യോഹന്നാന്‍റെ സുവിശേഷം മൂന്നാമധ്യായത്തില്‍ വീണ്ടും ജനനത്തെക്കുറിച്ച് യേശു നിക്കദേമൂസിനോടു പറയുന്നു. സ്വഭാവത്തിന്‍റെ പുതു ജന്മത്തെക്കുറിച്ചുള്ള സൂചനയാണിത്. ഹൃദയം മാറാത്ത ജീവിതങ്ങളില്‍ പുതുജന്മം സാദ്ധ്യമല്ല. കുടിക്കുന്നവന്‍ കുടി നിര്‍ത്തുമ്പോള്‍ ഒരു നൊമ്പരമുണ്ട്. പുക വലിക്കുന്നവന്‍ പുകവലി നിര്‍ത്തുമ്പോള്‍ ഒരു നൊമ്പരമുണ്ട്. വഴക്കുണ്ടാക്കുന്നവന്‍ ആത്മനിയന്ത്രണം പാലിക്കുമ്പോഴും, അമിതമായി സംസാരിക്കുന്നവന്‍ നാവിനെ നിയന്ത്രിക്കുമ്പോഴും ഒരു നൊമ്പരമുണ്ട്. ഈ നൊമ്പരം പുതുജന്മത്തിന്‍റെ ഈറ്റു നോവാണ്. ആസക്തികളാല്‍ കലുഷിതമായ പഴയ മനുഷ്യനെ ഉരിഞ്ഞുകളയണമെന്നു പറയുന്നതിന്‍റെ അര്‍ത്ഥം നാം ഇവിടെ കണ്ടെത്തണം. മത്സ്യമാംസാദികളുടെ വര്‍ജ്ജനം കൊണ്ടു മാത്രം നോമ്പ് പൂര്‍ത്തിയാകുന്നില്ല. ഒരുപാട് സംസാരിക്കുന്നവന്‍റെ നോമ്പ് മൗനം പാലിക്കുന്നതിലാണ്. മറ്റുള്ളവരുടെ കുറ്റം കേള്‍ക്കുന്നവന്‍റെ നോമ്പ് ചെവികളെ നിയന്ത്രിക്കുന്നതിലാണ്. കണ്ണുകളുമായി ഒരുടമ്പടി ചെയ്ത് എന്‍റെ നോട്ടങ്ങളെ ഞാന്‍ നിയന്ത്രിക്കണം.
ഒരു നല്ല കാഴ്ചശക്തി കിട്ടുവാന്‍ ശസ്ത്രക്രിയയുടെ നൊമ്പരത്തിലൂടെ നാം കടന്നുപോകണം. യേശുവിന്‍റെ അടുക്കല്‍ വന്നവരെല്ലാം ഒരു ഹൃദയപരിവര്‍ത്തനത്തിലൂടെ കടന്നുപോയി. ലൂക്കാ സുവിശേഷം 7 -ാമദ്ധ്യായത്തില്‍ 36 മുതല്‍ 50 വരെയുള്ള വാക്യങ്ങളില്‍ പാപിനിയായ സ്ത്രീ കടന്നുപോകുന്ന പുതുജന്മം നാം കാണുന്നുണ്ട്. എന്തിലും എല്ലാറ്റിലും മുന്നില്‍ നിന്നവള്‍ പിറകോട്ടു മാറി. ആകര്‍ഷണം നിറഞ്ഞുനിന്ന കണ്ണുകള്‍ കൊണ്ട് അവള്‍ കരഞ്ഞു. ഹൃദയത്തിലെ അനുതാപത്തിന്‍റെ ബാഹ്യമായ ഒഴുക്കായി അതു മാറി. വശീകരിച്ചു പിന്നിയിട്ട മുടികള്‍ കൊണ്ട് യേശുവിന്‍റെ പാദങ്ങളെ അവള്‍ തുടച്ചു. വശീകരിക്കുന്ന ചുണ്ടുകള്‍ കൊണ്ട് അവിടുത്തെ പാദങ്ങളെ അവള്‍ മുത്തി. സുഗന്ധത്തിന്‍റെ ചെപ്പ് അവള്‍ ഉടച്ചു. പാപവഴികള്‍ക്കായി ഉപയോഗിച്ചവയെ എല്ലാം പുണ്യവഴികളിലേക്കു തിരിച്ചുവിട്ടു. ആകര്‍ഷകമായി കരുതിയവയെല്ലാം അര്‍ത്ഥശൂന്യമായി അവള്‍ക്കു തോന്നി. ഈ മനംമാറ്റമാണ് മാനസാന്തരം. മര്‍ക്കോസ് 1:15 ല്‍ പറയുന്നു: "മാനസാന്തരപ്പെടുക, അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുക."
ലൂക്കാ സുവിശേഷത്തിന്‍റെ 19-ാമദ്ധ്യായത്തില്‍ സക്കേവൂസിനെ നാം കാണുന്നു. പണവും പണപ്പെട്ടിയും പങ്കുവെയ്ക്കാന്‍ മനസ്സാകുന്ന സക്കേവൂസ.് ഇലകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് യേശുവിനെ നോക്കുവാനാഗ്രഹിച്ചവനെ വിളിച്ചിറക്കി അടുത്തു ചെന്ന് യേശു സൂക്ഷിച്ചു നോക്കി. മനുഷ്യന്‍ ഒരു ചുവട് ദൈവത്തിലേക്കടുക്കുമ്പോള്‍ ദൈവം ഒരുപാടു ചുവടുകള്‍ വെച്ച് നമ്മിലേക്കടുത്തു വരുന്നു. യേശുവിന്‍റെ സാന്നിദ്ധ്യം ഒരു വ്യക്തിയുടെ ഹൃദയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. ഏതു തെറ്റിനും നാലിരട്ടി പ്രായ്ശ്ചിത്തം ചെയ്യാമെന്നുള്ള സക്കേവൂസിന്‍റെ പ്രഖ്യാപനം അവനില്‍ വന്ന രൂപാന്തരീകരണത്തെ സൂചിപ്പിക്കുന്നു. പൊത്തിപ്പിടിച്ച കരങ്ങള്‍ വിട്ടു കൊടുക്കുന്ന കരങ്ങളായി മാറുന്നു. ദാതാവിനെ കണ്ടെത്തിയവന്‍ ദാനങ്ങളില്‍ നിന്ന് ദൃഷ്ടി തിരിക്കുന്നു. സ്രഷ്ടാവിനെ സ്വന്തമായി കിട്ടിയവന് സൃഷ്ടിയോടുള്ള ആര്‍ത്തി ഇല്ലാതാകുന്നു.
യാക്കോബിന്‍റെ കിണറ്റിന്‍ കരയില്‍ യേശു കണ്ടുമുട്ടിയ സമറിയാക്കാരിസ്ത്രീയില്‍ വരുന്ന മാറ്റം നാം ശ്രദ്ധിക്കണം. പടിപടിയായി ക്രിസ്തുവില്‍ അവള്‍ വളരുന്നു. ജലം ശേഖരിക്കാന്‍ കൊണ്ടുവന്ന കുടം എറിഞ്ഞു കളഞ്ഞിട്ട് അവന്‍റെ സാക്ഷിയായി അവള്‍ ഓടുന്നു. ഉടമ്പടിയുടെ കുടത്തെ ഉടച്ചിട്ടും ജനമെന്ന കുടത്തെ തകര്‍ക്കാത്ത ദൈവത്തിന്‍റെ പുത്രന്‍ ആ കിണറ്റിന്‍കരയില്‍ പുതിയ ഒരു പ്രേഷിതയെ കണ്ടെത്തുന്നു. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം മനുഷ്യരില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നു. കുരുടനും, ബധിരനും കുഷ്ഠരോഗിയുമെല്ലാം ഈ മനംമാറ്റത്തിന്‍റെ തെളിവുകളാണ്. അവര്‍ പഴയതെല്ലാം മറന്നു. ലൂക്കാ 15 ലെ ധൂര്‍ത്തപുത്രന്‍ എത്ര വലിയ മാറ്റത്തിലൂടെയാണ് കടന്നുപോയത്. ആരെല്ലാം മനസ്സു മാറ്റി തിരിച്ചുവന്നുവോ അവരുടെ ഭൂതകാലം ദൈവം മറക്കുന്നു. മനസ്സു മാറിയവരുടെ പുതിയജീവിതത്തെ അവിടുന്നു ശ്രദ്ധിക്കുന്നു. ഈ അമ്പതുനോമ്പില്‍ ഹൃദയപരിവര്‍ത്തനമുള്ളവരായി നമുക്കു മാറാം. ഇന്നലെകളെ മറന്ന് നാളെയിലേക്കു ദൃഷ്ടികളൂന്നി നമുക്കു മുന്നേറാം.