് വെറുക്കപ്പെട്ടവരായിരുന്നു. എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞ അന്ന് ഞാന്‍ ഒരു തീരുമാനം എടുത്തു. ഇവരെ കാണുമ്പോള്‍ ഞാന്‍ ഇനി ഒരിക്കലും തിരികെ പോകില്ലാ.

ഒരിക്കല്‍ ഞാന്‍ സ്പൊളേറ്റോ താഴ്വരയില്‍കൂടി കുതിരപ്പുറത്തു യാത്ര ചെയ്യുകയായിരുന്നു. ഇതാ പെട്ടെന്ന് എന്‍റെ ചെവികളില്‍ കുഷ്ഠരോഗികളുടെ മണിയടി ശബ്ദം കേള്‍ക്കുന്നു. പുതിയ തീരുമാനത്തെപ്പറ്റി ഒന്നും ഓര്‍ക്കാതെ ഉടന്‍തന്നെ കുതിരയെ തിരിച്ച് ഞാന്‍ വന്നവഴിക്ക് തിരികെ യാത്ര തുടങ്ങി. പെട്ടെന്നാണ് എന്‍റെ മനസ്സില്‍ ഞാന്‍ എടുത്ത തീരുമാനത്തെപ്പറ്റി ബോധ്യം ഉണ്ടായത്. ഉള്ളില്‍ പിന്നെ നടന്നത് ഒരു മഹായുദ്ധം തന്നെയായിരുന്നു. ഞാനും ഞാനും തമ്മിലുള്ള യുദ്ധം. ഒടുവില്‍ ഞാന്‍ എന്നെ കീഴടക്കി. കുതിരിയെ തിരിച്ച് കുഷ്ഠരോഗിയുടെ പക്കലേയ്ക്ക് ചെന്നു. മനംമടുപ്പിക്കുന്ന ഗന്ധവും വെറുപ്പുളവാക്കുന്ന രൂപവും. അയാളുടെ ചുണ്ടുകള്‍ പൊട്ടി പൊളിഞ്ഞിരുന്നു. കുതിരപ്പുറത്തു നിന്ന് താഴെ ഇറങ്ങി ഞാന്‍ അയാളുടെ പക്കലെത്തി. വേണ്ടാ വേണ്ടാ എന്ന് പലവട്ടം മനസ്സ് പറയുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഞാന്‍ അവനെ കെട്ടിപ്പിടിച്ച് അവന്‍റെ അഴുകുന്ന ചുണ്ടുകളില്‍ ചുംബിച്ചു. അന്നോളം ജീവിതത്തില്‍ ആസ്വദിച്ചിട്ടില്ലാത്ത നിര്‍വൃതിയുടെ നിമിഷം ആയിരുന്നു അത്. സ്വയം കീഴടക്കിയ സന്തോഷത്തില്‍ മടക്കയാത്രയ്ക്ക് കുതിരപ്പുറത്ത് കയറി തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ നിന്നിരുന്ന സ്ഥലം ശൂന്യമായി കിടക്കുന്നു. എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. എന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. കാരണം അത് ക്രിസ്തു ആയിരുന്നു.
ഇന്നിന്‍റെ ഈ കോലാഹലങ്ങള്‍ കാണുമ്പോള്‍ ഇവരോട് പറയാന്‍ തോന്നുന്നു. നിങ്ങള്‍ തെരുവില്‍ നില്‍ക്കുന്ന ഒരു യാചകന് നിങ്ങളുടെ ചുംബനം നല്‍കൂ എന്ന്. കാരണം അത് ക്രിസ്തു ആണ്. ക്രിസ്തുവിനെ ചുംബിക്കുന്നതില്‍നിന്നും ഒരു കാലത്തും ആരും നിങ്ങളെ തടയില്ല. സ്വയം കീഴടക്കാന്‍ പറ്റുമോ എന്ന് ചിന്തിച്ചു നോക്കൂ. 

 
 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts