'പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ഞാന്‍ ദൈവമല്ല, ഉയിര്‍ത്തെഴുന്നേല്‍ക്കാനും പോകുന്നില്ല. പുനര്‍ജന്മത്തില്‍ വിശ്വാസവുമില്ല. ഒരു സാധാരണ അദ്ധ്യാപകനായതിനാല്‍ അയാള്‍ ഇനി മുതല്‍ പി. മുരുകന്‍ മാത്രമായിട്ടായിരിക്കും ജീവിക്കുക. അയാളെ വെറുതെ വിടുക."
തന്‍റെ നോവലിന്‍റെ പേരില്‍ എഴുത്തു നിര്‍ത്തിയ ഒരുവന്‍റെ വിലാപമാണിത്. മതത്തിന്‍റെ, ജാതിയുടെ പേരില്‍ വേര്‍തിരിവുകള്‍ കൂടിവരുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. 'സെക്കുലര്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടനയുടെ കീഴില്‍ അണിനിരക്കുന്ന നമ്മുടെ സമൂഹം നിരന്തരം ജാതി-മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ക്കുള്ളിലേക്കു ചുരുങ്ങുന്നുവെന്നത് ചില വിപത് സന്ദേശങ്ങള്‍ (സി. ആര്‍. പരമേശ്വരനോടു കടപ്പാട്) നല്‍കുന്നുണ്ട്. ഇനിയും നമുക്ക് പ്രാകൃതാവസ്ഥയിലേക്കു സഞ്ചരിക്കാമെന്നാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. അനുദിനം പിന്നാക്കം പായുന്ന കാലത്തിന്‍റെ വിപര്യയം നമ്മെ അലട്ടിത്തുടങ്ങുന്നു.
വളരെ പെട്ടെന്നു മുറിവേല്‍ക്കുന്ന വികാരം മാത്രമായി 'മതം' മാറുകയാണ്. സ്വാതന്ത്ര്യത്തിന്‍റെ, സര്‍ഗാത്മകതയുടെ, അന്വേഷണങ്ങളുടെ ആകാശം ചുരുങ്ങിപ്പോകുന്നു. മതത്തിന്‍റെ, ജാതിയുടെ പേരിലുള്ള സ്വത്വ നിര്‍മ്മിതികള്‍ പലപ്പോഴും പ്രതിലോമ വിചാരങ്ങള്‍ നിറയ്ക്കുകയാണ്. ഇതിന്‍റെ ബലിയാടുകളാണ് പെരുമാള്‍ മുരുകനെപ്പോലുള്ളവര്‍. വാതിലുകള്‍ അടച്ചുകൊണ്ടിരിക്കുന്നതാണ് ചിലരുടെ പുരോഗമനം! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നാം വൈകിയാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടിവരും.
വര്‍ത്തമാനകാല ഭാരതത്തിന്‍റെ നേര്‍ചിത്രം ആവിഷ്കരിക്കുന്ന കെ.ജി. ശങ്കരപ്പിള്ളയുടെ 'പോരാട്ടം' എന്ന കവിതയെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2015 ഫെബ്രുവരി 8) പെരുമാള്‍ മുരുകന്‍ സംഭവവുമായി ബന്ധിപ്പിച്ച് വായിക്കാം. 'വാദമലകയറി' സ്വന്തം തട്ടകം ഉറപ്പിക്കുന്നവരോടു വാദിക്കാന്‍ നമുക്കു സാധിക്കില്ല. അങ്ങനെ വാദിക്കുന്നവര്‍ വഴിപ്പുറം കാണുകയോ വിസ്തൃതി ദര്‍ശിക്കുകയോ ആഴങ്ങള്‍ അറിയുകയോ ചെയ്യുന്നില്ല. മതത്തിന്‍റെ പേരില്‍ പേക്കൂത്തുകള്‍ നടത്തുന്നവര്‍ ഒന്നിനെയും സമഗ്രമായി കാണാത്തവരാണ്. പേരും നാളും ജാതിയും വ്യക്തിയെ നിര്‍ണയിക്കുന്ന ചരിത്രസന്ദര്‍ഭത്തില്‍ നോട്ടപ്പാടുകള്‍ ചുരുങ്ങിവരുന്നു. 'പോരാട്ടം' എന്നത് കാലത്തിന്‍റെ അടയാളമാകുന്നു. 'അസഹ്യം മുഖത്തേക്ക് കഴുതവാല്‍ കുടയുന്ന ആ ജാതിച്ചള്ള' എന്ന് കെ.ജി. ശങ്കരപിള്ള കുറിക്കുമ്പോള്‍ വിമര്‍ശം നിശിതമാകുന്നു. മുഖത്തേക്കു കഴുതവാല്‍ കുടയുന്ന ജാതിച്ചള്ളയുടെ ചിത്രം നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. എല്ലാ നന്മയുടെയും ഉറവകള്‍ വറ്റിയ ജാതിമതങ്ങള്‍ രാഷ്ട്രീയമായി വിലപേശലിനുള്ള ശക്തിയായി മാറുന്നു. എല്ലാ വിമര്‍ശനങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന ഇത്തരം സംഘങ്ങള്‍ മദ്ധ്യകാലത്തേക്കാണ് നമ്മെ വലിച്ചു താഴ്ത്തുന്നത്.
സ്വന്തം പേരിലെ ജാതിനാറ്റത്തെ ആത്മനിന്ദയോടെ കാണുകയാണ് കവി. മനുഷ്യന്‍റെ പേരില്‍ മാത്രമേ ജാതിയുള്ളു. പ്രകൃതിയില്‍ മറ്റൊന്നിനും ജാതിയില്ല. ജാതി നാറാതെ അനേകം പേരുകളുണ്ട്. സസ്യങ്ങളുടെ, ജീവികളുടെ പേരുകള്‍ ഉദാഹരണം. ഈ പേരുകളെല്ലാം കവിയെ കൊതിപ്പിക്കുന്നു. തനിക്ക് പക്ഷിയുടെ, വൃക്ഷത്തിന്‍റെ, പുഴയുടെ പേരായിരുന്നെങ്കിലെന്ന് കവി ആഗ്രഹിക്കുന്നു. വയലിന്‍റെ മണമുള്ള മരുതപ്പേരോ, മല മുഴങ്ങുന്ന കുറിഞ്ഞിപ്പേരോ ആയിരുന്നെങ്കില്‍ ജാതിനാറ്റത്തില്‍ നിന്ന് മാറിനില്‍ക്കാമായിരുന്നെന്ന് കവി കരുതുന്നു.
ചില പേരുകളില്‍ തൊഴില്‍ മണക്കും. ചില പേരുകളില്‍ അധ്വാനത്തിന്‍റെ വിയര്‍പ്പുണ്ട്. ചിലതില്‍ ദേശം തുടിച്ചുനില്‍ക്കും. ചില പേരുകള്‍ നമ്മെ തീരാത്ത ദൂരങ്ങളിലേക്ക് ആനയിക്കും. ഈ അനന്തമായ സാധ്യതകളാണ് ജാതി-മതപ്പേരുകള്‍ അസംഗതമാക്കിയത്. പേരിന്‍റെ അര്‍ത്ഥസാധ്യതകള്‍ അങ്ങനെ വല്ലാതെ ചുരുങ്ങിപ്പോകുന്നു. തല്ലിയാല്‍ താഴാത്ത ഫണങ്ങള്‍ അങ്ങനെ കൊഴിഞ്ഞുവീഴുന്നു. സ്വത്വത്തെ അടിമപ്പെടുത്തിയവന്‍റെ നിസ്സംഗത നമ്മെ ചൂഴുന്നു. ഭീകരമായ മൗനത്തിലേക്കും പുതിയ കാലം നമ്മെ വീഴ്ത്തുന്നു. ഇതൊരപായ സൂചന നല്‍കുന്നുണ്ടെന്നു കവി അറിയുന്നു.
ഒരു ജാതി, മതം മാത്രമല്ല കവിയുടെ വിമര്‍ശത്തിനിരയാകുന്നത്. എല്ലാ വിഭാഗങ്ങളും ഒരേ വഴിയിലാണ് സഞ്ചരിക്കുന്നത്. അത്തര്‍ മണക്കുന്ന പേരില്‍ ഭീകരത ചോരമണം ചേര്‍ത്തത് കവി കാണുന്നു. ചന്ദനം മണക്കുന്ന പേരില്‍ വര്‍ഗീയത ചാവുനാറ്റം ചേര്‍ത്തത് തിരിച്ചറിയുന്നു. നമുക്കു മുന്നില്‍ ഇതിനെല്ലാം അനേകം ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. പേരുകളില്‍ അടുപ്പത്തേക്കാള്‍ വെറുപ്പു വളരുന്നതാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യം. പരസ്പരമുള്ള വിശ്വാസത്തേക്കാള്‍ ഭയം, അവിശ്വാസം വന്നുനിറയുന്നു. അപായസൂചനയാണിത്. സ്നേഹം, വിശ്വാസം, സഹിഷ്ണുത എന്നിങ്ങനെ സമൂഹത്തിന്‍റെ അടിത്തറയുറപ്പിക്കേണ്ട മൂലക്കല്ലുകള്‍ ശിഥിലമാകുന്നത് കവ സൂക്ഷ്മമായി കണ്ടെത്തുന്നു. ചിലതെല്ലാം തിരിച്ചുപിടിക്കാതെ ഇനി ആരോഗ്യകരമായ സഞ്ചാരം നമുക്ക് അസാധ്യമാണ് എന്നതാണ് സത്യം.
'ഒരു പേരിലെന്തിരിക്കുന്നു' എന്നു ചോദിച്ചത് ഷേക്സ്പിയറാണ്. എന്നാല്‍ ഒരു പേരില്‍ പലതും ഉണ്ട് എന്ന് നാം മനസ്സിലാക്കുന്നു. പല പേരുകള്‍ വഹിക്കാന്‍ ചിലര്‍ക്കേ സാധിക്കൂ. 'പല പക്ഷികള്‍ക്ക് കൂടുള്ള കാടുകള്‍ക്കേ' അതു കഴിയൂ എന്ന് കവി. പാമ്പുറയൂരുന്നതു പോലെ പേരുകള്‍ ഉരിഞ്ഞു കളയുമ്പോള്‍ അതിന്‍റെ നിസ്സാരത വെളിപ്പെടുന്നു.
മനുഷ്യനാണ് എല്ലാറ്റിനും പേരിട്ടതെന്ന് പഴയനിയമം. ദൈവത്തിനും ചെകുത്താനും നേരിനും നേരത്തിനും നീതിക്കുമെല്ലാം അവന്‍/അവള്‍ പേരിട്ടു. ഭൂമിയില്‍ വീണ് നിലവിളിക്കുന്ന രക്തത്തിന്‍റെ ശബ്ദത്തിനും മനുഷ്യന്‍ പേരിട്ടു. ആദ്യം എല്ലാ പേരുകളും നിഷ്കളങ്കമായിരുന്നു. മുന്നോട്ടുള്ള ഒഴുക്കില്‍ എല്ലാ പേരുകളിലും പുതിയ അടരുകളുണ്ടായി. മനുഷ്യന്‍ എല്ലാറ്റിനും അര്‍ത്ഥം നല്‍കി. അതിരിടുകയും അകലമിടുകയും ചെയ്തു. എല്ലാറ്റിനെയും വര്‍ഗീകരിച്ചതും മനുഷ്യരാണ്. അതിരുകളും അകലങ്ങളും വിടവുകള്‍ വലുതാക്കിക്കൊണ്ടിരുന്നതിന്‍റെ ചരിത്രം കൂടിയാണ് ലോകചരിത്രം. വംശത്തെയും ദേശത്തെയും വേദത്തെയും അണുവിനെയും മനസ്സിനെയും മനുഷ്യന്‍ പകുത്തെടുത്തു. അങ്ങനെ സമഗ്രദര്‍ശനം അസാധ്യമാക്കി. 'മണ്ണു പങ്കു വച്ചു, മനസ്സു പങ്കു വച്ചു' എന്നെഴുതിയ കവിയും ഇതിനെ സാധൂകരിക്കുകയാണ്. പേരു നോക്കിയാണ് നാം മാര്‍ക്കിടുന്നത്. പേരില്‍ നിന്നും പലതും തിരിഞ്ഞു കിട്ടുന്നുണ്ടല്ലോ. അങ്ങനെ നമ്മള്‍ ത അവര്‍ എന്ന വേര്‍തിരിവ് എവിടെയും കടന്നുവരുന്നു. ഇവിടെ ചോദ്യങ്ങള്‍ക്കോ അന്വേഷണങ്ങള്‍ക്കോ പ്രസക്തിയില്ല. എല്ലാം ഇവിടെ പൂര്‍വനിശ്ചിതമാണ്. പുതിയ ചിന്തകളെ, അന്വേഷണങ്ങളെ, കാഴ്ചകളെ, കേഴ്വികളെ... എല്ലാം തടയണം. മനുഷ്യനെ കേവലം ബൊണ്‍സായി ആക്കുന്ന പ്രക്രിയ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നു. അവന്‍റെ/അവളുടെ സര്‍ഗാത്മകതയ്ക്ക് കൂച്ചുവിലങ്ങിടുന്നു. എല്ലാവരുടെയും ചുറ്റും ലക്ഷ്മണരേഖകള്‍ വരയ്ക്കപ്പെടുന്നു.
ആരെങ്കിലുമിട്ടതാണ് എല്ലാ പേരുകളും. ഓരോ പേരും ഫലിക്കാതെ പോയ പ്രവചനമാണ്. പാളിപ്പോയ കഥനം ഓരോ പേരിലെ മൗനത്തിലുമുണ്ട്. എത്താതെ പോയ ദൂരം ഓരോ പേരിന്‍റെ ചിറകിലുമുണ്ട്. ചിറകുകള്‍ അരിയുന്നതാണ് ഇന്നത്തെ രീതി. പേരിന്‍റെ പരിമിതിയില്‍ കുടുങ്ങിക്കിടക്കുക; ജാതിയില്‍, മതത്തില്‍ ഒതുങ്ങിക്കഴിയുക - മറ്റു സാധ്യതകള്‍ അടയ്ക്കുക. അങ്ങനെ അച്ചടക്കമുള്ള അനുയായികളാകുക. അങ്ങനെ പുതിയ പൊരുളുകള്‍ അവതരിക്കാതെ കാലം മരവിച്ചു പോകുന്നു.
സ്വന്തം ജീവിതം കൊണ്ട് ഓരോ വ്യക്തിയും തനിക്കു പേരിടുന്നുണ്ട്. വാക്കും പ്രവൃത്തിയും കൊണ്ട് പേരെഴുത്താണ് ജീവിതം എന്ന് കവി. പേരിന്‍റെ പിന്നലുള്ള ജാതിയോ മതമോ പദവികളോ ഒന്നുമല്ല ഒരുവന്‍റെ സ്വത്വം നിര്‍ണയിക്കേണ്ടത്. ഓരോ വ്യക്തിയുടെയും വാക്കും പ്രവൃത്തിയുമാണ് പ്രധാനം. വാക്കും പ്രവൃത്തിയും നന്നായിരിക്കുകയാണ് അഭികാമ്യം. 'മത'മേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് 'പേരേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാക്കി വായിക്കാം. പേരിന്‍റെ കാര്യത്തിലുള്ള പോരാട്ടങ്ങള്‍ നിരര്‍ത്ഥകമാണെന്ന സത്യം നാം മനസ്സിലാക്കുക.
'പോരാട്ടം' എന്ന കവിത സമകാലിക ഭാരതത്തിന്‍റെ ചില അപഥസഞ്ചാരങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്. പെരുമാള്‍ മുരുകന്‍റെ മൗനത്തിലേക്കുള്ള മടക്കം പോലെ അനേകം ഉദാഹരണങ്ങള്‍ ഇതോടൊപ്പം കൂട്ടിവായിക്കാം. "സ്വീകാര്യമല്ലാത്തതിനെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുക മനുഷ്യസ്വഭാവമാണ്. അതാണുതാനും മാനവസംസ്കാരത്തെ മുന്നോട്ടു കൊണ്ടുപോന്നിട്ടുള്ളത്" എന്ന് ആനന്ദ് എഴുതുന്നതാണ് പ്രധാനം. വിയോജിപ്പിന്‍റെയും ബഹുസ്വരതയുടെയും സംസ്കാരത്തെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് സമൂഹം മുന്നേറിയില്ലെങ്കില്‍ ഭാവി ഇരുണ്ടതാകും. ഇനിയും നമുക്കു മധ്യകാലഘട്ടം ആവശ്യമില്ല എന്നുറക്കെ പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. വിപത് സന്ദേശങ്ങളില്‍ നിന്ന് ചിലതെല്ലാം പഠിക്കാനുണ്ട്.