news-details
മറ്റുലേഖനങ്ങൾ

ക്രിസ്തുവും സ്ത്രീയും

പഴയനിയമത്തിലെ ദൈവത്തിന്‍റെ പേര് സര്‍വ്വശക്തന്‍ എന്നാണ്. അഗ്നിയുടെ രഥചക്രത്തിലിരുന്ന് ഇടിമിന്നലിന്‍റെ ഭാഷയില്‍ മനുഷ്യനോട് ആക്രോശിക്കുന്ന ദൈവത്തെയാണ് പഴയനിയമം അവതരിപ്പിക്കുന്നത്. കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്ന അരാജക നീതിയുമായി യുദ്ധങ്ങള്‍ക്ക് മുറവിളി കൂട്ടുന്ന ദൈവം. അസൂയയാലും അധികാരദാഹിയുമായി ഈ ദൈവം മനുഷ്യവിധിയെ പന്തു തട്ടുന്നു.  ജോഷ്വയുടെ ദൈവമായിരുന്നു ഏറ്റവും ക്രൂരന്‍.  അവന്‍റെ ശത്രുക്കളെ ദൈവം കന്മഷ വര്‍ഷിച്ചു നിഗ്രഹിച്ചു. അവന്‍റെ ശത്രുക്കളെ വകവരുത്താനായി സൂര്യാസ്തമയത്തെ വൈകിപ്പിച്ചു കൊടുത്തു. ജോഷ്വ ശത്രുരാജാക്കന്മാരെ കൊന്നു ജഡങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയിട്ടു പ്രദര്‍ശിപ്പിച്ചു. ഒന്നൊഴിയാതെ എല്ലാ ജീവികളെയും ഇസ്രായേലിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്പനയനുസരിച്ച് നശിപ്പിച്ചുവെന്നാണ് ജോഷ്വായുടെ പുസ്തകം പറയുന്നത്.  എന്തുകൊണ്ടാണീ ദൈവം ഇങ്ങനെ ആയിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമുണ്ട്. അവന്‍ പുരുഷന്‍റെ ദൈവമായിരുന്നു. ഈ ദൈവത്തോട് സംസാരിക്കുന്നതും ദൈവം സംസാരിക്കുന്നതും പുരുഷന്മാരോടായിരുന്നു. പുരുഷന്‍ ആരാധിക്കുന്ന ശക്തി എന്ന ഗുണത്തെ അവന്‍റെ ദൈവത്തിനു ചാര്‍ത്തിക്കൊടുക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ ദൈവത്തെക്കുറിച്ച് സംസാരിക്കാന്‍ ധൈര്യപ്പെട്ടപ്പോള്‍ സംഭവിച്ചതാണ് പുതിയ നിയമം. എന്‍റെ ദൈവം ആകാശത്തിരിക്കേണ്ടവനല്ലെന്നും അവന്‍ എന്‍റെയടുത്ത് വന്നിരിക്കണമെന്നും എന്‍റെ മുലപ്പാലു കുടിച്ചും കഥകള്‍ കേട്ടും അവന്‍ വളരണമെന്ന് അവള്‍ ശാഠ്യം പിടിച്ചപ്പോഴാണ് പുതിയ നിയമം ഉണ്ടായത്. പഴയ നിയമത്തിലെ സര്‍വ്വശക്തന്‍ മുലപ്പാലുതികട്ടിയ മുഖവുമായി ഒരു സ്ത്രീയുടെ മാറില്‍ കിടന്നുറങ്ങിയെന്നാണ് ഈ പുസ്തകം പറയുന്നത്. ഈ ദൈവം തികച്ചും അശക്തനാണ്. അവനൊരു ഭാഷയില്ല, എല്ലാം പുതിയതായി കാണുന്നു. പലതിനെയും അവന് തിരിച്ചറിയാന്‍ വയ്യ. ഒരു ചെറുകാറ്റിനുപോലും അവനെ വീഴ്ത്താനാവും. ഒരു പനിക്കുപോലും അവനെ ഇല്ലാതാക്കാനാവും. അതു കൊണ്ടവന്‍ ഒരു സ്ത്രീയുടെ മാറില്‍ മുഖമമര്‍ത്തി പറ്റിപ്പിടിച്ചു കിടക്കുന്നത്.  ഫ്രഞ്ച് ചിന്തകനായ സിമോ വെയിലിന്‍റെ നിഗമനത്തില്‍ ഈ പ്രപഞ്ചത്തില്‍ ദൈവമില്ല.  എല്ലാ സൃഷ്ടി കര്‍മ്മങ്ങള്‍ക്കുശേഷം പ്രപഞ്ചത്തെ നിയമങ്ങള്‍ക്കും പരിണാമത്തിനും നല്‍കിയ ഫലം ദൈവം സ്വയം നിഷ്കാസിതനാകുകയായിരുന്നു. പിന്നീടവനീ പ്രപഞ്ചത്തില്‍ പ്രവേശിക്കണമെങ്കില്‍ അതൊരു യാചകനായിട്ടേ സാധിക്കൂ. അതുകൊണ്ടാണ് ദൈവം ഒരു സ്ത്രീയുടെ ഗര്‍ഭഗൃഹത്തില്‍ വന്നു മുട്ടിയിട്ട് തനിക്കൊരു ഇടം യാചിക്കുന്നത്.

ക്രിസ്തുവിന് ചുറ്റും വ്യക്തമായ സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു. സുവിശേഷം എഴുതിയ പുരുഷന്മാര്‍ അതു മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സൂക്ഷ്മമായ വായന നടത്തുന്ന വായനക്കാരന്‍ ആ സ്ത്രീ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നു.

ക്രിസ്തുവും പാപിനിയും

മറിയത്തിന്‍റെ വേശ്യാലയത്തിനു മുന്‍പില്‍ ക്യൂ നില്‍ക്കുന്ന ക്രിസ്തുവിനെ ചിത്രീകരിച്ചുകൊണ്ട് കസന്‍ദ് സാക്കിസ് പാപത്തെ ചുറ്റിപ്പറ്റി ജീവിച്ച സഭയെ പ്രകോപിപ്പിച്ചു.  പാപത്തെ കണ്ടുപിടിച്ചതും ആചാരങ്ങളുടെ രൂക്ഷഭംഗി ഇല്ലാതാക്കിയതും ക്രിസ്തുമതമാണെന്ന നീഷേയുടെ കുറ്റാരോപണത്തിന് ഇന്നും പ്രസക്തിയുണ്ട്. മറിയത്തിന്‍റെ അടുത്തെത്തുന്ന ക്രിസ്തു സഹോദരിയെന്നു വിളിക്കുമ്പോള്‍ മറിയം അവനെ പരിഹസിക്കുകയാണ് ചെയ്യുന്നത്. കസന്‍ദ് സാക്കിസിന്‍റെ അന്ത്യപ്രലോഭനത്തിലെ സങ്കല്‍പ്പമനുസരിച്ച് ക്രിസ്തുവാണ് മറിയത്തെ വേശ്യയാക്കുന്നത്. കുഞ്ഞുന്നാളില്‍ കളിക്കൂട്ടുകാരായിരിക്കെ നഗ്നരായി കിടക്കുന്ന വേളയില്‍ ക്രിസ്തു അവളെ സ്പര്‍ശിക്കുന്നുണ്ട്. പിന്നീട് യൗവനത്തിന്‍റെ തീക്ഷ്ണതയില്‍ മറിയം ഓരോ പുരുഷനിലേയ്ക്കും സഞ്ചരിക്കുന്നത് ഈ സ്പര്‍ശനത്തിന്‍റെ ഭംഗി തേടിയാണ്.  ഈ പാപബോധം യേശുവിനെയും അലട്ടുന്നു. പക്ഷെ യേശുവിന് സ്ത്രീയിലേയ്ക്ക് സഞ്ചരിക്കാനാവുന്നില്ല. അവനന്വേഷിക്കുന്നതവന്‍റെ പിതാവിനെയാണ്. ദൈവം നഷ്ടപ്പെട്ട ഭൂമിയില്‍ ദൈവത്തെ കണ്ടെത്തുക എന്ന മനുഷ്യവിധിയുമേറ്റെടുത്ത് അവന്‍ പീഡാനുഭവത്തിന്‍റെ സങ്കടഭൂമിയില്‍ അലയുന്നു.  "ജീവിതമെന്നുവച്ചാല്‍ നായ്ക്കളുടെ മുന്‍പില്‍ എറിയപ്പെട്ട എല്ലിന്‍ കഷണങ്ങള്‍ പോലെയാണ്. ചില നായ്ക്കള്‍ അത് കടിച്ച് പറിച്ച് തിന്നുന്നു. മറ്റു ചിലത് അന്വേഷിക്കുന്നു, 'ഇതാരാണ് എന്‍റെ മുന്‍പിലേയ്ക്ക് എറിഞ്ഞിട്ടത്.' അവനെ സംബന്ധിച്ച ജീവിതം പീഡയാണ്" എന്നെഴുതിക്കൊണ്ട് കസന്‍ദ് സാക്കിസ് ക്രിസ്തുവിന്‍റെ അലച്ചിലിനു സാക്ഷ്യം നല്‍കുന്നു.

സുവിശേഷത്തില്‍ ക്രിസ്തുവിന്‍റെ മുന്‍പില്‍ ഒരു വേശ്യാവൃത്തിയില്‍പ്പെട്ട ഒരു സ്ത്രീയെ പിടിച്ചുകൊണ്ടുവന്നിട്ട്  ഫരിസേയര്‍ ചോദിക്കുന്നു; "മോശയുടെ നിയമമനുസരിച്ച് ഇവളെ കല്ലെറിഞ്ഞുകൊല്ലണം. പക്ഷെ അങ്ങെന്താണ് പറയുന്നത.്" നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം ഇവളെ കല്ലെറിയട്ടെ എന്നു യേശു പറയുന്നു. എല്ലാവരും കല്ലുകള്‍ നിലത്തിട്ടു പിരിഞ്ഞുപോകുന്നു. യേശുവും സ്ത്രീയും മാത്രമാകുന്നു. യേശു അവളോടു പറയുന്നു. "ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക." ഒരു മനുഷ്യനെന്ന നിലയില്‍ മറ്റൊരു മനുഷ്യനെ വിധിക്കാനുള്ള അവകാശമില്ലായ്മയെ ക്രിസ്തു അംഗീകരിക്കുകയായിരുന്നു.  എന്നിട്ടും അവന്‍റെ പേരില്‍ സ്ഥാപിതമായ സഭ വിധിയുടെ ആക്രോശമായി അധ:പതിച്ചിട്ടുണ്ട്. വിധിക്കു പകരം കരുണയെ പ്രഘോഷിച്ച ക്രിസ്തുവിനെ തള്ളിമാറ്റിയിട്ട് കുറ്റാരോപണങ്ങളുടേയും ദണ്ഡനവിധികളുടേയും ദൈവത്തിന്‍റെ വിഗ്രഹാരാധകരായപ്പോഴാണ് കത്തോലിക്കാ സഭയില്‍ പുരോഹിത ദുഷ്പ്രഭുത്വമുണ്ടായത്. ക്രിസ്തു പാപികള്‍ക്കു മോചനം നല്‍കിയപ്പോള്‍ അവര്‍ പാപികളായിരുന്നു. രോഗികളെ സൗഖ്യപ്പെടുത്തിയപ്പോള്‍ അവര്‍ രോഗികളായിരുന്നു ഇന്നു നമ്മള്‍ മനുഷ്യനു പാപികളും രോഗികളുമാകുന്നു. എന്നിട്ട് അവരെ സൗഖ്യപ്പെടുത്താനും മോചിപ്പിക്കാനും ഇറങ്ങിത്തിരിക്കുന്നു.

ക്രിസ്തുവും സമരിയക്കാരിയും

യോഹന്നാന്‍ മാത്രമേ ക്രിസ്തുവും സമരിയക്കാരിയും തമ്മിലുള്ള കണ്ടുമുട്ടലിനെ അവതരിപ്പിക്കുന്നുള്ളൂ. ഒരു പക്ഷെ യോഹന്നാന്‍റെ സുവിശേഷത്തിലെ ഏറ്റവും ചാരുതയുള്ള ഭാഗം ഇതുതന്നെയായിരിക്കാം. പുരുഷന്‍റെയും സ്ത്രീയുടേയും  ഇടയില്‍ കത്തിത്തെളിയുന്ന അനാദിയായ അഗ്നി യേശുവിനെയും സമരിയക്കാരിയെയും പൊതിഞ്ഞുനില്‍ക്കുന്നത് വായനക്കാരനു കാണാനാകും. ശിഷ്യന്മാര്‍ അപ്പം അന്വേഷിച്ച് ഗ്രാമങ്ങളിലേയ്ക്ക് പോയപ്പോഴാണ് യേശു ദാഹജലത്തിനായ് ഒരു കിണറ്റിന്‍റെ കരയിലെത്തുന്നത്. പാലസ്തീനില്‍ കിണര്‍ ഒരു വിശിഷ്ട വസ്തുവാണ്. കിണറ്റിന്‍റെ അവകാശത്തിനുവേണ്ടി അവര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എല്ലാവരും അവരുടെ തൊട്ടിയുമായി വെള്ളം കോരി തിരിച്ചുപോകുന്നു. എങ്കിലും വഴിയാത്രക്കാര്‍ക്ക് വെള്ളം കുടിക്കാനായി ഒരു തൊട്ടി ഒരു മരക്കൊമ്പിലെവിടെയെങ്കിലും തൂക്കിയിട്ടിരിക്കും. ക്രിസ്തു അതിനൊന്നും ശ്രമിക്കുന്നില്ല. അപ്പോഴാണ് ഒരു പെണ്‍കുട്ടി വെള്ളം കോരാനായി അവിടേക്കു വരുന്നത്. ഇതിലും പ്രശ്നമുണ്ട്. വായനക്കാരനറിയാം ഒരിക്കലും ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് കിണറ്റിന്‍കരയിലെത്തില്ലെന്ന് കാരണം, അപകടം വഴികളില്‍ പതിയിരിപ്പുണ്ട്. കന്നുകാലികള്‍ക്ക് വെള്ളം നല്‍കാനായി എത്തുന്ന ആട്ടിടയന്മാര്‍ എങ്ങനെയുള്ളവന്മാരാണെന്നറിയില്ല. എന്നിട്ടും ഈ പെണ്‍കുട്ടി ഇവിടെയെത്തുകയാണ്. ഇതൊരു രസതന്ത്രമായിരിക്കാം. ഒരു ചെറുപ്പക്കാരന്‍ കിണറ്റിന്‍കരയില്‍ ദാഹിച്ചിരിക്കുന്നത് ഈ പെണ്‍കുട്ടിയുടെ മനോനേത്രത്തിലെവിടെയോ തെളിഞ്ഞിരിക്കാം. അവള്‍ ആത്മഗതം ചെയ്തിരിക്കും; "ഞാനെന്തിനാണീ നേരത്ത് ഒറ്റയ്ക്ക് കിണറ്റിന്‍കരയിലേയ്ക്കു പോകുന്നത് !"

ദൂരെവച്ചുതന്നെ അവള്‍ കാണുന്നുണ്ട്. ഒരാള്‍ കിണറ്റിന്‍കരയിലിരിക്കുന്നത്. യാതൊന്നുമറിയാത്ത ഭാവത്തില്‍ അവള്‍ കിണറ്റിലേയ്ക്ക് തൊട്ടിയിടുന്നു. തൊട്ടിപൊങ്ങി വരുമ്പോള്‍ തന്നെ അവന്‍ ചോദിക്കുന്നു. "എനിക്കു കൂടിക്കാന്‍ കുറച്ചു വെള്ളം തരുമോ?" അപ്പോള്‍ അവളവനെ ശരിക്കും നോക്കുന്നു, ഇവനൊരു യഹൂദന്‍ തന്നെ. അവള്‍ ചോദിക്കുന്നു, "ഒരു യഹൂദനായ നീ സമരിയക്കാരിയായ എന്നോടു ദാഹജലം ചോദിക്കുന്നതെന്തിന്?" അന്യദൈവങ്ങളെ ആരാധിക്കുന്നവരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് അശുദ്ധരായ സമരിയക്കാര്‍ക്ക് യഹൂദര്‍ അയിത്തം കല്‍പിച്ചിരന്നു. അതുകൊണ്ടാണവള്‍ അങ്ങനെ ചോദിച്ചത്. ഒരു ചെറുപ്പക്കാരന് പെണ്‍കുട്ടികളോട് സംസാരിക്കുമ്പോള്‍ താനേ വരുന്ന പ്രൗഢിയില്‍ യേശു അവളോടു വമ്പു പറയുന്നു. "നിന്നോട് കുടിക്കാന്‍ ചോദിക്കുന്നവന്‍ ആരാണ് നീ അറിഞ്ഞിരുന്നെങ്കില്‍ നീ അവനോട് ചോദിക്കുകയും അവന്‍ നിനക്ക് ജീവജലം തരുകയും ചെയ്യുമായിരുന്നു." അവള്‍ക്കിതില്‍ തമാശ തോന്നിയിരിക്കണം. അതുകൊണ്ടവള്‍ കുറച്ച് പരിഹാസം കലര്‍ത്തി ചോദിച്ചു. "വെള്ളം കോരാന്‍ നിനക്കു പാത്രമില്ല. കിണറോ ആഴമുള്ളതും. പിന്നെ ഈ ജീവജലം നിനക്കെവിടെനിന്നു കിട്ടും?" അവളും വമ്പു പറയുന്നു: "ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാളും വലിയവനാണോ നീ? അവനും അവന്‍റെ  മക്കളും കന്നുകാലികളും ഈ കിണറ്റില്‍ നിന്നാണ് ജലം കുടിച്ചിരുന്നത്." ഈ കിണറും അതിന്‍റെ ചരിത്രവും അവനേക്കാള്‍ വലുതാണെന്നാണ് അവള്‍ പറഞ്ഞു വെയ്ക്കുന്നത്.  അവളുടെ മുന്‍പില്‍ ആളാകാനുള്ള അവന്‍റെ ശ്രമത്തിനവസാനമില്ല. അവന്‍ പറയുന്നു: "ഈ വെള്ളം കുടിക്കുന്ന ഏവനും ദാഹിക്കും. എന്നാല്‍ ഞാന്‍ തരുന്ന വെള്ളം കുടിക്കുന്നവനു പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനു നിത്യജീവനിലേയ്ക്ക് നിര്‍ഗ്ഗളിക്കുന്ന അരുവിയാകും." ഇതു കേട്ടപ്പോള്‍ അവള്‍ പരിഹാസത്തിന്‍റെയും ഗൗരവത്തിന്‍റെയും ഇടയിലായിപ്പോകുന്നു.  ഒരു അസന്ദിഗ്ധതയില്‍ നിന്നുകൊണ്ടവള്‍ ചോദിക്കുന്നു.  "ആ ജലം എനിക്കു തരിക, മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ! വെള്ളം കോരാന്‍ ഞാന്‍ ഇവിടെ വരികയും വേണ്ടല്ലോ."

ഇനിയവനെന്താണവളോടു പറയുക? നിര്‍ഗ്ഗളിക്കുന്ന നിത്യജീവജലത്തെക്കുറിച്ചുള്ള അവന്‍റെ വമ്പുകള്‍ അവസാനിച്ചോ? വായനക്കാരന്‍ ഉദ്വേഗത്തിലാവുന്നു.  വായനക്കാരനെ നിരാശപ്പെടുത്തിക്കൊണ്ട് യേശു അവളോട് ഒരു അനാവശ്യകാര്യം ആവശ്യപ്പെടുന്നു.  "നീ ചെന്ന് നിന്‍റെ ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുവരിക."  നിത്യജീവനും ഭര്‍ത്താവുമായിട്ടെന്താണ് ബന്ധം? "എനിക്ക് ഭര്‍ത്താവില്ല" അവള്‍ മറുപടി പറയുന്നു.  യേശു മര്യാദയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്നു തോന്നുന്നു.  അവന്‍ പറയുന്നു.  "നീ പറഞ്ഞത് ശരിയാണ്.  നിനക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു.  ഇപ്പോഴുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല."  തന്‍റെ സ്വകാര്യരഹസ്യങ്ങളിലേയ്ക്കുള്ള അവന്‍റെ കടന്നുകയറ്റത്തെ അവള്‍ നേരിടുന്നത് വിഷയം മാറ്റിക്കൊണ്ടാണ്.  "നീ ഒരു പ്രവാചകനാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.  ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി.  എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ആരാധന സ്ഥലം ജെറുസലേമാണെന്ന് നിങ്ങള്‍ പറയുന്നു.  എന്താണ് ശരി?" അവളുടെ ചോദ്യം അവന്‍റെ ഗര്‍വ്വിനെ ഉണര്‍ത്തുന്നു. അവന്‍റെ ഉത്തരത്തില്‍ യഹൂദന്‍റെ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള ശ്രമമുണ്ട്. "സ്ത്രീയേ, ദൈവത്തെ ആരാധിക്കുന്നവര്‍ ഈ മലയിലോ, ജെറുസലേമിലോ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു.  നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു.  ഞങ്ങള്‍ അറിയുതിനെ ആരാധിക്കുന്നു.  എന്തെന്നാല്‍ രക്ഷ യഹൂദരില്‍ നിന്നാണ്.  എന്നാല്‍ യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു.  അല്ല അതിപ്പോള്‍ തന്നെയാണ്."

അവളവന്‍റെ വാക്കുകളില്‍ ആമഗ്നയായിപ്പോകുന്നു. "മിശിഹാവരുമെന്നെനിക്കറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും". അവന്‍റെ എല്ലാ ഗര്‍വ്വിനെയും ഉപേക്ഷിച്ചുകൊണ്ട് തരളിതനായി, എങ്ങോട്ടോ കണ്ണുപായിച്ചുകൊണ്ടവന്‍ പറയുന്നു. "നിന്നോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണവന്‍".

ഇവിടെയാണ് പ്രശ്നം സങ്കീര്‍ണ്ണമാകുന്നത്. ആരാണീ മിശിഹാ? യഹൂദരുടെ രാഷ്ട്രീയ ആത്മീയ സ്വപ്നങ്ങളുടെ ആകെത്തുകയാണവന്‍.  രാജാധിരാജനായ വിമോചകനാണവന്‍. പ്രപഞ്ചത്തെ ഭരിക്കുന്ന പുതിയ നക്ഷത്രമാണവന്‍.  എന്നാലിവിടെ കാതങ്ങളോളം നടന്നവശനായി പൊടിപിടിച്ച മുഖവുമായി, കുടിക്കാന്‍ കുറച്ചു വെള്ളം യാചിക്കുന്നവനാണത്രേ മിശിഹാ! അവളെങ്ങനെ വിശ്വസിക്കും? അവളവനെ നന്നായി പരിഹസിച്ചിട്ട് പറഞ്ഞുവിടുമോ? അവളുടെ പരിഹാസം വിശ്വാസമായി മാറി എന്നാണ് വായനക്കാരന്‍ തിരിച്ചറിയുന്നത.് എങ്ങനെ? ഒരു പക്ഷെ, അവളവന്‍റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിയിരിക്കാം! കള്ളം പറയാത്ത ആ കണ്ണുകളിലേയ്ക്ക.് അവളവളോടുതന്നെ പറഞ്ഞിരിക്കാം, "ഇവന്‍ മിശിഹാ ആകുകതന്നെ വേണം!"യേശു അവളോടു പറയുന്നത് അവള്‍ക്ക് അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്നാണ്.  പക്ഷെ ഇവരുടെ സംഭാഷണം ശ്രവിച്ച വായനക്കാരന്‍ ഒരു നിഗമനത്തിലെത്തുന്നു.  വാസ്തവത്തില്‍ ഇവള്‍ക്ക് ആറു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു.  ഇതില്‍ അഞ്ചുപേര്‍ തൊട്ടതും സ്വന്തമാക്കിയതും ഇവളുടെ ശരീരത്തെയായിരുന്നു.  ആറാമന്‍ മാത്രം ഇവളുടെ ആത്മാവിനെ സ്പര്‍ശിച്ചതിനുശേഷം കടന്നുപോയി.  അപ്പോള്‍ ആറാമനാണ് ഇവളുടെ യഥാര്‍ത്ഥ ഭര്‍ത്താവ്.  അവനൊരു യാത്രയില്‍പ്പെട്ടവനാണ്.  അവന്‍റേത് കടന്നുപോകലുകളുടെ വഴികളിലായിരുന്നു. അവളിനിയും ഒറ്റയ്ക്ക് ഈ കിണറ്റിന്‍കരയില്‍ വരും.  അവളോര്‍ക്കും ഇവിടെവച്ചാണ് അവനെന്നോട് വമ്പു പറഞ്ഞത്.  പക്ഷെ, അവനെന്നോട് സംസാരിച്ചപ്പോള്‍ എന്‍റെ ഉള്ളം തളിര്‍ക്കുകയും നിത്യജീവന്‍റെ നീരുറവ നിര്‍ഗ്ഗളിക്കുകയും ചെയ്തു.  അവന്‍റെ വാക്കുകളിലും കണ്ണുകളിലും ഞാന്‍ അടക്കം ചെയ്യപ്പെട്ടുപോയി.

മരണത്തിലേയ്ക്ക് ജീവനുമായി എത്തിയ സ്ത്രീകള്‍

മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വിദ്യാര്‍ത്ഥികള്‍ ഡിസ്കഷന്‍ ടേബിളിലിട്ട് ഒരു തവളയെ കീറിമുറിക്കുന്നതുപോലെയാണ് യേശുവിനെ ശത്രുക്കള്‍ കീറിമുറിച്ചത്. മരണത്തിന്‍റെ പ്രചണ്ഡതയിലേയ്ക്ക് നിസ്സഹായനായി വീണുപോയവന്‍ നിലവിളിച്ചു; "എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു."

ഈ വിളിയിലൂടെ ദൈവം തന്നെത്തന്നെ അവിശ്വസിക്കുകയാണ് ചെയ്യുന്നതെന്ന് ജി. കെ. ചെസ്റ്റര്‍ട്ടന്‍ എഴുതുന്നു.  മനുഷ്യരാലും ദൈവത്താലും ഉപേക്ഷിക്കപ്പെട്ട ക്രിസ്തു അനാഥനായി ഒരു കുരിശില്‍ തകര്‍ന്നു കിടക്കുന്നു.  അവന്‍റെ ശിഷ്യന്മാര്‍ തള്ളിപ്പറയുകയും ഓടിയൊളിച്ച് ഇരുട്ടിന്‍റെ മറവില്‍ അഭയം തേടുകയും ചെയ്തു.  പക്ഷെ സ്ത്രീകള്‍, അവരവനെ ഉപേക്ഷിച്ചില്ല.  നഗ്നനും കുറ്റവാളിയുമായി കുരിശില്‍ കിടന്നു മരിച്ച മകനെ കോരിയെടുക്കാന്‍ അമ്മ കാത്തുനിന്നു.  ഏറ്റവും ക്രൂരമായ ആ ദിവസത്തില്‍, മരണത്തിന്‍റെ ഭീകരത നടമാടിയ ആ രാത്രിയില്‍ അവനെ അവര്‍ കല്ലറയില്‍ അടക്കം ചെയ്തു.  അവന്‍റെ കഥകള്‍ അനാഥ ശിശുക്കളായി അലഞ്ഞു തിരിഞ്ഞു.  പക്ഷെ, ഒരു പെണ്‍കുട്ടിയ്ക്ക് മാത്രം അവന്‍റെ മരണത്തില്‍ വിശ്വസിക്കാനായില്ല.  അവള്‍ രാത്രിയെയും മരണത്തെയും ഭയപ്പെടാതെ അഴിച്ചിട്ട മുടിയുമായി അവന്‍റെ കല്ലറയിലേയ്ക്ക് റബ്ബി, റബ്ബി എന്നു വിളിച്ചുകൊണ്ടോടിയെത്തി.  അവന്‍ അവളുടെ മുന്‍പില്‍ ഉത്ഥിതനായി വിളിച്ചു, "മറിയം."  ഉത്ഥാനമപ്പോള്‍ ഒരു വിളിയും അതിനു കിട്ടുന്ന മറുവിളിയുമായി.  ഉയിര്‍പ്പ് ക്രിസ്തുവിനെ കൂടുതല്‍ ദൈവമാക്കുകയല്ല, കൂടുതല്‍ മനുഷ്യനാക്കുകയാണ് ചെയ്തതെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നു.  മരണത്തിന്‍റെ വടുക്കള്‍ ഇപ്പോഴും അവനിലുണ്ട്.  ഉത്ഥാനം അവനെ ഒരു തോട്ടക്കാരനെപ്പോലെ സാധാരണക്കാരനാക്കി.  സാധാരണത്വത്തിന്‍റെ ഉത്ഥാനത്തെ തെറ്റിദ്ധരിച്ചുകൊണ്ടാണ് സഭ ഇത്രയേറെ ആടയാഭരണങ്ങളില്‍ അഭിരമിക്കുന്നത്. അലങ്കാരതയുടെയും പ്രൗഢിയുടെയും നിറവെളിച്ചത്തില്‍ നില്‍ക്കാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക് ഉത്ഥാനം അന്യമായിരിക്കും.  കസന്‍ദ് സാക്കിസിനെ സംബന്ധിച്ച ക്രിസ്തുവിനെ ഉയിര്‍പ്പിച്ചത് ദൈവമല്ല.  ഒരു സ്ത്രീയുടെ സ്നേഹവും വിശ്വാസവുമാണ് അവനെ മരണത്തിന്‍റെ ഇരുള്‍മൂടിയ താഴ്വരയില്‍ നിന്നും കരകയറ്റുന്നത്.  വായനക്കാരന്‍ അന്ത്യത്തില്‍ മനസ്സിലാക്കുന്നു,  ദൈവം മരണത്തെ അംഗീകരിക്കുന്നില്ല.  മനുഷ്യന്‍ മരണത്തെ തോല്‍പ്പിക്കണം സ്നേഹം കൊണ്ട് മരണത്തെ തോല്‍പ്പിക്കുന്നവരെല്ലാം ഉത്ഥിതരാണ്.

You can share this post!

മികച്ച ബന്ധങ്ങള്‍ക്കായി ചില ദീര്‍ഘകാലപദ്ധതികള്‍

ടോം മാത്യു
അടുത്ത രചന

ബ്രെയിന്‍ വര്‍ക്ക്ഔട്ട്

ഡോ. അരുണ്‍ ഉമ്മന്‍
Related Posts