ഇങ്ങനെ മുകളില്‍ ഇരുന്ന് താഴോട്ട് നോക്കുമ്പോള്‍ എന്തൊക്കെ കാഴ്ചകളാണ് കാണേണ്ടി വരുന്നത്. ചിലപ്പോള്‍ ചില കാഴ്ച വല്ലാതെ സങ്കടപ്പെടുത്തും.
ഈ കഴിഞ്ഞ ദിവസം ഒരു കാഴ്ച കണ്ടു; എന്‍റെ മൂന്നു ചെറിയ സഹോദരന്മാര്‍ എന്‍റെ വി. സഹോദരി അല്‍ഫോന്‍സായുടെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഞാന്‍ അവരെത്തന്നെ ഇവിടെ ഇരുന്ന് ഫോക്കസ് ചെയ്തു നോക്കിക്കൊണ്ടിരുന്നു. രാത്രി 7 മണി ആയിട്ടുണ്ട്. അങ്ങനെ അവര്‍ നടന്നുനീങ്ങുമ്പോള്‍ ഒരു ചെറിയ പയ്യന്‍ അവരെ പുറകില്‍നിന്ന് വിളിക്കുന്നതു ഞാന്‍ കണ്ടു. മൂന്ന് പേരില്‍ ഒരുവന്‍ അവന്‍റെ അടുത്തേക്കു ചെന്നു. 12 വയസ്സേ കാണൂ ആ പയ്യന്. അവന്‍റെ മുഖം കണ്ടാല്‍ അറിയാം അവന്‍ നല്ല ദാരിദ്ര്യത്തില്‍ ആണെന്ന്. ആ പയ്യന്‍ എന്‍റെ സഹോദരനോട് ഒരു സി.ഡി. അവന്‍റെ കയ്യില്‍നിന്ന് മേടിക്കാമോ ചേട്ടാ എന്നു ചോദിച്ചു. എന്തായാലും അല്‍പമൊക്കെ അവനോട് സംസാരിച്ചിട്ട് കുറച്ചു രൂപ ആ പയ്യന്‍റെ പോക്കറ്റില്‍ എന്‍റെ സഹോദരന്‍ തിരുകിവയ്ക്കുന്നത് ഞാന്‍ കണ്ടു.
സത്യത്തില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. പക്ഷേ അപ്പോള്‍തന്നെ ഒരുപാട് സങ്കടവും. ഞാന്‍ അപ്പോള്‍ എന്‍റെ പഴയ ചില പ്രവൃത്തികളെ പറ്റി ഓര്‍ത്തു. എന്നെ ഞാനാക്കി മാറ്റിയത് ദരിദ്രനായ ക്രിസ്തുവിനോടുള്ള എന്‍റെ പ്രണമായിരുന്നു. ഞാന്‍ എന്നും ഒരു കാര്യത്തില്‍ അസൂയപ്പെട്ടിരുന്നു. അത് എന്നേക്കാള്‍ ദരിദ്രനായി വേറെ ഒരുവനെ കാണുമ്പോഴായിരുന്നു. കാരണം ക്രിസ്തുവിന്‍റെ ദാരിദ്ര്യം എന്നേക്കാള്‍ കൂടുതലായി മറ്റാരെങ്കിലും അനുഭവിക്കുന്നത് ഒരു കുറച്ചിലായി എനിക്ക് അനുഭവപ്പെട്ടിരുന്നു.
ഒരിക്കല്‍ ഞാന്‍ സ്പൊളേറ്റോയിലേക്കുള്ള വഴിയിലൂടെ നല്ല തണുപ്പത്ത് മഞ്ഞ് പെയ്യുമ്പോള്‍ നടന്നുവരികയായിരുന്നു. ക്രിസ്തുവിന്‍റെ ദാരിദ്ര്യത്തെപ്പറ്റിയുള്ള ചിന്ത എന്‍റെ ആത്മാവിന് ചൂട് പകര്‍ന്നു നല്‍കിയിരുന്നു. അങ്ങനെ പാട്ടും പാടി വിറച്ച് നടന്നു വരുമ്പോള്‍ അതാ ഒരുവന്‍ എന്‍റെ വസ്ത്രത്തെക്കാള്‍ കീറിയ വസ്ത്രവും ധരിച്ച് വഴിവക്കില്‍ വിറച്ചിരിക്കുന്നു. എനിക്ക് സത്യത്തില്‍ ഈ കാഴ്ച സഹിച്ചില്ല. ഒട്ടും മടിച്ചില്ല അവന്‍റെ അടുത്തുചെന്ന് ഞാന്‍ അവനോട് ആ വസ്ത്രങ്ങള്‍ ഇരന്നുവാങ്ങി പകരം എന്‍റേത് അവന് നല്‍കി. കാരണം അങ്ങനെ എന്നേക്കാള്‍ വലിയ ദരിദ്രനായി അവന്‍ ക്രിസ്തുവിനെ സ്നേഹിക്കുന്നത് എനിക്ക് കാണാന്‍ ഇഷ്ടമില്ലായിരുന്നു.
ആ പയ്യന്‍റെ പോക്കറ്റില്‍ എന്‍റെ സഹോദരന്‍ കുറച്ച് രൂപ വയ്ക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചു നോക്കി; ഞാന്‍ ആയിരുന്നു ആ സഹോദരന്‍റെ സ്ഥാനത്ത് എങ്കില്‍ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന്. ഒരു ഉത്തരമേ മനസ്സില്‍ തെളിഞ്ഞു വന്നുള്ളു. കൈയ്യില്‍ ഉണ്ടായിരുന്നത് മുഴുവന്‍ അവന് ഞാന്‍ നല്‍കിയേനേ.
ഇവിടെ ആയിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഒരു സങ്കടം എനിക്ക് എന്‍റെ സഹോദരങ്ങളുടെ ജീവിതം കാണുമ്പോള്‍ വരുന്നുണ്ട്. എന്തേ ഇവര്‍ക്ക് ദാരിദ്ര്യത്തിന്‍റെ വിലയും അതില്‍ ജീവിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സ്വീകരിക്കാന്‍ പറ്റുന്നില്ല? എടുക്കുന്ന വൃതം ഒന്ന്. ജീവിക്കുന്ന ശൈലി വേറെ ഒന്ന്. ഇവര്‍ എന്‍റെ സഹോദരങ്ങള്‍ തന്നെയോ?