news-details
മറ്റുലേഖനങ്ങൾ

അബ്ബായും ആമേനും

രണ്ടു തവണ നിക്കദേമൂസ് യേശുവിനെ കാണാന്‍ വരുന്നുണ്ട്. രണ്ടു തവണയും വന്നത് രാത്രിയിലാണ്. ആദ്യം വന്നത് ഒരു നിശാചര്‍ച്ചയ്ക്കാണ്; രണ്ടാമതു വന്നത്, യേശു മരിച്ച രാത്രിയില്‍ അവനെ സംസ്കരിക്കുന്നതിനും.

ആദ്യത്തെ തവണ നിലാവോ നക്ഷത്രമോ ഇല്ലാത്ത ഒരു രാത്രിക്കുവേണ്ടി അയാള്‍ കാത്തിരുന്നിട്ടുണ്ടാകണം. കട്ടപിടിച്ച ഇരുട്ടിന്‍റെ മറവില്‍ ആരുടെയും കണ്ണില്‍പ്പെടാതെ അയാള്‍ക്കു വരേണ്ടിയിരുന്നു.

നിക്കദേമൂസ് വന്ന രാത്രിയില്‍ ആളുകളെല്ലാം ഗാഢനിദ്രയിലായിരുന്നു. കാവല്‍ക്കാര്‍ മൂലകളില്‍ കുന്തിച്ചിരുപ്പുണ്ടായിരുന്നു. കാവല്‍നായ്ക്കള്‍ പരുങ്ങിക്കൂടി, കണ്‍പൂട്ടി അങ്ങനെ... കാല്‍ച്ചുവടുകളുടെ സ്വരമുയര്‍ന്നെങ്കിലും ആരേയും എവിടെയും കണ്ടില്ല. കുഞ്ഞുങ്ങള്‍ സ്വപ്നത്തില്‍ നുണഞ്ഞുകൊണ്ടിരുന്നു - ഈ ലോകത്തെക്കാളും മധുരമുള്ളയൊന്ന് അവരാസ്വദിക്കുന്നതുപോലെ... അതാസ്വദിച്ച് അവര്‍ തിരിഞ്ഞു കിടന്ന് വീണ്ടും ഉറക്കം തുടങ്ങി.

അയാള്‍ വന്നത് രാത്രിയിലാണ്. രാത്രിയില്‍ നാം ഒന്നും കാണുന്നില്ലല്ലോ. എല്ലാം - മരങ്ങളും മൃഗങ്ങളും കല്ലും വഴിയും മനുഷ്യരും - അതതു സ്ഥാനങ്ങളില്‍ തന്നെയുണ്ട്. എന്നാലും നാമവയൊന്നും കാണുന്നില്ല. നിക്കദേമൂസ് വന്നത് മരങ്ങളെക്കുറിച്ചോ, മൃഗങ്ങളെക്കുറിച്ചോ, കല്ലുകളെക്കുറിച്ചോ, വഴികളെക്കുറിച്ചോ, മനുഷ്യരെക്കുറിച്ചോ അന്വേഷിക്കുന്നതിനല്ല; അയാള്‍ വന്നത് അവയുടെയൊക്കെ അടിസ്ഥാനമായതിനെക്കുറിച്ച്, അവയിലെല്ലാം മറഞ്ഞിരിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ്. അയാളൊരു ആത്മീയ മനുഷ്യനായിരുന്നല്ലോ.

ഏറെ കാര്യങ്ങളില്‍ അറിവുള്ള മനുഷ്യനാണ് നിക്കദേമൂസ്. നിയമജ്ഞനാണയാള്‍. അയാളുടെ ജനമായ യഹൂദര്‍ കൊണ്ടുനടന്ന കഥകളും അവയുടെ അര്‍ത്ഥവും അയാള്‍ക്കറിയാമായിരുന്നു. ഉത്പത്തിയും രാജാക്കന്മാരുടെ പുസ്തകവും നിയമവും പ്രവാചകന്മാരും അയാള്‍ ഹൃദിസ്ഥമാക്കിയിരുന്നു. യേശു ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെന്നു മനസ്സിലാക്കാന്‍ മാത്രം അറിവ് അയാള്‍ നേടിയിരുന്നു. അയാള്‍ പറഞ്ഞു; എനിക്ക് എല്ലാം അറിയാം. എന്നാലും അയാളില്‍ ഒരവ്യക്തത അവശേഷിപ്പിച്ചു.

എല്ലാ കാലത്തെയും തലമുറകള്‍ക്ക് അവരുടെ പാരമ്പര്യത്തിലൂടെയും മറ്റും ഒരുപാടു കാര്യങ്ങളെപ്പറ്റി അറിവു ലഭിച്ചിരുന്നല്ലോ. അതിന്‍റെയും ഇതിന്‍റെയും പിന്നില്‍, വിണ്ണിനും മണ്ണിനും പിന്നില്‍, ജനിമൃതികള്‍ക്കു പിന്നില്‍, മറഞ്ഞിരിക്കുന്ന എന്തോ ഉണ്ടെന്ന്, ആരോ ഉണ്ടെന്ന് എത്രയോ നാളുകളായി എത്രയോ ജനതതികള്‍ വിശ്വസിച്ചുപോന്നു.

അതിനെപ്പറ്റി യേശുവിന് എന്തെങ്കിലും അറിയാമോ എന്നന്വേഷിച്ചാണ് നിക്കദേമൂസ് രാത്രിയില്‍ അവിടെ ചെന്നത്. ആഫ്രിക്കന്‍ സംസ്കാരത്തില്‍പെട്ടവരോ വേറെ ഏതെങ്കിലും സംസ്കാരത്തില്‍ പെട്ടവരോ തങ്ങള്‍ക്ക് ഇനിയും ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളുമായി അവന്‍റെ സമീപം ഇന്നും വന്നുകൊണ്ടിരിക്കുന്ന അതേ രീതിയിലാണ് അന്ന് അയാളും എത്തിയത്.

അങ്ങനെ യേശു പറഞ്ഞുതുടങ്ങുന്നു; ഇരുട്ടില്‍ നിന്നു വെളിയില്‍ വരേണ്ടതിനെക്കുറിച്ച്, വെളിച്ചത്തിലേക്കു വരേണ്ടതിനെക്കുറിച്ച്, രക്ഷയെക്കുറിച്ച്, നിത്യജീവനെക്കുറിച്ച്, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരെക്കുറിച്ച്, വെളിച്ചത്തു വരാന്‍ പോകുന്ന പ്രവൃത്തികളെക്കുറിച്ച് ....

എന്നാലും ഇവയ്ക്കെല്ലാം ശേഷവും കാര്യങ്ങളൊക്കെ അവ്യക്തമായി അവശേഷിക്കുന്നു. ശരിക്കും അവനെന്താണ് ആവശ്യപ്പെടുന്നത്? എന്താണ് ശരിക്കും നിര്‍ദ്ദേശിക്കപ്പെട്ടത്? എന്താണ് അവന്‍ അര്‍ത്ഥമാക്കിയത്? പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നോ അവന്‍? നിക്കൊദേമൂസിനെ യേശു ഒററിക്കൊടുപ്പുകാരനായി ഗണിച്ച് ഭയപ്പെട്ടിരുന്നോ?
ഇന്നാട്ടില്‍ ബൈബിള്‍ പണ്ഡിതന്മാര്‍ ഒരുപാടുണ്ടല്ലോ. അവരുടെ പ്രധാന പരിപാടി പുതിയ നിയമത്തിലെ പല ഭാഗങ്ങള്‍ താരതമ്യം ചെയ്ത്, കൃത്യമായി എന്തൊക്കെയാണ് യേശുവിന്‍റെ അധരങ്ങളില്‍ നിന്ന് വീണതെന്നത്, അവന്‍റെ ഏറ്റവും വിശ്വാസയോഗ്യമായ ഉത്തരങ്ങളേതെന്നത് ഒക്കെ ചികഞ്ഞു കണ്ടെത്തുക എന്നതാണ്. അങ്ങനെ അവരില്‍ ചിലര്‍ കണ്ടെത്തിയ വസ്തുത ഇതാണ്: രണ്ടേ രണ്ടു വാക്കുകളാണ് യേശുവിന്‍റെ അധരങ്ങളില്‍ നിന്നുതന്നെ വന്നു എന്നു സ്ഥാപിക്കാനാകുക. അവയാണ്  'ആമേനും' 'അബ്ബാ'യും.

ആദ്യകേള്‍വിയില്‍ ഈ നിരീക്ഷണം അവിശ്വസനീയമോ പരിഹാസ്യമോ വിചിത്രമോ ഒക്കെയായി തോന്നിയേക്കാം. മല എലിയെ പ്രസവിച്ചു എന്നതുപോലെ എന്തോ ഒന്ന്. 'ആമേന്‍' എന്നാല്‍ "അതങ്ങനെയാവട്ടെ" എന്നോ "ദൈവമാണു സംസാരിക്കുന്നത്" എന്നോ ആണര്‍ത്ഥം. 'അബ്ബാ' എന്നാല്‍ പപ്പായെന്നോ, ഡാഡിയെന്നോ, അച്ചാച്ചനെന്നോ അര്‍ത്ഥം. യേശുവിനു പറയാനുണ്ടായിരുന്നതു മുഴുവനും ഈ ലളിതമായ രണ്ടു  വാക്കുകള്‍ കൊണ്ടു സംഗ്രഹിക്കാമത്രേ.

യേശു അതാണു പറഞ്ഞത്. ദൈവം നിങ്ങളോടു സംസാരിക്കുന്നു, താന്‍ അബ്ബായെന്നു വിളിക്കപ്പെടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു; അവിടുന്ന് നമ്മുടെ അപ്പനാകാന്‍ ഇഷ്ടപ്പെടുന്നു.

ഈയൊരു പാഠത്തിന്‍റെ സ്വാഭാവിക പരിണതഫലങ്ങളാണ് നാം. യേശുവിന്‍റെ ജീവിതത്തില്‍ കാണുന്ന എല്ലാ കാര്യങ്ങളും - അവന്‍റെ പ്രാര്‍ത്ഥന, ആഭിമുഖ്യങ്ങള്‍, നന്മ, കോപം, സൗഖ്യസ്പര്‍ശങ്ങള്‍, ശാപങ്ങള്‍, അനുഗ്രഹങ്ങള്‍, അനുദിനജീവിതം, പങ്കുവയ്ക്കല്‍, നിരാസം തുടങ്ങിയ എന്തും - അത്തരമൊരു ബോധത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്.

നമ്മുടെ ജീവിതവും ക്രിസ്തുവിന്‍റേതിനു സമാനമാകണമെങ്കില്‍ രണ്ടേ രണ്ടു കാര്യങ്ങളേ സ്വാനുഭവത്തിലാക്കേണ്ടതുള്ളൂ: അബ്ബായും ആമേനും.

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts