വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ 8-ാമദ്ധ്യായത്തില്‍ ക്രിസ്തു ചോദിക്കുന്നു; ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ഇവിടെ ആരും ഉത്തരം പറയുന്നില്ല. ഞാന്‍ ആരെന്നാണ് എല്ലാവരും പറയുന്നത്? പല ഉത്തരങ്ങള്‍ ഉടനടി ഉയര്‍ന്നുവന്നു. എല്ലാവരും പറയുന്നത് ഏറ്റുപറയുവാന്‍ ആര്‍ക്കും കഴിയും. എന്നോടു വ്യക്തിപരമായി ഉയര്‍ത്തുന്ന ചോദ്യത്തിന് ഉത്തരം കൊടുക്കുവാന്‍ ബുദ്ധിമുട്ടാണ്. എല്ലാവരും പറയുന്ന കാര്യങ്ങള്‍ അറിവില്‍നിന്നും വരുന്നതാണ്. വ്യക്തിപരമായ ഉത്തരം അനുഭവത്തില്‍നിന്നും വരുന്നതാണ്. ദൈവത്തെപ്പറ്റി പലകാര്യങ്ങള്‍ നമുക്കറിയാം. എന്നാല്‍ വ്യക്തിപരമായ അനുഭവങ്ങള്‍ നമുക്കുണ്ടോ? ബുദ്ധിയുടെ അറിവില്‍നിന്നും ഹൃദയത്തിന്‍റെ അറിവിലേയ്ക്കു നാം വളരണം. വിശുദ്ധ മത്തായിയുടെ സുവിശേഷം 7-ാമദ്ധ്യായം 21-ാം വാക്യത്തില്‍ പറയുന്നു: "കര്‍ത്താവെ, കര്‍ത്താവെ എന്ന് വിളിക്കുന്നവനെ ഞാനറിയുന്നില്ല. എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ തിരുവിഷ്ടം നിറവേറ്റുന്നവനെയാണ് ഞാനറിയുന്നത്." യേശുവിന്‍റെ നാമത്തില്‍ നന്മകള്‍ ചെയ്തവരെപ്പോലും അവനറിയുന്നില്ല. അവന്‍റെ അള്‍ത്താരയില്‍ നിന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്ത നമ്മെ അവിടുന്നറിയുന്നില്ലെന്ന് പറയുമോ?

ബുദ്ധിമാന്മാരില്‍നിന്നും വിവേകികളില്‍നിന്നും മറച്ചുവച്ച ദൈവരാജ്യരഹസ്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്കു വെളിപ്പെടുത്തുന്ന ദൈവത്തെയാണ് യേശു നമുക്കു പരിചയപ്പെടുത്തിയത്. "നിന്നെ കണ്ടെത്തുവാനുള്ള ഭാഗ്യം തന്ന നീ തന്നെ നിന്നെ അനുഭവിക്കുവാനുള്ള കൃപ തരണമേ" എന്നു നാം പ്രാര്‍ത്ഥിക്കണം. മനുഷ്യന്‍റെ ചിന്തകളേക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ദൈവത്തിന്‍റെ വഴികള്‍. അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും മാറിപ്പോകും. സനാതനസത്യങ്ങള്‍ ശാശ്വതമാണ്. രാഷ്ട്രീയത്തിനും സയന്‍സിനുംവേണ്ടി ജീവിതം മുഴുവന്‍ മാറ്റിവച്ചവരുണ്ട്. ദൈവത്തിന്‍റെ നിത്യവചനം കണ്ടെത്തിയവര്‍ക്ക് ഇതൊന്നും പ്രധാനപ്പെട്ടതല്ല. ക്രിസ്തുവെന്ന വിപ്ലവകാരിയെ കണ്ടെത്തിയവന്‍റെ ഹൃദയത്തില്‍ മറ്റൊരു വിപ്ലവകാരിക്കും സ്ഥാനമില്ല. ഭൗതികവസ്തുക്കള്‍ നമുക്കു തൃപ്തി തരില്ല. ക്രിസ്തുവിനെ നിരന്തരം ജീവിതത്തില്‍ നാം അന്വേഷിക്കണം. ബുദ്ധികൊണ്ടുള്ള അന്വേഷണമല്ല ഇവിടെ സൂചിപ്പിക്കുന്നത്. പ്രഭാഷകന്‍ 18/7 ല്‍ നാം വായിക്കുന്നു; "മനുഷ്യന്‍റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും അവന്‍ ആരംഭത്തില്‍തന്നെയാണ് നില്‍ക്കുന്നത.്" ദൈവം നമുക്കു വെളിപ്പെടുത്തിതന്നാലെ നമുക്കും അവിടുത്തെ അനുഭവിക്കാന്‍ സാധിക്കൂ. ഭാഷപോലും ശരിക്കും കൈകാര്യം ചെയ്യാനറിയാത്ത ഫ്രാന്‍സിസ് അസ്സീസിയെപ്പോലുള്ളവര്‍ ദൈവത്തെ അനുഭവിച്ചു.

അന്വേഷണങ്ങള്‍ തുടരുമ്പോള്‍ കണ്ടെത്തലുകളും തുടര്‍ന്നുകൊണ്ടിരിക്കും. അന്വേഷണം അവസാനിക്കുന്നിടത്തു കണ്ടെത്തലുകളും അവസാനിക്കാം. വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തില്‍ 1-ാമദ്ധ്യായത്തില്‍ ഗുരുവിന്‍റെ വാസസ്ഥലം അന്വേഷിക്കുന്ന ശിഷ്യരെ നാം കാണുന്നുണ്ട്. തല ചായ്ക്കുവാന്‍ ഇടമില്ലാത്തവന്‍ വസിച്ചതും ഭൗതികകൂടാരങ്ങളിലല്ല. പുത്രന്‍ വസിച്ചതും പിതാവിലാണ്. പിതാവില്‍നിന്നു വന്നു, പിതാവില്‍ വസിച്ചു. പിതാവിങ്കലേക്കു തിരിച്ചുപോയി. ഗുരുവിന്‍റെ വാസസ്ഥലമാണ് ശിഷ്യന്‍റെ അന്വേഷണകേന്ദ്രം. ഈ അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ നാം യോഹന്നാന്‍റെ സുവിശേഷം 1-ാമദ്ധ്യായത്തില്‍ കാണുന്നുണ്ട്. 'റബ്ബീ' എന്നു വിളിച്ചുതുടങ്ങിയവര്‍ അവസാനം 'മിശിഹാ' എന്ന വിളിയില്‍ എത്തിച്ചേരുന്നു. ഈ രണ്ടു വിളികള്‍ക്കിടയില്‍ അവര്‍ അവനോടുകൂടി വസിച്ചു. പെട്ടെന്നുള്ള മാറ്റമല്ല നാളുകളെടുത്ത ഒരു പ്രയാണമാണിത്. യോഹന്നാന്‍ 4-ല്‍ സമരിയാക്കാരി സ്ത്രീയെ നാം കാണുന്നുണ്ട്. യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍ ആദ്യം ഒരു മാന്യനെയാണ് യേശുവില്‍ അവള്‍ കണ്ടത്. പിന്നീടു യാക്കോബിനെക്കാള്‍ വലിയവനെയും പ്രവാചകന്മാരില്‍ ഒരുവനെയും അവസാനം മിശിഹായെയും അവള്‍ കണ്ടെത്തി.

ക്രിസ്തു ആരെന്ന ചോദ്യത്തിനു മൂന്നു സ്ഥലങ്ങളില്‍ നിന്നായി നാം ഉത്തരം കണ്ടെത്തണം. വിശുദ്ധ കുരിശില്‍നിന്നും വിശുദ്ധ കുര്‍ബാനയില്‍നിന്നും വിശുദ്ധ ബൈബിളില്‍നിന്നും നമുക്ക് ഉത്തരങ്ങള്‍ ലഭിക്കും. അവന്‍റെ സ്വയം ശൂന്യവല്‍ക്കരണത്തെയും, സ്വയം ദാനത്തെയും, വെളിപ്പെടുത്തലിനെയും നാം ഇവിടെ കണ്ടെത്തും. കര്‍ത്താവിനെ കണ്ടെത്തിയ ജീവിതം ഭാഗ്യമുള്ള ജീവിതമാണ്. ആയിരമായിരം കണ്ണുകള്‍ കൊതിച്ചിട്ടും കാണാതെ പോയതും, അനേകം കാതുകള്‍ കൊതിച്ചിട്ടു കേള്‍ക്കാതെ പോയതുമായ ഒരു വലിയ സത്യത്തെ യേശുവില്‍ നാം കണ്ടെത്തണം. ആ കണ്ടെത്തലിന്‍റെ അവസാനം വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ "എന്‍റെ ദൈവമേ, എന്‍റെ സര്‍വ്വസ്വവുമേ" എന്ന് ഏറ്റുപറയാം.

You can share this post!

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ കപ്പൂച്ചിന്‍
അടുത്ത രചന

സ്വര്‍ഗ്ഗാരോപിതയായ അമ്മ

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Related Posts