news-details
മറ്റുലേഖനങ്ങൾ

വിവാഹിതരറിയാന്‍...

അന്നു രാത്രിയില്‍ ഞാന്‍ ഊണിനിരുന്നപ്പോള്‍ എന്നത്തേയുംപോലെ എന്‍റെ ഭാര്യ ഭക്ഷണം വിളമ്പിത്തന്നു. ഞാന്‍ അവളുടെ കൈയില്‍ പിടിച്ച് കണ്ണുകളില്‍ നോക്കി പറഞ്ഞു; "എനിക്ക് നിന്നോട് ഒരു കാര്യം പറയാന്‍ ഉണ്ട്." എന്‍റെ ഒപ്പം ഭക്ഷണത്തിന് അവളും ഇരുന്നു.
നീണ്ട ഒരു മൗനത്തിനുശേഷം എങ്ങനെയാണ് എനിക്ക് എന്‍റെ വായ് തുറക്കേണ്ടത് എന്നുപോലും അറിയാന്‍ പാടില്ലായിരുന്നു. പക്ഷേ എനിക്ക് അവളോട് പറയണമായിരുന്നു, ഞാന്‍ അവളില്‍നിന്ന് വിവാഹമോചനം ആഗ്രഹിക്കുന്നു എന്ന്. വളരെ ശാന്തമായി എങ്ങനെയൊക്കെയോ ഞാന്‍ കാര്യം അവതരിപ്പിച്ചു. എന്‍റെ വാക്കുകള്‍ അവളില്‍ വലിയ ഭാവവ്യത്യാസമൊന്നും സൃഷ്ടിച്ചില്ല. പക്ഷേ അവള്‍ എന്നോട് ചോദിച്ചു, "എന്താ കാരണം."

എന്‍റെ മൗനം അവളെ വല്ലാതെ മുറിപ്പെടുത്തി. കൈയില്‍ ഉണ്ടായിരുന്ന സ്പൂണ്‍ വലിച്ചെറിഞ്ഞ് അവള്‍ പറഞ്ഞു; "നിങ്ങള്‍ ഒരു ആണല്ല." അന്ന് രാത്രി ഞങ്ങള്‍ കൂടുതല്‍ ഒന്നും സംസാരിച്ചില്ല. രാത്രി മുഴുവന്‍ അവള്‍ തേങ്ങിക്കൊണ്ടേയിരുന്നു. എനിക്കറിയാമായിരുന്നു അവള്‍ അന്വേഷിച്ചത് മുഴുവന്‍ എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തു എന്നതിന്‍റെ കാരണമാണ്? അവളെ തൃപ്തിപ്പെടുത്തുന്ന ഒരു ഉത്തരം എന്‍റെ കൈയ്യില്‍ ഇല്ലായിരുന്നു. പക്ഷേ യഥാര്‍ത്ഥകാരണം എനിക്ക് മാത്രം അറിയാം. അത് 'ജെയിന്‍' ആയിരുന്നു.

വലിയ കുറ്റബോധത്തോടെ ആണ് ഞാന്‍ വിവാഹമോചനത്തിന്‍റെ നോട്ടീസ് അവള്‍ക്ക് കൈമാറിയത്. ഒരു പരിഹാരം എന്ന നിലയില്‍ ഞങ്ങളുടെ വീടും കാറും ബിസിനസിന്‍റെ 30% ഞാന്‍ അവള്‍ക്ക് എഴുതിവച്ചു.

മുദ്രപത്രം കൈപ്പറ്റി അതിലൂടെ ഒന്ന് ഓടിച്ച് നോക്കിയിട്ട് അവള്‍ അത് കഷണങ്ങളായി വലിച്ച് കീറി എന്‍റെ മുഖത്തെറിഞ്ഞു. 10 വര്‍ഷം എന്‍റെ ജീവനായിരുന്ന ഒരുവള്‍ എനിക്ക് ഇന്ന് അന്യയായി മാറിയിരിക്കുന്നു. അവളുടെ കഴിഞ്ഞ വര്‍ഷങ്ങള്‍ ഞാന്‍ മൂലം പാഴാക്കിയതിന് എനിക്ക് അവളോട് സഹതാപം തോന്നി. പക്ഷേ ജെയിനോടുള്ള എന്‍റെ ഇഷ്ടം ഇതിനെ എല്ലാം മറക്കാനും കാണാതിരിക്കാനും തക്കവിധം എന്‍റെ മനസ്സിനേയും ബുദ്ധിയേയും അന്ധമാക്കിയിരുന്നു. ഒടുവില്‍ അവള്‍ എന്‍റെ മുന്‍പില്‍നിന്ന് പൊട്ടിക്കരഞ്ഞു. ഒരു തരത്തില്‍ ആ കരച്ചില്‍ എനിക്ക് ഒരു വലിയ മോചനം നല്‍കി. കാരണം അവള്‍ കാര്യങ്ങളെ ഉള്‍ക്കൊണ്ടു എന്നതിന്‍റെ തെളിവായിരുന്നു ആ കരച്ചില്‍. നാളുകളായി എന്നെ അലട്ടിയ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടായതു പോലെ എനിക്ക് തോന്നി.

ജെയിനിനോടൊപ്പം ഒരു ദിവസം മുഴുവന്‍ ചെലവിട്ടിട്ട് പിറ്റേദിവസം വീട്ടില്‍ വന്ന് കയറിയത് ഒത്തിരി  വൈകിയായിരുന്നു. ഞാന്‍ വരുമ്പോള്‍ അവള്‍ എന്തോ എഴുതുകയായിരുന്നു. പക്ഷേ ഞാന്‍ അത്രയ്ക്ക് അത് ശ്രദ്ധിച്ചില്ല. രാത്രിയില്‍ എപ്പോഴോ കണ്ണുതുറന്നപ്പോള്‍ അവള്‍ തന്‍റെ എഴുത്ത് തുടരുന്നത് ഞാന്‍ കണ്ടു.

പിറ്റേദിവസം അവള്‍ എന്‍റെ പക്കല്‍ വിവാഹമോചനത്തിന് ചില നിബന്ധനകള്‍ വച്ചു. അവള്‍ക്ക് ഒന്നും വേണ്ടായിരുന്നു. അവള്‍ ആവശ്യപ്പെട്ടത് മകന്‍റെ ഒരു മാസത്തെ പരീക്ഷയുടെ ഒരുക്കത്തിന് ഇതൊരു തടസ്സമാകരുത് എന്നതായിരുന്നു. ഞാന്‍ അത് സമ്മതിച്ചു. അവളുടെ രണ്ടാമത്തെ നിബന്ധന എന്നെ അല്‍പം അത്ഭുതപ്പെടുത്തി. അത് ഇപ്രകാരമായിരുന്നു. അന്നു മുതല്‍ വരുന്ന ഒരു മാസക്കാലത്തേയ്ക്ക് ഞങ്ങളുടെ വിവാഹദിനത്തിലെ എന്നപോലെ എല്ലാദിവസവും രാവിലെ ഞാന്‍ അവളെ എന്‍റെ കൈകളില്‍ എടുത്തുകൊണ്ട് വരണം എന്നതായിരുന്നു. അല്‍പം വട്ടുപോലെ എനിക്ക് ഇത് അനുഭവപ്പെട്ടെങ്കിലും ഞാന്‍ ഈ നിബന്ധന അംഗീകരിച്ചു.

അന്ന് ഞാന്‍ ഈ കാര്യങ്ങള്‍ ജെയിനും ആയി സംസാരിച്ചു. പുഞ്ചിരിച്ചുകൊണ്ട് ജെയിന്‍ പറഞ്ഞു; "എന്തൊക്കെ സൂത്രങ്ങള്‍ പ്രയോഗിച്ചാലും ശരി നടക്കാന്‍ ഉള്ളത് നടക്കുക തന്നെ ചെയ്യും." വിവാഹമോചനത്തിന്‍റെ കാര്യം പറഞ്ഞതിന് ശേഷം ഇന്നേ വരെ തങ്ങള്‍ക്ക് പരസ്പരം ഒരു ശാരീരിക ബന്ധം ഉണ്ടായിരുന്നില്ല. നിബന്ധനയുടെ ഒന്നാം ദിവസം ഞാന്‍ അവളെ കൈയ്യില്‍ എടുത്തപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഒരുപോലെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കിടപ്പുമുറിയില്‍ നിന്ന് ഞാന്‍ അവളെ കൈയില്‍ എടുത്തുകൊണ്ട് പുറത്ത് വരുന്ന കാഴ്ച കണ്ട് ഞങ്ങളുടെ മകന്‍ കൈകൊട്ടി ചിരിച്ച്  തുള്ളിച്ചാടുന്നത് ഞാന്‍ കണ്ടു. കൈയില്‍ അവളെയും വഹിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങുമ്പോള്‍ അവള്‍ എന്നോട് പറഞ്ഞു; "ദയവുചെയ്ത് വിവാഹമോചന കാര്യം മോനോട് ഇപ്പം പറയരുത്." ഞാന്‍ അവളെ മുറ്റത്ത് ഇറക്കി. അവള്‍ ജോലിക്കു പോകുവാന്‍ വേണ്ടി ബസ്സ് സ്റ്റോപ്പിലേയ്ക്ക് നീങ്ങി.  ഞാന്‍ തനിയെ കാറുമായി എന്‍റെ ജോലി സ്ഥലത്തേയ്ക്കും.

മകന്‍റെ മുന്‍പിലെ നാടകത്തിന്‍റെ രണ്ടാം ദിവസം ഞങ്ങള്‍ രണ്ടുപേരും കുറച്ചുകൂടി ആയാസരഹിതമായാണ് കാര്യങ്ങള്‍ ചെയ്തത്. എന്‍റെ കൈകളില്‍ അവളെ മുറ്റത്തേക്കിറക്കുമ്പോള്‍ അവളുടെ തല എന്‍റെ നെഞ്ചോട് പറ്റിച്ചേര്‍ന്നിരുന്നു. അവളുടെ തലമുടിയില്‍ നിന്ന് ഒരു സുഗന്ധം എനിക്ക് അനുഭവപ്പെട്ടു.

അന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. കഴിഞ്ഞ കുറച്ചുകാലങ്ങളായി ഞാന്‍ ഇവളെ ശ്രദ്ധിച്ചിരുന്നതേ ഇല്ല എന്ന്. ഞാന്‍ മറ്റൊരു കാര്യം മനസ്സിലാക്കി അവള്‍ അത്രമാത്രം ചെറുപ്പം അല്ലാ എന്ന്. അവളുടെ മുഖത്ത് ചുളിവുകള്‍ വന്നിരിക്കുന്നു. തലമുടിയില്‍ വെള്ളിയിഴകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ വിവാഹജീവിതം അവളെ വയസ്സിയാക്കി എന്ന് എനിക്ക് തോന്നി. ഞാന്‍ ഒരു നിമിഷം ചിന്തിച്ചു. ഇവള്‍ ഇത്രമാത്രം പ്രായം ആകാന്‍ ഞാന്‍ എന്താണ് ഇവളോട് ചെയ്തത് എന്ന്.

നാലാം ദിവസം ഞാന്‍ അവളെ എടുത്തപ്പോള്‍ ആ പഴയ സന്തോഷവും അടുപ്പവും തിരിച്ച് വരുന്നത് എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഇവളോട് ഒപ്പം ആയിരുന്നു ഞാന്‍ എന്‍റെ ജീവിതത്തിലെ 10 വര്‍ഷം ചിലവിട്ടത് എന്ന ഓര്‍മ്മ കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു. 5-ാം ദിവസവും 6-ാം ദിവസവും ഞങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ദ്ധിക്കുന്നത് കാണാന്‍ എനിക്ക് കഴിഞ്ഞു. പക്ഷേ ജെയിനോട് ഞാന്‍ ഇതേപ്പറ്റി ഒന്നുംപറഞ്ഞതേ ഇല്ല. ദിവസങ്ങള്‍ കഴിയും തോറും അവളെ എടുക്കുന്നത് ഒരു നിസ്സാര സംഭവം ആയി മാറി. ഞാന്‍ ചിന്തിച്ചു, ഒരുപക്ഷേ എല്ലാ ദിവസത്തെയും ഈ ഭാരംവഹിക്കല്‍ എന്നെ കൂടുതല്‍ ബലമുള്ളവനാക്കി തീര്‍ത്തതാണെന്ന്.

ഒരു ദിവസം രാവിലെ അവള്‍ അന്ന് എന്തു ധരിക്കും എന്ന് പറഞ്ഞ് വിഷമിക്കുന്നത് ഞാന്‍ കണ്ടു. കാരണം അവള്‍ വല്ലാതെ മെലിഞ്ഞ് പോയിരിക്കുന്നു. അതുകൊണ്ടാണ് എനിക്ക് അവളെ ഉയര്‍ത്തുന്നത് അത്ര ഭാരം ഉള്ള ഒന്നായി തോന്നാതിരുന്നത്.

എന്‍റെ ഉള്ളില്‍ ഒരു തേങ്ങലുയര്‍ന്നു ദൈവമേ എത്രമാത്രം വേദനയും സങ്കടവും ആയിരിക്കും അവള്‍ ഉള്ളില്‍ ഒതുക്കിയത്. മനസ്സുകൊണ്ട് ഞാന്‍ അന്ന് അവളുടെ നെറ്റിത്തടത്തില്‍ ചുംബിച്ചു. അപ്പോള്‍ ഞങ്ങളുടെ മകന്‍ മുറിയില്‍ കയറിവന്ന് പറഞ്ഞു:  "പപ്പാ, മമ്മിയെ എടുക്കേണ്ട സമയം ആയിരിക്കുന്നു" എന്ന്. അവനെ സംബന്ധിച്ച് ഈ കാഴ്ച അവന്‍റെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരുന്നു. അവള്‍ അവനെ അടുത്തേക്ക് ആംഗ്യംകാട്ടി വിളിച്ച് നെഞ്ചോട് ചേര്‍ത്ത് കെട്ടിപ്പിടിച്ചു. എന്‍റെ തീരുമാനത്തിന് മാറ്റം ഉണ്ടാകല്ലേ എന്ന് ഭയന്ന് ഞാന്‍ എന്‍റെ മുഖം തിരിച്ച് കളഞ്ഞു. അന്ന് ഞാന്‍ അവളെ എന്‍റെ  കൈയില്‍ എടുത്തപ്പോള്‍ അവളുടെ കൈകള്‍ എന്‍റെ കഴുത്തില്‍ ചുറ്റിയിരുന്നു. ഞാന്‍ ഞങ്ങളുടെ വിവാഹത്തിന്‍റെ അന്ന് അവളെ ചേര്‍ത്ത് പിടിച്ചതുപോലെയാണ് അവളെ കൈകളില്‍ പിടിച്ചിരുന്നത്.

പക്ഷേ ഓരോ ദിവസവും ചെല്ലും തോറും അവളുടെ ഭാരം കുറയുന്നത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. അവസാന ദിവസം ഞാന്‍ അവളെ കൈകളില്‍ എടുത്തപ്പോള്‍ എന്‍റെ നെഞ്ച് പൊള്ളുകയായിരുന്നു. അവളെ ചേര്‍ത്തുപിടിച്ചിട്ട് ഞാന്‍ പറഞ്ഞു: ഞാന്‍ തിരിച്ചറിഞ്ഞില്ല, നമ്മുടെ ജീവിതത്തില്‍ സന്തോഷം നഷ്ടപ്പെട്ടിരുന്നു എന്ന്.

ഞാന്‍ അന്ന് ഓഫീസിലേയ്ക്ക് എത്തിയത് പതിവിലും വേഗത്തില്‍ ആയിരുന്നു. കാര്‍ പൂട്ടാതെ തന്നെ ഗോവണിപ്പടി ഓടിക്കയറി ഞാന്‍ ജെയിന്‍റെ മുന്‍പില്‍ നിന്നു തലകുനിച്ച് പറഞ്ഞു, "എന്നോട് ക്ഷമിക്കണം, ഞാന്‍ വിവാഹമോചനം നേടുന്നില്ല. അവളെ ഉപേക്ഷിക്കാന്‍ എനിക്ക് ആവില്ല."

ജെയിന്‍ എന്നെ തുറിച്ച് നോക്കി അടുത്തേക്ക് വന്നു എന്നിട്ട് എന്‍റെ നെറ്റിയില്‍ കൈകള്‍ വച്ചിട്ട് ചോദിച്ചു: "എന്താ പനിക്കുന്നുണ്ടോ?" അവളുടെ കൈകള്‍ എന്‍റെ നെറ്റിയില്‍ നിന്ന് മാറ്റിയിട്ട് ഞാന്‍  പറഞ്ഞു; "ജെയിന്‍ ഞാന്‍ വിവാഹമോചനം നേടുന്നില്ല. എന്‍റെ വിവാഹജീവിതം എന്നെ മടുപ്പിച്ചത് ഒരു പക്ഷേ ഞാന്‍ അവളെ അത്രകണ്ട് വിലമതിക്കാത്തത് കാരണം ആയിരുന്നു. അല്ലാതെ സ്നേഹം ഇല്ലാത്തതുകൊണ്ടല്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്, എന്‍റെ കൈകളില്‍ അവളെ എടുത്തു കൊണ്ട് ഞാന്‍ വീട്ടിലേയ്ക്ക് വന്ന അന്നുമുതല്‍ മരണം വേര്‍പെടുത്തുന്ന അന്നുവരെ ഞാന്‍ അവളെ എന്‍റെ കൈകളില്‍ എടുക്കേണ്ടിയിരിക്കുന്നു."

എന്‍റെ ചെകിട് പൊളിക്കുമാറ് ഒരു അടിയും തന്നിട്ട് വാതില്‍ വലിച്ചടച്ച് കണ്ണുനീരോടെ ജെയിന്‍ ഗോവണി ഇറങ്ങിപ്പോയത് ഞാന്‍ നോക്കി നിന്നു. ഞാന്‍ ഗോവണി ഇറങ്ങി അടുത്ത പൂക്കടയിലേയ്ക്ക് ചെന്നു. അവിടുത്തെ കുട്ടിയോട് ഒരു പൂച്ചെണ്ടിന് ഓഡര്‍ നല്‍കി. എന്നിട്ട് അതില്‍ ഇങ്ങനെ എഴുതാന്‍ പറഞ്ഞു: 'മരണം വേര്‍പ്പെടുത്തുവോളം എന്നും ഞാന്‍ നിന്നെ എന്‍റെ കൈകളില്‍ താങ്ങിക്കൊള്ളാം.'

അന്നു വൈകുന്നേരം പൂച്ചെണ്ടുമായി ഞാന്‍ അവളുടെ മുറിയില്‍ ചെന്നു. പക്ഷേ എന്നേക്കുമായി അവള്‍ എന്നെ പിരിഞ്ഞു പോയിരുന്നു. അവള്‍ ഒരു ക്യാന്‍സര്‍ രോഗി ആയിരുന്നു. പക്ഷേ ജെയിന്‍റെ ഒപ്പം ഉള്ള എന്‍റെ യാത്രകള്‍ എന്‍റെ ഭാര്യയില്‍ വന്ന മാറ്റങ്ങള്‍ കാണാന്‍ എനിക്ക് സമയം തന്നില്ല. അവള്‍ക്ക് അറിയാമായിരുന്നു, അവള്‍ ഉടന്‍ തന്നെ മരിക്കും എന്ന്. പക്ഷേ ഞാന്‍ അവളെ ഉപേക്ഷിച്ചാല്‍ അത് എന്നും എന്‍റെ മകന്‍റെ മനസ്സില്‍ എന്നോട് പകയ്ക്ക് കാരണം ആകും എന്നു അവള്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അവള്‍ വിവാഹമോചനം നീട്ടാന്‍ ആവശ്യപ്പെട്ടത്.

ഏറ്റവും ചുരുങ്ങിയത് എന്‍റെ മകന്‍റെ കണ്ണുകളില്‍ എങ്കിലും ഞാന്‍ ഒരു സ്നേഹനിധിയായ ഭര്‍ത്താവാണ്.

ഇന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്, ബന്ധങ്ങളെ വളര്‍ത്തുന്നത് വളരെ ചെറിയതെന്നും നിസ്സാരമെന്നും തോന്നുന്ന കാര്യങ്ങളാണെന്ന്. വലിയ വീടോ സമ്പത്തോ ഒന്നും സ്നേഹം വര്‍ദ്ധിപ്പിക്കില്ല. അതുകൊണ്ട് ജീവിതപങ്കാളിയോട് ഒപ്പം ആയിരിക്കാന്‍ സമയം കണ്ടെത്തൂ. ഒന്ന് തിരിഞ്ഞ് നിന്ന് ചിന്തിക്കുന്നത് നല്ലതാണ്; ഞാന്‍ എന്‍റെ വിവാഹജീവിതത്തില്‍ സന്തോഷവാനാണോ?

എന്‍റെ കഥ ആരുമായും പങ്കുവച്ചില്ലെങ്കില്‍ എനിക്ക് ഒന്നും സംഭവിക്കുകയില്ലായിരുന്നു. പക്ഷേ ഇന്ന് എനിക്ക് കിട്ടുന്ന കത്തുകള്‍ എന്നോട് പറയുന്നുണ്ട്, എന്‍റെ പങ്കുവയ്ക്കല്‍ അനേകരുടെ ജീവിതങ്ങളെ കൂടുതല്‍ സന്തോഷപ്രദം ആക്കുന്നു എന്ന്.  

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts