news-details
മറ്റുലേഖനങ്ങൾ

ഇവന്‍ ബേബി മാത്യു. നമ്മളിവനെ കുക്കുബേബി എന്നു വിളിച്ചു. കുക്കു ബേബി ഇന്നലെ മരിച്ചു. 2015 പുതുവര്‍ഷപ്പുലരിയുടെ കുളിരാറും മുമ്പേ, അന്ത്യകൂദാശകളൊന്നും സ്വീകരിക്കാതെ കര്‍ത്താവില്‍ ഭാഗ്യനിദ്ര പ്രാപിച്ചു, അമ്പത്തിയഞ്ചാമത്തെ വയസ്സില്‍.

മരണം ഒരര്‍ത്ഥത്തില്‍ ഭാഗ്യമാണ്. നരജീവിതമായ വേദനയില്‍ നിന്നുള്ള മോചനമാണ്, പ്രത്യേകിച്ചു കുക്കുബേബിയെപ്പോലെയുള്ളവന്. ഇന്നലെ രാവിലെ പത്തുമണിക്ക് ഇവന്‍ കോട്ടയം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയിലേയ്ക്ക് ഓട്ടോയില്‍ വന്നിറങ്ങി. ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതത്താല്‍ പതിനൊന്നു മണിക്കു മരിച്ചു.

വേണ്ടപ്പെട്ടവരാരുമില്ലാത്തവനു വേണ്ടപ്പെട്ടവര്‍ പലരുണ്ടായി. അവര്‍ അവനെ മോര്‍ച്ചറിയിലാക്കി. കാശുകൊടുത്തു പത്രങ്ങളില്‍ പരസ്യം കൊടുത്തു. പുത്തനുടുപ്പിടീച്ചു. ശവപ്പെട്ടി വാങ്ങി. അതില്‍ കിടത്തി. ആംബുലന്‍സ് പിടിച്ചു. ഈ കെ.പി.എസ് മേനോന്‍ ഹാളില്‍ കൊണ്ടുവന്നു. പൊതുദര്‍ശനത്തിനു വച്ചു. റീത്തുകള്‍ വച്ചു. മുട്ടമ്പലം വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇതില്‍പ്പരം എന്താ ഒരാദരവ്, കുക്കുബേബിക്ക്, ഒരനാഥന്. ഇപ്പോള്‍ ഇവന്‍റെ ആത്മാവ് ആനന്ദം കൊണ്ടു നിറയുകയാവും.

ഒരു ജന്മംകൊണ്ടുള്ള അലച്ചിലുകളെല്ലാം അവസാനിപ്പിച്ച് ഇവന്‍ ഇതാ നമ്മുടെ മുന്നില്‍ ശാന്തനായി കിടക്കുന്നു. അവന്‍റെ തലയ്ക്കല്‍ ചേട്ടന്‍ ഇരിക്കുന്നു. ഒന്‍പതു സഹോദരങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക സഹോദരന്‍. അടുത്തിരിക്കുന്നതു ആ ചേട്ടന്‍റെ ഭാര്യ. ഇപ്പുറത്തു രണ്ടു യുവതികള്‍. ഇവര്‍ ഇവന്‍റെ മരിച്ചു പോയ സഹോദരിയുടെ മക്കളാണ്. അപ്പുറത്തു അവരുടെ പിതാവ്. ബേബിയുടെ അളിയന്‍. ഇത്രയും ദൂരം താണ്ടി ഇവര്‍ വന്നല്ലോ ഇവനെ യാത്രയാക്കാന്‍. പക്ഷേ ബേബിയുടെ മനസ്സ് എന്താവും പറയുക? യേശുവിനെപ്പോലെ ഇവന്‍ ചോദിക്കുന്നുണ്ടോ, "ആരാണ് എന്‍റെ അമ്മ? ആരാണ് എന്‍റെ സഹോദരന്‍?"

വീടുവിട്ട്, നാടുവിട്ട്, എല്ലാ രക്തബന്ധങ്ങളും ഉപേക്ഷിച്ച്, ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഇവന്‍ ഇറങ്ങിപ്പോന്നതാണ്. അങ്ങു ദൂരെ വടക്കു കിഴക്കന്‍ മലബാറിലെ ഏതോ കുടിയേറ്റ മലമ്പ്രദേശത്തു നിന്നു പുറപ്പെട്ടു പോന്നവനെ വിധി കോട്ടയത്തെത്തിച്ചു. തൊള്ളായിരത്തി എഴുപതുകളിലാണു ബേബി എന്ന കുട്ടിയെ ഞാന്‍ പരിചയപ്പെടുന്നത്. അന്നിവന്‍ ഞങ്ങളുടെ കോളേജിലെ സണ്ണിതോമസ് സാറിന്‍റെ വീട്ടിലെ സഹായിയായിരുന്നു. പിന്നീടു കരിപ്പാടത്തു പന്നിവേലില്‍, കടുത്തുരുത്തി കണിയാംപറമ്പില്‍, തൊടുപുഴ കല്ലേല്‍ പുളിമൂട്ടില്‍, കോട്ടയം തെക്കനാട്ട് അങ്ങനെ പലയിടങ്ങളില്‍ പല വീടുകളില്‍ നിന്നു വളര്‍ന്നു യുവാവായി. ഒരു പ്രൊഫഷനല്‍ കോഴ്സിനും പഠിക്കാതെ വിദഗ്ദ്ധനായ കുക്കായി. തൊള്ളായിരിത്തി എണ്‍പതുകളുടെ പകുതിയിലാണവന്‍ കോട്ടയത്ത് എസ്. എച്ച.് മൗണ്ടിലെ എന്‍റെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശകനായി എത്തുന്നത്.

അയ്യപ്പപ്പണിക്കരുടെ കുടുംബപുരാണം കവിതയില്‍ ഒരു വരി ഇങ്ങനെയാണ്; 'രസകരമാകിന കഥകള്‍ പറയണം, അതിനാണല്ലോ മനുഷ്യജന്മം' ബേബി രസകരമായ കഥകള്‍ രസകരമായി പറയും. അതു കേട്ടിരിക്കാന്‍ എനിക്കും കുടുംബത്തിനും ഇഷ്ടമായിരുന്നു. അതില്‍ പരദൂഷണവും നര്‍മ്മവും ഫലിതവും മനുഷ്യബന്ധങ്ങളുടെ വിചിത്ര ഇടപാടുകളും സൂക്ഷ്മമായ ജീവിത നിരീക്ഷണങ്ങളുമുണ്ടായിരുന്നു. കഥ പറഞ്ഞവന്‍ ഇന്നു കഥാവശേഷനായി.

ബേബി ബുദ്ധിമാനായിരുന്നു. ആരും ഒന്നും പഠിപ്പിച്ചില്ലെങ്കിലും ജീവിതം അവനെ പലതും പഠിപ്പിച്ചിരുന്നു. 'വ്യഥപോലറിവോതിടുന്ന സദ്ഗുരു മര്‍ത്യനു വേറെയില്ലെ'ന്നു കുമാരനാശാന്‍ പറഞ്ഞിട്ടുണ്ട്. ശരിയാണ്, ജീവിതവ്യഥകള്‍ ഇവനെ പഠിപ്പിച്ചതുപോലെ നമ്മെയാരെയും പഠിപ്പിച്ചിട്ടില്ല. അനുഭവങ്ങളാണ് ഒരുവനെ ജ്ഞാനിയാക്കുന്നത്. അതാണു യഥാര്‍ത്ഥ ജ്ഞാനം. അനുഭവജ്ഞാനം, അതിവനു വേണ്ടുവോളം കിട്ടിയിട്ടുണ്ട്. പക്ഷേ ആ ജ്ഞാനത്തെ, ആ ജ്ഞാനം നല്‍കിയ ബുദ്ധിയെ നേര്‍വഴിക്കു  നയിക്കുവാന്‍ ഇവന് ആരുമില്ലാതെ പോയി. മറിച്ചായിരുന്നുവെങ്കില്‍ ഇവന്‍ നമ്മുടെ മക്കളെക്കാള്‍ ഉയരുമായിരുന്നു.

ഇവന്‍റെ ഓര്‍മ്മ ശക്തമായിരുന്നു. എന്‍റെ കുടുംബത്തിലെ പുതുതലമുറയിലെ കുഞ്ഞുങ്ങളുടെ പേര് എനിക്കറിയില്ല. ഇവനറിയാം. ക്നാനായ കത്തോലിക്കാ യാക്കോബായ കുടുംബങ്ങളും അവരുടെ ഉള്‍വഴികളും ഇവനറിയാം. പഴയ കാര്യങ്ങളൊന്നും ഇവന്‍ മറന്നിട്ടില്ല. പേരും നാളും വീടും ഊരും വഴികളുമെല്ലാം ഇവന്‍റെ ഓര്‍മ്മയില്‍ സജീവമാണ്. അഞ്ചെട്ടു വര്‍ഷം മുമ്പ്, പിറവം പള്ളിയില്‍ ഞാനൊരു പ്രസംഗം നടത്തി. കോട്ടയത്തേയ്ക്കു കാറില്‍ തിരിച്ചുപോരുമ്പോള്‍ കൂടെയുള്ള ബേബി ആ പ്രസംഗം അതേപടി ആവര്‍ത്തിച്ചത് എന്നെ അത്ഭുതപ്പെടുത്തി. ക്രിസ്മസിനു ഒരാഴ്ച മുമ്പ് ഒരു സന്ധ്യയില്‍ ബേബി വീട്ടില്‍ വന്നു. വന്നപാടേ അവന്‍ 'അകലെയല്ല ആ നക്ഷത്രം' എന്ന എന്‍റെ അപ്നാദേശ് ലേഖനം എവിടെയോ വച്ചു വായിച്ചതിന്‍റെ ഓര്‍മ്മയില്‍ അതിലെ ആശയങ്ങള്‍ എന്നോടു പറയുകയായിരുന്നു. ഒരു നല്ല വായനക്കാരനെ എഴുത്തുകാരനു മറക്കാനാവുമോ. അകലെയല്ല ആ മരണം എന്നു ഞാന്‍ നിനച്ചതേയില്ല. ഇതാ ബേബി ഒരോര്‍മ്മയായി.

ബുദ്ധിയും ഓര്‍മ്മയും ആരെയും വശത്താക്കാനുള്ള വാഗ്സാമര്‍ത്ഥ്യവും സമര്‍ത്ഥമായി നുണ പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും പാചക കൈപ്പുണ്യവും സ്ത്രീകളുടെ പ്രീതി പിടിച്ചുപറ്റാനുള്ള മനഃശാസ്ത്രവും  എല്ലാം ഇവനില്‍ ഉണ്ടായിരുന്നു. അതുകൊണ്ടവന്‍ നമ്മുടെ വീടുകളിലേയ്ക്കും അടുക്കളകളിലേയ്ക്കും ക്രമേണ നമ്മുടെ ഹൃദയങ്ങളിലേയ്ക്കും പ്രവേശിച്ചു. നമ്മുടെ ഹൃദയങ്ങളില്‍ ഇവന്‍ കയറിപ്പറ്റിയിരുന്നു എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ ഇവിടെ നമ്മളെല്ലാം ഇങ്ങനെ ഒത്തുകൂടിയിരിക്കുന്നു എന്നത്. നിങ്ങളൊക്കെ ഈ സമൂഹത്തിലെ എലൈറ്റ് ഗ്രൂപ്പാണ്. നിങ്ങളെല്ലാം തിരക്കുള്ളവരാണ്. നിങ്ങളുടെ ആരുമല്ലാത്ത ഈ പാവപ്പെട്ടവന്‍റെ അന്ത്യവേളയില്‍ നിങ്ങളെ ഇവിടെ ഈ നേരമില്ലാത്ത നേരത്ത് എത്തിച്ചത് തീര്‍ച്ചയായും ഇവന്‍ നിങ്ങളെ എങ്ങനെയൊക്കെയോ സ്പര്‍ശിച്ചിരുന്നു എന്നതു വ്യക്തമാക്കുന്നു. നിങ്ങള്‍ ഇവനെ സ്നേഹിച്ചിരുന്നു എന്നതിന്‍റെ അടയാളമാണിത്. ഒന്നിനൊന്നു അന്ധകാരാവൃതമാകുന്ന ഈ ലോകത്ത് ഒന്നിനൊന്നു മനുഷ്യബന്ധങ്ങള്‍ സ്വാര്‍ത്ഥജടിലമാകുന്ന ഈ കാലത്തു നിങ്ങളുടെ ആരുമല്ലാത്ത, ഒന്നുമല്ലാത്ത ഒരുവന്‍റെ മരണനേരത്തു തങ്ങളുടെ സാന്നിദ്ധ്യം കൊണ്ടു ആദരാഞ്ജലിയര്‍പ്പിക്കാനുള്ള സന്മസസ്സ്, അതാണു മനുഷ്യത്വം. അതാണു ഇനിയും വറ്റിയിട്ടില്ലാത്ത കാരുണ്യം.

ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അടുത്തറിയുമ്പോള്‍, തിരിച്ചറിയുമ്പോള്‍, നാം അടുത്തറിഞ്ഞ, തിരിച്ചറിഞ്ഞ മനുഷ്യനിലെ തെറ്റുകുറ്റങ്ങളെ മുക്കിക്കളയുമാറ് കാരുണ്യം വന്നു നിറയുന്നതാണു ദൈവികകത. ദൈവികതയുടെ പേരിലാണു നിങ്ങളില്‍ ചിലര്‍ ഇന്നലെ ചില പുരോഹിതരെ കണ്ടതും, സഭാപരമായ മരണാനന്തര ശുശ്രൂഷകള്‍ക്കായി ശ്രമിച്ചതും. അതു നല്ല കാര്യം തന്നെ. പക്ഷേ അതു ഫലവത്തായില്ല എന്നത് എന്നെ ദുഃഖിപ്പിക്കുന്നില്ല. വീടും കുടിയുമില്ലാത്തവന്, ആരുംപോരുമില്ലാത്തവനു കത്തോലിക്കനെന്നതിനു ഒരു തെളിവും ഹാജരാക്കാന്‍ കഴിയാത്തവനു മതാത്മകമായ ഒരു സംസ്കാരശുശ്രൂഷ സാധിക്കില്ല എന്നതു സ്ഥാപനവത്ക്കരിക്കപ്പെട്ട വിശ്വാസസത്യമാണ്. അനാഥര്‍ക്കുള്ളതല്ല പള്ളിയും പട്ടക്കാരും.

പക്ഷേ ക്രിസ്തുമതം അനാഥര്‍ക്കുള്ളതാണ്. പാപികളോടും ചുങ്കക്കാരോടുമൊപ്പം ഭക്ഷണം കഴിച്ച സ്നേഹിതനാണ് നമ്മുടെ ദൈവപുത്രന്‍. അവന്‍റെ പേരിലാണു ഒരു മഹാപ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. ആ ദൈവനാമത്തിലാണു പൗരോഹിത്യവും അധികാരവും ആടയാഭരണങ്ങളണിഞ്ഞിരിക്കുന്നത്. സമൂഹം പുറത്താക്കിയ മനോരോഗികള്‍ (പിശാചുബാധിതര്‍), കുഷ്ഠരോഗികള്‍, മുടന്തര്‍, ബധിരര്‍, കുരുടര്‍ തുടങ്ങിയവരെ വാരിപ്പുണര്‍ന്നവനാണ് യേശു. മത, സാമൂഹിക നിയമങ്ങള്‍ ലംഘിച്ചുതന്നെ പാവങ്ങളോടു കരുണ കാട്ടിയവനാണവന്‍. "എളിയവരുടെ അവകാശം എടുത്തുകളയുന്നവര്‍ക്കും അനാഥരെ ചൂഷണം ചെയ്യുന്നവര്‍ക്കും ദുരിതം" എന്നു പറഞ്ഞവനാണവന്‍. "പള്ളികളെയോ തീര്‍ത്ഥാടനകേന്ദ്രങ്ങളെയോ അല്ല അന്വേഷിച്ചു പോകേണ്ടത്, ദൈവത്തെയാണ്" എന്ന് ആമോസ് പറഞ്ഞത് കാലം കടന്നും മുഴങ്ങുന്നുണ്ട്. "ബലികളല്ല, കരുണയും നീതിയുമാണു ദൈവം ആവശ്യപ്പെടുന്നത്" എന്നു മിക്കാ പ്രവാചകന്‍. "ദിരദ്രര്‍ക്കും അനാഥര്‍ക്കും ന്യായം നടത്തിക്കൊടുക്കുക, ഇതു തന്നെയാണ് ദൈവത്തെ അറിയുകയെന്നത്" എന്നു ജെറമിയാ. "വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ ഉപവാസം." ഏശയ്യായുടെ ഈ വാക്കുകള്‍ കാലാതീതമാണ്. ഒരര്‍ത്ഥത്തില്‍ ഞാനും നിങ്ങളും ഈ ബേബിയോടു ചെയ്തതും ഇതുതന്നെയല്ലേ?

ഏറ്റവും അപഹാസ്യനായി കുരിശില്‍ തൂക്കിലേറ്റിയവന്‍റെ ദേഹം അടക്കം ചെയ്യാന്‍ അരമത്തിയാ ജോസഫിന്‍റെ കല്ലറ കടമെടുക്കേണ്ടി വന്നു. അപ്പോള്‍ ഏതു പുരോഹിതനാണു വന്നുനിന്നു മരണാനന്തര പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍, കര്‍മ്മാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചത്? "വെള്ളയടിച്ച കുഴിമാടങ്ങളേ" എന്നു അഭിസംബോധന ചെയ്തവന്‍റെ കുഴിമാടത്തില്‍ പൗരോഹിത്യ ശുശ്രൂഷകളോ! എന്നിട്ടും യേശു ഉയര്‍ത്തെഴുന്നേറ്റു.

ബേബീ, ഒരു പുരോഹിതബലിയനുഷ്ഠാനങ്ങളും നിന്‍റെ ഈ അന്ത്യയാത്രാവേളയില്‍ നിനക്കു രക്ഷയായി കൂടെയില്ലെങ്കിലും "നിങ്ങള്‍ക്കു മുമ്പേ ചുങ്കക്കാരും വേശ്യകളുമായിരിക്കും സ്വര്‍ഗ്ഗത്തിലെത്തുക" എന്നു പ്രഖ്യാപിച്ചവന്‍റെ തുണ നിനക്കൊപ്പമുണ്ടാകും. നീ മുട്ടമ്പലത്തിലേയ്ക്കാണു പോകുന്നത്. മുട്ടുമ്പോള്‍ തുറക്കുന്ന അമ്പലമാണ് മുട്ടമ്പലം. അമ്പലം ക്ഷേത്രമാണ്, ദേവാലയമാണ്. ശ്മശാനമാണ് അവനിയിലെ ആത്മവിദ്യാലയം. നീ അങ്ങോട്ടാണിപ്പോള്‍ യാത്ര പോകുന്നത്. അവിടെ നീ ഒരു പിടി ചാരമാകും. ആ ചാരത്തില്‍ നിന്നു നിന്‍റെ ആത്മാവ് ഉയിര്‍ത്തെഴുന്നേല്‍ക്കും. യേശു തമ്പുരാന്‍ ഭൂമിയില്‍ വന്നു വാഗ്ദാനം ചെയ്ത ആ പിതൃഭവനം ബേബീ, നിനക്കൊക്കെയല്ലെങ്കില്‍ പിന്നെ ആര്‍ക്കാടാ.

നിനക്കു ഞങ്ങടെ കണ്ണീര്‍ നനവുള്ള ആദരാഞ്ജലി. സ്നേഹപ്രണാമം. 

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts